
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ തന്ത്രങ്ങളുമായി ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍.ഡി.എ മുന്നണി വളരെ സൂക്ഷമതയോടെ നിലയുറപ്പിച്ചിരിക്കുകയാണ്. കാരണം, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം പയറ്റി പരാജയപ്പെട്ട പഴഞ്ചന്‍ രീതികള്‍ പാടേ ഉപേക്ഷിച്ച് കാലാനുസൃതമായ മാറ്റങ്ങളുമായാണ് എന്‍.ഡി.എ ഗോദയിലിറങ്ങുക. തിരുവനന്തപുരം കോര്പ്പറേഷന് തിരഞ്ഞെടുപ്പ് വിജയം അവര്‍ക്ക് ജനാധിപത്യപ്പോരിനുള്ള കുതിരശക്തി പകര്‍ന്ന് നല്‍കുകയും ചെയ്യുന്നു.
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ഒരുപോലെ സാന്നിധ്യമാവുക എന്ന പഴയ രീതി വിട്ട് ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. ഇത്തരത്തിലുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സാബു ജേക്കബ് നേതൃത്വം നല്കുന്ന ട്വന്റി-20 എന്‍.ഡി.എയിലേക്ക് ചേക്കേറിയതത്രേ. എന്‍.ഡി.എയിലെ പ്രധാന കക്ഷികളില്‍ ഒന്നായ ബി.ഡി.ജെഎസിന് വിജയ സാധ്യതയുള്ള മേഖലകളില്‍ ഇക്കുറി മുപ്പതോളം സീറ്റുകള്‍ കിട്ടുമെന്നാണ് വിവരം. ഈഴവരുടെ പിന്തുണ ഉറപ്പാക്കാനും എസ്.എന്‍.ഡി.പി യോഗത്തെ കൂടെ നിര്‍ത്താനും ബി.ഡി.ജെ.എസിന് കാര്യമായ പരിഗണന നല്‍കണമെന്നാണ് ബി.ജെ.പിക്കുള്ളില്‍ നിന്ന് ഉയരുന്ന അഭിപ്രായം.
നൂറ് സീറ്റില്‍ പൊതു സ്വീകാര്യരായ വ്യക്തിത്വങ്ങളെയും ഇക്കുറി മത്സര രംഗത്ത് പരിഗണിക്കും. കൂടാതെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ മാറ്റുരയ്ക്കും. സാബു ജേക്കബിന്റെ ട്വന്റി-20യെയും എന്‍.ഡി.എ വേണ്ടവിധം പരിഗണിക്കും. ട്വന്റി-20യ്ക്ക് മധ്യ കേരളത്തില്‍, പ്രത്യേകിച്ച് എറണാകുളത്ത് തന്നെയാവും സീറ്റുകള്‍ നല്‍കുക. ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനായി നിതിന്‍ നബീന് ചുമതലയേറ്റതിന് പിന്നാലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് കേരളത്തില്‍ വലിയ രാഷ്ട്രീയ ചലനങ്ങള്‍ക്ക് വഴിമരുന്നിടുകയാണ് ബി.ജെ.പി നേതൃത്വം.
ഏപ്രില്‍ മാസത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍, ബിഹാറില്‍ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ച തന്ത്രജ്ഞനായ വിനോദ് താവ്ഡെയ്ക്ക് കേരളത്തിന്റെ ചുമതല നല്‍കിയതിലൂടെ 'മിഷന് സൗത്ത്' കൂടുതല്‍ ശക്തമാക്കുകയാണ് പാര്‍ട്ടി. എന്നാല്‍ താവ്ഡെയ്ക്ക് കേരളത്തിലെ കടമ്പകള്‍ കടക്കുക അത്ര എളുപ്പമല്ല. സംസ്ഥാനത്തെ വോട്ട് ബാങ്ക് രാഷ്ട്രീയം പരിശോധിക്കുമ്പോള്‍ 45 ശതമാനത്തോളം വരുന്ന മുസ്ലീം-ക്രിസ്ത്യന്‍ വോട്ടുകളില്‍ കാര്യമായ സ്വാധീനം ചെലുത്താതെ അധികാരം പിടിക്കുക അസാധ്യമാണ്. ബിഹാറില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും വളരെ ശക്തമായ അടിത്തറയുള്ള മുന്നണികളാണ്. ഹൈന്ദവ വോട്ടുകളില്‍ ഭൂരിഭാഗവും ഈ രണ്ട് മുന്നണികള്‍ക്കുമായി വിഭജിക്കപ്പെട്ടിരിക്കുന്നു.
കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ബി.ജെ.പി.ക്ക് അവകാശപ്പെടാന്‍ വലിയ നേട്ടങ്ങളൊന്നുമില്ലെങ്കിലും ആഗ്രഹങ്ങള്‍ ആകാശം മുട്ടെയാണ്. 2014-ല്‍ 14 ശതമാനമായിരുന്ന ബി.ജെ.പിയുടെ വോട്ട് ഷെയര്‍ 2024-ല്‍ 19.14 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഭരണം പിടിക്കാന്‍ ഇത് 35-40 ശതമാനത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. കേരളത്തിലെ 28 ശതമാനത്തോളം വരുന്ന ഈഴവ സമുദായം ഇടതു മുന്നണിയുടെ ഉറച്ച വോട്ട് ബാങ്കാണ്. 15 ശതമാനമുള്ള നായര്‍ സമുദായത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും അത് പൂര്‍ണ്ണമായ വിജയത്തിലെത്തിയിട്ടില്ല.
അതിനാല്‍ ക്രിസ്ത്യന്‍ വോട്ടുകളില്‍ വിള്ളലുണ്ടാക്കാനാണ് ബി.ജെ.പി തന്തങ്ങള്‍ മെനയുന്നത്. മുസ്ലീം വോട്ടുകളില്‍ പ്രതീക്ഷയില്ലെങ്കിലും ക്രൈസ്തവ സമുദായത്തെ ഒപ്പം നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടലുകള്‍ നടത്തിവരികയാണ്. ഇതിനൊപ്പം 55 ശതമാനം വരുന്ന ഹൈന്ദവ വോട്ടുകളുടെ ഏകീകരണവും പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നു. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി ഉള്‍പ്പെടെയുള്ള സംഘടനകളുമായി കൂടുതല്‍ അടുക്കാനും അവരെ തങ്ങളുടെ സഖ്യത്തിന്റെ ഭാഗമാക്കാനുമുള്ള എന്‍.ഡി.എയുടെ നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് പരിപാടി.
ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു നേതാവിന്റെ അബാവമാണ് പാര്‍ട്ടി കേരളത്തില്‍ നേരിടുന്ന പ്രതിസന്ധി. നിയമസഭയിലും പാര്‍ലമെന്റിലും ഒരുവട്ടം ബി.ജെ.പി അക്കൗണ്ട് തുറന്നിട്ടുണ്ട്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ സി.പി.എമ്മിന്റെ ഇപ്പോഴത്തെ പൊതു വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് രാജഗോപാല്‍ ചരിത്രം കുറിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് സുരേഷ് ഗോപി പാര്‍ലമെന്റിലെത്തുകയും ചെയ്തു.
കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് നേരിട്ട് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലും മലയാളികളായ ബി.ജെ.പി നേതാക്കള്‍ പാര്‍ലമെന്റംഗങ്ങളും മന്ത്രിമാരും ആയിട്ടുണ്ട്. 1992 മുതല്‍ 2004 വരെ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ഒ രാജഗോപാല്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി സ്ഥാനം സ്ത്യുത്യര്‍ഹമാംവിധം വഹിച്ചിട്ടുണ്ട്. രണ്ടാം മോദി സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരന് 2018 മുതല്‍ 2024 വരെ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.
ഈഴവരുടെയും ക്രിസ്ത്യാനികളുടെയും പിന്തുണയില്ലാതെ ബി.ജെ.പിക്ക് കേരളത്തില്‍ സീറ്റുകള്‍ നേടുക അസാധ്യമാണ്. ആ വോട്ടുബാങ്ക് ഉറപ്പിക്കാനാണ് ബി.ജെ.പിയുടെ ആശീര്‍വാദത്തോടെ, വെള്ളാപ്പള്ളി നടേശന്റെ മകന് തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ഭാരത് ധര്‍മ്മ ജന സേന (ബി.ഡി.ജെ.എസ്) എന്ന രാഷ്ട്രീയ സംഘടന രൂപീകരിക്കപ്പെട്ടത്. ബി.ജെ.പി-ബി.ഡി.ജെ.എസ് കൂട്ടുകെട്ട് സി.പി.എമ്മിന്റെ പരമ്പരാഗത ഈഴവ വോട്ടുകളെ എന്‍.ഡി.എയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ വോട്ടര്‍മാരെ പാട്ടിലാക്കുന്നതിനായി അല്‍ഫോണ്‍സ് കണ്ണന്താനം, ജേക്കബ് തോമസ്, എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി തുടങ്ങിയ പ്രമുഖ ക്രിസ്ത്യന്‍ മുഖങ്ങളെ പാര്‍ട്ടി കൊണ്ടുവന്നു.
ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ ക്രിസ്ത്യന്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ച് പാര്‍ട്ടി 'സ്നേഹ യാത്ര' സംഘടിപ്പിക്കുകയും ചെയ്തു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലുടനീളം ബി.ജെ.പി വോട്ടുകളില്‍ അഭൂതപൂര്‍വമായ വര്‍ധനവ് രേഖപ്പെടുത്തി. തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളില്‍ 16,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമാണ് പാര്‍ട്ടി പരാജയപ്പെട്ടത്. പാര്‍ലമെന്റ് മണ്ഡലങ്ങളായ ആലപ്പുഴയിലും ആലത്തൂരിലും അവര്‍ ഒരു ലക്ഷം വോട്ട് വര്‍ധിപ്പിച്ചു. 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ഒന്നാമതും 8 മണ്ഡലങ്ങളില്‍ രണ്ടാമതുമെത്തി.
കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, ആറ്റിങ്ങല്‍, കാട്ടാക്കട, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി ഒന്നാമത്തെത്തിയത്. ഇതെല്ലാം എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതില്‍ മന്ത്രിമാരായ കെ രാജന്റെ ഒല്ലൂര്‍, വി ശിവന്‍കുട്ടിയുടെ നേമം, ആര് ബിന്ദുവിന്റെ ഇരിങ്ങാലക്കുടയും ഉള്‍പ്പെടുന്നുവെന്നത് ഇടതുപക്ഷത്തിനെ ഞെട്ടിക്കുന്നു. തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, വര്‍ക്കല, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ അവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, കായംകുളം, ഹരിപ്പാട്, ഇരിങ്ങാലക്കുട, തൃശൂര്‍, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഇടതു മുന്നണി മൂന്നാം സ്ഥാനത്തേയ്ക്ക് കൂപ്പുകുത്തി.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് എല്‍.ഡി.എഫും 41 സീറ്റ് യു.ഡി.എഫും നേടിയിരുന്നു. എന്‍.ഡി.എയ്ക്ക് ഒരു സീറ്റിലും ജയിക്കാനായിരുന്നില്ല. ഒന്നാമതെത്തുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന നേമത്തെ കൂടാതെ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍ഗോഡ് മണ്ഡലങ്ങളിലാണ് ബി.ജെ.പി 2021-ല്‍ രണ്ടാമതെത്തിയത്. പിണറായി വിജയന് മൂന്നാമൂഴത്തിനിറഞ്ഞുന്ന 2026-ലെ തിരഞ്ഞെടുപ്പില്‍ അവരുടെ സാധ്യതകള്‍ക്ക് മങ്ങലേറ്റിട്ടുണ്ട്. വിജയം സുനിശ്ചിതമാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. നേട്ടമുണ്ടാക്കുമെന്ന് എന്‍.ഡി.എയും...