Image

ഉമ്മൻ ചാണ്ടി ഒരിക്കലും കുടുംബം കലക്കുന്ന ആളല്ല, ഗണേഷിന്റെ കയ്യിലിരിപ്പുകൊണ്ടാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത്, അതിന് ഉമ്മൻ ചാണ്ടിയെ പഴിച്ചിട്ട് കാര്യമില്ല; കെ സി ജോസഫ്

Published on 23 January, 2026
ഉമ്മൻ ചാണ്ടി   ഒരിക്കലും കുടുംബം കലക്കുന്ന ആളല്ല, ഗണേഷിന്റെ കയ്യിലിരിപ്പുകൊണ്ടാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത്, അതിന് ഉമ്മൻ ചാണ്ടിയെ പഴിച്ചിട്ട് കാര്യമില്ല; കെ സി ജോസഫ്

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണത്തില്‍ മന്ത്രി ഗണേഷ്കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുൻ മന്ത്രി കെ സി ജോസഫ്. ഗണേഷ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട. ഉമ്മൻ ചാണ്ടി ആരാണെന്നും ഗണേഷ് ആരാണെന്നും കേരളത്തിലെ ജനങ്ങൾക്ക് അറിയാം. വിവാദ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ഗണേഷിന്റെ കുഴപ്പംകൊണ്ടാണ് മന്ത്രി സഭയിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയതെന്നും കെ.സി. ജോസഫ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ടാണ് ഗണേഷിനോട് രാജിവെക്കാൻ യുഡിഎഫ് ആവശ്യപ്പെട്ടത്. ആരോപണങ്ങൾ തുടർച്ചയായി ഉണ്ടായതുകൊണ്ടാണ് മന്ത്രിസഭയിൽ പിന്നീട് ഉൾപ്പെടുത്താത്തത്. അതിന് ഉമ്മൻ ചാണ്ടിയെ പഴിച്ചിട്ട് കാര്യമില്ല, അദ്ദേഹം കൂട്ടിച്ചേർത്തു. സരിത എഴുതിയ കത്തിൽ നാല് പേജുകൾ കൂട്ടിച്ചേർത്തു. ഈ ഭാഗത്താണ് ഉമ്മൻ ചാണ്ടിക്കെതിരേ പരാമർശങ്ങൾ ഉണ്ടായത്. ആ നാല് പേജുകൾ കൂടിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ട്.

ആ കേസിലെ ഒന്നാം പ്രതി സരിതയും രണ്ടാം പ്രതി ഗണേഷ് കുമാറുമാണ്. ഉമ്മൻ ചാണ്ടി ഒരിക്കലും കുടുംബം കലക്കുന്ന ആളല്ല. അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല. ചെയ്തു എന്ന് പറഞ്ഞാൽ കേരളത്തിലെ ആരും വിശ്വസിക്കില്ല. ഗണേശൻ എന്ത് പറഞ്ഞാലും ശരി ജനം അത് വിശ്വസിക്കില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പരാമർശം വന്നത്. ഗണേഷ് കുമാറിനെ പോലൊരാൾ ഒരു കാര്യം പറയുമ്പോൾ കുറച്ചു കൂടി ഗൗരവത്തിൽ സംസാരിക്കേണ്ടതായിരുന്നു. സംസാരത്തിന്റെ ധ്വനി ശരിയല്ല. ഞാനെന്തൊക്കെയോ വിളിച്ചു പറയുമെന്ന് ഭീഷണിപ്പെടുത്തുകയാണ്.

ഉമ്മൻ ചാണ്ടിയുടെ പൊതു ജീവിതം കേരളത്തിലെ ജനങ്ങൾക്ക് മുമ്പിൽ തുറന്ന പുസ്തകമാണ്. മടിയിൽ പൊതിയുള്ളവൻ വഴിയിൽ പേടിച്ചാൽ മതി. ഗണേശൻ രാജിവെക്കണമെന്നത് ഉമ്മൻ ചാണ്ടിയുടെ മാത്രം തീരുമാനമല്ല. കേസ് ഉണ്ടായപ്പോൾ യുഡിഎഫ് ചർച്ച ചെയ്തു. യുഡിഎഫ് നിർദേശമായിരുന്നു മന്ത്രി ഗണേശൻ രാജിവെക്കുക എന്ന്. മുഖ്യമന്ത്രി അത് ആവശ്യപ്പെടുകയായിരുന്നുവെന്ന് മാത്രം. പുറത്താക്കിയിട്ടില്ല. പിന്നീട് എടുക്കാമെന്ന് പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. ഉമ്മൻ ചാണ്ടി തെറ്റുകാരനല്ലെന്നും കെ സി ജോസഫ് പറഞ്ഞു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക