Image

സാറാ ( നീണ്ടകഥ- 10 : അന്നാ പോൾ)

Published on 22 January, 2026
സാറാ ( നീണ്ടകഥ- 10 : അന്നാ പോൾ)

മകരക്കൊയ്ത്തു കഴിഞ്ഞപ്പോൾ
കഷ്ടിച്ച് ആറു പറ നെല്ല് കിട്ടി.
എത്ര പരിശ്രമിച്ചിട്ടും ഒരു പത്തു പറ നെല്ല് കൂലിയായി മേടിയ്ക്കാൻ കൊച്ചു പെണ്ണിനു കഴിഞ്ഞില്ല.
പകലന്തിയോളം നടു നിവർത്താതെ അവൾ കൊയ്തു കൂട്ടി... വിശപ്പും തളർച്ചയും വകവെയ്ക്കാതെ...
കറ്റകൾ ചുമന്നു ചിറയിലെ മെതിക്കളത്തിൽ എത്തിയ്ക്കാൻ മറ്റുള്ള പെണ്ണാൾക്കെല്ലാം മക്കളോ കെട്ടിയോ നോ സഹായത്തിനുണ്ടാവും.
റാഹേലിനു ദാനിയേൽ സഹായത്തിനുണ്ട്.
ചിന്നതാത്തിയ്ക്കു കലീംപുലീം പോലെ രണ്ടാൺമക്കൾ സഹായത്തിനുണ്ട്. കൊച്ചുപെണ്ണിനതൊക്കെ ക്കാണുമ്പോൾറെഞ്ചുരുകും... ങാഎന്റെ തലവിധി എന്നവൾ ആശ്വസിയ്ക്കും. 
പിന്നെ എല്ലാം സഹിയ്ക്കുന്നത് തന്റെ മകളുടെ പഠനത്തിനു വേണ്ടിയാണല്ലോന്നു ഓർക്കുമ്പോൾ ആശ്വാസം തോന്നും. മകളെ പഠിപ്പിച്ചു ആശാട്ടിയാക്കണം

 ഊണിലും ഉറക്കത്തിലും ഒരേ ചിന്ത!:
ആ ലക്ഷ്യത്തിലെത്താൻ അവൾ പെടാപ്പാടുപെടുകയാണ്.
കൂട്ടത്തിലുള്ള പെണ്ണുങ്ങൾ പറഞ്ഞു ചിരിയ്ക്കും.
മകളെ പഠിപ്പിച്ചു മൈ സ്റേട്ടാക്കും. അവടെ ഒരു  ഞ്ഞെളിപ്പ്.
കൊച്ചു പെണ്ണു ചിലപ്പോൾ നല്ല മറുപടി കൊടുക്കും.
മിക്കവാറും അതൊന്നും കേട്ടതായി ഭാവിയ്ക്കില്ല.
അവരുടെ പരിഹാസത്തിന് തന്റെ തീരുമാനത്തെ മാറ്റാനാവില്ലെന്നവൾക്കറിയാം.
തമ്പുരാന്റെ വീട്ടിലേയ്ക്കു നെല്ലു ചാക്കുകൾ ചുമന്നുകൊണ്ട് ആണുങ്ങൾ നിരനിരയായി ചിറയിലൂടെ നീങ്ങിക്കൊണ്ടിരുന്നു
പത്തായങ്ങളിൽ പുന്നെല്ലു നിറഞ്ഞു... നെൽപ്പുരകളിൽ നെല്ലിൻ ചാക്കുകൾ അട്ടി അട്ടിയായ് ഉയർന്നു.
പുന്നെല്ലിൻറേയും വൈക്കോലിന്റേയും മണമുള്ള വയലിലും കളപ്പുരകളിലും പണിക്കാരരാവും പകലും വിയർപ്പൊഴുക്കി. പണിയെടുത്തു കുഴഞ്ഞു. ദാനിയേൽ കളം കാവലിനു കിടപ്പാണ്... ഒന്നു രണ്ടു ആഴ്ചയെങ്കിലും കഴിഞ്ഞാലേ കുടീലേയ്ക്കു പോകാൻ അനുവാദം കിട്ടുകയുള്ളു.
പൂമുഖത്തു ചാരുകസേരയിൽ മുറുക്കിച്ചുവപ്പിച്ച് തമ്പുരാക്കന്മാർ കുംഭതടവി ക്കിടന്നുകൊണ്ടു് ആജ്ഞകൾ നൽകുന്നു.
... 
തമ്പുരാന്റെ ഫലിതം കേട്ട് ചിരിക്കാൻ കാര്യസ്ഥന്മാർ ചുറ്റിനും നിൽക്കുന്നു.
നേരമ്പോക്കുകൾക്കിടയിൽ മുറുക്കിത്തുപ്പാൻ ഓട്ടു കോളാമ്പികൾ പിടിച്ചു കൊണ്ട് പരിചാരകൻ കാത്തു നിൽക്കുന്നു.
തിരുവിതാംകൂറിലെമ്പാടുമുള്ള ജന്മി നാടുവാഴികളുടെ അറയും മനസ്സും നിറയുന്ന മകര മാസം!!
ദാനിയേലിനു കുടിയ്ക്കാൻ കഞ്ഞിയുമായ് റാഹേലെത്തി... എത്ര ദൂരം നടന്നാണവൾ തനിയ്ക്കു കഞ്ഞിയുമായ് എത്തുന്നതെന്നു ഓർക്കുമ്പോൾ അയാൾക്കു കഞ്ഞി കുടിയ്ക്കാൻ വിമ്മിട്ടം തോന്നും.
"നീ ഇനി വരണ്ട പെണ്ണേ ഇത്രദൂരം നടന്ന് "... ഞാൻ എങ്ങനെങ്കിലും കഴിഞ്ഞോളാം.... കൊയ്ത്തു കാലത്തു വള്ളത്തിൽ കാപ്പിയും പലഹാരങ്ങളുമായ് കച്ചവടക്കാർ വരാറുണ്ട്. അവരോടു വല്ലതും വാങ്ങിക്കഴിച്ചോളാം"...
" അതിനു നിങ്ങടെ കയ്യീ കാശൊണ്ടാ
അവരു കടം തരും.. കളം ഒഴിഞ്ഞു പോകുമ്പം നെല്ലോ കാശോ കിട്ടും.അന്നേരം കൊടുത്താ മതി.
അയാൾ വീണ്ടും പറഞ്ഞു. നീ നടന്നു കഷ്ടപ്പെടണ്ട റാഹേലേ.
... ആഴ്ചകളായി തമ്മിൽക്കണ്ടിട്ടും മിണ്ടിയിട്ടും .. റാഹേൽ ദാനിയേലിനെ കണ്ണിമയ്ക്കാതെ നോക്കി നിന്നു....അയാൾ തിരിച്ചും..... അവരുടെ ദാമ്പത്യത്തിന്റെ സുഖകരമായ ഒഴുക്കിനു ഇതൊക്കെത്തന്നെ ധാരാളം... റാഹേലിന്നു നാണം തോന്നി.... അവൾ പുഞ്ചിരിച്ചു കൊണ്ട് ഏറുകണ്ണിട്ടു നോക്കി ചോദിച്ചു
"എനക്ക് നാണം വരുന്നു... ഇതെന്നാ നോട്ടമാ...
അയാൾ കഞ്ഞി കോരി ക്കുടിക്കുന്നതും നോക്കി അവൾ അരികിലിരുന്നു....അയാൾ അമ്മച്ചിയുടെയും മക്കളുടേയും കാര്യങ്ങൾ അന്വേഷിച്ചു...
ആറ്റിറമ്പിലെ കൊച്ചു കൂടിലിൽ, ക്ഷീണിച്ചു തളർന്നു കൊച്ചു പെണ്ണെത്തി.
അവളുടെ സമ്പാദ്യം ആറു പറ നെല്ല് മാത്രം.
പത്തു പറ നെല്ല് അങ്ങോട്ടു അളന്നു എടുക്കും ഉടമസ്ഥൻ - .. പണിയെടുത്തവൾക്ക് ഒരു പറ നെല്ല് കൂലി.
പത്തിലൊന്നു പതം എന്നതാണു നിയമം.
ഏഴിനൊന്നാക്കണമെന്നു പറഞ്ഞ് ചില സ്ഥലങ്ങളിൽ സമരവും അടിപിടിയുമൊക്കെ തുടങ്ങിയിട്ടുണ്ട്... തൊഴിലാളികൾ അവകാശങ്ങൾക്കായ് പോരാടാൻ തുടങ്ങിയിട്ടുണ്ട്... സംഘടിയ്ക്കാനും സംഘടിപ്പിയ്ക്കാനും ആളില്ലാതെ പഴയ രീതിതന്നെ തുടരുന്നു.
മാറ്റത്തിന്റെ കാറ്റ് ഏറ്റവും അവസാനം വീശുന്നത് മഞ്ചാടിക്കരിയിലായിരിക്കും.
വെയിലേറ്റു കരിവാളിച്ച മുഖവുമായെത്തിയ അമ്മച്ചിയെക്കണ്ടപ്പോൾ സാറായുടെ നെഞ്ചു പിടഞ്ഞു.

അമ്മച്ചിയുടെ കഷ്ടപ്പാടിനുള്ള പ്രതിഫലം കൊടുക്കാൻ തനിയ്ക്കു എന്നു സാധിയ്ക്കും.
: അവൾ കരയുന്നതു കാണാതിരിയ്ക്കാൻ അവൾ കടവിലേയ്ക്കോടിപ്പോയി....
...
കൊച്ചു പെണ്ണു അടുക്കളയിലെത്തി.
കാപ്പി കുടിയ്ക്കുമ്പോഴും അവളുടെ മനസ്സ് കണക്കുകൾ കൂട്ടിത്തുടങ്ങി.
...കുറച്ചുനാൾ കുടി കൊയ്ത്തു ഉണ്ടാവും... ദൂരെയുള്ള പാടശേഖരങ്ങളിൽ നെല്ലു വിളഞ്ഞു വരുന്നതേയുള... കൊയ്തു കിട്ടുന്ന നെല്ല് വിൽക്കണം
ആട്ടിൻ കുഞ്ഞുങ്ങളെയും വിൽക്കണം. അഞ്ചാറു കോഴികളുണ്ട്...എല്ലാം വിറ്റാലും എന്തു കിട്ടാനാ? കൊച്ചു പെണ്ണിന്റെ മനസ്സിലേയ്ക്കു ആശങ്കകൾ തിക്കിതിരക്കിക്കടന്നുവന്നു... പള്ളിക്കൂടം തുറക്കാൻ ഇനി അധിക ദിവസമില്ല...., പള്ളിക്കൂടത്തിൽപ്പോയി ചേരണം. ശോശയുടെ വീട്ടിൽ ക്കൊണ്ടു കൊച്ചിനെ ആക്കണം... ചെലവിനുള്ള അരിയും എണ്ണയും സോപ്പുമെല്ലാം കൊണ്ടുപോകണം...... ചിന്തകളിൽ മുഴുകി കൊച്ചു പെണ്ണു കാപ്പി കുടിയ്ക്കാൻ മറന്നു. അമ്മച്ചികാപ്പി കുടിയ്ക്കാതെ എന്തോർത്തിരിയ്ക്കുവാ"... സാറായുടെ ചോദ്യം കേട്ട് കൊച്ചു പെണ്ണു ചിരിച്ചു കൊണ്ടു പറഞ്ഞു " അപ്പൻ പറയുമ്പോലെ ഇനി നിന്നെ പഠിപ്പിയ്ക്കുന്നില്ല... വല്ലവന്റേം കൈയ്യി പിടിച്ചേൽപ്പിക്കണം........ അമ്മച്ചിയുടെ തമാശ കേട്ട് അവൾക്ക് ചിരി വന്നു..... തണുത്ത കാറ്റ് വീശിത്തുടങ്ങി... വയലും പുഴയും കടന്ന് സാറായുടെ കൊച്ചു കുടിലിലുമെത്തി. കാറ്റിൽ കൈതപ്പൂവിന്റെ മണമുണ്ടായിരുന്നു.

തുടരും.


Read More: https://www.emalayalee.com/writer/300

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക