
ചെറുതായൊരു വാക്ക്, കടുപ്പമുള്ളൊരു നോക്ക്, നിരസനത്തിന്റെ ചെറിയൊരു നിഴൽ.. എന്തിനെയും അവൾക്കു ഭയമായിരുന്നു. അപകർഷതാബോധം മൂലം തൊട്ടാവാടി പോലെ അവൾ തന്റെ മനസ്സ് ഉള്ളിലേക്ക് മടക്കും. മറ്റുള്ളവർക്ക് മുൻപിൽ തന്റെ നീരസം പുറത്തു കാണിയ്ക്കാതെ ചിരിയോടെ നിന്നാലും, ആ ചിരിക്ക് പിന്നിൽ പെട്ടെന്ന് ഒളിഞ്ഞുപോകുന്ന ഒരു ഭയം എപ്പോഴും ഉണ്ടായിരുന്നു. അവൾക്ക് ഇഷ്ടപ്പെട്ടതെല്ലാം നിശബ്ദമായിരുന്നു.. ഡയറിയിലെ കുത്തികുറിയ്ക്കൽ, വരയ്ക്കൽ, പാട്ട്, ഒറ്റയ്ക്ക് ഇരുന്ന് സ്വപ്നം കാണൽ. ലോകത്തോട് തുറന്നു നിൽക്കാൻ അവൾക്ക് അറിയില്ലായിരുന്നു; അവൾക്ക് അറിയുന്നതെല്ലാം ഉള്ളിലേക്ക് മടങ്ങിപ്പോകുന്ന വഴികളായിരുന്നു.
അമ്മ അവളെ സ്നേഹിച്ചിരുന്നു, പക്ഷേ ആ സ്നേഹത്തിന് എപ്പോഴും ഒരു കാവൽച്ചുവരുണ്ടായിരുന്നു. “ഇതൊന്നും നിനക്ക് പറ്റില്ല”, “ഇതൊക്കെ സമയം കളയലാണ്”, പെൺക്കുട്ടികൾ ഉറക്കെ സംസാരിയ്ക്കാൻ പാടില്ല. ചിരിയ്ക്കാൻ പാടില്ല.. ആൺകുട്ടികളോട് കൂട്ടുകൂടാൻ പാടില്ല.. ഉറക്കെ നടന്നാൽ ഉടനെ വരും “ഭൂമികുലുക്കി” എന്ന വിളി.. ഈ വാക്കുകൾ അമ്മയ്ക്ക് ഉപദേശങ്ങളായിരുന്നു, അമ്മയ്ക്ക് മകളോടുള്ള കരുതലായിരുന്നു.. പക്ഷേ അവൾക്ക് അവ നിരന്തരമായ തടസ്സങ്ങളായി മാറി. അവൾക്ക് ഇഷ്ടപ്പെട്ടതൊന്നും അമ്മയുടെ ലോകത്ത് സുരക്ഷിതമല്ലായിരുന്നു. സ്വപ്നങ്ങൾ അപകടകരമായ കാര്യങ്ങളായി കണക്കാക്കപ്പെട്ടു; വികാരങ്ങൾ നിയന്ത്രിക്കേണ്ട ദൗർബല്യങ്ങളായി. പകൽ അവൾ അനുസരണയോടെ ജീവിച്ചു. അമ്മ പറഞ്ഞ വഴികളിലൂടെ നടന്നു, അമ്മ ഇഷ്ടപ്പെടുന്ന മൗനം പഠിച്ചു.
പക്ഷേ രാത്രികൾ അവളുടെതായിരുന്നു. മുറിയുടെ വെളിച്ചം അണഞ്ഞശേഷം, കിടക്കയുടെ ഒരുവശത്തേക്ക് മടങ്ങിക്കിടന്ന് അവൾ ഉള്ളിലേക്ക് ചുരുങ്ങും. കണ്ണീർ ശബ്ദമില്ലാതെ തലയണയിൽ വീഴും. ആരും കാണാതെ, ആരും കേൾക്കാതെ, അവൾ തന്റെ ഇഷ്ടങ്ങളെ അടക്കംചെയ്തു കരയും. ആ കണ്ണീർ അവളുടെ തോൽവിയല്ലായിരുന്നു; പറയാൻ കഴിയാത്ത വേദനയുടെ ഭാഷയായിരുന്നു. ചില രാത്രികളിൽ അവൾ സ്വയം ചോദിക്കും. തനിക്ക് ഇഷ്ടമുള്ളതെല്ലാം തെറ്റാണോ എന്ന്. എന്തുകൊണ്ടാണ് സ്വന്തം മനസ്സ് തന്നെ ശത്രുവാകുന്നത് എന്ന്. തൊട്ടാവാടിപോലെ, അധികം തൊട്ടാൽ മടക്കുന്ന തന്റെ ഹൃദയത്തെ അവൾ കുറ്റപ്പെടുത്തി. എന്നാൽ അതേ മനസ്സാണ് അവളെ കൂടുതൽ സുന്ദരമാക്കിയതെന്നും, കൂടുതൽ ആഴത്തിൽ അനുഭവിപ്പിച്ചതെന്നും അവൾ അറിയാതെ അറിഞ്ഞിരുന്നു.
അമ്മയോടുള്ള ദൂരം അവളുടെ ഉള്ളിൽ വളർന്നു. ശബ്ദമുള്ള വഴക്കുകളില്ലാതെ, നിശബ്ദമായ ഒരു അകലം. അമ്മയുടെ നിയന്ത്രണങ്ങൾ അവളെ സംരക്ഷിക്കാനായിരുന്നെങ്കിലും, അവളുടെ ആത്മാവിനെ മുറുക്കിക്കെട്ടി. അമ്മ കാണാത്തത് ഇതായിരുന്നു; തന്റെ മകളുടെ തൊട്ടാവാടി മനസ്സ് കരുത്തില്ലാത്തതല്ല, മറിച്ച് അധികം സ്നേഹവും അനുഭവങ്ങളും ചുമക്കാൻ കഴിയുന്നൊരു ഹൃദയമാണെന്ന്. ആ ഹൃദയം ദിവസേന അലിഞ്ഞു പോയി.. അംഗീകരിക്കപ്പെടാതെ നിന്ന സ്വപ്നങ്ങളുടെ ഭാരത്തിൽ. അമ്മയുടെ സ്നേഹത്തിൽ തന്നെ അവൾ ഒറ്റപ്പെട്ടു; കേൾക്കപ്പെടാത്ത ഒരു മൗനമായി അവൾ അവശേഷിച്ചു.
കൗമാരത്തിന്റെ നടുവിലാണ് പുതുതായി താമസം മാറി വന്ന പ്രിയ എന്ന ആ സുഹൃത്ത് അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. സ്കൂൾ ഇടവേളകളിലെ ചെറിയ സംസാരങ്ങൾ, ക്ലാസ് കഴിഞ്ഞുള്ള നിശബ്ദ നടപ്പാതകൾ.. അവിടെയായിരുന്നു അവരുടെ സൗഹൃദം വളർന്നത്. അവൾ തൊട്ടാവാടിപോലെ തന്റെ മനസിനെ ഉൾവലിയ്ക്കുമ്പോൾ , പ്രിയ ഒരിക്കലും അവളുടെ മനസിനെ വലിച്ചുതുറക്കാൻ ശ്രമിച്ചില്ല. പകരം, അവളെ മനസ്സിലാക്കാൻ ശ്രമിച്ചു. അതായിരുന്നു അവൾ ആദ്യമായി അനുഭവിച്ച സുരക്ഷ. രാത്രികളിലെ നിശബ്ദ കരച്ചിലുകൾക്ക് ശേഷം, പകൽ സമയങ്ങളിൽ അവൾക്ക് പിടിച്ചുനിൽക്കാൻ ഒരു കാരണം ഉണ്ടായി. “നിനക്ക് ഇഷ്ടമുള്ളത് തെറ്റല്ല” എന്ന പ്രിയയുടെ ലളിതമായ വാക്കുകൾ, അമ്മയുടെ നിയന്ത്രണങ്ങൾക്കിടയിലും അവളുടെ ഉള്ളിൽ പതുക്കെ ഉറച്ചുനിന്നു. സ്വപ്നങ്ങൾ ഒളിപ്പിക്കേണ്ടി വന്നാലും, അവ അവളുടെതാണെന്ന് ഒരാൾ എങ്കിലും അംഗീകരിക്കുന്നുണ്ടെന്ന ബോധം അവൾക്ക് കരുത്തായി.
ഒരു രാത്രി, പതിവുപോലെ അവൾ കരയാതെ കിടന്നപ്പോൾ, അമ്മ അത് ശ്രദ്ധിച്ചു. മുറിയുടെ വാതിലിനരികിൽ നിന്ന അമ്മയുടെ നോട്ടത്തിൽ ആ ദിവസം ഒരു കടുപ്പമില്ലായിരുന്നു. വാക്കുകളില്ലാതെ, അമ്മ അവളുടെ കിടക്കക്കരികിൽ കുറച്ചു നിമിഷം ഇരുന്നു. ആ നിശബ്ദതയിൽ, അവൾ ആദ്യമായി അമ്മയുടെ ശ്വാസത്തിലെ ക്ഷീണം കേട്ടു.. സംരക്ഷണത്തിന്റെ പേരിൽ വർഷങ്ങളായി ചുമന്ന ഭാരം. അമ്മ ഒന്നും ചോദിച്ചില്ല, അവളും ഒന്നും പറഞ്ഞുില്ല. പക്ഷേ പുറത്ത് പോകുമ്പോൾ, അമ്മ മേശപ്പുറത്ത് അവൾക്ക് ഇഷ്ടമുള്ള അവളുടെ ഡയറി വെച്ചിരുന്നു. ഒരു അനുവാദമല്ല അത്, ഒരു മാപ്പും അല്ല. പക്ഷേ ഒരു ചെറിയ മനസ്സിലാക്കലിന്റെ സൂചന.
തൊട്ടാവാടിയുടെ ഇലകളെ പോലെ, അവളുടെ മനസ്സ് ആ നിമിഷം പൂർണ്ണമായി തുറന്നു ; എങ്കിലും ഒരു ചെറിയ ഉഷ്ണം അവൾ അനുഭവിച്ചു. അവൾക്ക് അന്ന് മനസ്സിലായി.. അമ്മയുടെ നിയന്ത്രണങ്ങൾ എല്ലാം കാഠിന്യം മാത്രമായിരുന്നില്ലെന്ന്. അവിടെയും സ്നേഹമുണ്ടായിരുന്നു, പറയാൻ അറിയാത്ത രൂപത്തിൽ. സുഹൃത്ത് നൽകിയ പിന്തുണയും, അമ്മയുടെ ഈ നിശബ്ദ സമീപനവും ചേർന്ന്, അവളുടെ ഉള്ളിലെ ഭയം പതുക്കെ ഉരുകാൻ തുടങ്ങി. കാലം നീങ്ങുമ്പോൾ, അവൾ പതുക്കെ പഠിച്ചു. എല്ലാം തുറന്ന് കാണിക്കേണ്ടതില്ലെന്ന്, ചില സ്വപ്നങ്ങൾ നെഞ്ചിനകത്ത് സൂക്ഷിച്ചാൽ മാത്രമേ ജീവനോടെ നിലനിൽക്കൂ എന്നും. തൊട്ടാവാടിയുടെ ഇലകൾ മടക്കുമ്പോഴും വേരുകൾ മണ്ണിൽ ഉറച്ചുനിൽക്കുന്നതുപോലെ, അവളും ഉള്ളിലേക്ക് മടങ്ങിക്കൊണ്ട് തന്നെ നിലനിൽക്കാൻ പഠിച്ചു. ഒരു ദിവസം, അവൾ മനസ്സിലാക്കി.. തൊട്ടാവാടി ദുർബലതയുടെ പ്രതീകം അല്ലെന്ന്. അത് സ്വയം രക്ഷപ്പെടാനുള്ള ഒരു ജ്ഞാനമാണ്. അധികം വേദനിച്ച മനസ്സ് ജീവനോടെ തുടരാൻ കണ്ടെത്തിയ ഒരു വഴിയാണത്.ആ അറിവോടെ, അവൾ കണ്ണീർ തുടച്ചു, കിടക്കയിൽ നിന്നുയർന്നു.
തൊട്ടാവാടിയുടെ മനസുള്ള പെൺകുട്ടി ഇപ്പോൾ ഒറ്റയ്ക്കല്ല. കൗമാരത്തിൽ ലഭിച്ച ആ സൗഹൃദം അവളുടെ ഉള്ളിൽ ഒരു സ്ഥിരം വെളിച്ചമായി നിലകൊള്ളുന്നു… വേദനകൾക്കിടയിലും സ്വപ്നങ്ങളെ ജീവനോടെ സൂക്ഷിക്കുന്ന ഒരു നിശബ്ദ കരുത്തായി. കാലം മുന്നോട്ട് നീങ്ങുമ്പോൾ, അമ്മയുടെ ശബ്ദം അവളുടെ ഉള്ളിൽ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു. പക്ഷേ അതിനൊപ്പം തന്നെ, സുഹൃത്തിന്റെ ശാന്തമായ പിന്തുണയും അവിടെ ഉണ്ടായിരുന്നു. അമ്മ അവളെ നിയന്ത്രിച്ചപ്പോൾ, സുഹൃത്ത് അവളെ വിശ്വസിച്ചു. ആ വിശ്വാസമാണ് അവളുടെ തൊട്ടാവാടി മനസ്സിനെ പൂർണ്ണമായി അടയാതെ നിലനിർത്തിയത്.
എങ്കിലും ചില വാക്കുകൾക്ക്, ചില നോക്കുകൾക്ക്, ചില നിരസനങ്ങൾക്ക് നേരെ അവൾ തന്റെ മനസിന്റെ ജാലകവാതിലുകൾ ഒരു തൊട്ടാവാടിയെപ്പോലെ കൊട്ടിയടച്ചു... മറ്റുള്ളവരുടെ വിലയിരുത്തലുകൾക്കു നടുവിൽ മാത്രം ഒതുങ്ങിപ്പോകേണ്ടതല്ല തന്റെ ജീവിതമെന്ന്.. ഇനി അവളുടെ ഉള്ളിലെ സ്വപ്നങ്ങളെ പൂർണ്ണമായി അടച്ചു വെക്കില്ലെന്ന് അവൾ തീരുമാനിച്ചു. തന്റെ വിധിയെന്ന് കരുതി പാതിവഴിയിൽ ഉപേക്ഷിച്ച തന്റെ സ്വപ്നങ്ങളെ പൊടി തട്ടിയെടുത്തു.. അമ്മയുടെ നിശബ്ദ സ്നേഹത്തോടെയും, കൗമാര സൗഹൃദത്തിന്റെ കരുത്തോടെയും, തൊട്ടാവാടിയുടെ മനസുള്ള ആ പെൺകുട്ടി ഇന്നും പ്രസരിപ്പോടെ സ്വപ്നങ്ങളുടെ ചിറകിലേറി തന്റെ യാത്ര തുടരുന്നു.
Read More: https://www.emalayalee.com/writer/314