
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബിജു മേനോൻ-ജോജു ജോർജ് ചിത്രം ‘വലതുവശത്തെ കള്ളൻ’ സെൻസറിങ് പൂർത്തിയാക്കി തിയേറ്ററുകളിലേക്ക്. ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയ്ക്ക് ക്ലീൻ യു/എ (U/A) സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ആകർഷകമായ ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ജനുവരി 30-ന് പ്രദർശനത്തിന് എത്തും.
ദൃശ്യം, മെമ്മറീസ്, നേര് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷയാണ് ചിത്രം പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. പുറത്തിറങ്ങിയ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിനു തോമസ് ഈലൻ തിരക്കഥയൊരുക്കിയ ചിത്രം നിർമ്മിക്കുന്നത് ഷാജി നടേശനാണ്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് എന്നീ ബാനറുകൾ ചേർന്നാണ് നിർമ്മാണം.