
വേദിയുടെ ഇരുവശത്തുമായി കെട്ടിയുറപ്പിച്ച സ്പീക്കറുകളിലൂടെ ശാന്തഗംഭീരമായ ഒരു ശബ്ദമൊഴുകുന്നു. അനർഗ്ഗളമായ ആ ഗാനപ്രവാഹത്തിൽ മുഴുകി കോരിത്തരിച്ചുനിൽക്കുന്നു മാനാഞ്ചിറ മൈതാനത്തെ ജനക്കൂട്ടം.
നാല് പതിറ്റാണ്ട് പഴക്കമുള്ള ഓർമ്മ. അന്ന് കേട്ട "ഏകാന്തതയുടെ അപാരതീരം" ഇതാ ഈ നിമിഷവുമുണ്ട് കാതിൽ.
ആദ്യം നേരിൽ കാണുകയും കേൾക്കുകയുമായിരുന്നു കമുകറ പുരുഷോത്തമൻ എന്ന ഗായകനെ. മൈക്ക് കയ്യിലേന്തി ഏതോ അദൃശ്യബിന്ദുവിൽ കണ്ണുനട്ടുകൊണ്ട് പി ഭാസ്കരന്റെ വരികളിലൂടെ, ബാബുരാജിന്റെ സംഗീതത്തിലൂടെ സ്വയം മറന്നൊഴുകുന്നു അദ്ദേഹം. ആദിമഭീകര വനവീഥികളും നിലാവിൽ മയങ്ങിയ മരുഭൂമികളും കടന്ന് പാട്ട് നൂറ്റാണ്ടുകളുടെ ഗോപുരമണികൾ വീണുതകർന്ന തെരുവീഥികളിലേക്കൊഴുകുമ്പോൾ നിലയ്ക്കാത്ത കയ്യടികളാൽ മുഖരിതമാകുന്നു അന്തരീക്ഷം. ചുറ്റും അശാന്തമായ ഒരു കടലിന്റെ ഇരമ്പം.
"എന്റെ മാത്രം പാട്ടല്ല അത്." -- പിറ്റേന്ന് ഒരഭിമുഖത്തിനായി ആരാധന ടൂറിസ്റ്റ് ഹോമിൽ ചെന്ന് കണ്ടപ്പോൾ കമുകറ പറഞ്ഞു. "പലരുടെയുമാണ് -- ബഷീറിന്റെ, വിൻസന്റ് മാസ്റ്ററുടെ, ഭാസ്കരന്റെ, ബാബുരാജിന്റെ.... ഓരോ തവണയും ആ പാട്ട് പാടുമ്പോൾ അവരുടെയൊക്കെ മുഖങ്ങൾ മനസ്സിൽ തെളിയും. അതുപോലൊരു പാട്ട് പാടാൻ വിധി എന്നെ നിയോഗിച്ചു എന്നത് മഹാഭാഗ്യമായി കരുതുന്നു ഞാൻ...."
പിന്നീടൊരിക്കൽ കോഴിക്കോട് ബാങ്ക് റോഡ് ശിവപുരി കോമ്പൗണ്ടിലെ കൊച്ചു വാടകവീട്ടിലിരുന്ന് എനിക്കും ഭാര്യയ്ക്കും വേണ്ടി ആ പാട്ട് പാടിയിട്ടുണ്ട് കമുകറച്ചേട്ടൻ. നവദമ്പതികൾക്ക് പ്രിയഗായകന്റെ വിവാഹസമ്മാനം. പാട്ടിനൊപ്പമുള്ള യാത്രയിൽ വീണുകിട്ടിയ അപൂർവ സുന്ദര നിമിഷങ്ങളിലൊന്ന്.
Hide quoted text
"ഇന്ന് നീ വന്നെത്തിയൊരിടമോ.."എന്ന ഭാഗമെത്തിയപ്പോൾ റയോ ഡി ജനീറോയിലെ റെഡീമർ ശിൽപ്പത്തിലെ യേശുദേവനെപ്പോലെ കൈകൾ രണ്ടും വിടർത്തി കമുകറ; കണ്ണുകൾ ചിമ്മി. "ഭാർഗ്ഗവീനിലയ"ത്തിലെ ആ പാട്ട് പാടാൻ എന്തുകൊണ്ട് കമുകറ പുരുഷോത്തമൻ എന്ന ഗായകനെ സംഗീത സംവിധായകൻ ബാബുരാജ് തിരഞ്ഞെടുത്തു എന്നതിനുള്ള ഉത്തരമായിരുന്നു ആ വരി. സിനിമയിലെ പാട്ടുരംഗത്ത് മാത്രമല്ല, വേദികളിൽ കമുകറ ആ ഗാനം പാടിക്കേൾക്കുമ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുള്ള വരിയാണത്. ബഷീർ തന്നെ എവിടെയോ എഴുതിയ പോലെ മധുരവേദനയിൽ ചാലിച്ച വരി.
കമുകറ മാത്രമല്ല, പാട്ടെഴുതിയ ഭാസ്കരൻ മാഷും ഈണമിട്ട ബാബുക്കയും ബഷീറും വിൻസന്റ് മാഷും എല്ലാമുണ്ട് ആ ഒറ്റ വരിയിൽ എന്ന് തോന്നും ചിലപ്പോൾ.. "റെക്കോർഡിംഗിനിടെ ഈ വരി പലതവണ എന്നെ പാടിച്ചിട്ടുണ്ട് ബാബു; മതിവരാതെ..." -- കമുകറ പറഞ്ഞു.
ബഷീറിലെ ദാർശനികന്റെ, സൂഫിയുടെ, സന്യാസിയുടെ, ഏകാകിയായ അവധൂതന്റെ മനസ്സിനോട് ഏറ്റവും അടുത്തുനിൽക്കുന്ന പാട്ടായിരുന്നു ഏകാന്തതയുടെ അപാരതീരം. "അറിവിൻ മുറിവുകൾ കരളിതിലേന്തി അനുഭൂതികൾ തൻ ചിറകിൽ നീന്തി, മോഹാന്ധത തീർന്നെത്തിയൊരിടമോ ഏകാന്തതയുടെ അപാരതീരം...'' അനുപദം ബഷീറിയൻ ദർശനം നിറഞ്ഞുനിൽക്കുന്ന ആ വരികൾ അവയുടെ ആത്മാവറിഞ്ഞു കൊണ്ടുതന്നെ പാടി കമുകറ. ഏകാന്തതയുടെ അപാരതീരത്തെ "കമുകറക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ഗാനം " എന്ന് ബേപ്പൂർ സുൽത്താൻ വിശേഷിപ്പിച്ചത് വെറുതെയല്ല.
"ഭാർഗ്ഗവീനിലയ"ത്തിന്റെ സ്ക്രിപ്റ്റിന്റെ മാർജിനിൽ ബഷീർ എഴുതിവച്ചിരുന്ന രണ്ടു വാക്കുകളിൽ നിന്നാണ് ആ ഗാനത്തിന്റെ പിറവി -- ഏകാന്തതയുടെ മഹാതീരം. ഭാസ്കരൻ മാഷ് പാട്ടെഴുതിത്തുടങ്ങിയതും ആ വരിയിൽ നിന്ന് തന്നെ. അപാരതീരം എന്ന് കൂടി ചേർത്താൽ നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടത് സംവിധായകൻ വിൻസൻറ്. മടിയൊന്നും കൂടാതെ ആ നിർദേശം സ്വീകരിക്കുന്നു ഭാസ്കരൻ. സംഗീതസംവിധായകൻ ബാബുരാജാകട്ടെ, ഈണം കൊണ്ട് ആ അപാരതയെ ആത്മീയ തലത്തിലേക്കുയർത്തുന്നു.
ആരുടെ ശബ്ദത്തിലാണ് പാട്ട് റെക്കോർഡ് ചെയ്യേണ്ടതെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു സംവിധായകന് -- ഇഷ്ടഗായകനായ ഹേമന്ദ് കുമാറിന്റെ. ബഷീറിനുമുണ്ടായിരുന്നില്ല മറിച്ചൊരു അഭിപ്രായം. "ഹേമന്ദിന്റെ ശബ്ദത്തിൽ ഒരു ഏകാകിയുടെ മനസ്സുണ്ട്. നേർത്തൊരു നൊമ്പരവും. പ്യാസയിലെ ജാനേ വോ കൈസേ പോലെ ഉദാത്തമായ ഒരു സംഗീതാനുഭവമാകണം ഏകാന്തതയുടെ അപാരതീരം എന്നായിരുന്നു എന്റെ മോഹം. '' -- വിൻസന്റിന്റെ വാക്കുകൾ. നിർഭാഗ്യവശാൽ മലയാളത്തിൽ പാടാൻ താൽപ്പര്യമില്ല ഹേമന്ദിന്. പകരം അതുപോലൊരു മലയാളി ശബ്ദത്തിനായുള്ള തിരച്ചിലാണ് കമുകറ പുരുഷോത്തമനിൽ ചെന്നു നിന്നത്.
ഇതേ ഗാനത്തെ കുറിച്ച് കമുകറയുടെ മകളും സംഗീതാധ്യാപികയുമായ ഡോ ശ്രീലേഖ പങ്കുവെച്ച ഒരനുഭവം കൂടി കേൾക്കുക: "അച്ഛന്റെ പേരിലുള്ള അവാർഡ് ദാന ചടങ്ങിൽ ഒരു വർഷം എസ് പി ബാലസുബ്രഹ്മണ്യമായിരുന്നു മുഖ്യാതിഥി. ചടങ്ങിന് വരും മുൻപ്, എസ് പി ബി ഒരു കാര്യം ആവശ്യപ്പെട്ടു; വേദിയിൽ തനിക്ക് പാടാൻ വേണ്ടി അച്ഛന്റെ നല്ല കുറച്ചു പാട്ടുകൾ അയച്ചുകൊടുക്കാൻ. അയച്ച പാട്ടുകളിൽ നിന്ന് അദ്ദേഹം തിരഞ്ഞെടുത്തത് ഏകാന്തതയുടെ അപാരതീരം. അവാർഡ് സമ്മാനിക്കാൻ എത്തിയപ്പോൾ എസ് പി ബി പറഞ്ഞു; അച്ഛന്റെ ശബ്ദം കേട്ടപ്പോൾ ഹേമന്ദ് കുമാറിനെ ഓർമ്മ വന്നു എന്ന്..''