
കേരള രാഷ്ട്രീയത്തിലെ പരമ്പരാഗത ശാക്തിക ചേരികളെ അമ്പരപ്പിച്ചുകൊണ്ട്, കിഴക്കമ്പലത്തെ ട്വന്റി-20 പ്രസ്ഥാനം ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തിലേക്ക് ചേക്കേറുന്നത് പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുകയാണ്.
എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരേപോലെ വെല്ലുവിളി ഉയർത്തി കോർപ്പറേറ്റ് വികസന മാതൃകയിലൂടെ ജനശ്രദ്ധ നേടിയ ഈ പ്രസ്ഥാനം, കേന്ദ്ര ഭരണകക്ഷിയുമായി കൈകോർക്കുമ്പോൾ അത് കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
അഴിമതിരഹിത ഭരണം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യസുരക്ഷാ വിപണികൾ എന്നിവയിലൂടെ കിഴക്കമ്പലത്ത് വിജയം കൊയ്യ ട്വന്റി-20, ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത് തങ്ങളുടെ നിലനിൽപ്പ് ഭദ്രമാക്കാനാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കിറ്റെക് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് 2015-ൽ രൂപീകരിച്ച ട്വന്റി-20 ചുരുങ്ങിയ കാലയളവിനുള്ളിൽ കിഴക്കമ്പലത്തിന് പുറമെ സമീപത്തെ മറ്റ് മൂന്ന് പഞ്ചായത്തുകളിൽ കൂടി അധികാരം പിടിച്ചെടുത്ത് കരുത്ത് തെളിയിച്ചിരുന്നു. കിഴക്കമ്പലം പഞ്ചായത്ത് ആസ്ഥാനത്ത് അവർ നടപ്പിലാക്കിയ മാതൃകാപരമായ വികസന പ്രവർത്തനങ്ങൾ കേരളത്തിലുടനീളം ചർച്ചയായിരുന്നു. എന്നാൽ 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും തന്ത്രപരമായ ഐക്യമുണ്ടാക്കി തങ്ങളെ നേരിട്ടതോടെ കുന്നത്തുനാട്, മഴുവന്നൂർ തുടങ്ങിയ മേഖലകളിൽ ട്വന്റി-20ക്ക് ഭരണം നഷ്ടമായി. സംസ്ഥാന സർക്കാരുമായുള്ള നിരന്തരമായ നിയമപ്പോരാട്ടങ്ങളും രാഷ്ട്രീയമായ ഒറ്റപ്പെടുത്തലും നേരിടാൻ ഒരു ദേശീയ ശക്തിയുടെ പിന്തുണ അനിവാര്യമാണെന്ന തിരിച്ചറിവാണ് സാബു ജേക്കബിനെ ഈ നിർണ്ണായക തീരുമാനത്തിലേക്ക് നയിച്ചത്.
ഈ സഖ്യം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കും. ബി.ജെ.പിക്ക് ക്രൈസ്തവ വോട്ടുകൾക്കിടയിലും വികസനത്തിന് മുൻഗണന നൽകുന്ന നിഷപക്ഷ വോട്ടർമാർക്കിടയിലും സ്വാധീനം വർദ്ധിപ്പിക്കാൻ ട്വന്റി-20യുമായുള്ള ബന്ധം സഹായിക്കും. മറുവശത്ത്, കേന്ദ്ര സർക്കാരിന്റെ പവർ ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദങ്ങളെ മറികടക്കാൻ ട്വന്റി-20ക്ക് സാധിക്കുമെങ്കിലും, ഒരു പ്രത്യേക മതവിഭാഗത്തിന്റെ പാർട്ടിയെന്ന് എതിരാളികൾ മുദ്രകുത്തുന്ന ബി.ജെ.പിയുമായി ചേരുന്നത് തങ്ങളുടെ സ്വതന്ത്ര പ്രതിച്ഛായയെ ബാധിക്കുമോ എന്ന ആശങ്ക ട്വന്റി-20യുടെ അണികൾക്കിടയിലുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും വോട്ട് ബാങ്കുകളിൽ ചോർച്ചയുണ്ടാക്കാൻ ഈ പുതിയ സഖ്യത്തിന് സാധിച്ചാൽ കേരളത്തിൽ മൂന്നാമതൊരു രാഷ്ട്രീയ ബദൽ എന്ന ബി.ജെ.പിയുടെ സ്വപ്നം യാഥാർത്ഥ്യമാകാൻ സാധ്യതയേറും.
കിറ്റെക്ട് ഗ്രൂപ്പിന്റെ സാമ്പത്തിക കരുത്തും ബി.ജെ.പിയുടെ രാഷ്ട്രീയ സ്വാധീനവും ഒത്തുചേരുമ്പോൾ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രം മാറുന്നത് വരും വർഷങ്ങളിൽ കാണാൻ സാധിക്കും, കേരളം നിക്ഷേപ സൗഹൃദമല്ലെന്ന സാബു ജേക്കബിന്റെ വാദങ്ങളും നരേന്ദ്ര മോദിയുടെ വികസന നയങ്ങളും ഈ സഖ്യത്തിന്റെ പ്രധാന പ്രചാരണ വിഷയങ്ങളായി മാറും.