
കുടുംബബന്ധങ്ങളുടെയും സ്ത്രീശക്തിയുടെയും ഹൃദയസ്പര്‍ശിയായ കഥയുമായി ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന പുതിയ പരമ്പരയാണ് 'ഈ പുഴയും കടന്ന് '. ജീവിതത്തിലെ അപ്രതീക്ഷിത നഷ്ടങ്ങള്‍ക്കിടയിലും പ്രതിരോധവും കരുത്തും കൈവിടാതെ മുന്നേറുന്ന ഒരു അമ്മയുടെയും അവളുടെ നാല് പുത്രിമാരുടെയും കഥയാണ് ഈ സീരിയല്‍ അവതരിപ്പിക്കുന്നത്.
പിതാവിന്റെ അപ്രതീക്ഷിത വേര്‍പാടിനെ തുടര്‍ന്ന് ജീവിതത്തിന്റെ കഠിന യാഥാര്‍ത്ഥ്യങ്ങളെ നേരിടേണ്ടിവരുന്ന ഗംഗ, കാവേരി, യമുന, നില എന്നീ നാല് സഹോദരിമാരുടെയും അവരുടെ അമ്മയുടെയും ജീവിതത്തിലൂടെയാണ് കഥ മുന്നേറുന്നത്. കുടുംബത്തിന്റെ താങ്ങും തണലുമായ പുരുഷ സാന്നിധ്യം നഷ്ടമായ ശേഷം, മാനസിക സംഘര്‍ഷങ്ങളും സാമൂഹിക വെല്ലുവിളികളും അതിജീവിച്ച് ഒരുമിച്ചു മുന്നേറുന്ന സ്ത്രീകളുടെ യാത്രയാണ് 'ഈ പുഴയും കടന്ന് ' പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.
സ്‌നേഹം, കുടുംബബന്ധങ്ങള്‍, ത്യാഗം, സഹനശക്തി, പ്രതിസന്ധികളെ അതിജീവിക്കുന്ന ആത്മവിശ്വാസം എന്നിവയാണ് സീരിയലിന്റെ മുഖ്യ പ്രമേയങ്ങള്‍. യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന കഥാപാത്രങ്ങളും ശക്തമായ നാടകീയ മുഹൂര്‍ത്തങ്ങളും സീരിയലിനെ കുടുംബപ്രേക്ഷകര്‍ക്ക് ഏറെ അനുഭവവേദ്യമാക്കുന്നു.
ഗോമതി പ്രിയ, കുഞ്ഞികൃഷ്ണന്‍, നിഷ സാരംഗ്, ഹരിത നായര്‍, രേവതി, ലക്ഷ്യ, പ്രബിന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ പരമ്പര ശക്തമായ അഭിനയവും വികാരസമ്പന്നമായ കഥാപറച്ചിലും കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.
കുടുംബപ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിക്കാന്‍ ഒരുങ്ങുന്ന 'ഈ പുഴയും കടന്ന് ' ഫെബ്രുവരി 2 മുതല്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, രാത്രി 9.30ന് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നു.