
ഇ-മലയാളിയില്‍ 'ലോക കേരളസഭ-2026' എന്ന പുതിയൊരു പംക്തി തുടങ്ങിയതു വായനക്കാര്‍ ശ്രദ്ധിച്ചു കാണുമെന്നു കരുതുന്നു.
വളരെ വിജ്ഞാനപ്രദവും, രസകരവുമായ ഒരു പംക്തിയാണിത്. അമേരിക്കന്‍ മലയാളികളുടെ വഴികാട്ടികളായി, അവരെ നേരായ മാര്‍ഗ്ഗത്തില്‍ക്കൂടെ നയിച്ച്, അവരെ ഉന്നതങ്ങളിലെത്തിക്കുന്ന നമ്മുടെ സമുന്നതരായ നേതാക്കന്മാരുടെ, ' ബയോ-ഡേറ്റ' ഫോട്ടോ സഹിതം ഒന്നിനു പിറകെ ഒന്നായി പ്രസിദ്ധീകരിക്കുന്ന ഒരു പരിപാടിയാണിത്.
നേരത്തെ പങ്കെടുത്തവരെത്തന്നെയാണ് വീണ്ടും വീണ്ടും ക്ഷണിക്കുന്നത്. അതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടുന്നില്ല. ഒരു പക്ഷേ മുമ്പു നടന്ന സമ്മേളനങ്ങളില്‍ ഇവര്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ചതു കൊണ്ടായിരിക്കാം.
ഇവരെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്തൊക്കെയാണെന്ന് ഒരു പിടിയുമില്ല. കേരളാ അസംബ്ലി മന്ദിരത്തിനു സമീപമുള്ള നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ജനുവരി 29 മുതല്‍ ഈ സമ്മേളനം നടക്കുന്നത്.
പങ്കെടുക്കുന്ന ഡെലിഗേറ്റ്‌സുകള്‍ക്ക് വി.വി.ഐ.പി. പരിഗണനയാണ് നല്‍കുന്നത്. യാത്ര സൗകര്യം ബിസിനസ് ക്ലാസ്സിലാണ്. ഫൈവ് സ്റ്റാറിലോ, അതിനു മുകളിലോ നക്ഷത്രങ്ങള്‍ അലങ്കരിക്കപ്പെട്ട മുന്തിയ ഹോട്ടലുകളില്‍, സുഖ ചികിത്സ ഉള്‍പ്പെടെയുള്ള സുഖസൗകര്യങ്ങളോടെയാണ് താമസം. താമസ സ്ഥലത്തു നിന്നും സമ്മേളന സ്ഥലത്തേക്ക് ലക്ഷറി കാറുകളില്‍ പോലിസ് അകമ്പടിയോടു കൂടിയുള്ള പോക്കുവരവ്.
ഭക്ഷണ-പാനീയങ്ങളുടെ കാര്യം കേട്ടാല്‍ കണ്ണു തള്ളും. കൊതിയൂറും വിഭവങ്ങള്‍ ഇരുപത്തിനാലു മണിക്കൂറും-കരിമീനൊക്കെ ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനാണ്. 'വരാല്‍ കറി' യാണു മെനുവിലെ താരം.
പുതുതായി ചെറിയൊരു നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം കഴിച്ചതിനുശേഷം, പാത്രങ്ങള്‍ സ്വയം കഴുകി വൃത്തിയാക്കണം. മന്ത്രിമാരുടെ എച്ചില്‍ പാത്രങ്ങള്‍ കഴുകുന്നവര്‍ വീഡിയോ എടുത്ത് 'ഫേസ്ബുക്കില്‍' പോസ്റ്റ് ചെയ്താല്‍ ഭയങ്കര റീച്ചായിരിക്കും ലഭിക്കുന്നത്.
ഏറ്റവും കൂടുതല്‍ മന്ത്രിമാരുടെ എച്ചില്‍ എടുക്കുന്നവരെ സമാപന സമ്മേളനത്തില്‍ ആദരിക്കും.
അടുത്ത കേരള ലോകസഭയിലേക്കും അവര്‍ക്കു ക്ഷണം ഉറപ്പ്.
അമേരിക്കയില്‍ നിന്നും പങ്കെടുക്കുന്ന പൗരപ്രമുഖര്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണം. ത്രീ പീസ് സ്യൂട്ട് മസ്റ്റാണ്. പിന്നെ കിട്ടുന്ന അവസരങ്ങളിലൊക്കെ ഇംഗ്ലീഷില്‍ വേണം പേശാന്‍. ദയവു ചെയ്ത് സ്റ്റേജിന്റെ പരിസരത്തെങ്ങും ചെല്ലരുത്. അതു മന്ത്രി പുംഗവന്മാര്‍ക്കും, വ്യവസായ പ്രമുഖര്‍ക്കുമുള്ളതാണ്. വെറുതേ കടക്കു 'പുറത്ത്' എന്നു പറയിച്ച് ഞങ്ങളെ നാണം കെടുത്തരുത്.
പഴയ ഓര്‍മ്മ പുതുക്കാനായി ബസ്സില്‍ കയറി സ്ത്രീകളെയൊന്നും തോണ്ടരുത്. പീഢനമാണ് കേസ്. ജാമ്യമില്ലാ വകുപ്പാണ്. പേടിക്കണ്ടാ. കേരളാ അസംബ്ലിയില്‍ പീഢന വീരന്മാരായ മന്ത്രിമാരും എം.എല്‍.എ.മാരും ഉണ്ട്. ഉന്നതങ്ങളില്‍ പിടിയുണ്ടെങ്കില്‍ ഊരിപ്പോരും.
ഇനി ജയിലാണെങ്കിലും കുഴപ്പമില്ല. ഗോതമ്പുണ്ടയൊക്കെ പണ്ടേ നിറുത്തി. മട്ടനും, ചിക്കനും, വരാലു കറിയുമാണ് ഡെയ്‌ലി. ചുമ്മാതെ ചൊറിയും കുത്തിയിരുന്നാല്‍ മതി. മാസം തോറും നല്ലൊരു തുക ശമ്പളമായി കിട്ടും. ആരു കണ്ടു പിടിച്ചതാണെങ്കിലും ഇതു കാഞ്ഞ ബുദ്ധിയാണ്. ചെറുപ്പക്കാര്‍ ഇനി തൊഴില്‍ തേടി അലയേണ്ടാ-തരക്കേടില്ലാത്ത ഒരു ക്രിമിനല്‍ കുറ്റം ചെയ്താല്‍ മതി. മാസം തോറും ശമ്പളം നമ്മുടെ അക്കൗണ്ടില്‍.
പറ്റുമെങ്കില്‍ സ്വര്‍ണ്ണപ്പാളിയുടെ ഒരു കഷ്ണം. കടത്തിക്കൊണ്ടു പോരണം. നമ്മുടെ നാഷ്ണല്‍ കണ്‍വന്‍ഷനുകള്‍ക്ക് ഇതൊരു അഡീഷ്ണല്‍ അറ്ററാക്ഷന്‍ ആകും. കഴിഞ്ഞ നാലു സമ്മേളനങ്ങള്‍ കൊണ്ട് അമേരിക്കന്‍ മലയാളികളുടെ 'നീറുന്ന' പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ട നിങ്ങള്‍ക്ക് ഒരു ബിഗ് സല്യൂട്ട്.
ഇനിയും നീറ്റലു മറാത്തവര്‍ 'കാളന്‍ നെല്ലായി' യെ സമീപിക്കു. അല്ലെങ്കില്‍ നമ്മുടെ നേതാക്കന്മാര്‍ പോയിവരുമ്പോള്‍ അവരുടെ അസ്ഥാനത്തു കിളിക്കുന്ന ആല്‍മരത്തണലിലിരുന്നു കാറ്റു കൊളളാം.
നേതാക്കന്മാര്‍ക്ക് ഭാവുങ്ങള്‍ നേരുന്നു!