
കോഴിക്കോട്: സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആദ്യ ഭാര്യ പ്രമീള നായരെക്കുറിച്ചുള്ള പുസ്തകം പിന്‍വലിക്കണമെന്ന ആവശ്യവുമായി മക്കളായ അശ്വതിയും സിത്താരയും. പുസ്തകത്തിലുള്ളത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. പുസ്തകം എഴുതുന്നതിനു മുമ്പ് അതിന്റെ രചയിതാക്കള്‍ തങ്ങളോട് അനുവാദം വാങ്ങിയിട്ടില്ലെന്നും മക്കള്‍ എന്ന നിലയില്‍ വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് പുസ്തകത്തില്‍ ഉള്ളതെന്നും ഇരുവരും പറഞ്ഞു.
എംടിയെയും ആദ്യഭാര്യ പ്രമീള നായരെയും കുറിച്ച്, 'എംപ്റ്റി സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പേരില്‍ എച്ച്മക്കുട്ടി, ദീദി ദാമോദരന്‍ എന്നിവര്‍ എഴുതിയ പുസ്തകത്തിനെതിരെയാണ് മക്കള്‍ രംഗത്തെത്തിയത്. ബുക്ക് വേം എന്ന പ്രസാധകരാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എംടിയുടെ കൃതികള്‍ ആദ്യം ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും പിന്നീട് അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയായി മാറുകയും ചെയ്ത എഴുത്തുകാരിയാണ് പ്രമീള നായര്‍. അവരുടെ ജീവിതകഥയാണ് ഈ പുസ്തകത്തില്‍ പറയുന്നത്. പ്രമീള നായര്‍ മരിച്ചിട്ട് 26 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു വര്‍ഷം മുന്‍പാണ് എംടി വാസുദേവന്‍ നായര്‍ മരിച്ചത്.
അതില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും വസ്തുതാപരമല്ലെന്ന് മകള്‍ അശ്വതി പറഞ്ഞു. അച്ഛനെ കുറിച്ച് ഒരുപാട് ആരോപണങ്ങള്‍ പുസ്തകത്തിലുണ്ട്. അതൊന്നും അടിസ്ഥാനം ഇല്ലാത്തതാണ്. അതുകൊണ്ടാണ് പുസ്തകത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടേണ്ടി വന്നത്.
അച്ഛനെക്കുറിച്ച് പറയുമ്പോള്‍ മക്കളായ ഞങ്ങളെയും അത് ബാധിക്കും. അത് സമൂഹത്തോട് വിളിച്ചു പറയേണ്ടത് ഞങ്ങളുടെ കടമയാണെന്ന് തോന്നി. അതില്‍ പറഞ്ഞിരിക്കുന്ന പരാമര്‍ശങ്ങളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണ് ,അത് തനിക്കും ചേച്ചി സിതാരയ്ക്കും ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കി. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് പുസ്തകം എഴുതിയിരിക്കുന്നത്.
കുടുംബത്തില്‍ ഒരാളെക്കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടാകുമ്പോള്‍ നമുക്ക് ശേഷമുള്ള തലമുറയെയും അതു ബാധിക്കും. ഒരുപാട് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളാണ് അതില്‍ എഴുതിയിരിക്കുന്നത്. പുസ്തകം പിന്‍വലിക്കണം എന്നാണ് രചയിതാക്കളോട് ആവശ്യപ്പെട്ടിട്ടുള്ളത്. അവരുടെ നിലപാട് അറിഞ്ഞശേഷം നിയമപരമായി മുന്നോട്ടു പോകണമോ വേണ്ടയോ എന്ന് ആലോചിച്ച് തീരുമാനിക്കും.
വിഷയത്തില്‍ പുസ്തകത്തിന്റെ രചയിതാക്കളായ ദാമോദരനും എച്മുകുട്ടിയും പരസ്യമായി പ്രതികരിച്ചിട്ടില്ല.
പുസ്തകത്തിലുള്ളത് അര്‍ദ്ധ സത്യങ്ങളും വളച്ചൊടിച്ച കാര്യങ്ങളുമാണെന്നാണ് മക്കള്‍ ആരോപിക്കുന്നത്. എംടി എന്ന എഴുത്തുകാരനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതില്‍ കുടുംബത്തിന് വലിയ വേദനയുണ്ടെന്നും മക്കള്‍ പറഞ്ഞുവയ്ക്കുന്നു.
എംടി ഒരു സ്ത്രീ വിരുദ്ധനാണെന്നും മറ്റുമുള്ള പരാമര്‍ശങ്ങള്‍ ഇതിലുണ്ട്. ഇതില്‍ ഒരു രചയിതാവായ എച്മക്കുട്ടി പുരുഷ കേന്ദ്രീകൃത ലോകത്തെക്കുറിച്ച് സംസാരിച്ച് പലപ്പോഴും വിവാദം സൃഷ്ടിച്ച എഴുത്തുകാരിയാണ്. അതേസമയം പ്രമീളനായരുടെ കത്തുകളും മറ്റു ഡയറിക്കുറിപ്പുകളും ആസ്പദമാക്കിയാണ് ഇത്തരം ഒരു പുസ്തകം എഴുതിയിരിക്കുന്നത് എന്നാണ് രചയിതാക്കളുടെ വാദം