Image

അവസരോചിതമായ പ്രവർത്തനമാണ് വിജയമന്ത്രം: പ്രദീപ് നായർ (ഫോമാ ട്രഷറർ സ്ഥാനാർത്ഥി)

മീട്ടു റഹ്മത്ത് കലാം Published on 07 March, 2026
അവസരോചിതമായ പ്രവർത്തനമാണ് വിജയമന്ത്രം:  പ്രദീപ് നായർ (ഫോമാ ട്രഷറർ സ്ഥാനാർത്ഥി)

ഫോമായുടെ സംഘടനാ ചരിത്രത്തിൽ തുടക്കം മുതൽ സജീവ സാന്നിധ്യമായ പ്രദീപ് നായർ 2026–2028 കാലയളവിലേക്കുള്ള ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുകയാണ്. പദവികളിലൂടെ മാത്രം അല്ല, പ്രതിസന്ധിക്കാലങ്ങളിൽ പ്രവർത്തനത്തിലൂടെ വിശ്വാസം നേടിയ നേതാവെന്ന നിലയിലാണ് അദ്ദേഹത്തെ സംഘടനാ പ്രവർത്തകർ വിലയിരുത്തുന്നത്. യോങ്കേഴ്സ് മലയാളി അസോസിയേഷനിലെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളിൽ നിന്ന് ഫോമായുടെ വൈസ് പ്രസിഡന്റിന്റെ ചുമതലയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, സമർപ്പണത്തിന്റെയും സ്ഥിരതയുടെയും തെളിവാണ്.

കോവിഡ് മഹാമാരിക്കാലത്ത് “ഹെൽപ്പിംഗ് ഹാൻഡ്സ്” പദ്ധതിയിലൂടെ അടിയന്തര സഹായം ഏകോപിപ്പിച്ച് വലിയ ഫണ്ട് സമാഹരണം സാധ്യമാക്കിയതും, വിവിധ കൺവെൻഷനുകളിൽ നേതൃത്വ ചുമതലകൾ വിജയകരമായി നിർവഹിച്ചതും അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയെ വേറിട്ടുനിർത്തുന്നു. വാഗ്ദാനങ്ങൾക്കുപകരം അവസരോചിതമായ പ്രവർത്തനമാണ് സംഘടനയ്ക്ക് ആവശ്യമെന്ന നിലപാടോടെയാണ് അദ്ദേഹം ട്രഷറർ സ്ഥാനത്തേക്ക് ജനവിധി തേടുന്നത്.

സംഘടനാ പ്രവർത്തനത്തിലേക്കുള്ള തുടക്കം?
ഹൈസ്കൂൾ പഠനത്തിനു ശേഷം അമേരിക്കയിലെത്തി.യോങ്കേഴ്സ് മലയാളി അസോസിയേഷനിലൂടെയാണ് സജീവ സംഘടനാ പ്രവർത്തനം ആരംഭിച്ചത്. 2006-ൽ കമ്മിറ്റി അംഗമായി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് സെക്രട്ടറി, ട്രഷറർ, ട്രസ്റ്റി ബോർഡ് അംഗം, പ്രസിഡന്റ് തുടങ്ങി എല്ലാ പദവികളും വഹിച്ചിട്ടുണ്ട്. 2008-ൽ യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ സെക്രട്ടറിയായിരിക്കെയാണ് ഫോമയിലേക്ക് കടന്നത്. തുടർന്ന് 2008–2010 കാലഘട്ടത്തിൽ എമ്പയർ റീജിയന്റെ യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്റർ, 2010 മുതൽ 2014 വരെ നാഷണൽ കമ്മിറ്റി അംഗം, തുടർന്ന് റീജിയണൽ കൺവൻഷൻ ചെയർ എന്ന നിലയിലും പ്രവർത്തിച്ചു.

ഫോമായിൽ വഹിച്ച പ്രധാന ചുമതലകൾ?
2016-ൽ മയാമിയിൽ നടന്ന ഫോമാ ഇന്റർനാഷണൽ കൺവെൻഷന്റെ കൺവീനറായി പ്രവർത്തിച്ചു. തുടർന്ന് എമ്പയർ റീജിയൻ ആർ.വി.പി. ആയി സേവനം അനുഷ്ഠിച്ചു. ആർ.വി.പി. ആയിരിക്കെ കൺവെൻഷനിലേക്ക് ഏറ്റവും കൂടുതൽ ഫാമിലി രജിസ്ട്രേഷൻ സംഘടിപ്പിക്കാൻ കഴിഞ്ഞത് ശ്രദ്ധേയമായ നേട്ടമാണ്.

2020–2022 കാലഘട്ടത്തിൽ നാഷണൽ വൈസ് പ്രസിഡന്റായിരുന്നു. അക്കാലത്ത് ഫോമാ ഭരണസമിതിക്ക്     1.7 മില്യൺ ഡോളറോളം ഫണ്ട് സമാഹരിക്കാൻ സാധിച്ചു. അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലോ അമേരിക്കയിലോ സഹായം എത്തിക്കുന്ന ഹെല്പിങ് ഹാൻഡ്‌സ്  പദ്ധതി ഇപ്പോഴും ശക്തമായി  തുടരുന്നു.

കഴിഞ്ഞ വർഷം പുന്റ കാനായിൽ നടന്ന കൺവെൻഷനിൽ ഗ്ലോബൽ കോർഡിനേറ്ററായി പ്രവർത്തിച്ചു. വിസ സംബന്ധമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന സാഹചര്യത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക് വഴി അതിഥികളെ എത്തിച്ച് കൺവെൻഷൻ വിജയകരമാക്കാൻ കഴിഞ്ഞു. സത്യത്തിൽ അത്തരം പ്രതിസന്ധികൾ ഉണ്ടാകുമ്പോഴാണ് അതെങ്ങനെ  കൈകാര്യം ചെയ്യാമെന്ന് ചിന്തിക്കുന്നതും പോംവഴി കണ്ടെത്തുന്നതും. ഏത് ഘട്ടത്തിലും ഉണർന്ന് പ്രവർത്തിക്കുമെന്ന വിശ്വാസം നേടിയെടുക്കാൻ ഇതുപോലുള്ള അനുഭവങ്ങൾ സഹായിച്ചിട്ടുണ്ട്.

ചാരിറ്റി പ്രവർത്തനങ്ങൾ?
യോങ്കേഴ്സ് മലയാളി അസോസിയേഷനിലൂടെ തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിന് ധനസഹായം നൽകിയിട്ടുണ്ട്. എമ്പയർ റീജിയൻ കൺവെൻഷൻ ചെയറായി പ്രവർത്തിക്കുമ്പോൾ ആർ.സി.സി. പ്രോജക്ടിനായി 10,000 ഡോളർ സമാഹരിച്ചു. കോവിഡ് കാലത്ത് വെന്റിലേറ്റർ ഉൾപ്പെടെയുള്ള സഹായങ്ങളും നാട്ടിൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായങ്ങളും വീടുനിർമാണ സഹായങ്ങളും സംഘടനയുടെ നേതൃത്വത്തിൽ നടപ്പാക്കി.

ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ആത്മവിശ്വാസം?
ഒരു ട്രഷറർക്കാവശ്യമായ മൂന്നു ഗുണങ്ങൾ — സുതാര്യത, അക്കൗണ്ടബിലിറ്റി, വിശ്വാസ്യത എന്നിവയാണെന്നാണ് ഞാൻ കരുതുന്നത്. ഈ മൂന്നു മൂല്യങ്ങളാണ് എപ്പോഴും പിന്തുടരുന്നതുകൊണ്ട് പ്രസ്തുത സ്ഥാനത്ത് പ്രവർത്തിക്കാൻ പ്രത്യേകിച്ചൊരു മുന്നൊരുക്കം വേണ്ടിവരില്ല. ലോക്കൽ സംഘടനയിലും റീജിയണൽ തലത്തിലും ട്രഷറർ പദവി വഹിച്ച അനുഭവവും ഗുണം ചെയ്യും.

 ഫോമാ ടീം വോയിസ് മുന്നോട്ടുവയ്ക്കുന്ന ആശയം എന്താണ്?
 പ്രസിഡൻഷ്യൽ സ്ഥാനാർഥി ബിജു തോണിക്കടവിൽ അടക്കം  'ഫോമാ ടീം വോയിസ് പാനലിലെ' എല്ലാ അംഗങ്ങളും സംഘടനയിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ചവരാണ്.  നോർത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളികളുടെ ശബ്ദമാവുകയാണ് ടീമിന്റെ ലക്ഷ്യം.  12 റീജിയനുകളിൽ ആറിനെയും പ്രതിനിധീകരിക്കുന്ന സ്ഥാനാർത്ഥികളാണ് പാനലിലുള്ളത്. പാനൽ നല്ലതോ മോശമോ എന്ന് പുറത്തുനിന്ന് നോക്കിയാൽ വ്യക്തമാക്കണമെന്നില്ല. പ്രവർത്തനപരിചയമുള്ളവരും സംഘടനയെ സ്നേഹിക്കുന്നവരും മുന്നോട്ട് വരണം എന്നാണ് എന്റെ നിലപാട്. അങ്ങനൊരു ഭരണസമിതി രൂപീകരിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.

ഫോമായുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട്?
പുതുതലമുറയെ കൂടുതൽ ഉൾക്കൊള്ളിക്കേണ്ട്. ക്രിക്കറ്റ് ക്ലബ്ബുകൾ, സ്പോർട്സ് ക്ലബ്ബുകൾ തുടങ്ങിയവയിലേക്ക് മാറുന്ന യുവാക്കളെ ഫോമായുടെ ചുറ്റളവിൽ കൂട്ടിയിണക്കണം. ഒരു ടേം കഴിഞ്ഞാൽ പ്രവർത്തകർ അപ്രത്യക്ഷരാകുന്ന പ്രവണത കണ്ടുവരുന്നുണ്ട്. പഴയവരെയും പുതുവരെയും ഉൾക്കൊള്ളിച്ചാണ് സംഘടന മുന്നോട്ട് പോകേണ്ടത്. ഗ്രൂപ്പിസം ഒഴിവാക്കണം. സ്ത്രീശാക്തീകരണത്തിന് പ്രത്യേകിച്ചൊന്നും ചെയ്യേണ്ട ആവശ്യം സംഘടനയിൽ ഇല്ല.ഫോമായിലെ സ്ത്രീകൾ ശക്തരാണ്. ഏല്പിക്കുന്ന ഏത് ദൗത്യവും കൃത്യമായി മികവോടെ പൂർത്തിയാക്കുന്ന വനിതകൾ സംഘടനയുടെ കരുത്താണ്.സ്ത്രീകളെ മാറ്റിനിർത്തുന്ന സമീപനം ഫോമയ്ക്ക് ഇല്ല. ഭാവിയിൽ സംഘടനയ്ക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്.

പ്രൊഫഷണൽ ജീവിതം?
വെയർഹൗസ് സൂപ്പർവൈസറായി ഒന്നരപ്പതിറ്റാണ്ടിലേറെ സേവനം അനുഷ്ഠിച്ച ശേഷം ഇപ്പോൾ ഒരു സ്ഥാപനത്തിൽ ക്വാളിറ്റി ലീഡായി പ്രവർത്തിക്കുന്നു.

കുടുംബം?
ഭാര്യ മഞ്ജു നായർ. മൂത്ത മകൾ സാന്ദ്ര നായർ ഫാർമസി പഠനം തുടരുന്നു. ഇളയ മകൾ ഭദ്ര നായർ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കുടുംബത്തിന്റെ പൂർണ പിന്തുണയോടെയാണ്  മത്സരരംഗത്തിറങ്ങുന്നത്.

വോട്ടർമാരോട് പറയാനുള്ളത്?
ഫോമയുടെ ചക്രം ഉരുളാൻ തുടങ്ങിയ കാലം മുതൽ അതിനൊപ്പം ഉണ്ടായ ഒരാളാണ് ഞാൻ. പദവിയുണ്ടായാലും ഇല്ലാതിരുന്നാലും സംഘടനയോടുള്ള ബന്ധം തുടരും. വാഗ്ദാനങ്ങളല്ല, അവസരോചിതമായ പ്രവർത്തനമാണ് വേണ്ടത്. കോവിഡ് വന്നപ്പോൾ വെന്റിലേറ്റർ നൽകാമെന്ന് ഞങ്ങൾ മുൻകൂട്ടി വാഗ്ദാനം ചെയ്തിരുന്നില്ല; സാഹചര്യം വന്നപ്പോൾ ചെയ്തു.  അതുപോലെ തന്നെ ഭാവിയിലും ആവശ്യത്തിനനുസരിച്ച് ഒന്നിച്ച് പ്രവർത്തിക്കും. ഫോമായിലെ എല്ലാവരും സുഹൃത്തുക്കളാണ്. സൗഹൃദമാണ് നമ്മുടെ ശക്തി. ആ വിശ്വാസം നിലനിർത്താൻ ഈ അവസരത്തിൽ ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു. 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക