
ഏറ്റുമാനൂരപ്പന്റെ 'ഏഴരപ്പൊന്നാന' എന്നത് പ്രസിദ്ധമാണല്ലോ. ഏറ്റുമാനൂർ ക്ഷേത്രത്തിലുള്ള സ്വർണ്ണത്താൽ കവചിതമായ ഏഴ് വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ് 'ഏഴരപ്പൊന്നാന' എന്നറിയപ്പെടുന്നത്. പ്ലാവിൻ തടിയിൽ നിർമ്മിച്ച ഈ ആനകളെ സ്വർണ്ണപാളികളാൽ പൊതിഞ്ഞിരിക്കുന്നു. വലിയ ആനകൾക്ക് രണ്ടടിയും ചെറിയ ആനയ്‌ക്ക് ഒരടിയുമാണ് ഉയരം.
"ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ
തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ..."
- എന്ന സിനിമാ ഗാനവും ('അക്കരപ്പച്ച' -1972) പ്രസിദ്ധമാണല്ലോ.
കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിനാണ് പ്രസിദ്ധമായ 'ഏഴരപ്പൊന്നാന' എഴുന്നള്ളിപ്പ് നടത്തുന്നത്; ഈ വർഷമത് ഇക്കഴിഞ്ഞ രാത്രിയിലായിരുന്നു. വർഷത്തിൽ ഒരുതവണ മാത്രമാണ് ഭക്തരുടെ ദർശനത്തിനായി പുറത്തെടുക്കുക.
കുംഭത്തിലെ ചതയം ദിനത്തില്‍ ( ഈ വർഷം ഫെബ്രുവരി 18-ന്,) ഏറ്റുമാനൂർ ഉത്സവത്തിന് കൊടിയേറി.
എട്ടാമത്തെ ഉത്സവദിവസമായ വെളുത്ത പക്ഷത്തിലെ രോഹിണി ദിനത്തിൽ അര്‍ദ്ധരാത്രിയിലാണ് ഏഴരപ്പൊന്നാനകളെ പുറത്തെഴുന്നള്ളിക്കുന്നത്. (ഫെബ്രുവരി 27-ാം തിയതി, തിരുവാതിര ദിനത്തിൽ, ആണ് ഏറ്റുമാനൂർ ആറാട്ട്. പേരൂരിലെ മീനച്ചിലാറ്റിലാണ് ആറാട്ട് )
രോഹിണി നാൾ അർദ്ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദർശനം.. ഏറ്റുമാനൂർ തേവർ ക്ഷേത്ര മതിൽക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാനയൊടൊപ്പം എഴുന്നള്ളുന്നു; ആ വേളയിൽ പ്രണമിക്കാൻ ആയിരങ്ങൾ ക്ഷേത്രത്തിലെത്തും.
ഏഴരപ്പൊന്നാനകൾ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് സങ്കല്പം. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണ് ദിക്ക്ഗജങ്ങൾ. 'വാമനൻ' ചെറുതാകയാൽ അരപൊന്നാന ആകുകയാണത്രേ.....
ഏറ്റുമാനൂർ മഹാദേവന് ഏഴരപ്പൊന്നാനയെ സമർപ്പിച്ചതിന്റെ രേഖകൾ തിരുവനന്തപുരത്തെ പുരാവസ്തു വകുപ്പിൽ ഇന്നും സുരക്ഷിതമായുണ്ട്. തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരത്തിന്റെ ഒന്നാം നിലയിലാണു വർഷങ്ങളോളം ഇവ സൂക്ഷിച്ചത്. ഇപ്പോൾ കിഴക്കേക്കോട്ടയിലെ സംസ്ഥാന പുരാരേഖാവകുപ്പിൻ്റെ ഓഫിസിലേക്കു മാറ്റി. ചരിത്രഗവേഷക എസ്. ഉമാ മഹേശ്വരിയാണ് അവ താളിയോലയിൽ നിന്നു കടലാസിലേക്കു പകർത്തിയത്.
കൊല്ലവർഷം 929-ൽ (എ.ഡി. 1754) വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിനായി തിരുവതാംകൂർ മഹാരാജാവിൻ്റെ നീക്കം ഉണ്ടായി . (ആ സമയം രാജ്യഭാരം മാർത്താണ്ഡവർമ്മക്ക് ആയിരുന്നെങ്കിലും യുദ്ധമുന്നണിയിൽ നിയന്ത്രണം യുവ രാജാവായിരുന്ന കാർത്തിക തിരുന്നാളിന് ആയിരുന്നു. ( പിൽക്കാലത്ത് 'ധർമരാജാ')
വടക്കുംകൂർ ആക്രമിച്ചപ്പോൾ ഏറ്റുമാനൂരിൽ തിരുവിതാംകൂർ പടയെത്തി, 1754-ൽ; മാർത്താണ്ഡവർമ്മയുടെ നിർദ്ദേശമനുസരിച്ചുള്ള പടയോട്ടത്തിന്റെ (തെക്കുംകൂർ- വടക്കുംകൂർ പിടിച്ചടക്കുന്ന യുദ്ധങ്ങളുടെ) നായകസ്ഥാനം ഇരുപത്തഞ്ചുകാരനായിരുന്ന യുവരാജാവിനായിരുന്നു. എന്നാൽ യുദ്ധമുന്നണിയിൽ രാമയ്യൻ ദളവയും കാപ്റ്റൻ ഡിലനോയിയുമായിരുന്നു പട നയിച്ചത്.
സൈന്യങ്ങൾ ഏറ്റുമാനൂരിലെ മാധവിപ്പിള്ളനിലത്തിൽ പ്രവേശിക്കുകയും അവിടുത്തെ പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മഠവും നശിപ്പിച്ചുകളയുകയും ചെയ്തുവത്രെ.
ഈ രാജ്യങ്ങൾ കൈപ്പിടിയിലാക്കി അധികം വൈകാതെ രാമയ്യൻ അകാല മൃത്യു വരിച്ചതോടെ മാർത്താണ്ഡവർമ്മ മാനസികമായി തകർന്നു. ഇങ്ങനെ, മഹാരാജവിന് ഏറ്റുമാനൂർ മഹാദേവൻ്റെ അനിഷ്ടവും പല വിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കുകയാൽ തുടർ പരിഹാരാർത്ഥം പ്രായശ്ചിത്തമായി നേരുകയും അനന്തരാവകാശി നടയ്ക്കു വെക്കുകയും ചെതാണ് ഈ 'ഏഴരപ്പൊന്നാനകൾ'.
കടുത്ത വാതരോഗം മൂലം ശയ്യാവലംബിയായ നാളിലാണ് ഏഴരപ്പൊന്നാന്ന മാർത്താണ്ഡവർമ്മ ഏറ്റുമാനൂരിലേക്ക് നേരുന്നത്. അമ്മാവൻ്റെ അന്ത്യാഭിലാഷം കാർത്തിക തിരുനാൾ (ധർമ്മരാജ) നിറവേറ്റി.
ധർമ്മരാജാവ് പതിനൊന്നു ദിവസം പാണ്ഡവം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭജനമിരുന്ന ശേഷമാണ് ഏറ്റുമാനൂരിൽ ഏഴരപ്പൊന്നാന സമർപ്പിച്ചത്. അന്ന് പാണ്ഡവത്ത് പണിയിച്ച ഒറ്റക്കൽ നമസ്കാര മണ്ഡപം ഇന്നുമുണ്ട്. അവിടുത്തെ ചുവർചിത്രങ്ങൾ പടിഞ്ഞാറേക്കോട്ട നാരായണപട്ടരെ കൊണ്ട് വരപ്പിച്ചതും അദ്ദേഹമാണ്.
ധർമ്മരാജാവ് നാടുനീങ്ങിയത് ഈ സമർപ്പണം കഴിഞ്ഞ് ഒമ്പതുവർഷം കഴിഞ്ഞ്, 1798 ഫെബ്രുവരി 16-നാണ്. അതായത് 228 വർഷം മുമ്പ്!
'എട്ടു മാറ്റി'ൽ ഏഴായിരത്തി ഒരുന്നൂറ്റി നാൽപത്തിമൂന്നേ അരയ്ക്കാൽ കഴഞ്ചു സ്വർണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വർണ്ണം കൊണ്ട് തോട്ടിയും വളർവടിയും (ആനവണങ്ങി) തൊണ്ണൂറ്റാറര കഴഞ്ചു സ്വർണ്ണം കൊണ്ട് ഒരു പഴുത്തടയ്ക്കാ/ പഴുക്കാക്കുലയും നടയ്ക്കു വെച്ചുവെന്നാണ് കരുതുന്നത്. ആകെ ഏകദേശം 28.6 കിലോഗ്രാം എട്ട് മറ്റ് സ്വർണ്ണം (മൂന്നിലൊരു ഭാഗം തങ്കം അടങ്ങിയ സ്വർണം) ഇത് പൊതിയാനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്.
തടിയും കവചിത സ്വർണ്ണ തകിടും ഉൾപ്പെടെ പൊന്നാനകളുടെ ഓരോന്നിന്റെയും തൂക്കം ഇപ്രകാരമായിരുന്നു - (രേഖകളിൽ ഇപ്രകാരം പറയുന്നു): പത്തു തുലാം, ഒമ്പതര തുലാം, ഒമ്പതു തുലാം, എട്ടേമുക്കാൽ തുലാം, എട്ടേമുക്കാൽ തുലാം, എട്ടര തുലാം, എട്ടു തുലാം, രണ്ടര തുലാം. (ഒരു തുലാം - ഏകദേശം 10 -11 കി.ഗ്രാം)
പ്രായശ്ചിത്തച്ചാർത്ത് കൊല്ലവർഷം 964-ാം ആണ്ട് (എ.ഡി. 1789) ഇടവമാസം പന്ത്രണ്ടാം തിയതി എഴുതിവെച്ചതായി ദേവസ്വത്തിൽ ഇപ്പോഴും കാണുന്നുണ്ട്.
ഏഴ് ആനകളെയും ഒരു കുട്ടിയാനയെയും ചേർത്ത് 'ഏഴരപ്പൊന്നാന'യെന്നു നാമകരണം ചെയ്തത് പിന്നീട് ആയിരിക്കാം. വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ട രേഖയിൽ ‘ഏഴരപ്പൊന്നാന’ എന്ന പ്രയോഗം ഇല്ല.
കടപ്പാട്: some Print Media & Online sources; Pallikkonam Rajeev.