
ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ ഔദ്യോഗിക തുടക്കം കുറിച്ച പ്രധാനമന്ത്രി നരേന്ദ്രമേദി, എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും കടന്നാക്രമിച്ചുകൊണ്ടാണ് പുത്തരിക്കണ്ടം മൈതാനില്‍ തന്റെ സുദീര്‍ഘമായ രാഷ്ട്രീയ പ്രസംഗം നടത്തിയത്. തിരുവനന്തപുരം നഗരസഭാ ഭരണം ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് ലഭിച്ച പശ്ചാത്തലത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് പ്രത്യേകിച്ചും കേരളത്തിലെത്തിയ മോദി, ഒരു ലക്ഷം കോടിയുടെ അതിവേഗ റെയില്‍പാത ഉള്‍പ്പെടെ വന്‍ പ്രഖ്യാപനങ്ങളൊന്നും തന്നെ നടത്തിയില്ല. മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെയും ഒരു പാസഞ്ചര്‍ ട്രെയിനിന്റെയും ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചതൊഴിച്ചാല്‍ വലിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല. അദ്ദേഹത്തിന്റെ സന്ദര്‍ശനം ഒരു തിരഞ്ഞെടുപ്പ് പ്രസംഗത്തിലൊതുങ്ങിയെന്ന് പറയുന്നതാവും ശരി.
തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ എന്നിവയാണ് മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇന്നവേഷന്‍, ടെക്നോളജി ആന്‍ഡ് ഒന്‍ട്രപ്രനര്‍ഷിപ് ഹബ്ബിന്റെ തറക്കല്ലില്‍ ഉള്‍പ്പെടെ ആകെ 250 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ടു. പി.എം സ്വനിധി പദ്ധതിക്കു കീഴില്‍ ഒരു ലക്ഷം ഗുണഭോക്താള്‍ക്കുള്ള വായ്പ, ക്രെഡിറ്റ് കാര്‍ഡ് വിതരണ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു. പിന്നെ നഗരത്തിലൂടെ ആവേശോജ്വലമായ റോഡ് ഷോയും നടത്തി നാട്ടുകാരുടെ മനം കവര്‍ന്നു.
തിരുവനന്തപുരത്തെ വിജയം ഐഹാസികമെന്നും കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി പറയുന്നുവെന്നും പറഞ്ഞ പ്രധാനമന്ത്രി, ഗുജറാത്തില്‍ ശൂന്യമായിരുന്ന ബി.ജെ.പി ഒരു അഹമ്മദാബാദ് നഗരസഭയില്‍ നിന്നാണ് ജൈത്രയാത്ര തുടങ്ങിയതെന്നും തിരുവനന്തപുരത്ത് നിന്നും സമാന യാത്ര ആരംഭിക്കുകയാണെന്നും പറഞ്ഞു. കേരളത്തിലെ ബി.ജെ.പിയുടെ ആദ്യ മേയര്‍ സത്യപ്രതിജ്ഞ ചെയ്ത് 27-ാം ദിവസമായിരുന്നു മോദിയുടെ സന്ദര്‍ശനം. കോര്‍പറേഷന്റെ വാര്‍ഡുകളില്‍ നിന്നു ലഭിച്ച അഭിപ്രായങ്ങളില്‍നിന്ന് മേയര്‍ വി.വി രാജേഷിന്റെ നേതൃത്വത്തില്‍ തയാറാക്കിയ വികസന ബ്ലൂപ്രിന്റ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വഴി പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറിയിരുന്നു. പ്രഖ്യാപനങ്ങള്‍ പിന്നാലെയുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
''ഗുജറാത്തിലെ വിജയഗാഥ തുടങ്ങിയത് ഒരു നഗരത്തില്‍ നിന്നാണ്. തിരുവനന്തപുരത്തെ ബി.ജെ.പിയുടേത് സാധാരണ വിജയമല്ല. എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികളുടെ അഴിമതിയില്‍ നിന്നുള്ള മോചനമാണ്. 87-ന് മുമ്പ് ഗുജറാത്തില്‍ ബി.ജെ.പി ഒന്നുമല്ലായിരുന്നു. 87-ല്‍ അഹമ്മദാബാദ് മുനിസിപ്പാലിറ്റി പിടിച്ചു. പിന്നെ ഗുജറാത്ത് പിടിച്ചടക്കി. ഇപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷന്‍. ഇനി കേരളം ബി.ജെ.പിയുടെ കയ്യില്‍ വരും. തിരുവനന്തപുരം രാജ്യത്തിന് മാതൃകാ നഗരമായി മാറും. രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാന്‍ എല്ലാ പിന്തുണയും നല്‍കും. കേരളത്തെ മാറ്റാനുള്ള സമയമാണ് അടുത്ത തിരഞ്ഞെടുപ്പ്. നിങ്ങള്‍ ഇതുവരെ കണ്ടത് രണ്ട് പക്ഷം മാത്രമാണ്. എല്‍.ഡി.എഫും യു.ഡി.എഫും കേരളത്തെ നശിപ്പിച്ചു. ഇനി മുതല്‍ മൂന്നാമത് ഒരു പക്ഷം കൂടി. അത് വികസനത്തിന്റെ പക്ഷമാണ്...'' മോദി പറഞ്ഞു.
''എന്റെ സുഹൃത്തുക്കളേ...'' എന്ന് മലയാളത്തില്‍ പലവട്ടം ആവര്‍ത്തിച്ച മോദി, ശബരിമല സ്വര്‍ണക്കൊള്ളയെ അതിശക്തമായ ഭാഷയിലാണ് അപലപിച്ചത്. ശബരിമലയിലെ വിശ്വാസത്തെ തകര്‍ക്കാര്‍ ഒരവസരവും പാഴാക്കാത്തവരാണ് എല്‍.ഡിഎ.ഫ് സര്‍ക്കാരെന്നും കേരളത്തില്‍ ബി.ജെ.പി സര്‍ക്കാരുണ്ടായാല്‍ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുകയും കുറ്റക്കാരെയെല്ലാം ജയിലിലാകയും ചെയ്യും. ഇത് മോദിയുടെ ഗ്യാരണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വര്‍ണക്കൊള്ളയില്‍ ഇടതു മുന്നണി പ്രത്യേകിച്ച് സി.പി.എം പ്രതിച്ഛായ നഷ്ടപ്പെട്ട് നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കാനൊരുങ്ങുകയാണ്. നായരീഴവ സഖ്യം പ്രഖ്യാപിച്ച സമുദായ സംഘടനകള്‍ ഇടതിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കേണ്ട. സ്വര്‍ണക്കൊള്ള ഏല്‍പ്പിച്ച കളങ്കത്തില്‍ നിന്ന് മുക്തി നേടാന്‍ സി.പി.എമ്മിന് തിരഞ്ഞെടുപ്പ് വരെയുള്ള ചുരുങ്ങിയ കാലയളവിനുള്ളില്‍ സാധിക്കക്കുകയുമില്ല. പരാജയം അവര്‍ മുന്നില്‍ കാണുന്നുണ്ടെങ്കിലും ആത്മവിശ്വാസത്തിനൊരു കുറവുമില്ല. ഗൃഹ സന്ദര്‍ശനത്തിനൊരുങ്ങുന്ന പാര്‍ട്ടി ജനങ്ങളുടെ നേരിട്ടുള്ള ചോദ്യ മുനയില്‍ പതറുമെന്നുറപ്പ്. ഒരു തരത്തിലുമുള്ള ന്യായീകരണങ്ങളും സാമാന്യ ജനങ്ങളുടെയടുത്ത് വിലപ്പോവില്ല.
യു.ഡി.എഫും പ്രത്യേകിച്ച് കോണ്‍ഗ്രസും സ്വര്‍ണക്കൊള്ളയുടെ ആരോപണ നിഴലിലാണ്. മുന്നണി കണ്‍വീനര്‍ അടൂര്‍ പ്രകാശും സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ബന്ധം വലിയ രാഷ്ട്രീയ ചര്‍ച്ചയയ്ക്ക് വഴിവച്ചിരിക്കുന്നു. മുഖ്യമന്ത്രിപദം സ്വപ്നം കാണുന്ന നേതാക്കളുടെ വിലിയ നിരതന്നെയുണ്ട് കോണ്‍ഗ്രസില്‍. സീറ്റ് മോഹികളുടെ നിലപാടുകളും മോശം പ്രതിച്ഛായ ഉണ്ടാക്കും. എങ്കിലും യു.ഡി.എഫ് അധികാരത്തില്‍ വരാനുള്ള എല്ലാ സാധ്യതകളുമുണ്ട്. സി.പി.എം സ്വയകുഴിച്ച കുഴിയില്‍ വീണു കഴിഞ്ഞു. ഇനി കോണ്‍ഗസും യു.ഡി.എഫുമാണ് ബി.ജെ.പിയെ സംബന്ധിച്ച് പ്രധാന എതിരാളി. കുറച്ച് നിയമസഭാ സീറ്റുകള്‍ ബി.ജെ.പി കേരളത്തില്‍ നിന്ന് ന്യായമായും പ്രതീക്ഷിക്കുന്നു. അത് അസ്ഥാനത്താവാനും തരമില്ല.
ഇക്കൊല്ലം, ഏപ്രില്‍ മാസത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബി.ജെ.പിയുടെ കേരളത്തിലെ ശക്തിയുടെ അളവുകോല്‍ മാത്രമായിരിക്കില്ല, അവര്‍ക്ക് രാഷ്ട്രീയ വിളവെടുക്കാന്‍ ഈ നിലം പാകമാണോയെന്നും വിധിയെഴുതുന്നതായിരിക്കും. 'മിഷന്‍ കേരള' ഭരണം പിടിക്കാനുള്ള വജ്രായുധമാണ്. കേരളത്തില്‍ വളരുന്ന പാര്‍ട്ടിയായ ബി.ജെ.പി ആസന്നമായ നിയമസഭാ തിരഞ്ഞഞ്ഞെടുപ്പില്‍ രണ്ടക്കം തികയ്ക്കുമെന്നാണ് നേതാക്കളുടെയും അണികളുടെയുമെല്ലാം പ്രതീക്ഷ.
''സൂര്യന്‍ ഉദിക്കും താമര വിരിയും ബി.ജെ.പി ഭരിക്കും മാറാത്തത് ഇനി മാറും...'' എന്ന മനോഹരമായ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ ബി.ജെ.പി നേരിട്ടത്. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതമായ 19.43 ശതമാനത്തിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരത്തില്‍ എത്താനായതും പാലക്കാട് നഗരസഭയിലും തൃപ്പൂണിത്തുറ നഗരസഭയിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ഭരണത്തില്‍ എത്താനും സാധിച്ചതും ബി.ജെ.പിയുടെ നേട്ടമാണ്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 30 പഞ്ചായത്തുകളില്‍ ബി.ജെ.പിക്ക് പ്രസിഡന്റ് സ്ഥാനം കിട്ടി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ എഴുതി തള്ളാന്‍ കഴിയുമെന്ന് തോന്നുന്നില്ല. 32,000 ത്തിനും 49,000 നും ഇടക്ക് വോട്ട് ലഭിച്ച 36 മണ്ഡലങ്ങള്‍ അവര്‍ക്ക് കേരളത്തിലുണ്ട്. എന്തായാലും 2019-2024 ലോകസഭാ തിരഞ്ഞെടുപ്പുകള്‍ പോലെ ബി.ജെ.പിയും എന്‍.ഡി.എയും അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി അടയാളപെടുത്തിയ ഒരു തിരഞ്ഞെടുപ്പ് തന്നെയായിരുന്നു 2025-ലെ തദ്ദേശ ഇലക്ഷന്‍. അധികാരത്തിലേക്കുള്ള പരീക്ഷണങ്ങള്‍ ബി.ജെ.പി ശക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. മോദി തന്നെയായിരിക്കും പ്രചാരണം നയിക്കുക.