Image

ചെമന്ന ചെമ്പകമരം: (കവിത, സതീഷ് കളത്തിൽ)

Published on 23 January, 2026
ചെമന്ന ചെമ്പകമരം: (കവിത, സതീഷ് കളത്തിൽ)



ന്നായിരുന്നു നമ്മൾ കണ്ടത്...
ചെമ്പകം ധാരാളമായി പൂക്കാറുള്ള,
പൊടിമഞ്ഞ് കുത്തനെ വീഴ്ന്നുകൊണ്ടിരുന്ന
പുലർക്കാലമുള്ള ഏതോ ഒരു മാസത്തിലാണ്,
നിന്റെ മുടിയിൽ തിരുകിയ ആ വെള്ളചെമ്പകം
ആദ്യമായെന്റെ ദൃഷ്ടിയിൽ എത്തിയത്.

അതിനും മുൻപേ നിന്നെ ഞാൻ കണ്ടിട്ടുണ്ട്,
പലവട്ടം. ഞാൻ മാത്രമല്ല, നീയും.
നമ്മൾ സംസാരിച്ചിട്ടുമുണ്ട്, പലവട്ടം.
അധികം ദീർഘിപ്പിക്കാതെ,
ഏതാനും നേരങ്ങളിലെ,
ഏതാനും നാളുകളായുള്ള അടുപ്പം.

'വെള്ളചെമ്പകമോ കൂടുതൽ പിടുത്തം?'
എന്ന ചോദ്യത്തിന്,
'അയൽവീട്ടിലെ കുട്ടിയുടെ ദാനത്തിന്
ആ നിറമാണെന്ന'
പുഞ്ചിരി തിരുകിയ നിന്റെ മറുപടി
എനിക്കാണോ ചെമ്പകത്തിനാണോ
കൂടുതൽ സുഖിച്ചതെന്നോർമ്മയില്ല.
ഞാൻ പറഞ്ഞു,
"എനിക്കിഷ്ടം ചെമന്ന ചെമ്പകമാണ്."

അന്നേരം,
നിന്റെ  ഒരു കണ്ണിൽ ചെമന്ന ചെമ്പകങ്ങളുടെ
ഒരു പുഴയും
മറ്റേ കണ്ണിൽ അതിന്റെ ഒരു കാടും
തെളിഞ്ഞു തെളിഞ്ഞു വന്നതും നോക്കി
നിന്നിരുന്നതുകൊണ്ട്,    
നിന്റെ തലയിലെ വെള്ളചെമ്പകത്തിന്റെ
മുഖം കരുവാളിച്ചുപോയതു കാണാനൊത്തില്ല.

പിന്നീട്,
നീ പറഞ്ഞാണ് അറിയുന്നത്,
അയൽവീട്ടിലെ ചെമ്പകമരം മരിച്ച വിവരം.
അതിന്റെ തലേനാളിലെ പുലർച്ചയ്ക്കായിരുന്നു
എന്റെ വീട്ടിലൊരു ചെമന്ന ചെമ്പകമരം തഴച്ചത്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക