
റഷ്യൻ പുസ്തകങ്ങളുടെ മലയാള പ്രവാഹം അഥവാ സോവിയറ്റ് പ്രസാധന 'കൗതുകം'!
പിൻകാലചരിത്രം: ഇന്ത്യയുടെ സ്വാതന്ത്രത്തിനു ശേഷം, 1948 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ കൊൽക്കത്തയിൽ വച്ച് നടന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ രണ്ടാമത്തെ പാർട്ടി കോൺഗ്രസ്സിൽ, അന്നത്തെ അഖിലേന്ത്യാ സെക്രട്ടറി ബി.ടി. രണദിവെമുന്നോട്ടുവെച്ച, 'സായുധ സമരത്തിലൂടെ ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുവാൻ' *നൽകിയ ആഹ്വാനപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമാസക്തമായ സമരങ്ങൾ നടത്തിയല്ലോ. (**ഇത് 'കൽക്കത്ത തീസിസ്' എന്ന പേരിൽ അറിയപ്പെടുന്നു - 'രണദിവെ തീസിസ്' എന്നും ചിലർ വിളിക്കുന്നു.) ഇത് പാർട്ടിയെ പിന്നോട്ടടിക്കുന്നു എന്ന വൈകി വന്ന വിവേകത്തെ തുടർന്ന് പാർട്ടി ലൈൻ മാറ്റി. അക്രമാസക്തമായ സമരങ്ങൾ കെട്ടടങ്ങിയ ശേഷമുള്ള പിൽക്കാലം:- കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ബഹുജന പ്രചാരണത്തിനുള്ള പ്രാധാന്ന്യം തിരിച്ചറിയുകയും അതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ആരഭിക്കുകയും ചെയ്തു.
1952-ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉടമസ്ഥതയിൽ 'പ്രഭാത് പ്രിന്റിംഗ് & പബ്ലഷിംഗ് കമ്പിനി' രജിസ്റ്റർ ചെയ്‌തു. ആദ്യം കോഴിക്കോട്ടും തുടർന്ന് എറണാകുളത്തും ആസ്ഥാനമാക്കിയ ശേഷമാണ്, തിരുവനന്തപുരത്ത് ഹെഢാഫീസ് സ്ഥാപിച്ച് പ്രവർത്തനം തുടർന്നത്.

വെറുമൊരു പാർട്ടി പ്രസാധന സ്ഥാപനം എന്നതിൽ കവിഞ്ഞ് മികച്ച ഒരു പ്രസാധനശാലയായി ഇത് വളർന്നു... 'ആരോഗ്യ വിജ്ഞാനകോശം' പോലുള്ള കൃതികളും 1970-കളിൽ പ്രസിദ്ധീകരിച്ചു.
1955 മുതൽ 1980-കൾ വരെ സോവിയറ്റ് യൂണിയനിൽ നിന്നുള്ള പുസ്‌തകങ്ങളുടെ വിതരണം (അതും വളരെ കുറഞ്ഞ വിലക്ക്) നിർവഹിച്ചതിന്റെ പേരിലാണ് ഞാൻ 'പ്രഭാതി'നെ ഏറ്റവുമധികം പ്രിയത്തോടെ ഓർക്കുന്നത്.
ഇന്ത്യയ്ക്ക് പുറത്ത് മലയാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച അപൂർവ്വം രാജ്യങ്ങളിലൊന്നാണ് സോവിയറ്റ് യൂണിയൻ. അക്കാലത്ത് റഷ്യൻ പുസ്തകങ്ങൾ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുക യുണ്ടായി. ഈ പുസ്തകങ്ങൾ വിതരണം ചെയ്യാനുള്ള വിപുലമായ വീതരണ ശൃംഖലകൾ ഇന്ത്യയിലുടനീളം ഉണ്ടായിരുന്നു. മലയാള പുസ്തകങ്ങളുടെ വിതരണക്കാർ പ്രഭാത് ബുക്ക് ഹൗസ് ആയിരുന്നു.
(കർണ്ണാടകയിൽ നവകർണ്ണാടക പബ്ളിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും ആന്ധ്ര പ്രദേശിൽ വിശാലാന്ധ്ര പബ്ലിഷിങ് ഹൗസ് തമിഴ് നാട്ടിൽ ന്യു സെഞ്ച്വറി ബുക്ക് ഹൗസ് പ്രൈവറ്റ് ലിമിറ്റഡും ഡെൽഹി യിൽ പീപ്പിൾസ് പബ്ലിഷിങ് ഹൗസും സോവിയറ്റ് പുസ്തകങ്ങൾ അതതു ഭാഷകളിൽ വിതരണം ചെയ്തു.)

നാനാമേഖലയിലും വിഷയത്തിലുമുള്ള സോവിയറ്റ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചി രുന്നു. മാർക്സിസം - ലെനിനിസം, സോഷ്യലിസം സംബന്ധമായി ഉള്ള പുസ്തകങ്ങൾ തന്നെയായിരുന്നു മുന്നിൽ. പോപ്പുലർ സയൻസ് ഗ്രന്ഥങ്ങൾ, പാഠപുസ്തകങ്ങൾ, ജീവചരിത്രങ്ങൾ, സാമൂഹ്യ ശാസ്ത്ര പുസ്തകങ്ങൾ, മറ്റു വൈജ്ഞാനിക മേഖലയിലെ ഗ്രന്ഥങ്ങൾ, റഷ്യൻ എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികൾ അങ്ങനെ ഒട്ടനവധി മേഖലകളിലെ പുസ്തകങ്ങൾ.... 'അമ്മ' (നോവൽ), 'ലോകത്തെ പിടിച്ചു കുലുക്കിയ പത്തു നാളുകൾ', 'ഭൗതിക കൗതുകം', ' ഒന്ന് രണ്ട് അനന്തം', സൗരവാതം' തുടങ്ങിയ ഈ പരമ്പരയിൽ വന്നതിൽ ചിലതാണ്.
എന്നാൽ ഇവയിൽ ഏറ്റവും പ്രധാനമായി എനിക്ക് തോന്നുന്നത് റഷ്യൻ ബാലസാഹിത്യ പുസ്തകങ്ങൾ തന്നെയാണ്. ലോകത്തെല്ലായിടത്തുമെന്ന പോലെ കേരളത്തിലും നമ്മുടെ മാതൃഭാഷയിൽ ലഭ്യമായിരുന്നു. ഈ പുസ്തകങ്ങളെല്ലാം മേനിക്കടലാസിൽ അന്ന് ലഭ്യമായ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു തന്നെ മനോഹരമായി പ്രസിദ്ധീകരിച്ചു.
'പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ'യുടെ (പിന്നീട്, റാദുഗ പബ്ലിഷേഴ്സ് മോസ്കോ) ആയിരുന്നു പ്രസാധകരുടെ ഇംപ്രിൻ്റ്; മലയാള പുസ്തകങ്ങളുടെ പരിഭാഷ നിർവഹിച്ചവരിൽ പ്രധാനികൾ മോസ്‌കോ ഗോപാലകൃഷ്ണനും ഭാര്യ ഓമനയുമാണ്. ഇവർക്കു പുറമെ സുഭദ്രാ പരമേശ്വരൻ, എ. പാറക്കുന്നേൽ എന്നിവരും. അവരെ സ്മരിക്കാതെ വയ്യ.
അമ്മ (നോവൽ) -മാക്സിം ഗോർക്കി; ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിവസങ്ങൾ -ജോൺ റീഡ്; ടോൾസ്റ്റോയ് കഥകൾ -ലിയോ ടോൾസ്റ്റോയ്; നീലക്കപ്പ് -അർക്കാദി ഗൈദർ; ചുക്കും ഗെക്കും -അർക്കാദി ഗൈദർ; കുട്ടികളും കളിത്തോഴരും -ഓൾഗ പിറോവ്സ്കയ; മൂന്നു തടിയന്മാർ -യൂറി ഒലേഷ... ഇവയൊന്നും മറക്കില്ല ഒരിക്കലും.