
മിഷിഗൺ: മിഷിഗണിലെ മലയാളി സമൂഹത്തിൽ സാംസ്കാരികവും ആത്മീയവുമായ രംഗങ്ങളിൽ സജീവ സാന്നിധ്യമായ ജയമുരളി നായരെ, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) യുടെ ഗ്രേറ്റ് ലേക്സ് റീജിയണൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. മിഷിഗൺ, ഈസ്റ്റ് കാനഡ എന്നിവ ഉൾപ്പെടുന്ന മേഖലകളുടെ സംഘടനാപരമായ ഏകോപന ചുമതലയാണ് അദ്ദേഹം വഹിക്കുക.
തൃശ്ശൂർ സ്വദേശിയായ ജയമുരളി, നിലവിൽ മിഷിഗൻ യൂണിവേഴ്സിറ്റി ഐടി വിഭാഗത്തിൽ ഉദ്യോഗസ്ഥനാണ്. മിഷിഗണിലെ വിവിധ മലയാളി സംഘടനകളിൽ ദീർഘകാലമായി പ്രവർത്തിച്ചു വരുന്ന അദ്ദേഹം, കെ.എച്ച്.എൻ.എ മിഷിഗൺ ഘടകത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്.
സനാതന ധർമ്മത്തെക്കുറിച്ചുള്ള പഠനത്തിലും പ്രചരണത്തിലും ആത്മാർത്ഥമായ താൽപര്യമുള്ള ജയമുരളി, ആത്മീയ ആചാര്യന്മാരെ അമേരിക്കയിലെത്തിക്കുന്നതിലും കേരളീയ ക്ഷേത്രകലകൾ മിഷിഗണിലെ സമൂഹത്തിന് പരിചയപ്പെടുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു. കേരള സർക്കാരിന്റെ മലയാളം മിഷൻ മിഷിഗൺ ചാപ്റ്ററിന്റെ കോ-ഓർഡിനേറ്ററായും അധ്യാപകനായും സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, കഴിഞ്ഞ അഞ്ച് വർഷമായി ഇരുന്നൂറ്റമ്പതോളം കുട്ടികൾക്ക് മലയാള ഭാഷ അഭ്യസിപ്പിച്ചു വരുന്നു.
മികച്ച വാദ്യകലാകാരൻ കൂടിയായ ജയമുരളി, ഡെട്രോയിറ്റ് കലാക്ഷേത്രയിലൂടെ ചെണ്ട, തിമില, കുറുംകുഴൽ, ഇലത്താളം എന്നീ വാദ്യോപകരണങ്ങളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി ചെണ്ടമേളങ്ങളിൽ സജീവമായി പങ്കെടുക്കുന്ന അദ്ദേഹം, ‘ഡെട്രോയിറ്റ് ഭജനാമൃതം’ ടീമിലെ ഗായകനെന്ന നിലയിൽ വിവിധ ക്ഷേത്രങ്ങളിൽ ഭജനകളും അവതരിപ്പിക്കുന്നു. കൂടാതെ Meals on Wheels ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമാണ്.
“മിഷിഗണിലെ മലയാളി സമൂഹത്തിനിടയിൽ വർഷങ്ങളായി സാംസ്കാരിക, ആത്മീയ, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുള്ള വ്യക്തിയാണ് ജയമുരളി നായർ. അദ്ദേഹത്തിന്റെ പ്രവർത്തന പരിചയവും കലയോടുള്ള അഭിനിവേശവും കെ.എച്ച്.എൻ.എ ഗ്രേറ്റ് ലേക്സ് റീജിയണിന് വലിയ കരുത്താകും. സംഘടനയുടെ ദർശനവും ലക്ഷ്യങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ട്.” ജയമുരളി നായരുടെ നിയമനത്തെ സ്വാഗതം ചെയ്തുകൊണ്ട് കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി ഉണ്ണികൃഷ്ണൻ പറഞ്ഞു:
മായയാണ് ജയമുരളിയുടെ ഭാര്യ. അനഘയും അനന്തുവുമാണ് മക്കൾ. ജയമുരളിയുടെ പുതിയ പദവിയിലേക്ക് ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ എന്നിവർ ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും ഹൃദയപൂർവ്വമായ ആശംസകൾ നേർന്നു.