
കേരളത്തിലെ സാമ്പത്തിക പരാധീനതയനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി കെ.എച്ച്.എന്‍.എ. ട്രസ്റ്റി ബോര്‍ഡിന്റെ നേതൃത്വത്തില്‍ വര്‍ഷംതോറും നടപ്പാക്കി വരുന്ന പഠന സഹായ പദ്ധതിയുടെ2026-ലെ പ്രവര്‍ത്തനങ്ങള്‍ക്ക് വിദൂര ദൃശ്യ മാധ്യമങ്ങളുടെ സഹായത്തോടെ ഔപചാരികമായി ശുഭാരംഭം കുറിച്ചു.
പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് പഠന മികവ് പുലര്‍ത്തുന്നുവെങ്കിലും സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി സഹായിക്കുക എന്ന ലക്ഷ്യത്തോടെ നാളിതുവരെ ഒന്നര കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം കെ.എച്ച്.എന്‍.എ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്. സ്കോളര്‍ഷിപ്പുകള്‍ക്ക് പുറമെ അനാഥാലയങ്ങള്‍, ബാലസദനങ്ങള്‍, ആതുരാലയങ്ങള്‍, അവശത അനുഭവിക്കുന്ന കലാകാരന്മാര്, നിര്‍ധനരായ രോഗികള്‍ തുടങ്ങിയവര്‍ക്കായി കഴിഞ്ഞ വര്‍ഷം മാത്രം ഒരു കോടി രൂപയുടെ സഹായം സംഘടന നല്കി.
ഈ വര്‍ഷത്തെ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ശുഭാരംഭം, കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയും കാലിഫോര്‍ണിയയിലെ SAGE (Sankara Advaithashramam of Global Enlightenment) അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരിയുടെ അനുഗ്രഹ പ്രഭാഷണത്തോടെ നടന്നു. പ്രവാസ സംഘടനകള്‍ പരമ്പരാഗത പ്രവര്‍ത്തന ശൈലികളില്‍ നിന്ന് മുന്നോട്ട് മാറി, മാറുന്ന തലമുറയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി, നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സ്വാമി തന്റെ സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞു.
കെ.എച്ച്.എന്‍.എ. വിഭാവനം ചെയ്യുന്ന ദീര്‍ഘ കാല പദ്ധതികളെക്കുറിച്ചും, അപേക്ഷിക്കുന്ന എല്ലാ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ് നല്കാന് കഴിയുന്ന തരത്തില്‍ കൂടുതല്‍ സംഭാവനകള്‍ സമാഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ വനജ നായര്‍ സ്വാഗത പ്രസംഗത്തില്‍ സൂചിപ്പിച്ചു.
സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും 2027-ല്‍ ഫ്ലോറിഡയില്‍ നടത്തപ്പെടുന്ന ആഗോള ഹൈന്ദവ സംഗമത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്ന പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന് അധ്യക്ഷ പ്രസംഗം നടത്തി. രജത ജൂബിലി പിന്നിട്ട കെ.എച്ച്.എന്‍.എ സനാതന ധര്‍മ്മ പ്രചാരണത്തിലും മൂല്യാധിഷ്ഠിതമായി യുവാക്കളെ ശാക്തീകരിക്കുന്നതിലും പരമ്പരാഗത രീതികള്‍ക്ക് അതീതമായി നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനായുള്ള നവീന പദ്ധതികള്‍ സംഘടന രൂപപ്പെടുത്തി വരുന്നതായും അദ്ദേഹം അറിയിച്ചു.
ഈ വര്‍ഷത്തെ വിദ്യാഭ്യാസ സഹായനിധി സമാഹരണ പ്രവര്‍ത്തനങ്ങള്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് സംസ്കൃത വിഭാഗം പ്രൊഫ: ഡോ: ലക്ഷ്മി ശങ്കര്‍ ഉത്ഘാടനം ചെയ്തു. കേരളത്തില്‍ നിന്നും സ്കോളര്‍ഷിപ്പിന്റെ ഗുണഭോക്താക്കളും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ ഭാരതീയ പൗരാണിക വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ചും ആര്‍ഷ പരമ്പരയിലെ ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ചുകൊണ്ടു നടത്തിയ ഉല്‍ഘാടന പ്രസംഗം വിജ്ഞാനപ്രദമായിരുന്നു. സ്വാമി വിവേകാനന്ദന്റെ വിശ്വ പ്രസിദ്ധമായ ചിക്കാഗോ സന്ദര്‍ശനത്തില്‍ അനുവദിച്ചുകിട്ടിയ ആഡംബര പട്ടുമെത്ത ഉപേക്ഷിച്ചു നിലത്തുറങ്ങിയതിനു വികാര നിര്‍ഭരമായി സ്വാമി നല്കിയ വിശദീകരണം ഹൃദയസ്പര്‍ശിയായി അവര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ദാരിദ്ര്യവും , രോഗവും കാരണം കഷ്ടപ്പെടുന്ന സ്വന്തം രാജ്യത്തിലെ നിസ്സഹായരായ ഗ്രാമീണരുടെ മുഖം സ്വാമിയെ പട്ടുമെത്തയില്‍ കിടക്കുന്ന സുഖത്തില്‍ നിന്നും പിന്തിരിപ്പിച്ചുവെന്നും സഹജീവികളുടെ ദുഃഖം സ്വാമിയേ വല്ലാതെ അലട്ടിയിരുന്നുവെന്നും ലക്ഷ്മി ശങ്കര്‍ വിശദീകരിച്ചു. അമേരിക്കയിലെ ആകര്‍ഷക വലയത്തിനുള്ളിലിരുന്നും ജന്മനാടിനെ കുറിച്ചോര്‍ക്കുന്ന കെ.എച്ച്.എന്‍.എ.പ്രവര്‍ത്തകരെ അഭിനന്ദിക്കാനും അവര്‍ മറന്നില്ല.
കേരളത്തില്‍ കെ.എച്ച്.എന്‍.എ. കോര്‍ഡിനേറ്ററായി ആരംഭകാലം മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന പി. ശ്രീകുമാര്‍ (ജന്മഭൂമി) കേരളത്തില്‍ നടത്തിവരുന്ന മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ശ്ലാഖിച്ചുകൊണ്ടു ആശംസകള്‍ അര്‍പ്പിച്ചു. സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാനുള്ള യോഗ്യതയും ഓണ്‍ലൈന്‍ സംവിധാനങ്ങളെക്കുറിച്ചും ചെയര്മാന് രഘുവരന് നായര്‍ വിശദമാക്കുകയും സ്കോളര്‍ഷിപ് കമ്മിറ്റിയിലെ അംഗങ്ങളായ ഡോ: തങ്കം അരവിന്ദ് (കോ ചെയര്‍) രമണി പിള്ള, ഡോ:ബിജു പിള്ള, അരവിന്ദ് പിള്ള, ബാബുരാജ് ധരന്‍ എന്നിവരെ യോഗത്തിനു പരിചയപ്പെടുത്തുകയും ചെയ്തു. മുന്‍പ്രസിഡന്റുമാരായ ടി.എന്‍.നായര്‍, സുരേന്ദ്രന് നായര്‍, ട്രഷറര്‍ അശോക് മേനോന് എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.
യോഗനടപടികളുടെ ഇടവേളയില്‍ പ്രസിദ്ധ സോപാന സംഗീതജ്ഞ കുമാരി വൈദേഹി സുരേഷ് അവതരിപ്പിച്ച ഗാനാവിരുന്ന് ഹൃദ്യവും ആസ്വാദ്യവുമായിരുന്നു.
സെക്രട്ടറി സിനു നായര്‍ നന്ദി രേഖപ്പെടുത്തുകയും ബോര്‍ഡ് അംഗങ്ങളായ അനഘ വാര്യര്‍ സുരേഷ് നായര്‍ എന്നിവര്‍ കാര്യക്രമങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തു.