
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ‘ജനനായകൻ’ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിൽ തുടരുന്നു. സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെയുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ഈയാഴ്ചയും വിധി ഉണ്ടാകില്ലെന്ന് വ്യക്തമായി. നാളെയും കോടതി ഉത്തരവ് പറയാത്ത സാഹചര്യത്തിലും, തിങ്കളാഴ്ച റിപ്പബ്ലിക് ദിന അവധി കൂടി വരുന്നതിനാലും ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി.
സുപ്രീംകോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ കേസ് നിലവിൽ പരിഗണിക്കുന്നത്.
ഏകദേശം 500 കോടി രൂപയുടെ വൻ ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് റിലീസ് വൈകുന്നത് വലിയ സാമ്പത്തിക ആഘാതമാണ് ഉണ്ടാക്കുന്നതെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചിട്ടുണ്ട്. സിനിമയുടെ ഓരോ ദിവസത്തെ വൈകലും തങ്ങൾക്ക് കനത്ത നഷ്ടമുണ്ടാക്കുന്നതായാണ് കെ.വി.എൻ പ്രൊഡക്ഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് വിജയ് നായകനായി എത്തുന്ന കരിയറിലെ അവസാന ചിത്രമെന്ന നിലയിൽ വലിയ ഹൈപ്പിലാണ് ‘ജനനായകൻ’ അണിയറയിൽ ഒരുങ്ങിയത്. എന്നാൽ അവസാന നിമിഷം സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ചതോടെ ചിത്രം വലിയ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയായിരുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, പ്രിയാമണി, മമിത ബൈജു തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വെങ്കട്ട് കെ. നാരായണ നിർമ്മിക്കുന്ന ചിത്രത്തിന് സഹനിർമ്മാതാക്കളായി ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമുണ്ട്.
ദശകങ്ങൾ നീണ്ട വിജയ്‍യുടെ സിനിമാ യാത്രയ്ക്ക് വിരാമമിടുന്ന ഈ ചിത്രം തിയേറ്ററിലെത്തിക്കാൻ ഇനി കോടതിയുടെ അനുകൂല വിധി വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.