
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ഉൾപ്പെടെ മൂന്നു പേർക്ക് പദ്മവിഭൂഷൺ പുരസ്കാരം. പദ്മവിഭൂഷൺ കിട്ടിയ അഞ്ച് പേരിൽ മൂന്നു പേരും മലയാളികളാണ്. പൊതുപ്രവർത്തനത്തിൽ മരണാനന്തര ബഹുമതിയായാണ് വി.എസ്. അച്യുതാനന്ദന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. സാഹിത്യ,വിദ്യാഭ്യാസ മേഖലയിൽ പി. നാരായണൻ, പൊതു പ്രവർത്തനത്തിൽ സുപ്രീം കോടതി റി്ട്ടയേർഡ് ജസ്റ്റിസ് കെ.ടി.തോമസ് എന്നിവരാണ് കേരളത്തിൽ നിന്ന് പദ്മവിഭൂഷൺ നേടിയ മറ്റു രണ്ട് പേർ. കലാരംഗത്തെ പ്രവർത്തനത്തിന് മഹാരാഷ്ട്രയിൽ നിന്നുള്ള ധർമേന്ദ്ര സിങ് ഡിയോളും( മരണാനന്തര പുരസ്കാരം) ഉത്തർപ്രദേശിൽ നിന്നുള്ള എൻ. രാജയുമാണ് പദ്മവിഭൂഷൺ നേടിയ മറ്റുള്ളവർ.
നടന് മമ്മൂട്ടിക്കും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പദ്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. അൽക യാജ്ഞിക്, ഷിബു സോറൻ (മരണാനന്തരം), വിജയ് അമൃത്രാജ് എന്നിങ്ങനെ 18 പേരാണ് പദ്മഭൂഷൺ നേടിയിരിക്കുന്നത്.
ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ. അൺസങ് ഹീറോസ് വിഭാഗത്തിൽ 45 പേർക്കാണ് ഇത്തവണത്തെ പത്മശ്രീ പുരസ്കാരം. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആർ. കൃഷ്ണനും മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു.
എ ഇ മുത്തുനായഗം ( ശാസ്ത്ര സാങ്കേതിക വിദ്യ) , കലാമണ്ഡലം വിമല മേനോൻ (കല), കെ. ദേവകിയമ്മ ജി (സാമൂഹ്യ പ്രവർത്തനം)ഹർമൻപ്രീത് കൗർ (കായികം) തുടങ്ങി 131 പേർക്കാണ് പദ്മശ്രീ പുരസ്കാരം.
77-ാം റിപ്പബ്ലിക് ദിനത്തിന്റെ മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.