Image

എം. എ. ജോൺ നമ്മെ നയിച്ചുവോ? : ആർ. ഗോപാലകൃഷ്ണൻ

Published on 23 February, 2026
എം. എ. ജോൺ നമ്മെ നയിച്ചുവോ? : ആർ. ഗോപാലകൃഷ്ണൻ

കേരളത്തിലെ ചുവരുകളിൽ 1970-കളിൽ നിറഞ്ഞുനിന്ന ഒരു മുദ്യാവാക്യമാണ്: 'എം.എ. ജോൺ നമ്മെ നയിക്കും!' ഒപ്പം, മറ്റു ചില 'പഞ്ച്' മുദ്രാവാക്യങ്ങൾ കൂടിയുണ്ട്: 'പരിപാടിയിലുള്ള പിടിവാശിയാണ് പ്രവർത്തനത്തിന്റെ പടവാൾ!'- ഇത്യാദി*** ചിലത്. കേരളത്തിൽ രാഷ്ട്രീയ 'ട്രോളുകൾ' (ഒരു ജാതി 'പാരഡി മുദ്രാവാക്യങ്ങൾ') ആദ്യമുണ്ടായതും ഇവയെ ഉപജീവിച്ചാണെന്നു തോന്നുന്നു....

ഇതിലെ നായകൻ എം. എ. ജോൺ ഓർമ്മയായിട്ട് 15 വർഷം... 

കോൺഗ്രസ് നേതാവായിരുന്നു എം. എ ജോൺ. മികച്ച സംഘാടകനും വാഗ്മിയുമായിരുന്ന ജോൺ. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രത്യയശാസ്ത്ര - ആദര്‍ശത്തിന്റെ നാമ്പുകൾ പുനരാനയിച്ച മനുഷ്യന്‍. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. കേരളത്തിലെ കെ.എസ്.യു.വിന്റേയും യൂത്ത് കോൺഗ്രസിന്റേയും ആദ്യകാല നേതാവുമാണ് ഇദ്ദേഹം. വയലാർ രവിയുടെ സമകാലികനും എ കെ ആൻ്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയവരുടെ സീനിയർ നേതാവുമായിരുന്നു...

എങ്കിലും, കേരളത്തിലെ കോൺഗ്രസ്സിൽ ഒരു യുവജന നവോത്ഥാനം ഉണ്ടായ 1970-കളുടെ തുടക്കത്തിൽ തന്നെ, കോൺഗ്രസ് നേതൃത്വവുമായി ഭിന്നിച്ചു അകലുകയും 'പരിവർത്തന വാദി കോൺഗ്രസ്' എന്നൊരു പ്രസ്ഥാനം രൂപീകരിക്കുകയും ചെയ്തു....

1936 ജൂൺ 26-ന് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് കുറവിലങ്ങാട് സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ആയിരുന്ന മറ്റത്തിൽ കുളത്തനാനിയിൽ എം. ജെ. എബ്രാഹാമിന്റെയും ഭാര്യ മറിയാമ്മ എബ്രാഹാമിന്റെയും ഏഴ് മക്കളിൽ നാലാമനായാണ് ജനനം.

സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സമരത്തില്‍ പങ്കെടുത്തു കരുത്തുകാട്ടി. കുര്യനാട് പാവയ്ക്കല്‍ ഗവ. എല്‍.പി. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കുറവിലങ്ങാട് നിധീരിക്കല്‍ മാണിക്കത്തനാര്‍ സ്ഥാപിച്ച സെന്റ് മേരീസ് സ്‌കൂളില്‍ എട്ടാംക്ലാസ്സ് വരെ പഠിച്ചു (കെ ആര്‍ നാരായണന്‍ ഈ സ്കൂളില്‍ പഠിച്ച ആളാണ്‌). സ്കൂളില്‍ തനിക്കെതിരെ പക്ഷപാതപരമായി പെരുമാറിയ അധ്യാപകനെതിരെ ജോണ്‍ പ്രതികരിച്ചു; കൊടിപിടിച്ചു. പള്ളി ഇടപെട്ടു ജോണിനെ സ്‌കൂളില്‍നിന്ന് പുറത്താക്കി. തുടര്‍ന്ന് കോട്ടയം സേക്രഡ്ഹാര്‍ട്ട് സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1957-ല്‍ കോട്ടയം സി.എം.എസ്. കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റി പഠനകാലത്താണ് ജോൺ, വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തിൽ രംഗപ്രവേശം ചെയ്തത്. ജോണിന്റെ ഉത്സാഹത്തില്‍ കുറവിലങ്ങാട് വച്ച് കെ. എസ്. യു.-വിന്റെ ആദ്യ ക്യാമ്പ് നടന്നു. ഈ ക്യാമ്പില്‍ ജയപ്രകാശ് നാരായണ്‍ പങ്കെടുത്തിരുന്നു.

കെ.എസ്.യൂ.-വിൽ പ്രവർത്തിച്ച ശേഷം 1961-ൽ യൂത്ത് കോൺഗ്രസ് സെക്രട്ടറിയായും തുടർന്ന് 1963-ൽ പ്രസിഡൻ്റാകുകയും ചെയ്തു. 1965-ൽ കോൺഗ്രസ് പ്രസിഡൻ്റ് കാമരാജ്, രാജ്യവ്യാപകമായി യൂത്ത് കോൺഗ്രസ് പുനസംഘടിപ്പിക്കാൻ രൂപവത്ക്കരിച്ച നാലംഗ സമിതിയിൽ ജോണിനെ ഉൾപ്പെടുത്തിയിരുന്നു. (ഇതിൽ എന്‍. ഡി. തിവാരി­ കണ്‍വീനറും മോഹന്‍ ധാരിയ, നന്ദിനി സത്പതി എന്നിവർ മറ്റു അംഗങ്ങളും ആയിരുന്നു.)

എന്നാൽ, ചരിത്രം മറ്റൊരു വഴിയെ ഒഴുകി. 1968-ൽ യുവാക്കളുടെ പ്രതിനിധിയായി കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക്, ടി. ഓ. ബാവക്ക് എതിരെ ജോൺ മത്സരിച്ചു; ഇതിൽ എം.എ. ജോൺ തോറ്റു! ഈ പരാജയത്തിന് ശേഷം അദ്ദഹം കെ പി സി സി നേതൃതമായി ഇടഞ്ഞുള്ള നിലപാടുകളാണ് എടുത്തത്; അതിൽ ആദർശത്തിന്റെ ഒരു 'ലേപനം' ഉണ്ടായിരുന്നു എന്നതുകൊണ്ട് ഒരു വിഭാഗം യുവജനങ്ങളിൽ ആവേശം പകരാനായി. എന്നാൽ അതിന്റെ പര്യവസാനം കോൺഗ്രസിൽ നിന്ന് പുറത്തേക്കുള്ള വഴി തുറക്കുക എന്നതു തന്നെയായിരുന്നു... നിലപാടുകളിൽ യാഥാസ്തികൻ ആയിരുന്നെകിലും, അഴിമതിയോ സ്വജനപക്ഷപാതമോ കാട്ടാത്ത ടി. ഓ. ബാവ അത് - ജോണിന്റെ വിമതശബ്ദം- അംഗീകരിച്ചു കൊടുത്തില്ല. കെ പി സി സി പ്രസിഡൻ്റിനെതിരെ പ്രസ്താവന ഇറക്കിയതിന്റെ പേരിൽ, ടി. ഓ. ബാവ, ജോണിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. ടി ഓ ബാവക്ക് എതിരെ “മോഹഭംഗങ്ങളുടെ തടവുകാരന്‍” എന്ന പ്രസ്താവന ഇറക്കിയതിന്റെ പേരിലായിരുന്നു ഇത്. എന്നാല്‍ ജോണ്‍ ഇതിനെതിരെ കോടതിയിൽ കേസുകൊടുക്കുകയാണ് ചെയ്തത്.

പിന്നീട് ദേശീയ തലത്തിൽ കോൺഗ്രസ്സിൽ പിർളർപ്പുണ്ടയശേഷം സംഘടനാ വിഭാഗത്തിലേക്ക് പോയ ടി ഓ ബാവയ്ക്ക് പകരം കെ കെ വിശ്വനാഥന്‍ കെ പി സി സി (ഇന്ദിരാ ഗാന്ധി വിഭാഗം) പ്രസിഡണ്ടായി. തുടർന്ന് 1972-ൽ ജോണ്‍, കോൺഗ്രസ്സിൽ (ഇന്ദിരാ ഗാന്ധി വിഭാഗം) തിരിച്ചെത്തിയെങ്കിലും അധികകാലം തുടർന്നില്ല. കോൺഗ്രസ് നേതൃത്വവുമായി വീണ്ടും ഭിന്നിച്ചു അകലുകയും ചെയ്തു.

തുടർന്ന് 'പരിവർത്തനവാദി കോൺഗ്രസ്' എന്നൊരു പ്രസ്ഥാനം രൂപീകരിച്ചു... നിരവധി ആക്ടിവിസ്റ്റുകൾ ഈ സംഘടനയിൽ സജീവമായിരുന്നു; എന്റെ പ്രീയ മിത്രങ്ങൾ പലരും ഇതിലുണ്ടായിരുന്നതായി ഓർക്കുന്നു: അതിൽ ഒന്നുരണ്ടു പ്രധാന വ്യക്തികളായിരുന്നു വൈദുതി ബോർഡിൽ ജോലിചെയ്തിരുന്ന പി എം രാധാകൃഷ്ണൻ, 'മാതൃഭൂമി'യിലെ (പത്രം പിരിച്ചുവിട്ട) പി. രാജൻ തുടങ്ങിയവർ. വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം. സി. ജോസെഫൈൻ, അങ്കമാലി എക്സ് എം. എൽ. എ. ജോസ് തെറ്റയിൽ തുടങ്ങിയവരും ഇതിലുണ്ടായിരുന്നു. അക്കാലത്തു് 'പരിവർത്തനവാദി കെ.എസ്.യു.' എന്ന വിദ്യാർത്ഥി വിഭാഗവും ഉണ്ടായിരുന്നു: അതിൽ ആണ് ഇപ്പോഴത്തെ ബി. ജെ. പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ സജീവമായിരുന്നത്.

അടിയന്തരാവസ്ഥക്കാലത്ത് ജോൺ കുറച്ചുകാലം രാജ്യരക്ഷാ നിയമപ്രകാരം ജയിലിലടക്കപ്പെട്ടിരുന്നു. പരിവർത്തന വാദികളുടെ പ്രസിദ്ധീകരണമായ 'നിർണയ'ത്തിൽ എഴുതിയ മുഖലേഖനത്തിന്റെ പേരിലായിരുന്നു ഇത്. എഴുതിയത് പി. രാജനായിരുന്നെങ്കിലും പത്രാധിപ സ്ഥാനത്ത് ജോണ് യിരുന്നു. അവര്‍ കോണ്‍ഗ്രസിനെതിരായ നിലപാടുകള്‍ സ്വീകരിക്കുകയും അന്നത്തെ സി.പി.എം നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയിലെത്തുകയും ചെയ്തിരുന്നു.

എന്നാൽ, ജോൺ കോൺഗ്രസിലേക്ക് തിരിച്ചെത്തുകയുണ്ടായി. (1986) തുടർന്ന് ആദ്യ ജില്ലാ കൗൺസിൽ (1990) അംഗം ആയി കുറവിലങ്ങാട് ഡിവിഷനിൽ നിന്നും വിജയിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ നിധി ബോർഡ് ചെയർമാൻ ആയും പ്രവർത്തിച്ചു.

കെ. കരുണാകരൻ ഡി.ഐ.സി. (കെ.) എന്ന പാർട്ടി രൂപവത്കരിച്ചപ്പോൾ (2005) ജോൺ ഈ പാർട്ടിയുടെ സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.

സ്വന്തമായി ഒരു വിപുലമായ ഗ്രന്ഥ ശേഖരം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അത് പിന്നീട് ഒരു പൊതു ഗന്ഥശാലയായി മാറ്റി എന്നായിരുന്ന എന്റെ അറിവ്. പക്ഷേ, മകൾ ജയശ്രീ ജോൺ അതു തിരുത്തുന്നു: "അച്ഛന്റെ ലൈബ്രറി ഇപ്പോഴും അതുപോലെ തന്നെ വീട്ടിലുണ്ട്. പൊതു ഗ്രന്ഥശാല ആക്കി മാറ്റിയിട്ടില്ല."

പിൽക്കാലത്തു് നിരവധി പഠന ക്യാമ്പുകയിൽ കാള്സസെടുക്കാൻ ഞങ്ങൾ അദ്ദേഹത്തിനെ വിളിച്ചട്ടുണ്ട്.

തികഞ്ഞ യുക്തിവാദി കൂടിയായിരുന്ന അദ്ദേഹത്തിന്റെ വിവാഹം പള്ളിയിൽ അല്ലായിരുന്നു. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നതും വീട്ടുവളപ്പിൽ ആണ്.

2011 ഫെബ്രുവരി 22-ന് അന്തരിച്ചു.

 

 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-23 03:22:49
💥🔥എമ്മേജോൺ നമ്മേ ന(യി) ക്കും..കോൺഗ്രസ്സ് പാർട്ടി തന്നേ കോട്ടയത്ത്‌ "അക്ഷര മാറ്റം" നടത്തി എൺപതിൽ എഴുതി വച്ച "ചുവരെഴുത്ത്." ഒരു കാലത്തും കൊണംപിടിക്കാത്ത con- grass... Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക