Image

ബഹിരാകാശവിക്ഷേപണത്തിലെ ജയപരാജയങ്ങൾ - ഒരെത്തിനോട്ടം (രാജീവ് പഴുവിൽ)

Published on 26 January, 2026
ബഹിരാകാശവിക്ഷേപണത്തിലെ ജയപരാജയങ്ങൾ - ഒരെത്തിനോട്ടം (രാജീവ് പഴുവിൽ)

ISRO (Indian Space Research Organization) യുടെ ഏറ്റവും വിശ്വസ്തമായ റോക്കറ്റ് എന്ന് പേരെടുത്ത PSLV (Polar Satellite Launch Vehicle) ശ്രേണിയിൽ 2025-ലും, 2026-ന്റെ തുടക്കത്തിലുമായി ഈയിടെ നടന്ന തുടർച്ചയായ രണ്ടു തിരിച്ചടികൾ. രണ്ടിലും, മൂലകാരണമായി പറയപ്പെടുന്നത് മൂന്നാം ഘട്ടത്തിൽ (Third Stage) ഉണ്ടായ, ഒരു പക്ഷേ സമാനമെന്നു കരുതാവുന്ന, സാങ്കേതികത്തകരാറാണ് എന്നത് ചില ചോദ്യങ്ങൾ മനസ്സിലുയർത്തുന്നത് സ്വാഭാവികം.

2025 May 8 ന് ​PSLV-C61 - നുണ്ടായ പരാജയത്തിൽ, EOS-9 എന്ന പ്രധാന ഉപഗ്രഹം നഷ്ടമായപ്പോൾ, 2026 ജനുവരി 12 നുണ്ടായ PSLV-C62 ലക്ഷ്യം കാണാതെ പോയപ്പോൾ നഷ്ടപ്പെട്ടത് ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങൾക്കായുള്ള EOS-N1 (Anvesha) ഉൾപ്പെടെ 15 ഉപഗ്രഹങ്ങൾ ( സ്പെയിനിന്റെ KID എന്ന റീ എൻട്രി മോഡ്യൂൾ ഒഴിച്ച്).

ഈ പശ്ചാത്തലത്തിൽ ന്യായമായും കടന്നുവരാവുന്ന സംശയങ്ങളിൽ പ്രസക്തമായ ചിലവ താഴെക്കൊടുക്കുന്നു.

ഒന്ന് : ദശകങ്ങളായി 90 ശതമാനത്തിന് മുകളിൽ വിജയശതമാനമുള്ള PSLV-യുടെ ഗുണനിലവാര പരിശോധനയിലെ (Quality Control) വീഴ്ചയാണോ ഈ തുടർച്ചയായ രണ്ടു പരാജയങ്ങളുടെ മൂലകാരണം?

രണ്ട്: വരാനിരിക്കുന്ന 'ഗഗൻയാൻ' പോലുള്ള വലിയ ദൗത്യങ്ങൾക്ക് ഇത് വെല്ലുവിളിയാകുമോ ?

മൂന്ന് : ഐ.എസ്.ആർ.ഒ.യുടെ വാണിജ്യ താൽപ്പര്യങ്ങൾക്ക് ഇത് തിരിച്ചടിയാകുമോ ?

ആദ്യ രണ്ടു ചോദ്യങ്ങളുടെ ഉത്തരം ഒറ്റവാക്കിൽ 'അല്ല' എന്ന് തന്നെ.

മൂന്നാമത്തെ ചോദ്യത്തിന്, അടുത്ത വിക്ഷേപണത്തിൽ പി.എസ്.എൽ.വി.യുടെ വിശ്വാസ്യത വീണ്ടെടുക്കുന്നത് വരെ നേരിയ ഒരു വെല്ലുവിളിക്ക് സാധ്യതയുണ്ട് എന്ന് പറയേണ്ടിവരും.

പൊതുവിൽ ഒരു റോക്കറ്റ് എങ്ങനെ മുൻകൂട്ടി നിശ്ചയിച്ച പാത ഉറപ്പുവരുത്തുന്നു എന്നതിനെപ്പറ്റി ചില കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞതിനുശേഷം ഈ മൂന്നു ചോദ്യങ്ങളിലൂടെ വിശദമായി കണ്ണോടിക്കാം.

അടിസ്ഥാനപരമായി ഒരു റോക്കറ്റിന് ഗൈഡൻസ്, നാവിഗേഷൻ ആൻഡ് കൺട്രോൾ (GNC) എന്നീ പ്രസക്ത ഭാഗങ്ങൾ ഉണ്ട്. അവ പരസ്പരം ഒരു ഫീഡ്‌ബാക്ക് ലൂപ്പ് ആയി ഏകോപിച്ചു പ്രവർത്തിച്ചു കൊണ്ടാണ് അതിന്റെ മുന്നോട്ടുള്ള ഗതിയെ നിയന്ത്രിക്കുന്നത്.

നാവിഗേഷൻ സിസ്റ്റം, റോക്കറ്റിലുള്ള സെൻസറുകൾ ഉപയോഗിച്ച് അതിന്റെ നിലവിലെ അവസ്ഥയും, സ്ഥാനവും അളക്കുന്നു. ഗൈഡൻസ് സിസ്റ്റം, ഈ വിവരം ഉപയോഗിച്ച് മുൻകൂട്ടി നിശ്ചയിച്ച ശരിയായ പാതയാണോ എന്ന് നോക്കി കറക്റ്റ് ചെയ്യാനുള്ള കമാൻഡുകൾ കൺട്രോൾ സിസ്റ്റത്തിന് കൈമാറുന്നു. കൺട്രോൾ സിസ്റ്റം അതിനനുസരിച്ച് എൻജിൻ ചലിപ്പിക്കുകയോ വായുവിൽ നിയന്ത്രിക്കുന്നതിനുള്ള ചെറിയ ഉപകരണങ്ങളോ, ചെറിയ ത്രസ്റ്ററുകൾ പ്രവർത്തിപ്പിക്കുയോ ഒക്കെ ചെയ്തു റോക്കറ്റിന്റെ ദിശ മാറ്റുന്നു.ഈ പ്രവൃത്തികൾ സെക്കണ്ടുകൾക്കുള്ളിൽ ആവർത്തിക്കപ്പെടുകയും റോക്കറ്റ് നിശ്ചയിച്ച പാതയിൽ മുന്നോട്ടു പോകുകയും ചെയ്യുന്നു.

നാലു ഘട്ടങ്ങൾ ഉള്ള പി.എസ്.എൽ.വി യിൽ ഒന്നും മൂന്നും ഘട്ടങ്ങളിൽ ഖര ഇന്ധനവും (solid propelleant), രണ്ടും നാലും ഘട്ടങ്ങളിൽ ദ്രാവക ഇന്ധനവും (liquid propellant ) ആണ് ഉപയോഗിക്കുന്നത് എന്നത് അറിയാമല്ലോ.

ഓരോ ഘട്ടത്തിലെയും റോക്കറ്റ് എൻജിനിലെ ജ്വലന അറയ്ക്കുള്ളിൽ ഇന്ധനവും അതു കത്തിക്കാനാവശ്യമായ ഓക്സിഡൈസറും വലിയ മർദ്ദത്തിലാണ് പമ്പ് ചെയ്യുന്നത്. എൻജിനിൽ ഇന്ധനം കത്തുമ്പോൾ ഉണ്ടാകുന്ന വാതകങ്ങൾ അതീവവേഗതയിൽ പിന്നിലേക്ക് പുറന്തള്ളപ്പെടുമ്പോൾ ഇതിന് തുല്യമായ ബലം റോക്കറ്റിനെ മുന്നോട്ട് തള്ളുന്നു.
സാധാരണയായി ഒരു ഉപഗ്രഹത്തെ അതിന്റെ നിശ്ചിത ഭ്രമണപഥത്തിൽ എത്തിക്കാൻ ആവശ്യമായ വേഗത (Velocity) അനുനിമിഷം റോക്കറ്റിന് നിലനിർത്താനാവണം.അതിന് ജ്വലന അ റയിലെ മർദ്ദം അത്യന്താപേക്ഷിതമാണ്.
മോട്ടോറിൽ നിന്നുള്ള ഇന്ധനച്ചോർച്ചയോ (Propellant Leak), ​മോട്ടോറിന്റെ ഉൾഭാഗത്ത് അപ്രതീക്ഷിതമായ തേയ്മാനമോ (Erosion), അതുമല്ലെങ്കിൽ ഇന്ധനം കത്തുന്ന സമയത്ത് ഗ്യാസ് പുറത്തേക്ക് പോകാൻ സഹായിക്കുന്ന നോസിലിൽ(nozzle) ഉണ്ടാകാനിടയുള്ള തകരാറോ ഒക്കെ ജ്വലന അറയിലെ മർദ്ദം കുറയാൻ കാരണമാകും. അങ്ങനെ വന്നാൽ റോക്കറ്റിന് ആവശ്യമായ വേഗത കൈവരിക്കാൻ പറ്റാതെ വരികയും മുൻകൂട്ടി നിശ്ചയിച്ച പാതയിൽ നിന്ന് വ്യതിചലിച്ചു പോകുകയും ഉപഗ്രഹത്തെ മറ്റെവിടെയെങ്കിലും വിക്ഷേപിക്കുകയും ചെയ്യുന്നു.

ഇനി ആദ്യ ചോദ്യത്തിലേക്ക് വരാം.

PSLV-C61 പരാജയത്തിന്റെ മൂലകാരണമായത് ജ്വലനമർദ്ദം കുറഞ്ഞതായിരുന്നു എന്നും അത് മോട്ടോറിന്റെ നോസിൽ (Nozzle) തകരാറുകൊണ്ടായിരുന്നു എന്നും അത്‌ പരിഹരിക്കാൻ വേണ്ട മാറ്റങ്ങൾ C62- വിൽ വരുത്തിയിരുന്നു എന്നുമാണറിയാൻ കഴിഞ്ഞത്.പ്രധാനമായും, പഴയ ഗ്രാഫൈറ്റ് (Graphite) നോസിലുകൾക്ക് പകരം കൂടുതൽ ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള കാർബൺ-കാർബൺ കോമ്പോസിറ്റ് നോസിലുകൾ ഉപയോഗിക്കുകയും. അവയെ വിജയകരമായി ടെസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.അതുകൊണ്ട് ഗുണനിലവാരപരിശോധനയുടെ കുറവ് എന്ന പ്രശ്നമേ ഉദിക്കുന്നില്ല. പുതിയ നോസിലുകൾ പ്രതീക്ഷിച്ചത്ര മർദ്ദം നൽകാതിരുന്നതോ, അതോ ഇപ്രാവശ്യം പുതിയ മറ്റെന്തെങ്കിലും കാരണമാണോ എന്നുള്ളതൊക്കെ ഐ.എസ്.ആർ.ഒ അപഗ്രഥിച്ചു കൊണ്ടിരിക്കുകയാണ്.വിശദാംശങ്ങൾ പുറത്തുവരാൻ ഇനിയും സമയം എടുക്കും. ഒന്നോർക്കേണ്ടതുണ്ട്.
ഒരേ റോക്കറ്റ് സീരീസ് ആണ് ഉപയോഗിക്കുന്നതെങ്കിലും ഓരോ വിക്ഷേപണവും അവ ലക്ഷ്യം വെയ്ക്കുന്ന ഭ്രമണപഥം, ഉപഗ്രഹങ്ങളുടെ ഭാരം, എണ്ണം എന്നിങ്ങനെ പല കാരണങ്ങളാൽ വ്യത്യസ്തമാണ്.ഇതിലൊക്കെയുപരിയാണ് നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെ കടന്നുവരുന്ന അന്തരീക്ഷവ്യതിയാനങ്ങൾ. ഇവയൊക്കെ കണക്കിലെടുക്കുമ്പോൾ ഒരു വിക്ഷേപണവും മറ്റൊന്നിന് സമാനമല്ല. അതുകൊണ്ട് തന്നെ ഓരോ തവണയും ഇത് വരെ ചെയ്യാത്ത പുതിയ ഒരു വിക്ഷേപണമെന്ന മട്ടിൽ എല്ലാ പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ ആവർത്തിച്ചു നടത്താറാണ് പതിവ്.

രണ്ടാമത്തെ ചോദ്യത്തിന് , ഗഗൻയാൻ പ്രതീക്ഷിച്ച പോലെ തന്നെ മുന്നോട്ടുപോകുമെന്ന് ഐ.എസ്.ആർ.ഒ ഇതിനകം അറിയിച്ചു കഴിഞ്ഞു. PSLV C62 പരാജയം അതിനെ ബാധിക്കുന്നില്ല.

മൂന്നാമത്തെ വിഷയത്തിൽ,
ബഹിരാകാശമേഖലയിലെ കടുത്ത മത്സരത്തിന് അനുദിനം വീര്യം കൂടിക്കൊണ്ടിരിക്കുന്ന ഈ നാളുകളിൽ ലോകരാഷ്ട്രങ്ങൾ ഇന്ത്യയിൽ അർപ്പിക്കുന്ന വിശ്വാസം എത്ര വലുതാണ് എന്നത് പ്രസക്തമാണ്. മറ്റു വമ്പന്മാരുമായി തട്ടിച്ചു നോക്കുമ്പോൾ ഏറ്റവും കുറഞ്ഞ ചെലവിൽ വിശ്വസ്തമായി വിക്ഷേപണം സാധ്യമാക്കുന്നു എന്നതും, ഏവർക്കും സ്വീകാര്യമായ രാഷ്ട്രം എന്നതും സമീപകാലത്ത് ഇന്ത്യയുടെ സ്ഥാനം അദ്വിതീയമാക്കിയിരുന്നു താനും. ഇതൊക്കെ നേടിയെടുത്തത് 
ഐ.എസ്.ആർ.ഒ യിലെ ശാസ്ത്രജ്ഞർക്കുള്ള കഴിവിന്റെയും അവരുടെ അശ്രാന്തപരിശ്രമത്തിന്റെയും ഫലമാണ്. അതുകൊണ്ട് തന്നെ, അടുത്ത വിക്ഷേപണത്തിനു മുൻപ് ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ അവർക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

( ബഹിരാകാശമേഖലയിൽ പരാജയങ്ങൾ നേരിട്ടും, അവയിൽ നിന്ന് അറിവ് നേടിയുമല്ലാതെ വിജയം നേടാൻ അമേരിക്കയടക്കം ഒരു രാജ്യത്തിനും ഇന്നു വരെ ആയിട്ടില്ല, ആവുകയുമില്ല. സാന്ദർഭികമായി, 2026 ജനുവരിയിൽ ചൈനയുടെ രണ്ടു റോക്കറ്റ് വിക്ഷേപണങ്ങൾ പരാജയം കണ്ടു എന്നതുകൂടെ സൂചിപ്പിക്കട്ടെ.)

PSLV ചരിത്രത്തിലൂടെ അല്പം പുറകോട്ട് കണ്ണോടിക്കുമ്പോൾ, 1994 ഒക്ടോബർ 15 ന് വിജയകരമായി വിക്ഷേപിച്ച PSLV-D2 വിന്റെ കാര്യത്തിൽ ഏതാണ്ട് സമാന സാഹചര്യത്തിലൂടെ കടന്നു പോയതായി കാണാം. തൊട്ടു മുൻപ് 1993 ൽ നടന്ന PSLV-D1 വിക്ഷേപണം പരാജയപ്പെട്ടതിനാൽ, D2 വിജയിക്കേണ്ടത് അന്ന് ഇന്ത്യയുടെ ബഹിരാകാശസ്വപ്നങ്ങൾക്ക് ജീവൻ നൽകാൻ അനിവാര്യമായിരുന്നു.ഇന്ത്യൻ മണ്ണിൽ നിന്ന് വിദേശസഹായമില്ലാതെ സ്വന്തം വിക്ഷേപണവാഹനം ഉപയോഗിച്ച് ഒരു വലിയ ഉപഗ്രഹത്തെ (IRS-P2) വിജയകരമായി ഭ്രമണപഥത്തിൽ എത്തിക്കാൻ ഇന്ത്യയ്ക്ക് അന്ന് സാധിച്ചു.ലോകത്തിലെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണ വാഹനങ്ങളിൽ ഒന്നായി പിന്നീട് മാറിയതിന് PSLV D2 നാഴികക്കല്ലായിരുന്നു എന്നുതന്നെ പറയാം.

പരാജയങ്ങൾ ചർച്ച ചെയ്യുമ്പോൾ, ഏറെ തിളക്കമുള്ള ചില വിജയങ്ങൾ നമ്മൾ മറന്നു പോകാറുണ്ട്. ഇക്കഴിഞ്ഞ Dec 24 ന് - ക്രിസ്തുമസ് തലേന്ന്- നടന്ന LVM3-M6 വിക്ഷേപണം ഐഎസ്ആർഒയുടെ നൂറാമത്തെ (100-ാമത്തെ) ഭ്രമണപഥ വിക്ഷേപണമായിരുന്നു.അമേരിക്കൻ കമ്പനിയായ AST സ്പേസ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക്-2 (BlueBird Block-2) എന്ന വാര്‍ത്താവിനിമയ ഉപഗ്രഹം ഉദ്ദേശം 6100 കിലോഗ്രാം ഭാരമുണ്ടായിരുന്നു.ഇന്ത്യൻ മണ്ണിൽ നിന്ന് വിക്ഷേപിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിതെന്നത് LMV3-36 ന്റെ 'ബാഹുബലി' എന്ന ഓമനപ്പേരിനെ കൂടുതൽ അർത്ഥവത്താക്കുന്നു.

PSLV C62 വിന്റെ കാര്യത്തിൽ ഐ.എസ്.ആർ.ഒ യിലെ ശാസ്ത്രജ്ഞർ മുൻപെന്നത്തേയും പോല പ്രശ്നങ്ങൾ കഴിയും വേഗം പരിഹരിച്ച്, ലോകരാഷ്ട്രങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കുമെന്നതിൽ സംശയമേതുമില്ല. വിജയാശംസകളോടെ അവർക്കൊപ്പം.

ശുഭം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക