
അദ്ധ്യായം-7
തികച്ചും സാധാരണമായ ഒരു പ്രസവം - ഓമനത്തുമുള്ള ഒരാണ്‍ കുട്ടി.
അസാധാരണമായി ഒന്നും സംഭവിച്ചില്ല.
കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോള്‍ അവള്‍ നടുങ്ങി.
പരിപൂര്‍ണ്ണനായ ഒരു മനുഷ്യശിശുവിന്റെ ജനനം ഉഷ പ്രതീക്ഷിച്ചിരുന്നതല്ല. മിക്കവാറും ഉദരത്തിനുള്ളില്‍ ഒരു മാംസപിണ്ഡമാവും വളര്‍ന്നു വരുന്നതെന്ന് അവള്‍ സന്ദേഹിച്ചിരുന്നു. ഒരു മനുഷ്യശിശു തന്റെ ഉദരത്തില്‍ വളരുവാന്‍ യാതൊരു ന്യായവും ഇല്ലതാനും. പക്ഷെ അവളുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചുകൊണ്ട് പൂര്‍ണ്ണ ആരോഗ്യവാനായ ഒരു ശിശു പിറന്നു വീണു.
ഉഷ തേങ്ങിക്കരഞ്ഞു. പ്രസവത്തോടെ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടാമെന്ന അവസാനത്തെ ആശയും നശിച്ചിരുന്നു. താന്‍ പുരുഷനെ അറിഞ്ഞിട്ടില്ല എന്ന സത്യം ഇനി ആരുമാരും അംഗീകരിക്കില്ല. ആ യാഥാര്‍ത്ഥ്യം പുറത്തു പറയാന്‍ പോലും തനിക്കിപ്പോള്‍ മടിയാണ്.
അവളുടെ സ്വപ്നങ്ങളിലെ രാജകുമാരന്‍ ഇന്നും അരവിന്ദാണ്. അവന്റെ തെറ്റിദ്ധാരണകള്‍ മാറുമെന്നും അയാള്‍ വീണ്ടും തന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുമെന്നും അവള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ കുട്ടിയുടെ ജനനത്തോടെ അതിനുള്ള സാദ്ധ്യതയും പൂര്‍ണ്ണമായും അവസാനിച്ചിരിക്കുന്നു. അരവിന്ദിനെ എന്നന്നേയ്ക്കുമായി തനിക്കു നഷ്ടപ്പെട്ടിരിക്കുന്നു.
കുഞ്ഞു കരയുന്നു.
നിഷ്‌ക്കളങ്കനായ പിഞ്ചു പൈതല്‍. തന്റെ ജനനത്തിനു പിന്നിലുള്ള അസാധാരണത്വത്തെക്കുറിച്ച് അതിന് യാതൊരറിവുമില്ല.
തന്റെ കുഞ്ഞ്.
ഉഷയ്ക്കു വിഷമം തോന്നി. അവള്‍ ചൊരിഞ്ഞു കിടന്നു കുട്ടിക്കു പാലു കൊടുത്തു. അതോടെ അതിന്റെ കരച്ചില്‍ ശമിച്ചു.
അമ്മ ശുശ്രൂഷിക്കുവാനായി അടുത്തുതന്നെയുണ്ട്. സുമതിയും ആ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുന്നതിനാല്‍ കൂടെക്കൂടെ വന്ന് സുഖവിവരങ്ങള്‍ അന്വേഷിക്കും.
നാട്ടില്‍ നിന്ന് അച്ഛനും അനുജത്തിയും വന്നിരുന്നു.
ഒന്നിനും ഒരു കുറവുമില്ല.
ഈ കുഞ്ഞിന് ഒരു അച്ഛന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍! അവള്‍ ഹൃദയപൂര്‍വം അഭിലഷിച്ചുപോയി.
ഭാവിയില്‍ ഈ കുട്ടി വളര്‍ന്നു വലുതാകും. അന്ന് അവന്‍ തന്നോടു തിരക്കും-
'മമ്മീ എന്റെ ഡാഡിയാരാണ്?'
അന്ന് തനിക്ക് എന്തു മറുപടിയാണ് പറയാനുണ്ടാവുക! ജാരസംസര്‍ഗ്ഗത്തിലൂടെ മാതാവായ ഒരു സ്ത്രീക്കാണെങ്കില്‍ പോലും തന്തയെന്ന പേരില്‍ ഒരാളെ ചൂണ്ടിക്കാട്ടാന്‍ കഴിയും. പക്ഷെ തനിക്കോ?
ഏതോ ഒരു മായാജാലകഥയിലെ നായികയാണു താന്‍. തന്റെ കുഞ്ഞിന്റെ ജന്മം എങ്ങനെ സംഭവിച്ചു എന്നറിഞ്ഞുകൂടാത്ത ലോകത്തിലെ ആദ്യത്തെ മാതാവാകും താന്‍. ആ അത്ഭുതം എന്നെങ്കിലും അനാവരണം ചെയ്യപ്പെടും എന്ന പ്രതീക്ഷയും ഇപ്പോഴില്ല.
എന്തായാലും ഇനി തന്റെ ജീവിതത്തിന്റെ ഒരു ലക്ഷ്യം ഉണ്ടായിരിക്കുന്നു. എങ്ങനെ ജനിച്ചവനായാലും താന്‍ ഇനി ഈ കുട്ടിയെ നന്നായി വളര്‍ത്തും. തന്റെ ഭാവിജീവിതം ഈ കുരുന്നിനുവേണ്ടി മാത്രമാവും.
ഉഷ ആദ്യമായി ആ കുഞ്ഞിനെ വാത്സല്യപൂര്‍വ്വം ചുംബിച്ചു.
പുഞ്ചിരിച്ചുകൊണ്ട് പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരു സ്ത്രീയും അവരുടെ ഭര്‍ത്താവും അവിടേയ്ക്കു കടന്നുവന്നു. അടുത്ത മുറികളിലേതിലോ പ്രസവത്തിനുവേണ്ടി അഡ്മിറ്റു ചെയ്തിട്ടുള്ള സ്ത്രീകളിലാരോ ആകുമെന്നാണ് ഉഷ ആദ്യം കരുതിയത്. അടുത്തെത്തിയപ്പോഴാണ് അവള്‍ക്ക് ആളെ മനസ്സിലായത് - ഷേര്‍ളിയും ഫിലിപ്പും.
'നിങ്ങള്‍ എങ്ങിനെയറിഞ്ഞു'
'കഴിഞ്ഞ ദിവസം ഫിലിപ്പ് അച്ഛനെ കണ്ടിരുന്നു. അപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത വിവരം അറിഞ്ഞു. പ്രസവിച്ച വിവരം ഇപ്പോള്‍ ഇവിടെവന്നു കണ്ടപ്പോഴാണ് അറിഞ്ഞത്. കുട്ടി ആണോ പെണ്ണോ?'
'ഉഷേ കുഞ്ഞ് അച്ഛനെപ്പോലെയോ അമ്മയെപ്പോലെയോ?' ഫിലിപ്പ് ഊറിച്ചിരിച്ചുകൊണ്ടു ചോദിച്ചു.
ഷേര്‍ളി പൊട്ടിച്ചിരിച്ചു.
ഉഷയ്ക്കു ചിരിവന്നില്ല.
'ഈ കുഞ്ഞിന്റെ അച്ഛനെ ഞാന്‍ കണ്ടിട്ടില്ല.'
'മാത്രവുമല്ല ഒരു വയസ്സെങ്കിലും ആകാതെ കുട്ടിയുടെ മുഖഛായ വ്യക്തമാകില്ല. അപ്പോഴെ ആരേപ്പോലിരിക്കുന്നുവെന്ന് പറയാനാവൂ. അന്ന് ഉഷ പറയാതെ തന്നെ ഇതിന്റെ അച്ഛനാരെന്ന് ഞാന്‍ കണ്ടുപിടിക്കും.' ഷേര്‍ളി പറഞ്ഞു.
ഉഷ ഒന്നും പറഞ്ഞില്ല. തന്റെ കുഞ്ഞിന്റെ അജ്ഞാതപിറവിയുടെ രഹസ്യത്തെക്കുറിച്ച് ആരുമായും ഇനി ഒരു വിവാദത്തിനില്ലെന്ന് അവള്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു.
'വിവരമറിഞ്ഞയുടന്‍ ഞങ്ങള്‍ ഇങ്ങോട്ടു പുറപ്പെടുകയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞാല്‍ എന്റെയും ഗതി ഇതു തന്നെയാവും.' ഷേര്‍ളി വിഷയം മാറ്റി.
'വിവരമറിയിക്കണം. ഞാനും ഒരു ദിവസം അതുവഴി വരാം.'
പിന്നീട് അവര്‍ കുറച്ചുനേരം കൂടി വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളുമൊക്കെ സംസാരിച്ചിരുന്നു. ഒടുവില്‍ യാത്ര പറഞ്ഞു പിരിഞ്ഞു.
പിന്നെയും ആരൊക്കെയോ വന്നു. പാരലല്‍ കോളേജിലെ സഹപ്രവര്‍ത്തകര്‍, ഹോസ്റ്റലിലെ സ്‌നേഹിതകള്‍ അങ്ങനെ പലരും.
മൂന്നു ദിവസം അവള്‍ ഹോസ്പിറ്റലില്‍ കിടന്നു. അതിനുശേഷം തന്റെ വാടകവീട്ടിലേയ്ക്കു മടങ്ങി.
രാപകല്‍ മകളെയും പേരക്കിടാവിനെയും ശുശ്രൂഷിച്ചുകൊണ്ട് വാസന്തിയമ്മയും കൂടെത്തന്നെ ഉണ്ടായിരുന്നു.
നാട്ടില്‍നിന്ന് ഇടയ്ക്കിടക്ക് ഭാസ്‌കരക്കുറുപ്പു വരും. അയാള്‍ വരുമ്പോള്‍ വീട്ടിലേക്കു ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കൊടുക്കും. അത്യാവശ്യങ്ങള്‍ക്ക് കുറെ പണവും നല്‍കും.
മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ഫിലിപ്പിന്റെ ഫോണ്‍ വന്നു - ഷേര്‍ളിയുടെ പ്രസവവിവരം അറിയിച്ചുകൊണ്ട്. അവള്‍ക്കും ആണ്‍കുട്ടി തന്നെ. ഉഷയ്ക്കു യാത്ര ചെയ്യാന്‍ പറ്റിയ സാഹചര്യമല്ലാത്തതിനാല്‍ കുഞ്ഞിനെ കാണാന്‍ തിടക്കപ്പെട്ടു വരേണ്ടതില്ലെന്നും അവന്‍ പറഞ്ഞു.
ഒന്നരമാസം കൂടി കഴിഞ്ഞപ്പോഴാണ് ഉഷ ഷേര്‍ളിയെ കാണാന്‍ പോയത്. കുഞ്ഞിനെ അമ്മയുടെ സംരക്ഷണത്തില്‍ ആക്കിയിട്ട് തീവണ്ടി മാര്‍ഗ്ഗം അവള്‍ അവിടേയ്ക്കു പുറപ്പെട്ടു.
'ഷേര്‍ളി കുഞ്ഞ് അച്ഛനെപ്പോലെയോ അമ്മയെപ്പോലെയോ.' ഉഷ ഒരു കള്ളച്ചിരിയോടെ അതാണ് ആദ്യം ചോദിച്ചത്.
'അത് ഇനിയും പറയാറായിട്ടില്ല പെണ്ണേ' ഷേര്‍ളി പറഞ്ഞു.
ഉഷ കൂട്ടുകാരിയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ വാങ്ങി കുറെനേരം ഓമനിച്ചു. മണിക്കുട്ടന്‍ കരഞ്ഞു തുടങ്ങിയപ്പോള്‍ അവള്‍ അവനെ തിരിച്ചുകൊടുത്തു. ഷേര്‍ളി പാലുകൊടുത്തതോടെ അവന്‍ കരച്ചിലടക്കി.
'എന്തൊക്കെയാണു വിശേഷമെന്നാല്‍ പറയൂ ഉഷേ. കുട്ടിയും പ്രാരാബ്ധവുമൊക്കെ ആയതിനാല്‍ ഇനി പഴയതുപോലെ യാത്രയൊന്നും ചെയ്യാനാവില്ല. ഒരു വര്‍ഷമെങ്കിലും കഴിയാതെ ഞാന്‍ ഇനി അങ്ങോട്ടില്ല. അപ്പോഴെ കുഞ്ഞിനെയും കൊണ്ട് ദീര്‍ഘദൂരം യാത്ര ചെയ്യാനാവൂ. എന്റെ മാത്രമല്ല നിന്റെയും സ്ഥിതി അതുതന്നെ.' ഷേര്‍ളി പറഞ്ഞു.
കാര്യമായ വിശേഷങ്ങള്‍ ഒന്നുംതന്നെ പറയാനില്ല. എങ്കിലും ഒട്ടേറെ നേരം അവര്‍ വെറുതെ വര്‍ത്തമാനം പറഞ്ഞിരുന്നു. പിരിയാന്‍ നേരം ഉഷ പറഞ്ഞു.
'നേരിട്ടു വന്നില്ലെങ്കിലും ഫോണ്‍ വിളിക്കാന്‍ മറക്കല്ലെ.'
വൈകുന്നേരം തന്നെ അവള്‍ തന്റെ വാടകവീട്ടില്‍ മടങ്ങിയെത്തി. കുഞ്ഞ് കരഞ്ഞു ബഹളമുണ്ടാക്കിയിരിക്കുമോ എന്ന സംശയമുണ്ടായിരുന്നു. ഏതായാലും ഉഷ ചെല്ലുമ്പോള്‍ കണ്ണന്‍ ശാന്തനായി ഉറങ്ങുകയായിരുന്നു. എങ്കിലും വാസന്തിയമ്മ നേരത്തെ അവനെക്കൊണ്ട് കുറെ ക്ലേശം സഹിച്ചിരുന്നു.
അവള്‍ ചെന്നയുടന്‍ അവനെ വാത്സല്യപൂര്‍വ്വം ചുംബിച്ചു.
അന്നു രാത്രിക്ക് വാസന്തിയമ്മ പറഞ്ഞു-
'അച്ഛന്‍ ഒരു വേലക്കാരിയെ നിനക്കു കൂട്ടായിട്ട് അന്വേഷിക്കുന്നുണ്ട്. അവള്‍ വന്നു കഴിഞ്ഞാല്‍ ഞാന്‍ നാട്ടിലേക്കു പോകും. എത്ര നാളായി അങ്ങോട്ടൊക്കെ ഒന്നു പോയിട്ട്.'
'ഇനി അമ്മയ്ക്കു വീട്ടില്‍ പോകണമെങ്കില്‍ പൊയ്‌ക്കൊള്ളൂ. തല്‍ക്കാലം എനിക്കു കൂട്ടിന് സുമതിയെക്കൂടി ഇവിടെ കൊണ്ടുവന്നു താമസിപ്പിക്കാം. ജോലിക്കു വീണ്ടും പോകാന്‍ തുടങ്ങുമ്പോഴേയ്ക്കും വേലക്കാരിയെ കിട്ടിയാലും മതിയാവും.'
പിറ്റേന്നു തന്നെ സുമതി ഹോസ്റ്റലിലെ താമസം അവസാനിപ്പിച്ച് അവളോടൊപ്പം ആ വാടകവീട്ടില്‍ താമസമാക്കി. അടുത്ത തവണ ഭാസ്‌കരക്കുറുപ്പു വന്നപ്പോള്‍ വാസന്തിയമ്മ അയാളോടൊപ്പം നാട്ടിലേയ്ക്കു മടങ്ങുകയും ചെയ്തു.
വീട്ടിലെ പാചകം സുമതിയും ഉഷയും കൂടി ചെയ്യുമായിരുന്നു. കുട്ടിയുടെ കാര്യങ്ങളിലും ഇരുവര്‍ക്കും ഒരുപോലെ ശ്രദ്ധയുണ്ടായിരുന്നു. ആയതിനാല്‍ അമ്മ നാട്ടിലേയ്ക്കു മടങ്ങിയതിനാല്‍ പ്രത്യേകിച്ചു വിഷമതകളൊന്നും അനുഭവപ്പെട്ടില്ല.
ദിനരാത്രങ്ങള്‍ സംഭവരഹിതമായി കടന്നു പോവുകയായിരുന്നു.
സുമതി ആശുപത്രിയിലേയ്ക്കു പോയിക്കഴിഞ്ഞാല്‍ ഉഷയും കണ്ണനും അവിടെ തനിച്ചാകും. കുറെനേരം അവള്‍ കുട്ടിയെ കളിപ്പിച്ചുകൊണ്ടു ചിലവഴിക്കും. അവന്‍ ഉറങ്ങിക്കഴിഞ്ഞാല്‍ അവള്‍ ഓരോന്ന് ആലോചിച്ചുകൊണ്ട് കസേരയില്‍ ചാരിക്കിടക്കും.
ചിലപ്പോള്‍ അവള്‍ അരവിന്ദിനെക്കുറിച്ചു ചിന്തിക്കും. തന്റെ കഴുത്തില്‍ താലികെട്ടിയ മനുഷ്യന്‍. തന്റെ ഭര്‍ത്താവ്. അദ്ദേഹം തന്നെ ഉപേക്ഷിച്ചുവെങ്കിലും നിയമപരമായി ഇന്നും തങ്ങളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടില്ല.
അരവിന്ദ് ഇപ്പോള്‍ എന്തെടുക്കുകയാവും? അദ്ദേഹം വല്ലപ്പോഴുമെങ്കിലും തന്നെക്കുറിച്ച് ഓര്‍മ്മിക്കുന്നുണ്ടാവുമോ?
അരവിന്ദ് -
അവളോടുള്ള സ്‌നേഹം കൊണ്ടായിരുന്നില്ലെങ്കിലും ഉഷയുടെ ചിത്രം പലപ്പോഴും അവന്റെ മനോമുകുരത്തില്‍ തെളിഞ്ഞുവരുമായിരുന്നു. തന്നോടു കൊടിയ വഞ്ചനകാട്ടിയ ഒരു പെണ്‍കുട്ടിയെന്ന നിലയ്ക്ക്!
എത്രയെത്ര പ്രതീക്ഷകളോടെയാണ് താന്‍ വിവാഹജീവിതത്തിലേയ്ക്കു പ്രവേശിച്ചത്. എന്തെന്തു കിനാവുകള്‍! എല്ലാം ഒരു നിമിഷംകൊണ്ടു തകര്‍ന്നു തരിപ്പണമായി.
അന്നു ഉഷയെ അവളുടെ വീട്ടില്‍ കൊണ്ടാക്കിയിട്ട് നേരെ ബാറിലേക്കാണു പോയത്. എല്ലാം മറക്കുവാന്‍ വേണ്ടി ഏറെ മദ്യപിച്ചു. രാത്രിയായപ്പോഴാണ് വീട്ടിലെത്തിയത്. അസമത്തുതന്നെ തനിച്ചു കണ്ടപ്പോള്‍ വീട്ടുകാര്‍ അമ്പരന്നു.
'അരവിന്ദ് നീ എന്താണ് ഈ സമയത്ത്? ഉഷ എവിടെ?'
'അവള്‍ ഗര്‍ഭിണിയാണ്. അവളെ ഞാന്‍ ഉപേക്ഷിച്ചു.'
അവരും ഇരുട്ടടിയേറ്റതുപോലെ നിശ്ചലരായി നിന്നുപോയി. കൂടുതല്‍ വിശദീകരണമൊന്നും ആവശ്യപ്പെട്ടില്ല.
തുടര്‍ന്നുള്ള ദിവസങ്ങളിലും പലരോടും ആ ചോദ്യത്തിന് മറുപടി പറയേണ്ടിവന്നു-
'അവള്‍ ഗര്‍ഭിണിയാണ്. അവളെ ഞാന്‍ ഉപേക്ഷിച്ചു.'
പലരും അതുകേട്ടപ്പോള്‍ ചിരിച്ചു. പരിഹാസച്ചിരി. അതു കാണുമ്പോള്‍ മനസ്സുപിടയും. ഹൃദയം ജ്വലിക്കും.
ജീവിതത്തില്‍ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ലാത്ത താന്‍ അനാവശ്യമായി ശിക്ഷിക്കപ്പെട്ടിരിക്കുന്നു. അതിനു കാരണക്കാരിയായ ആ യുവതിയും ഇന്നു തന്നെയോര്‍ത്തു പരിഹാസപൂര്‍വം ചിരിക്കുകയാവാം.
അരവിന്ദ് മദ്യഷാപ്പിലെ സ്ഥിരം സന്ദര്‍ശകനായി. കുറെ നേരത്തെയ്‌ക്കെങ്കിലും മനസ്സിനെ മഥിക്കുന്ന എല്ലാം മറക്കുവാന്‍ മദ്യം അവനെ സഹായിച്ചു.
ഉഷയെ മാത്രമല്ല, സ്ത്രീ വര്‍ഗ്ഗത്തെതന്നെ പൂര്‍ണ്ണമായും അവന്‍ വെറുത്തു. ഇനി ഒരു സ്ത്രീക്കും തന്റെ ജീവിതത്തില്‍ സ്ഥാനമുണ്ടായിരിക്കില്ല.
Read More: https://www.emalayalee.com/writer/304