Image

ജോൺ പോളിന് ബിഗ് സല്യൂട്ട്, പിയാനോയിൽ നിന്ന് പട്ടാള ചിട്ടയിലേക്ക് (കുര്യൻ പാമ്പാടി)

Published on 01 March, 2026
ജോൺ പോളിന് ബിഗ് സല്യൂട്ട്, പിയാനോയിൽ നിന്ന് പട്ടാള ചിട്ടയിലേക്ക് (കുര്യൻ  പാമ്പാടി)

ലോകത്തിലെ ഏറ്റവും പ്രശസ്തമായ പിയാനോ കമ്പനിയും തൃശൂർക്കാരനായ ജോൺ പോളും തമ്മിൽ എന്തു ബന്ധം?  ന്യൂയോർക്കിൽ ക്വീൻസ് ബറോയിലെ അസ്റ്റോറിയയിൽ സ്റ്റെയിൻവേ സ്ട്രീറ്റിൽ 170 വർഷമായി പ്രവർത്തിക്കുന്ന സ്റ്റെയിൻവേ ആൻഡ് സൺസ് എന്ന പിയാനോ കമ്പനിയിൽ കാൽ നൂറ്റാണ്ടു കാലം ടെക്‌നീഷ്യനായി സേവനം ചെയ്തയാളാണ് ജോൺ.

സിനിമയ്ക്ക് തിരക്കഥയെഴുതി പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയിട്ടുള്ള എറണാകുളം സ്വദേശി ജോൺ പോളിന്റെ പേരുകാരൻ ആണെങ്കിലും, പിയാനോയിൽ "സരിഗമ പദനിസ" വായിക്കുമെങ്കിലും,  സാഹിത്യം, സംഗീതം, ചിത്രമെഴുത്ത് തുടങ്ങിയ കലകളിൽ പി. ജോൺ പോൾ  പാഴൂക്കാരന്  വിവരം പോര.  ബാല്യകാലം മുംബൈയിലും ചെന്നൈയിലും ആയിരുന്നതിനാൽ മലയാളം പറയുമെന്നല്ലാതെ എഴുതാനും വായിക്കാനും  പിന്നിലാണ്.

ജോൺ എബ്രഹാം സ്റ്റെയിൻവേ പിയാനോ കമ്പനിയിൽ കാൽനൂറ്റാണ്ട്

ജർമ്മനിയിൽ നിന്ന് ന്യുയോർക്കിലേക്കു കുടിയേറിയ ഹെൻറി എംഗൽഹാർഡ്  സ്റ്റെയിൻവേ 1853ൽ സ്ഥാപിച്ചതാണ് പിയാനോ കമ്പനി. ജോൺ ജോലി ചെയ്യുന്ന  കാലത്തു അറുനൂറു പേർ ജോലിചെയ്തിരുന്നു.. 25,000 ഡോളർ മുതൽ ഒരുലക്ഷം രൂപവരെ വിലയുള്ള പിയാനോകൾ  നിർമ്മിച്ച് ലോകമാകെ വിതരണം ചെയ്തിരുന്ന സ്ഥാപനമാണ്. ന്യുയോർക്കിനു പുറമെ ഹാംബുർഗിലും ഫാക്ടറി ഉണ്ടായിരുന്നു.

മൻഹാറ്റനിലെ റേഡിയോ സിറ്റി മ്യൂസിക് ഹാളിൽ ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന രണ്ടു ഗ്രാൻഡ് പിയാനോകൾ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഓൺ ചെയ്‌താൽ  മൊസാർട്ട്,  ബീഥോവൻ, ഷൂബെർട്, ബാക്  തുടങ്ങിയവരുടെ ക്ലാസ്സിക് സംഗീതം നിരന്തരം കേട്ടുകൊണ്ടിരിക്കാം. ഒന്നിന് രണ്ടു ലക്ഷം ഡോളർ (1.82 കോടി രൂപ) വില.

ചിഹ്നങ്ങളോടെ  യുണിഫോം ധരിച്ച യുഎസ് സൈനികർ

അസ്റ്റോറിയയിൽ ക്വീൻസ്  പബ്ലിക് ലൈബ്രറിക്കും സെന്റ്  ഇമ്മാനുവൽ അമലോൽഭവ കത്തോലിക്കാ ദേവാലയത്തിനും സമീപം താമസിക്കുന്ന ജോൺ പോൾ, 86, പ്രായത്തിന്റെ അസ്കിതകളെ വകവയ്ക്കാതെ ക്വീൻസ് പബ്ലിക് ലൈബ്രറിയിലേയ്ക്കു നടന്നെത്തി എന്നോട് സംസാരിക്കാൻ.  രാവിലത്തെ ട്രെഡ് മിൽ നടത്തവും ഇടക്കിടെയുള്ള ഫിസിയോ തെറപ്പിയും കഴിഞ്ഞു  ഉന്മേഷത്തോടെ.

എയർഇന്ത്യയിൽ മെക്കാനിക് ആയിരുന്നു പിതാവ്  പി.കെ ജോൺ. അദ്ദേഹത്തോടൊപ്പം കഴിഞ്ഞ മകൻ  ചെന്നൈ  ഐടിഐ യിൽ ചേർന്ന് മൂന്നു ട്രേഡുകളിൽ പ്രാവീണ്യം നേടി-വെൽഡർ, മെഷീനിസ്റ്, ടൂൾ ആൻഡ് ഡൈ മേക്കർ. 22ആം വയസിൽ പഠനം പൂർത്തിയാക്കി എട്ടുവർഷം ചെന്നെയിൽ ടൂൾ റൂം ഫോർമാനായി ജോലി ചെയ്തു.

 ജോൺ നിർമ്മിച്ചു നൽകുന്ന മിലിട്ടറിചിഹ്നങ്ങൾ

പക്ഷെ അതല്ല ജോണിന്റെ ഇന്നത്തെ  പ്രസക്തി. മൂന്നു പതിറ്റാണ്ടായി  അമേരിക്കൻ മിലിറ്ററിക്കു ചിഹ്നങ്ങൾ (insignia) നിർമ്മിച്ചു നൽകുന്ന ന്യുയോർക്കിലെ യൂണിഫോം ആക്സസറീസിന്റെ ഉടമയാണ്‌. ജോണിനു വേണ്ടി മുപ്പതോളം ബംഗ്ലാദേശുകാർ വീടുകളിലിരുന്നു ജോലി ചെയ്യുന്നു. ആഴ്ചയിൽ 750 ഡോളർ വരെ നേടുന്നവർ  ഉണ്ടെന്നു ജോൺ. ഇന്ത്യയിൽ അത് 68,310 രൂപ വരും. എല്ലാവർക്കും  കയ്യോടെ ചെക്കായി പ്രതിഫലം നൽകുന്നു.

വയസ്സെത്തിയെങ്കിലും ചുണകുട്ടിയെപ്പോലെ ഹോണ്ടാ സിആർവി  ഓടിച്ചു നടക്കുന്നു അദ്ദേഹം.  ഒരു ലെക്സസ് 300 കൂടി ഉണ്ടായിരുന്നു. അത് ഏകമകൾ അന്നഷീലയ്ക്ക്  സമ്മാനിച്ചു.

വരാപ്പുഴയിൽ ജനിച്ചു ചെന്നൈയിൽ വളർന്ന ഭാര്യ ഗ്രേസി സ്വന്തം കൈകൊണ്ടു പാചകം ചെയ്യുന്ന ഭക്ഷണമാണ് തന്റെ ഏറ്റവും വിലപ്പെട്ട ഔഷധമെന്നു ജോൺ വിശ്വസിക്കുന്നു. അതിനാൽ ഗ്രേസി വീട്ടമ്മയായി കഴിയുന്നു.

ആർമി ഷോൾഡർ കോർഡ് നിർമ്മിച്ച ബംഗ്ളാ വനിത സുനേനക്കൊപ്പം

ചാലക്കുടിയിൽ അമ്മവീട്ടിലാണ് ജനിച്ചതെങ്കിലും പിതാവ് പികെ ജോണിന്റെ പാഴൂക്കാരൻ തറവാടു തൃശൂർ പ്രാന്തത്തിൽ ആണ്. ബാംഗ്ളൂർ ഹിന്ദുസ്ഥാൻ ഏറോനോട്ടികളിൽ നിന്ന് ഡെക്കാൻ എയർവേയ്സിലും പിന്നീട് എയർ ഇന്ത്യയിലും  മെക്കാനിക് ആയി ജോലി ചെയ്ത പിതാവിനോടൊപ്പം മുബൈയിലും ചെന്നൈയിലുമായി
രുന്നു  ബാല്യകാലം.

ബാംഗളൂരിൽ എച്എംടി  എന്ന ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിൽ  ജോലി ചെയ്തിരുന്ന കാലത്തു ചെയർമാൻ നിർദേശിച്ചതനുസരിച്ച് ഡൽഹിയിലേക്ക് കാലുമാറ്റിച്ചവുട്ടി. സർദാർ റൊണാക് സിംഗിന്റെ ബിഎസ്‌ടി എന്ന വൻ  സ്ഥാപനത്തിൽ ഡെവലപ് മെന്റ്  എൻജിനീയർ പദവിയിലായിരുന്നു നിയമനം. എട്ടുവർഷം അവിടെ സേവനം ചെയ്തു.

ചെന്നൈ ഐടിഐ യിൽ നേടിയ കൈപ്പുണ്യം

ഇന്ത്യ മോട്ടോർവാഹന നിർമ്മാണ രംഗത്തു  കുതിച്ചു കയറുന്ന സമയം. ബജാജ് ഓട്ടോയ്ക്ക് വേണ്ടി ഇറ്റലിയിലെ പിയാഗോ കമ്പനിവക വെസ്പാ സ്‌കൂട്ടറിന്റെ എൻജിൻ നിർമ്മിച്ചതോടെ ജോണിന്റെ കൈവിരുതിന് അംഗീകാരമായി. ലാംബർട്ട, രാജദൂത്, ജാവ, ബുള്ളറ്റ്,  യമഹ എൻജിനുകളും നിർമ്മിച്ചു. ലെയ്‌ലാൻഡ്  എൻജിൻ,  എസ്കോര്ട്സ് എർത്ത് മൂവേഴ്സ് എൻജിൻ, പിസ്റ്റൺ റിങ്, റെഫ്രിജറേറ്റർ പാർട്സ്, ഒടുവിൽ മസഗോൺ ഡോക്കിൽ പണിതിറക്കിയ ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനി കപ്പലിന്റെ ഘടകങ്ങൾ വരെ.

ഒടുവിൽ സുഹൃത്തുക്കളെ  കൂട്ടി ഫരീദബാദിനു സമീപം മഥുര റോഡിൽ സ്വന്തമായി ഒരു പ്ലാന്റ് തുറന്നു. ആദ്യം നല്ല ബിസിനസ് ഉണ്ടായിരുന്നു. പക്ഷെ പണം കിട്ടാൻ പാടുപെടേണ്ടി വന്നു. തന്മൂലം  എംഎം സൂരി എൻജിജിനീയറിങ് കൺസൾട്ടൻസിയുടെ പാർട്ട് ടൈം  എൻജിനീയറായി ജോലി ചെയ്തു. രാജസ്ഥാൻ സ്കൂട്ടറിനു വേണ്ടി പാലിയാമോ എൻജിൻ രൂപകൽപന ചെയ്തു നിർമ്മിച്ചത് മറ്റൊരു നേട്ടമായി. അതിന്റെ പ്രോട്ടോടൈപ്പ് ഡൽഹി നിരത്തുകളിലൂടെ വിജയകരമായി ട്രയൽ നടത്തിയത് അക്കാലത്താണ്.

അസ്റ്റോറിയയിലെ വീട്; മഞ്ഞു പുതച്ച വെസ്പ സ്‌കൂട്ടർ

എങ്കിലും ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ പാടാണെന്നും അമേരിക്കയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞപ്പോൾ സൂരി കമ്പനിയുടെ എൻജിനീയറിങ് ഡയറക്ടർ ജെ.വി.എസ് അയ്യങ്കാർ പറയുകയാണ്, 'തന്നെപ്പോ
ലുള്ളവരെ ഇന്ത്യക്കാണ് വേണ്ടത്, അമേരിക്കക്കല്ല' എന്ന്.

പക്ഷെ ഇന്ത്യയിൽ നല്ല ടെക്‌നീഷ്യൻ ആയാലും നല്ല ബിസിനസ് മാൻ  ആകാൻ വിഷമമാണെന്ന് തിരിച്ചറിഞ്ഞ ജോൺ 1984 ഒക്ടോബർ 20നു ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന്  ന്യുയോർക്കിലെ ജെഎഫ്‌കെ എയർപോർട്ടിലേക്ക് പറന്നു. ''പുതിയ ആകാശം, പുതിയ ഭൂമി. അംബര ചുംബികളുടെ നടുവിൽ അവസരങ്ങൾ, അവ കണ്ടെത്തുകയേ വേണ്ടൂ," 2023 ഡിസംബറിൽ പ്രസിദ്ധീകരിച്ച 'ഒരു യാത്രയുടെ ലക്ഷ്യം' എന്ന ആത്‌മ കഥയിൽ ജോൺ പറയുന്നു.  

വെസ്‌പ ഓടിക്കുന്ന രാജകുമാരിയായി ഓഡ്രി ഹെപ്‌ബേനും  ഗ്രിഗറിപെക്കും 'റോമൻ ഹോളിഡേ'യിൽ

മൻഹാറ്റനിലെ വൈഎംസിഎയിൽ ആദ്യരാത്രി കഴിച്ചു. പിറ്റേന്നു രാവിലെ  ജാക്സൺ ഹൈറ്റ്സിൽ എത്തി ബ്രേക്ക് ഫാസ്റ്റ്. കിട്ടിയ ജോലികളെല്ലാം കിറുകൃത്യവുമായി ചെയ്തു. സെയിൽസ് മാൻ ആയി വിദൂര നഗരങ്ങളിലേക്ക് വണ്ടിയോടിച്ചു പോയി. ഒരു ഡോക്ടറുടെ മെഴ്‌സിഡസ് ബെൻസ് ഓടിച്ചു. 'ഇന്ത്യ എബ്രോഡ്'  വാരികയിൽ ജോലിപരിചയമുള്ള ഒരു മെഷീനിസ്റ്റിനെ വേണമെന്ന പരസ്യം കണ്ടു അപേക്ഷിച്ചു. ഇഷ്ടപ്പെട്ട ജോലി. അതു കിട്ടിയതോടെ ജീവിതം സുഗമമായി.

ഇന്ത്യൻ  ഉടമസ്ഥതയിലുള്ള ഒരു നിർമ്മാണ സ്ഥാപനമായിരുന്നു അത്. ഒരുമാസം കഴിഞ്ഞപ്പോൾ ഉടമ എന്നെ വിളിച്ചു ചാവിയും സെക്യൂരിറ്റി കോഡും  ഏല്പിച്ചിട്ടു പറഞ്ഞു "ഇന്നു  മുതൽ നിങ്ങളാണ് സ്ഥാപനത്തിന്റെ  ബോസ്. ആരെയും നിയമിക്കാം പിരിച്ചുവിടാം. നാളെ രാവിലെ വന്നു ഷോപ് തുറക്കണം ." നാലുവർഷം അവിടെ ജോലി ചെയ്തു. അവർ സ്പോൺസർ ചെയ്തു 1988ൽ ഗ്രീൻ കാർഡും നേടി.

 ജോൺ, ഗ്രേസി, മകൾ ഷീല കുടുംബം; ജോൺ-ഗ്രേസി വിവാഹവേള

ഭാര്യയെയും മകളെയും അങ്ങിനെ അമേരിക്കയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. ഒടുവിൽ അസ്റ്റോറിയയിൽ സ്റ്റെയിൻവേ സ്ട്രീറ്റിലെ പിയാനോ കമ്പനിയിൽ ജോലി ലഭിച്ചു. കൂടുതൽ ശമ്പളം, ആനുകൂല്യങ്ങൾ. 25 വർഷം അവരുടെ കൂടെ ജോലി ചെയ്ത ശേഷം വിരമിച്ചു.

ഒരിക്കൽ ഹ്യുസ്റ്റണിൽ നിന്ന് ന്യുയോർക്കിയ്ക്കു വരുമ്പോൾ വിമാനത്തിൽ  വച്ചു  പരിചയപെട്ട ഒരാളാണ് മറ്റൊരു ദൈവദൂതനായി പ്രത്യക്ഷപ്പെട്ടത്. ആൻഡ്രൂ ലുഡ്‌മാർ. ന്യൂയോർക്കിലെ ഐസ്‌മാൻ- ലുഡ്‌മാർ എന്ന കമ്പനിയുടെ മാനേജിങ് പാർട് നറാണ് . എന്റെ എൻജിനീയറിങ് വൈദഗ്ധ്യവും ജോലി പരിചയവും ചോദിച്ചറിഞ്ഞു അദ്ദേഹം.

 ജറുസലേമിൽ; ചൈനയിൽ ഗ്രേറ്റ് വാളിന്റെ മുമ്പിൽ  

ഏതാനും ദിവസം കഴിഞ്ഞു അദ്ദേഹം എന്നെ കാണാൻ എത്തി. മിലിട്ടറി യുണിഫോമിൽ  പിടിപ്പിക്കാനുള്ള  ചിഹ്നങ്ങൾ നിർമ്മിച്ച് നൽകാനാവുമോ എന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. കുറെ സാമ്പിളുകൾ  തന്നു പരീക്ഷണം നടത്തി. അങ്ങിനെ വീണുകിട്ടിയ പണി മുപ്പതു വർഷമായി അല്ലലില്ലാതെ കൊണ്ടു നടക്കുന്നു.

ആർമി, നേവി എയർഫോഴ്സ് യൂണിഫോമുകളിൽ പിടിപ്പിക്കാനുള്ള ഷോൾഡർ കോർഡ്, തൊപ്പിയിൽ പിടിപ്പിക്കുന്ന ചിൻ സ്ട്രാപ്പ്, സർവീസ് ബാർ, റാങ്ക് ബാർ, യൂണിറ്റ്  ബാഡ്ജ്  എന്നിങ്ങനെ  ഒരു ഡസനിലേറെ വസ്‌തുക്കളാണ് ജോൺ നിർമ്മിച്ച് നൽകുന്നത്. ലോങ്ങ്  ഐലൻഡിൽ ഹിക്സ്‌വില്ലിലെ ഡിപ്പോയിൽ അസംസ്കൃത വസ്തുക്കൾ ഏത്തും. അവിടെ പോയി ശേഖരിക്കണം.

"ബംഗ്ളാദേശികൾ കൈപ്പണികൾക്കു മിടുക്കരാണ്. തയ്യലിനും. വെറുതെയല്ല ലോകത്തിലെ ഏറ്റവും കൂടുതൽ റെഡിമേഡ് വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി അവർ വളർന്നത്  ഇന്ത്യയിൽ നിന്ന് പരുത്തി ഇറക്കു
മതി ചെയ്തു നൂലുണ്ടാക്കി അവർ ഷർട്ടും പാന്റ്സും കുട്ടികളുടെ ഉടുപ്പുകളും നിർമ്മിച്ച്  അമേരിക്കയി
ലേക്ക് അയക്കുന്നു," ജോൺ പറഞ്ഞു.

'ഒരു യാത്രയുടെ ലക്‌ഷ്യം' എന്ന ആത്മകഥയുമായി

യൂറോപ്പിലും മിഡിൽ ഈസ്റ്റിലും പസഫിക് സമീപ രാജ്യങ്ങളിലും കരീബിയനിലും ഗ്രേസിയുമൊത്തു സഞ്ചരിച്ചിട്ടുണ്ട് ജോൺ. ഷാങ്ഹായ്  മുതൽ ബെയ്‌ജിങ്‌ വരെ ഹൈ സ്പീഡ്  ട്രെയിനിൽ സഞ്ചരിക്കാൻ കഴിഞ്ഞു. "റോമിൽ എന്റെ പേരു കാരനായ  വിശുദ്ധ ജോൺ പോൾ  മാർപ്പാപ്പയെ നേരിൽ കണ്ടു  അനുഗ്രഹം വാങ്ങി."

അസ്റ്റോറിയയിലെ അമലോഭവപള്ളി ആരാധനയിൽ പങ്കെടുക്കുന്നവരാണ് ജോൺ-ഗ്രേസി  ദമ്പതിമാർ. ജോൺ  ഒരുകാലത്തു ക്വീൻസ് കേരള സമാജം, കാത്തലിക് അസോസിയേഷൻ എന്നിവയുടെ അധ്യക്ഷനായും  സേവനം ചെയ്തു.  

ഏകമകൾ അന്ന  ഷീല ന്യൂജേഴ്‌സിയിൽ റട്ഗേഴ്സ്  യൂണിവേഴ്സിറ്റി മെഡിക്കൽ സ്‌കൂളിൽ എകിക്യൂട്ടീവ് ആണ്. സ്പെയിൻ വംശജനായ ഹെക്ടർ ജീവിത പാങ്കാളി. മോമോ എന്ന  മ്യുസിയം ഓഫ് മോഡേൺ ആർട്ടിൽ ഉദ്യോഗ
സ്ഥൻ. രണ്ടു മക്കൾ-വിൻസെന്റ്, ആൻഡ്രൂ

Join WhatsApp News
പോൾ ഡി പനക്കൽ 2026-03-01 14:33:13
ജോൺ പോളിനെ അറിയുന്നവർ ധാരാളം. അദ്ദേഹത്തിൻറെ ചരിത്രമറിയുന്നവരോ ചുരുക്കം. ആ നല്ല മനുഷ്യന്റെ അനന്യമായ ചരിത്രം വെളിച്ചത്തുകൊണ്ടുവന്നതിൽ നന്ദി.
Raju Thomas 2026-03-01 20:00:14
Thank you Kuien Pamapady sir for this write-up on our dear John Paul. He needs recognition and praise for his manifold contributions to our community here in New York. One thing omitted here is that this rich yet down-to-earth Malayalee continues to be a very generous and helpful benefactor of the Kerala Center, where he currently serves as Treasurer.
Amal 2026-03-02 07:39:43
As an engineer myself I find his story really remarkable and adventurous. His journey is inspiring, deeply moving, and a true example of perseverance.
Prabheesh 2026-03-04 23:12:11
John Paul's story by Kurian Pampadi has been quite inspiring. Like him I also started from scratch. Learnt tool and dye making in an ITI and started at GIC Mold Making Co in Pune at a nominal wage. Thereafter at VKC shoe making co. Joining CITD-Central Institute of Tool Design-in Hyderabad to obtain a post diploma in design was a change maker in my life. Then worked at JLG, HMT and John Deere Tractor. Currently I am Lead Design Engineer at the US co Caterpillar in Bangalore. This means you have to look at the horizon and re-engineer yourself to fulfill your distant dreams.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക