
ശ്രീജിത്ത് പൊയിൽക്കാവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വടു – ദി സ്കാർ’ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ വെച്ച് നടന്നു. മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ്. ചിത്രയാണ് ചടങ്ങിലെ മുഖ്യാതിഥി.
ദേശീയ പുരസ്കാര ജേതാവായ സംവിധായകനും മാധ്യമപ്രവർത്തകനുമായ എം.കെ. രാമദാസിന് ഓഡിയോ കൈമാറിക്കൊണ്ട് ചിത്ര പ്രകാശന കർമ്മം നിർവഹിച്ചു. നീലാംബരി പ്രൊഡക്ഷൻസിന്റെയും വൈഡ് സ്ക്രീൻ മീഡിയയുടെയും ബാനറിൽ മുരളി നീലാംബരി, ഡോ. മനോജ് ഗോവിന്ദൻ, പ്രദീപ്കുമാർ, മോഹനൻ കൂനിയേത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ടി.ജി. രവി, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി, ആര്യ തുടങ്ങിയ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ നാല് ഗാനങ്ങളാണുള്ളത്. മുരളി നീലാംബരി എഴുതിയ വരികൾക്ക് നവാഗതനായ പി.ഡി. സൈഗാളാണ് സംഗീതം പകർന്നിരിക്കുന്നത്. ഓഡിയോ ലോഞ്ച് ചടങ്ങിൽ ഗാനരചയിതാവ് ഡോ. ബി.ജി. ഗോകുലൻ, നടി മായ മേനോൻ, ഫാദർ അനിൽ ഫിലിപ്പ്, സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് തുടങ്ങിയവർ സംസാരിച്ചു. വിപിൻ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.