
എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയതിൽ തത്കാലം പ്രതികരിക്കാനില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചാനലിൽ ഇപ്പോൾ കണ്ട വിവരം മാത്രമേ അറിയാവൂ എന്നും ചാനലിൽ കണ്ടതുകൊണ്ട് മാത്രം അതിൽ ഒരു മറുപടി പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പൂർണ്ണരൂപം അറിഞ്ഞതിനു ശേഷം മറുപടി പറയാം. അതിനാൽ ഇതിനെപ്പറ്റി ഒരു ചോദ്യങ്ങളോ മറുപടിയോ പറയുന്നത് അപ്രസക്തമാണ്. ഈ ചർച്ച ഇപ്പോൾ വേണ്ട. കുറച്ചു കഴിയട്ടെയെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അതേസമയം പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗമാണ് എഎസ്എസ്-എസ്എൻഡിപി ഐക്യനീക്കം തള്ളിയത്.
എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചു. ഡയറക്ടർ ബോർഡ് യോഗത്തിൽ ഭൂരിഭാഗം പേരും ഐക്യ നീക്കത്തെ എതിർക്കുകയായിരുന്നു. ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന ഡയറക്ടർ ബോർഡ് യോഗ തീരുമാനം പത്രക്കുറിപ്പായി പുറത്തെത്തിയിട്ടുണ്ട്.
പത്രക്കുറിപ്പ്
പല കാരണങ്ങളാലും പല തവണ എൻഎസ്എസ്-എസ്എൻഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാൽ തന്നെ വ്യക്തമാകുന്നു. എൻഎസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളിൽനിന്ന് വ്യതിചലിക്കാനുമാകില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല. പ്രത്യേകിച്ച് എൻഎസ്എസിന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരനിലപാട് ഉള്ളതിനാൽ. മറ്റെല്ലാ സമുദായങ്ങളോടും എന്നവണ്ണം എസ്എൻഡിപിയോടും സൗഹാർദത്തിൽ വർത്തിക്കാനാണ് എൻഎസ്എസ് ആഗ്രഹിക്കുന്നത്. എൻഎസ്എസ്-എസ്എൻഡിപി ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് ഈ യോഗം തീരുമാനിക്കുന്നു എന്നാണ് ഡയറക്ടർ ബോർഡ് യോഗത്തിനു ശേഷമുള്ള പത്രക്കുറിപ്പിൽ എൻഎസ്എസ് വ്യക്തമാക്കുന്നത്.