Image

വി കെ എന്നിന്റെ ഓർമ്മദിനം (ജനുവരി 25) ; പിതാമഹനും തിക്കുറിശ്ശിയും തമ്മിലുള്ള അപൂർവ കൂടിക്കാഴ്ചക്ക് സാക്ഷ്യം വഹിച്ചതിന്റെ ഓർമ്മകൾ (രവിമേനോൻ)

Published on 25 January, 2026
വി കെ എന്നിന്റെ  ഓർമ്മദിനം (ജനുവരി 25) ; പിതാമഹനും തിക്കുറിശ്ശിയും തമ്മിലുള്ള അപൂർവ കൂടിക്കാഴ്ചക്ക് സാക്ഷ്യം വഹിച്ചതിന്റെ ഓർമ്മകൾ (രവിമേനോൻ)

സകലകലാ വല്ലഭന്മാരാണ് മുന്നിൽ; സിനിമയിലും സാഹിത്യത്തിലും പയറ്റിത്തെളിഞ്ഞവർ. ശൈലീപുംഗവന്മാർ. അക്ഷരങ്ങളെ കയ്യിലെടുത്ത് അമ്മാനമാടിയവർ. തിക്കുറിശ്ശി സുകുമാരൻ നായർ, വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ.   

"ആ കയ്യിങ്ങട്ട് തരിൻ  സുകുമാരൻ നായരേ. ഒന്ന് ഉമ്മവെക്കാനാണ്..''-- മുന്നിലെ പ്ളേറ്റിലെ പിടയ്ക്കുന്ന ``വറവൽ അജ''ത്തെ, കത്തിമുള്ളാദികൾ മാറ്റിവെച്ച്  നഗ്നകരങ്ങളാൽ ആക്രമിക്കുന്നതിനിടെ തലയുയർത്തി വി കെ എൻ പറയുന്നു. മേശയുടെ ഇങ്ങേപ്പുറത്ത്, തൂശനിലയിലെ തുമ്പപ്പൂച്ചോറിലും  ആശിച്ച കറികളിലും മുക്തകണ്ഠം മുഴുകിയിരുന്ന  തിക്കുറിശ്ശി ഒന്ന് ഞെട്ടിയോ എന്ന് സംശയം. ``ചുമ്മാ പരിഹസിക്കല്ലേ. മഹാസാഹിത്യകാരനായ നിങ്ങളെവിടെ, വെറും സിനിമാക്കാരനായ നമ്മളെവിടെ? നിങ്ങടെ കൈയിൽ  ഞാനാണ് ഉമ്മവെക്കേണ്ടത്.''-- തിക്കുവിന്റെ മറുപടി.

പ്ളേറ്റിലെ പാവം ആട്ടിൻകുട്ടിയെ ഇത്തിരി നേരം ജാമ്യത്തിൽ വിട്ട് തലയുയർത്തി നോക്കി വി കെ എൻ. എന്നിട്ട് മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർ സ്റ്റാറിനോടും  ഞങ്ങളോടുമായി ഗൗരവത്തിൽ പറഞ്ഞു: ``ന്നാ കേട്ടോളീം ങ്ങള്. ഇദ്ദേഹം  വലിയ നടനോ കവിയോ കളക്റ്ററോ മൈസ്രേട്ടോ എന്നതൊന്നും എനിക്ക് വിഷയല്ല. അതൊക്കെയാകാൻ   ഏത്  ഏഴാംകൂലിക്കും പറ്റും. പക്ഷേ ബി എസ് സരോജയെയും മിസ് കുമാരിയെയും പോലുള്ള ശാലീന സുന്ദരിമാരെ തഴുകാനും തലോടാനും കവിളിൽ നുള്ളാനും കെട്ടിപ്പുണരാനും ഒരു തിക്കുറിശ്ശിയേ ഉണ്ടായിരുന്നുള്ളു. ആ തിക്കുറിശ്ശിയുടെ കൈകളാണ് എനിക്ക് വേണ്ടത്.'' ഒരു നിമിഷം നിർത്തി, കുലുങ്ങിചിരിച്ചു കൊണ്ട് കൂട്ടാല നായർ കൂട്ടിച്ചേർക്കുന്നു: ``അന്നൊക്കെ സിനിമ കാണുമ്പോ ഞാൻ വിചാരിക്കും; എന്ത് ധൈര്യത്തിലാ ഈ അബലകളായ തരുണീമണികളൊക്കെ  സഹായത്തിനായി ഇയാളുടെ പിന്നാലെ  പായണതെന്ന്.  വറചട്ടിയിൽ നിന്ന് എരിതീയിലേക്കല്ലേ ആ പോക്ക്....''

ഇത്തവണ കണ്ണു നിറയുവോളം കുലുങ്ങിച്ചിരിച്ചത് തിക്കുറിശ്ശി. ``ഒരു സ്ത്രീയും എന്നെ കുറ്റം പറയില്ല. സ്ത്രീ എന്നൊരു നാടകം തന്നെ എഴുതി അവതരിപ്പിച്ചയാളാ ഞാൻ. പിന്നെ, കെട്ടിപ്പിടിത്തം. അതൊക്കെ ക്യാമറാ ട്രിക്കല്ലേ സുഹൃത്തേ. നിങ്ങളതൊക്കെ വിശ്വസിച്ചോ? നമ്മള്  ഹീറോ ആയിരുന്ന കാലത്ത്  കടുകട്ടി  നിബന്ധനകളും നിയന്ത്രങ്ങളുമാണ് സിനിമയിൽ. സ്‌ക്രീനിൽ കാണുമ്പോൾ നിങ്ങൾക്ക് തോന്നും ഞങ്ങൾ കാമുകീ കാമുകന്മാർ ആണെന്ന്. സത്യത്തിൽ സഹോദരീ സഹോദരന്മാരാണ്. ലൈറ്റ് ഓണായാൽ പിന്നെ ഹീറോയിന്റെ ശരീരത്തിൽ തൊട്ടുകൂട. അതിൽ കുറഞ്ഞ പ്രേമമൊക്കെ മതിയെന്ന് പറയും ഡയറക്റ്റർ. എങ്ങാനും തൊട്ടുപോയാൽ കട്ട് എന്നൊരു നിലവിളി കേൾക്കാം. അതോടെ ഉള്ള പ്രേമവും ഒലിച്ചുപോകും...'' 

ഗ്ലാസിലെ വെള്ളം ഒരിറക്ക് കുടിച്ച ശേഷം ദീർഘനിശ്വാസത്തോടെ മലയാള സിനിമയിലെ പ്രഥമകാമുകൻ പറഞ്ഞു: ``അതൊക്കെ ഓർക്കുമ്പോ നമ്മുടെ മോഹൻലാലിനോട്  എനിക്ക് അസൂയയാണ്. വല്ല കട്ടും കൺട്രോളും ഉണ്ടോ ഇന്നത്തെ കാലത്ത് ?  പിടിച്ച് ഉമ്മവെച്ചാ പോലും ആരും ചോദിക്കില്ല. ഞാൻ ഇന്നലെയും ലാലുവിനോട് പറഞ്ഞു, നിന്റെ ചെറുപ്പം കൊറച്ച് ഇങ്ങോട്ട് താ മോനേ എന്ന്...''   

ഓർമ്മയിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകാൻ കൂട്ടാക്കാത്ത  അമൂല്യ നിമിഷങ്ങൾ. സിനിമയുടെ തെക്കൻ നായരേയും അക്ഷരങ്ങളുടെ വടക്കൻ നായരേയും (വി കെ എന്നിന്റെ ഭാഷ കടമെടുത്താൽ ബെടക്കൻ നായർ) കൂട്ടിമുട്ടിക്കാൻ എന്നെങ്കിലും ഒരവസരം ഒത്തുകിട്ടുമെന്ന് സ്വപ്നേപി വിചാരിച്ചതല്ല. പക്ഷേ വിധി രണ്ടു ജീനിയസ്സുകളെയും ഒരുമിപ്പിച്ചു; ഒരു മേശക്ക് ഇരുപുറവും മുഖാമുഖമായി ഇരുത്തി. അപൂർവ സുന്ദരമായ ആ പ്രതിഭാ സംഗമത്തിന്  സാക്ഷികളാകാൻ രണ്ടു ``കീറക്കടലാസുകാ''രെ നിയോഗിക്കുകയും ചെയ്തു. ഒരാൾ ഇതെഴുതുന്നയാൾ, പിന്നെ എ സജീവനും. വൈകുന്നേരങ്ങളിൽ ടെലിവിഷൻ ചാനലുകളിലെ സൂപ്പർ പ്രൈം ടൈം ചർച്ചകളിൽ  വന്നിരുന്ന് ഘോരഘോരം പ്രസംഗിക്കുന്ന അതേ സജീവൻ തന്നെ. ഇന്നദ്ദേഹം പത്രാധിപൻ; താടിക്കാരൻ. അന്ന് ഞങ്ങളിരുവരും കിടാങ്ങൾ. പത്രപ്രവർത്തനത്തിന്റെ ആദ്യ പടവുകൾ മാത്രം പിന്നിട്ടിരുന്ന  അനാഗത ശ്‌മശ്രുക്കൾ.

ശമ്പളം തരുന്ന പത്രത്തിന്റെ സിനിമാ വാരികക്ക് വേണ്ടി തിക്കുറിശ്ശിയുമായി ഒരു അഭിമുഖം തരപ്പെടുത്താൻ കോഴിക്കോട്ടെ മഹാറാണി ഹോട്ടലിൽ ചെന്നതായിരുന്നു ഞങ്ങൾ.  ഏതോ മോഹൻലാൽ സിനിമയിൽ മുത്തച്ഛൻ വേഷം അഭിനയിക്കാൻ വന്നിരിക്കയാണ് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഓൾറൗണ്ടർ. (മോഹൻലാലിനും മമ്മുട്ടിക്കും ഒക്കെ സിനിമയിൽ അന്തസ്സുള്ള നല്ല തന്തമാരെ വേണ്ടേ? അവർ തന്നെ ആവശ്യപ്പെട്ടിട്ടാണ് ഈ പ്രായത്തിലും താൻ അഭിനയിക്കാൻ ചെല്ലുന്നതെന്ന് തിക്കുറിശ്ശി) അന്ന് സിനിമാക്കാരുടെ ഭാഗ്യ ഹോട്ടലാണ് മഹാറാണി. ഏത് സൂപ്പർ താരവും  കോഴിക്കോട്ട് വന്നാൽ മഹാറാണിയിലേ  താമസിക്കൂ. അവിടെ  ചെന്ന് തിക്കുറിശ്ശിയെ കണ്ടു സംസാരിച്ചു തിരികെ വരുമ്പോഴാണ് വാതിൽ പാതി ചാരിയിരുന്ന അടുത്ത മുറിയിലേക്ക് അറിയാതെ കണ്ണുകൾ നീണ്ടു  ചെന്നത്. അർദ്ധനഗ്നനായി, വയറുമുഴിഞ്ഞ്   അതാ ഇരിക്കുന്നു തിരുവില്വാമലക്കാരൻ സാക്ഷാൽ നാണ്വാര്. ഈശ്വരാ, തിക്കുറിശ്ശിയും വി കെ എന്നും അടുത്തടുത്ത മുറികളിൽ. ഹാസ്യവും ശ്രംഗാരവും  മേമ്പൊടിക്ക് ഇത്തിരി അശ്ലീലവും -- തൊട്ടാൽ തീപ്പൊരി പറക്കുന്ന കോംബിനേഷൻ. പെട്ടെന്ന് ഒരാശയം തോന്നി.  ഈ ഭീകരന്മാരെ  ഒന്ന് ഒരുമിപ്പിച്ചാലോ?  തിക്കുറിശ്ശി ഉള്ളതുകൊണ്ട് സിനിമാ വാരികയ്ക്കും വി കെ എൻ ഉള്ളതുകൊണ്ട് സാഹിത്യ വാരികക്കും ഒട്ടും മുഷിയില്ല. ``ആശയം ഉഗ്രൻ.''-- സജീവൻ പറഞ്ഞു. ``ലെജൻഡുകളല്ലേ? എഴുതാൻ വേണ്ടിയായാലും അല്ലെങ്കിലും ഇവരെ ഒരുമിച്ചിരുത്തിയാൽ വെടിക്കെട്ട് ഉറപ്പ്. ഒന്നുമില്ലെങ്കിൽ നമുക്ക് അതാസ്വദിക്കുകയെങ്കിലും ചെയ്യാലോ. എഴുത്ത് പിന്നെയല്ലേ?''  ഉള്ളിന്റെയുള്ളിലൊരു ലഡു പൊട്ടി അപ്പോൾ.

അങ്ങനെയാണ് ആ മഹാസംഗമം യാഥാർഥ്യമാകുന്നത്. ഒരു സ്വാർത്ഥ താൽപ്പര്യം കൂടി ഉണ്ടായിരുന്നു ഞങ്ങൾക്ക്. പയ്യനവർകൾ   ഭക്ഷണം കഴിക്കുന്നത് നേരിൽ കാണുക. ഭക്ഷണാക്രാന്തനായ പയ്യന്റെ തീറ്റ വർണ്ണന എന്നേ  കാണാപ്പാഠമാണ് മലയാളിക്ക്: ``ആദ്യമായി വറവൽ അജത്തെ ആക്രമിച്ചു. രണ്ടു കയ്യിന്റെ വിരലുകളും പ്രയോഗിച്ച് പരേതന്റെ അംശങ്ങളെ ശബ്ദമുണ്ടാക്കാതെ കാർന്നുതിന്നു. എല്ലുകൾ തുവർത്തി തൂവെള്ളയാക്കി ചേലോടെ പ്ളേറ്റിന്റെ ഒരു വശത്ത് അടുക്കിവെച്ചു. തവണകളായി പാകത്തിന് ശുദ്ധജലം കുടിച്ചു. അജം തീർന്നപ്പോൾ കാശ്മീരി കുക്കുടത്തിന്റെയും തന്തൂരി റൊട്ടിയുടെയും പ്ളേറ്റുകൾ അടുത്തേക്ക് നീക്കിവെച്ചു റൊട്ടി ചെറുതായി കീറി അവനെ കുക്കുടത്തിന്റെ പ്ളേറ്റിൽ വക്കു തുടച്ച് മുക്കിയെടുത്തു. കൊശുവോടെ തിന്നു. രണ്ടു വട്ടം റൊട്ടി, കുക്കുടം, ഒരു വട്ടം സലാഡ്..ഇതായിരുന്നു പിടി. ഒരു തുള്ളി പുറത്തു ചിന്നുകയോ തെറിക്കുകയോ ചെയ്തില്ല.'' വായിൽ കൊതിയുടെ കപ്പലോട്ടിക്കാൻ പോന്ന ഈ സ്വയമ്പൻ തിരക്കഥയുടെ  ദൃശ്യാവിഷ്‌കാരം എങ്ങനെയിരിക്കും എന്നറിയാനുള്ള കൗതുകം കൊണ്ടുകൂടിയാണ് വി കെ എന്നിന്  വേണ്ടി അജ--കുക്കുടാദി വറവൽ സാമഗ്രികൾ മഹാറാണിയിലെ ഭക്ഷണശാലയിൽ  നിന്ന് ഓർഡർ ചെയ്തു വരുത്തിയത്. മുന്നിൽ നിരന്നിരിക്കുന്ന നാൽക്കാലികളുടെയും ഇരുകാലികളുടെയും മുന്നിൽ (തേഞ്ഞുപോയ  ഒരു ക്ളീഷേ കടമെടുത്താൽ) ``നിർന്നിമേഷനായിരുന്നു'' വി കെ എൻ.

പക്ഷേ, തിക്കുറിശ്ശി  ആവശ്യപ്പെട്ടത്  സസ്യാഹാരം. ചോറും സാമ്പാറും തൈരും തൊട്ടു കൂട്ടാൻ ഇത്തിരി കടുമാങ്ങയും മാത്രം.  ``നിങ്ങൾ മാംസദാഹി ആണെന്നാണ് ഞാൻ കരുതിയത്.''-- വി കെ എൻ. മകളുടെ അകാലമരണത്തിന് ശേഷം, കാവിയുടുത്തതുൾപ്പെടെ  സ്വന്തം ജീവിതചര്യയിൽ വന്ന മാറ്റങ്ങളെ കുറിച്ച് തിക്കുറിശ്ശി വികാരഭരിതമായി സംസാരിച്ചു കേട്ടത് അപ്പോഴാണ്; ഒരു വേള ആ കണ്ണുകൾ നിറഞ്ഞതും. പക്ഷേ അധികം വൈകാതെ വീണ്ടും പഴയ  തിക്കുറിശ്ശിയായി മാറി അദ്ദേഹം. ``അറിയുമോ? മലയാള സിനിമയിലെ ആദ്യത്തെ അശ്‌ളീല രംഗം അഭിനയിച്ചത് ഞാനാണ്.  മറന്നുപോയിരുന്ന  ആ കാര്യം ഓർമ്മിപ്പിച്ചത് ഈ അനിയനാണ്.''-- അടുത്തിരുന്ന എന്നെ ചൂണ്ടി തിക്കുറിശ്ശി പറഞ്ഞു. അങ്ങനെയെങ്കിൽ അത് ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട  വസ്തുതയാണല്ലോ  എന്ന് വി കെ എൻ.

ഓർമ്മയിൽ നിന്ന് ആ രസികൻ കഥ വിവരിക്കുന്നു തിക്കുറിശ്ശി. ``നവലോകം സിനിമയിൽ ഞാനും മിസ്‌ കുമാരിയും ചേർന്നുള്ള പ്രണയരംഗമാണ്. 1951  ലോ മറ്റോ. അന്ന് നായികയെ സ്പർശിക്കുന്നതിനു പോലും അനുമതിയില്ല നായകന്. എങ്ങാനും തൊട്ടു പോയാൽ പുകിലാണ്. എങ്കിലും ചിലപ്പോഴൊക്കെ വികാരപാരവശ്യത്താൽ നായികയെ ഉമ്മ വെക്കാൻ തോന്നിയെന്നിരിക്കും. അത്തരമൊരു സന്ദർഭം ഉണ്ടായത് മാഞ്ഞിടാതെ മധുരനിലാവേ എന്ന യുഗ്മഗാനത്തിന്റെ ചിത്രീകരണത്തിനിടയിലാണ്. പാട്ട് പാടിക്കഴിഞ്ഞ് ഞാനും കുമാരിയും ഒരു കുറ്റിക്കാടിനുള്ളിൽ മറയണം. പിന്നീട് ജനം കാണുക കാട് കുലുങ്ങുന്നതാണ്. ഞങ്ങൾ തമ്മിൽ എന്തോ അവിഹിതം നടക്കുന്നു എന്ന്  അവർ  വിശ്വസിച്ചു കൊള്ളണം. കുറ്റിക്കാട്ടിൽ ഉറുമ്പിന്റെ കടിയും കൊണ്ട് ഒരുമിച്ചിരുന്നപ്പോൾ എനിക്കൊരു കുസൃതി തോന്നി. കുമാരിയെ  മുറുക്കെ പുണർന്നു ഒരുമ്മ കൊടുത്തു ഞാൻ. അവരതു പ്രതീക്ഷിച്ചിരുന്നില്ല. ജനമൊട്ടു കണ്ടതുമില്ല.  മലയാള സിനിമയിലെ ആദ്യത്തെ ഉമ്മ അതായിരിക്കണം; എനിക്കും കുമാരിക്കും ഇപ്പോൾ നിങ്ങൾക്കും മാത്രമേ ആ രഹസ്യം അറിയാവൂ എന്ന് മാത്രം.''  -- കടിച്ചു പിടിച്ച ചിക്കൻ കഷ്ണം വലിച്ചു പുറത്തെടുത്ത് വാപൊളിച്ചിരിക്കുന്നു വി കെ എൻ. ഒപ്പം ചിരിയടക്കി ഞങ്ങളും. സത്യമോ നുണയോ? ആരുകണ്ടു? പക്ഷേ കേൾക്കാൻ രസമുണ്ട്.

രസച്ചരട്  മുറിയാതെ തന്നെ ഇടയ്ക്കൊരു ഗൗരവമാർന്ന സംശയം ഉന്നയിക്കുന്നു സജീവൻ: ``പയ്യൻ കഥകൾ വായിക്കുമ്പോൾ അത്ഭുതം തോന്നും. ഇങ്ങനെ ഒരു കഥാപാത്രം ജീവിച്ചിരിപ്പുണ്ടോ എന്ന്. ചിലരൊക്കെ പറയുന്നു യഥാർത്ഥ പയ്യൻ വി കെ എൻ തന്നെ ആണെന്ന്. ചിലരുടെ അഭിപ്രായം കെ പി ഉണ്ണികൃഷ്ണനെ മനസ്സിൽ കണ്ട് എഴുതിയതാണെന്ന്. സത്യത്തിൽ ആരാണ് ഈ പയ്യൻ?''

ഇത്തവണ വി കെ എൻ  നിശബ്ദനായി; വായിൽ നിക്ഷേപിക്കാൻ ഒരുങ്ങിയ ചപ്പാത്തിക്കഷ്ണം തിരികെ പ്ളേറ്റിൽ വെച്ച് ചിന്താമഗ്നനായി. എന്തായിരിക്കാം സർ ചാത്തു വെളിപ്പെടുത്താൻ  പോകുന്ന ആ സസ്പെൻസ്?  കാതുകൾ കൂർപ്പിച്ചു (വി കെ എൻ  ശൈലിയിൽ പിശാംകത്തി കൊണ്ട്) മൂർച്ച വരുത്തി കാത്തിരിക്കുകയാണ് ഞങ്ങൾ. എഴുതാൻ പോകുന്ന സ്റ്റോറിക്ക്  ഒരു കിടിലൻ തലക്കെട്ടുമാകുമല്ലോ ആ വെളിച്ചപ്പെടൽ? ``ഇതുവരെ ഞാനത് ആരോടും പറഞ്ഞിട്ടില്ല. എന്നാൽ ഇപ്പോഴിതാ ആ മില്യൺ ഡോളർ സത്യം വെളിപ്പെടുത്താൻ പോകയാണ്.'' മിഴിച്ചിരിക്കുന്ന ഞങ്ങളെ നോക്കി കണ്ണിറുക്കി ഗൗരവത്തിൽ വി കെ എൻ പറഞ്ഞു: ``നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഈ ഇരിക്കുന്ന തിക്കുറിശ്ശി സുകുമാരൻ നായരാണ് എന്റെ പൂംപയ്യൻ.   നിത്യകാമുകൻ, നിമിഷകവി, ജാരഗോപാലൻ, ജരാനര ബാധിക്കാത്തവൻ, മധ്യവയസ്കകളുടെ ഉറ്റ തോഴൻ, അപാര ബുദ്ധിജീവി,  സ്കോച്ച് മുതൽ നാടൻ റാക്ക് വരെ  കുടിച്ചുവറ്റിക്കുന്ന മധുപാന ചക്രവർത്തി, പാരഡിപ്പാട്ടു വിദഗ്ദൻ, കഥാകൃത്ത്, പത്രലേഖകൻ, നടൻ, സംവിധായകൻ, പാട്ടെഴുത്തുകാരൻ... എന്റെ പയ്യനിൽ ഉള്ള എല്ലാ സ്വഭാവ വിശേഷങ്ങളും ഉള്ള ഒരാളെ ആദ്യമായി കണ്ടുമുട്ടുകയാണ് ഞാൻ. ശരിക്ക് പറഞ്ഞാൽ  എന്റെ  ആ പാവം പയ്യൻ, ഈ ഭൂലോക പയ്യനോളം കേമനാണോ എന്നാ ഇപ്പൊ ന്റെ ശങ്ക.'' -- മറ്റൊരു ചിരിമേളത്തിന് തിരി കൊളുത്തി ആ പ്രസ്താവന.

സിനിമയും സാഹിത്യവും കടന്ന് സംഭാഷണം സംഗീതത്തിലെത്തിയപ്പോൾ ചർച്ച പൂർവാധികം  ഉഷാർ. പാട്ടിലെ ശ്രുംഗാരത്തിൽ വയലാറിനേയും കടത്തിവെട്ടും  തിക്കുറിശ്ശി എന്ന് വി കെ എൻ. ``നിങ്ങളെഴുതിയ  ഒരു പാട്ടില്ലേ? പറയൂലാ ഞാൻ പറയൂല... അത് എപ്പോൾ കേൾക്കുമ്പോഴും ഞാൻ  വിചാരിക്കും, എന്താണ് ഈ സ്ത്രീക്ക് പറയാൻ ഇത്ര മടിയുള്ള കാര്യം എന്ന്. ചെയ്യാം ന്നു വെച്ചാൽ പിന്നെ ധൈര്യായിട്ട് പറഞ്ഞൂടെ?'' ഒന്ന് നിർത്തി ഞങ്ങളുടെ നേരെ നോക്കി ചിരിയുടെ പിതാമഹൻ പറഞ്ഞു: ``എന്റെ അഭിപ്രായത്തിൽ മലയാളത്തിൽ ഭോഗാലസ്യം ഏറ്റവും ഉഗ്രമായി ചിത്രീകരിച്ചിട്ടുള്ള പാട്ടാണ് അത്. സിനിമ ഏതാണെന്നൊന്നും ഓർമ്മയില്ല. ഒന്ന് മാത്രം അറിയാം. തിക്കുറിശ്ശി അല്ലാതെ അതെഴുതാൻ വേറൊരു ആങ്കുട്ടിയും ഇല്ലിവിടെ.'' അപ്രതീക്ഷിതമായ ആ ഗുഡ് ലെങ്ത് ഡെലിവെറിയിൽ ക്ളീൻ ബൗൾഡ്  ആയിപ്പോയി തിക്കുറിശ്ശി. വിക്കറ്റ് തെറിച്ച് പതിവുപോലെ പവലിയനിലേക്ക് നടക്കുന്നതിനിടെ  `പൂജാപുഷ്പ'ത്തിലെ  ഗാനത്തിന്റെ  വരികൾ, തോറ്റംപാട്ടായി പാടുന്നു അദ്ദേഹം: ``കസ്തൂരിപ്പൊട്ടു മാഞ്ഞു, നിന്റെ കാർകൂന്തൽ കെട്ടഴിഞ്ഞു, കല്യാണ സൗഗന്ധികപ്പൂ കൊഴിഞ്ഞു കസ്തൂരിപ്പൊട്ടു മാഞ്ഞു...... കണ്ണാടിക്കവിളെന്തേ ചുവന്നു, നിന്റെ കണ്മഷി എന്തിവിടെ പരന്നു, ചുണ്ടിലെങ്ങനെ ചോര പൊടിഞ്ഞൂ, സുന്ദര വദനം വിയർപ്പ് നിറഞ്ഞു...'' കോറസ് പോലെ ഞങ്ങൾ:  ``പറയൂലാ ഞങ്ങൾ  പറയൂല...''

ഈ പാട്ടിന് താനൊരു പാരഡിയും എഴുതിയിട്ടുണ്ടെന്ന് തിക്കുറിശ്ശി. ``ഇതിനും ഒരു പാരഡിയോ? ഇതു തന്നെ ഒരു പാരഡിയല്ലേ'' എന്ന് അത്ഭുതത്തോടെ വി കെ എൻ. ഊണു കഴിച്ചുതീർത്ത് കൈകഴുകി തിരികെ കസേരയിൽ വന്നിരുന്ന് ഞങ്ങളെ പാരഡി പാടിക്കേൾപ്പിക്കുന്നു  തിക്കുറിശ്ശി.  പാട്ടിന്റെ വരികളിൽ  പൊടുന്നനെ കസ്തൂരി  കല്യാണിയും കാർകൂന്തൽ പാവാടയുമാകുന്നു. മുട്ടൻ തെറികൾ കോർത്തിണക്കിയ  ആ രാഗമാലിക  കേട്ട്  അന്തംവിട്ടിരിക്കുകയാണ്  നാണ്വാര്. ``വെൺമണി നമ്പൂരാരേം അമ്പേ നിഷ്പ്രഭരാക്കും  ട്ടോ നിങ്ങള്..''-- പാട്ടിനൊടുവിൽ കവിക്ക് വി കെ എന്നിന്റെ വക പട്ടും വളയും. ``തിരുവില്വാമലയില് നേദിച്ച് കൊണ്ടരണ ഇളനീർക്കുടം ഒടയ്ക്കും എന്നേ എഴുതീട്ടുള്ളു വയലാർ. നിങ്ങള് അതിനേം കടത്തിവെട്ടി. മിടുമിടുക്കൻ.''

`പൂജാപുഷ്പ'ത്തിലെ തന്നെ തിക്കുറിശ്ശി രചിച്ച വേറൊരു പാട്ട് ഓർമ്മവന്നു അപ്പോൾ: ``വിരലുകളില്ലാത്ത വിദ്വാന്റെ കയ്യിൽ വീണയെന്തിന് നൽകി, കണ്ണുകാണാ കുരുടന്റെ മുന്നിൽ കണ്ണാടിയെന്തിന് കാട്ടി..'' ഓർമ്മയിൽ നിന്ന് പല്ലവി മൂളിക്കൊടുത്തപ്പോൾ ഗാനരചയിതാവിന്റെ വിശദീകരണം: ``ഈ പാട്ടിന്റെ സന്ദർഭം  എന്താന്നറിയുമോ അനിയന്? വീട്ടിന്റെ ടെറസിൽ നിന്ന് കാൽ വഴുതിവീണ് ലൈംഗിക ശേഷി നഷ്ടപ്പെട്ട ഒരുത്തൻ സുന്ദരിയായ ഭാര്യയെ നോക്കി നിരാശയോടെ മനസ്സിൽ പാടുകയാണ്.  പക്ഷേ പാട്ട് മാത്രം കേട്ടാൽ മഹത്തായ എന്തോ ലോകതത്വം പറഞ്ഞതാണെന്നേ കരുതൂ ആളുകൾ.''-- വീണ്ടും അതേ കുലുങ്ങിച്ചിരി.

ഇടയ്ക്കൊരിക്കൽ, പാതി തുറന്നുകിടന്ന ജനാലയിലൂടെ അപ്പുറത്തെ ബ്ലോക്കിന്റെ വരാന്തയിലേക്ക് നോക്കി നെടുവീർപ്പിടുന്നു വി കെ എൻ. ``ദാ നോക്കൂ. ആരാണ് അവിടെ മൂരി നിവരുന്നതെന്ന്..'' -- പുറത്തേക്ക് ചൂണ്ടി അദ്ദേഹം പറഞ്ഞു. നോക്കിയപ്പോൾ പോർട്ടിക്കോയിൽ, ചുമരിൽ ചാരി  സുകുമാരി. മലയാള സിനിമയിലെ നിത്യവസന്തം.

``ഇവരിപ്പോഴും എന്ത് ചെറുപ്പം.''--  വി കെ എന്നിന്റെ ആത്മഗതം. ``വിക്ടോറിയൻ കാലഘട്ടത്തിൽ കാണാൻ തുടങ്ങിയതല്ലേ സുകുമാരിയമ്മയെ? എലിസബത്തൻ യുഗം കഴിഞ്ഞാലും ഇവർ ഇങ്ങനൊക്കെ തന്നെ ഉണ്ടാകും.''  കൂട്ടത്തിൽ ഒന്നു കൂടി പറഞ്ഞു ജനറൽ ചാത്തൻസ്. ``നിങ്ങക്കറിയോ? ഒരു കാലത്ത് എന്റെ സ്വപ്നകാമുകി  ആയിരുന്നു ഇവർ. മുടിഞ്ഞ പ്രേമം.'' വി കെ എൻ അതുവരെ എവിടെയും പരാമശിച്ചു കണ്ടിട്ടില്ലല്ലോ ഇക്കാര്യം എന്നോർക്കുകയായിരുന്നു ഞാൻ.  അതിനിടെ മറ്റൊന്നറിയണം സജീവന്: പ്രണയലോലനും കാമിനിമാരുടെ കണ്ണിലുണ്ണിയുമായ തിക്കുറിശ്ശിച്ചേട്ടൻ ജീവിതത്തിൽ ആദ്യം പ്രേമിച്ചതാരെ? ``മാവേലിക്കര പൊന്നമ്മയെ.''-- വെടിയുണ്ട കണക്കെ  തിക്കുറിശ്ശിയുടെ മറുപടി. ``സത്യം പറഞ്ഞാൽ  പൊന്നമ്മ കാരണമാണ് ഞാൻ നടനായത് തന്നെ. ആദ്യമായി അഭിനയിക്കാൻ ക്ഷണം വന്നപ്പോൾ എനിക്ക് ആകെ ഭയമായിരുന്നു. പക്ഷെ നാടകത്തിലെ നായിക എന്റെ ആരാധനാപാത്രമായ  മാവേലിക്കര പൊന്നമ്മ ആണെന്നറിഞ്ഞപ്പോൾ പിന്നെ സംശയിച്ചില്ല; രണ്ടും കല്പിച്ചങ്ങ്  എടുത്തുചാടി. ഒടുവിൽ ഇവിടം വരെ എത്തി..'' കഥ പറഞ്ഞു നിർത്തിയ ശേഷം  വി കെ എന്നിനോട് തിക്കുറിശ്ശി: ``യഥാർത്ഥ ജീവിതത്തിൽ നിങ്ങളാരേയും പ്രേമിച്ചിട്ടില്ലേ?''  തിടുക്കത്തിൽ ഒരിറക്ക് ജീരകവെള്ളം കൂടി അകത്താക്കിയ ശേഷം കഥാകാരൻ പറഞ്ഞു: ``ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല നായരേ. അകത്തുള്ളാള് സമ്മയ്ക്കണ്ടേ?''  

ഒരു ചിരകാല  ശങ്ക കൂടി പങ്കുവെച്ചോട്ടെ  എന്ന് വി കെ എൻ. സംശയിക്കേണ്ട, നിറയൊഴിച്ചോളൂ എന്ന് തിക്കു. ``അങ്ങേയ്ക്ക് നാലഞ്ച് ഭാര്യമാർ ഉണ്ടായിരുന്നു എന്നാണ് കേൾവി. എനിക്കെപ്പഴും അത്ഭുതം തോന്നും. നമ്മളിവിടെ ഒന്നിനെത്തന്നെ മേയ്ക്കാൻ  പാടുപെടുന്നു. താങ്കളെങ്ങനെ ഭാര്യമാരുടെ ഈ പടയെ  ഇലക്കും മുള്ളിനും കേടില്ലാതെ കൊണ്ടു നടന്നു..?'' ഇത്തവണ പതിവിൽ കവിഞ്ഞ ഗൗരവത്തോടെ ആയിരുന്നു തിക്കുറിശ്ശിയുടെ പ്രതികരണം. ``ഏയ്, നാലഞ്ചൊന്നുമില്ല. മൂന്നേയുള്ളൂ ഭാര്യമാർ. ഏറിയാൽ നാല്.'' --  വി കെ എന്നിന് അദ്ദേഹത്തിന്റെ തന്നെ ശൈലിയിൽ ഒരു രസികൻ  മറുപടി. ``പിന്നെ ഒരു സത്യം കൂടി പറയാം. ദാമ്പത്യ ബന്ധങ്ങളിൽ  എക്കാലവും സോഷ്യലിസ്റ്റ് ആയിരുന്നു ഞാൻ. വലിപ്പച്ചെറുപ്പമില്ല. ആർക്കും  അമിത പരിഗണനയും അവഗണനയുമില്ല. എല്ലാവരെയും നമുക്ക് കഴിയും പോലെ സ്നേഹിച്ചു. മുൻ ഭാര്യമാരും പിൻഭാര്യയും ഒന്നും   എന്നെപ്പറ്റി മോശം പറയില്ല. മക്കളെയെല്ലാം പഠിപ്പിച്ചു;  നല്ല നിലയിൽ എത്തിച്ചു. ഇതൊക്കെ പോരേ  ഉത്തമനായ ഒരു ഭർത്താവാകാൻ?'' മിണ്ടാട്ടം മുട്ടിപ്പോയി  സർ ചാത്തൂന്.

അടിതടയും വാക്പയറ്റും അനവരതം തുടരുന്നു. ശ്ലീലാശ്ലീലങ്ങളുടെ അതിർവരമ്പുകൾ തകർന്ന് തരിപ്പണമാകുന്നു. എല്ലാം കണ്ടും കേട്ടും രസിച്ചിരുന്നു ഞങ്ങൾ. മണിക്കൂറുകൾ  നീണ്ട ആ പകിടകളി അവസാനിപ്പിച്ച് പുറത്തിറങ്ങി സ്വന്തം മുറിയിലേക്ക് നടക്കവേ, ആത്മഗതമെന്നോണം വി കെ എൻ: ``ന്നാലും, ത്രയ്ക്കങ്ങട്ട് നിരീച്ചില്ല്യ. ഈ തിക്കുറിശ്ശി ആരാ മൊതല്. എന്തായാലും ഇന്നത്തെ ദിവസം കുശാലായി...''

(മാതൃഭൂമി വാരാന്തപ്പതിപ്പ്)
 

Join WhatsApp News
പോൾ ഡി പനക്കൽ 2026-01-25 12:04:58
……… ലേഖനം സീനിയർ വായനക്കാരെ മുൻപെങ്ങോ പിന്നിട്ടു പോയ കാലഘട്ടത്തിലേക്ക് വിളിക്കുന്നു. അക്കാലത്തെ രാഷ്ട്രീയ സാമൂഹ്യ പ്രകൃതിചിത്രത്തിലെ ധീരനായിരുന്ന പയ്യൻസിനെ ആർക്ക് മറക്കാനാകും! ലേഖനത്തിനു നന്ദി രവിമേനോന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക