
മലയാള നാടിന്റെ മലയോര പ്രദേശങ്ങളിൽ സായിപ്പന്മാർക്ക് വൻതോതിൽ കൃഷിയിടങ്ങൾ ഉണ്ടായിരുന്ന കാലം!.
സായിപ്പിന് തോട്ടത്തിലേക്കും പിന്നെ ബംഗ്ലാവിലേക്കും അത്യാവശ്യം സഞ്ചരിക്കുവാൻ വേണ്ട റോഡുകളും പാലങ്ങളും പണിതു.
അങ്ങനെയിരിക്കെ, ഒരുവിധം നല്ല മഞ്ഞുപെയ്യുന്ന ഒരു കൊച്ചുവെളുപ്പാൻ കാലത്തു്, വണ്ടൻമേടിന്റെ അങ്ങ് താഴ് വാരത്തു നിന്നും ആയിരത്തിത്തൊള്ളായിരത്തി അൻപതു മോഡൽ കറു കറാ കറുത്ത ‘ഹിൽമാൻ ഹണ്ടർ എസ്റ്റേറ്റ് ’- കൂനൻ കാർ മലമുകളിലുള്ള സായിപ്പിന്റെ എസ്റ്റേറ്റിലേക്കു പതുക്കെ പതുക്കെ കയറി വരുന്നു.
ഏറെ ഭാഗവും മഞ്ഞിൽ പൊതിഞ്ഞു വരുന്ന ഈ കൂനൻ കാറിന്റെ മൂളലും,മുരൾച്ചയും,ആകൃതിയും കണ്ടപ്പോൾ കാനനവാസികൾ കരുതി ഇത് ‘മല വണ്ട്’ തന്നെയെന്ന്. അവർ പരിസരവാസികളെ കൂട്ടുന്നതിന് അവരുടേതായ രീതിയിൽ ഒച്ചയും ബഹളവും വച്ചു.
ഇതറിഞ്ഞ നാട്ടുകാരായ കുടിയേറ്റക്കാർ, അവരുടെ നാട്ടുപ്രമാണിയും ഹാരിസൺ എസ്റ്റേറ്റ് മാനേജരുമായ മണിമംഗലത്തു ചാക്കോച്ചൻ എന്ന കുഞ്ഞായിസാറിനെ വിവരമറിയിച്ചു. ഓടിക്കൂടിയ മലയാന്മാരും, കുടിയാന്മാരും - അവരുടെ പ്രമാണിയായ കുഞ്ഞായിസാറും ഐകകണ്ഠേന തീരുമാനിച്ചു ഇത് ഭീമാകാരവും, ഭയാനകവുമായ വിപത്തു വരുത്തുന്ന മലവണ്ട് തന്നെയെന്ന്.
മലമുകളിൽ നിന്നും കൊഴു വെട്ടിയെറിഞ്ഞു മലവണ്ടിനെ കൊല്ലുവാൻ അവർ തീരുമാനിച്ചു. അങ്ങനെ നല്ല മുഴുത്ത ഉരുളൻ കല്ലുകളും മരക്കൊമ്പ് കൊഴുക്കളും മലവണ്ടിന് നേരെ പാഞ്ഞു.
കാറിലുണ്ടായിരുന്ന നല്ല ‘കിളികൾ' പോലത്തെ സായിപ്പും മദാമ്മയും പ്രാണരക്ഷാർത്ഥം കാറിൽ നിന്നും ചാടിയിറങ്ങി പെരും കാട്ടിൽ മറഞ്ഞു.പിന്നെ ഈ ഇണക്കുരുവികൾ പാണ്ടിച്ചിക്കലിങ്കു കടന്ന് ഓമനവളവ് വഴി പാണ്ടിക്ക് പോയി.
വലിയ മുതലാളി ബർണർ സായിപ്പിന്റെ കൊച്ചു മക്കളായ അവർ മധുവിധു ആഘോഷിക്കുവാൻ ഇംഗ്ലണ്ടിൽ നിന്നും വന്നവരായിരുന്നു.
അതോടെ എസ്റ്റേറ്റിലെ മാനേജരും നാട്ടുകാരുടെ കൊച്ചുമുതലാളിയുമായ കുഞ്ഞായിസാറിന്റെ പണി തെറിച്ചു.
“സായിപ്പിന്റെ കളി എന്നോടാ! ഞാനിതെത്ര കണ്ടിരിക്കുന്നു".
കുഞ്ഞായിസാർ ഒട്ടും പിന്നോട്ട് പോയില്ല. നാട്ടിൽ അപ്പനപ്പൂപ്പന്മാർ സമ്പാദിച്ചു വച്ചതും പിന്നെ തനിക്കു കിട്ടിയ സ്ത്രീധനപ്പണവും കൂട്ടി സായിപ്പിന്റെ തോട്ടത്തിനടുത്തു കുറച്ചു ഭൂമി വാങ്ങി. കൂടാതെ സർക്കാർ വക കുറെയേറെ ഭൂമി വളച്ചുകെട്ടിയും എടുത്തു. അവിടെ പുകയിലയും, റബ്ബറും നട്ടു വളർത്തി. കൂടാതെ ‘തേക്കില വാറ്റും' കൂടിയായപ്പോൾ റബ്ബറിനും പുകയിലക്കുമൊപ്പം കുഞ്ഞായിസാറും തഴച്ചു വളർന്നു. പരിവാരങ്ങളുടെ എണ്ണവും കൊഴുത്തു.
കുഞ്ഞായിസാറിന്റെ ശിങ്കിടിമാരിൽ പ്രമുഖരാണ് പന്ന്യങ്കണ്ടം മത്തായിയും ചെറുമാറിക്കൽ തോമായും.
ഒരിക്കൽ ചെറുമാറിക്കൽ തോമാ കുഞ്ഞായിസാറിന്റെ മക്കളോട് എന്തോ അനാവശ്യം കാണിച്ചത്രേ!. കുഞ്ഞായിസാർ തോമായെ പിടിച്ചു ചെപ്പക്കുറ്റിക്ക് രണ്ടടിയും ഒരു തൊഴിയും കൊടുത്തു.കൂടാതെ തോമായെ അവിടെന്നും പുറത്താക്കി.
പാണ്ണ്യംകണ്ടം മത്തായി ഒറ്റിക്കൊടുത്തിട്ടാണത്രെ കുഞ്ഞായിസാർ തോമായെ തല്ലിയത്.
കുഞ്ഞായിസാറിനെ തല്ലിയില്ലെങ്കിലും പാണ്ണ്യംകണ്ടം മത്തായിക്കട്ടെങ്കിലും രണ്ടെണ്ണം കൊടുക്കാമായിരുന്നെന്നു പാഷാണംവർക്കി കുറ്റപ്പെടുത്തി.
“അതിന് എനിക്ക് അടി അറിയാൻ മേലല്ലോ". തോമാ പാഷാണംവർക്കിയോട് പറഞ്ഞു.
തമിഴ് സിനിമ കണ്ടാൽ അടി പഠിക്കാമെന്നു വർക്കി തോമായെ ഉപദേശിച്ചു.
അങ്ങനെയിരിക്കുമ്പോഴാണ് MGR ന്റെ സൂപ്പർഹിറ്റ് ഇടിപ്പടം അടിമപ്പെണ്ണ് ( Adimai penn ) ചന്ദ്രികാ ടാക്കിസിന്റെ വെള്ളിത്തിരയിൽ അഞ്ചാംവാരം നിറഞ്ഞോടുന്നത്. സിനിമ കാണാൻ പണം വേണമല്ലോ!.
ആരോ പാറപ്പുറത്തു ഉണങ്ങുവാൻ ഇട്ടിരുന്ന പറങ്ങാണ്ടി ഉടുമുണ്ടിന്റെ കോന്തലക്കൽ കെട്ടി രാമന്റെ പെട്ടിക്കടയിൽ വിറ്റപ്പോൾ അറുപതു പൈസ കിട്ടി.
അറുപതു പൈസ ധാരാളം. ‘തറ’ ടിക്കറ്റിനു മുപ്പത്തിയഞ്ചു പൈസ. ബാക്കി ഇരുപത്തിയഞ്ചു പൈസയ്ക്ക് വാവാച്ചെന്റെ ചായക്കടയിൽ നിന്നും ചായയും ബോണ്ടയും കഴിക്കാം!.
ബിവറേജിൽ ക്യു നിൽക്കുന്നത് പോലെ ഒരാൾക്ക് കഷ്ടി നടക്കുവാൻ പാകത്തിന് ഇരുവശവും പൊക്കത്തിൽ മതിൽ കെട്ടിയ ഇടുക്കു വഴിയിലൂടെ ഏറ ദൂരം ക്യു നിന്നുവേണം ടിക്കെറ്റ് കൗണ്ടറിൽ എത്തിച്ചേരുവാൻ. അവിടെ ഉന്തും തള്ളും ചവിട്ടുമൊക്കെ സാധാരണമാണ്. പൈസ കൊടുത്തു ടിക്കെറ്റ് വാങ്ങുവാൻ അടച്ചു മറച്ചിരിക്കുന്ന കൗണ്ടറിൽ ഒരു ചെറിയ പൊത്താണുള്ളത്. അതിലൂടെ കൈ കടത്തിയാൽ തിരിച്ചെടുക്കുവാൻ നന്നേ പാടുപെടണം.
തോമാ ഉന്തി തള്ളി ടിക്കറ്റെടുത്തു അകത്തു കയറി. ആദ്യത്തെ രണ്ടു ഉഗ്രൻ ഇടികഴിഞ്ഞപ്പോൾ ‘വെള്ളിത്തിര' ഒന്ന് ശാന്തമായി. തോമാ ‘തറയിൽ' നിന്നും ചാടി എഴുന്നേറ്റ് തോളിൽ കിടന്നിരുന്ന തോർത്ത് കൈയിലെടുത്തു ചുഴറ്റിക്കൊണ്ട് ഉറക്കെ അലറി- “ മണിമംഗലത്തു ചാക്കോ, പാണ്ണ്യംകണ്ടം മത്തായി വാടാ ഇടി ഞാൻ പഠിച്ചെടാ”.
കൊട്ടക ആകെ കൂക്കിവിളിയായി.
പന്ന്യങ്കണ്ടം മത്തായി തറയുടെ പിൻ നിരയിൽ ഇരിപ്പുണ്ടായിരുന്നു. അത് തോമാ അറിഞ്ഞിരുന്നില്ല.
മത്തായി അലറിക്കൊണ്ട് തോമയ്ക്കു നേർ ചാടി വീണു. രണ്ടു പേരും തമ്മിൽ പൂരേ ഇടി. മുണ്ടുപറിച്ചടി. തറയിലെ പൂഴി വാരി പരസ്‌പരം എറിഞ്ഞു. കണ്ടു നിന്നവർ കൂട്ടയടി.
‘തറ’യിലെ അടി നാല്പത്തിയഞ്ചു പൈസയുടെ ’ബെഞ്ചിലേക്കും' അവിടെ നിന്നും അറുപതു പൈസയുടെ ‘സെക്കന്റ് ക്ലാസ്സിലേക്കും' വ്യാപിച്ചു.
ഇത് കണ്ടു വിരണ്ട സിനിമ ഓപ്പറേറ്റർ ലൈറ്റുൾപ്പടെ സകലതും ഓഫാക്കി ഇറങ്ങി ഓടി.
ഒരു രൂപായുടെ ‘ഒന്നാംക്ലാസ്സിൽ' ഓസ്സിനു കുടുംബസമേതം ഇരിപ്പുറപ്പിച്ച സ്ഥലം എസ്ഐ ഇടിയൻ ചാക്കോക്കും കിട്ടി ഇരുട്ടടി. അതോടെ രംഗം ആകെ വഷളായി. പോലീസ്സ് - ലാത്തിയടി-, ആകെ പുക്കാറായി.
മത്തായിയേയും,തോമായെയും- അവരെ ‘പൊക്കുന്നതു’ കാണുവാൻ കൂട്ടം കൂടി നിന്ന കുറച്ചു പേരേയും പോലീസ് പൊക്കിക്കൊണ്ട് പോയി.
******. ****** *******.
സായിപ്പിന്റെ തോട്ടത്തിൽ സായിപ്പ് റബ്ബറിനും പുകയിലക്കും തുരിശ് ( bordeaux mixture ) അടിക്കുന്നത് ‘കാറ്റാടിയെന്ത്ര ശകട’
ത്തിൽ ആയിരുന്നു. കുഞ്ഞായിസറിന്റെ തോട്ടത്തിൽ തുരിശ് അടിക്കുന്നത് ചവിട്ടെന്ത്രത്തിലും.
സായിപ്പിനെക്കൊണ്ട് തന്റെ തോട്ടത്തിലും ഹെലികോപ്റ്ററിൽ തുരിശടിപ്പിച്ചാലെന്താന്നു കുഞ്ഞായിസാറിനും ഒരു പൂതി.
തുരിശടിക്കുവാൻ വരുന്ന സായിപ്പിന്റെ കയ്യും കാലും പിടിച്ചു് അറിയാവുന്ന ഇംഗ്ലീഷിലും പിന്നെ മലയാളത്തിലും കാര്യം ഉണർത്തിച്ചു. സായിപ്പ് സമ്മതം മൂളി, അച്ചാരവും കെട്ടി.
പിറ്റേന്ന് രാവിലെ എട്ടുമണിക്ക് നരസിംഹ വിലാസം പള്ളിക്കൂടത്തിന്റെ മൈതാനിയിൽ ഹെലികോപ്റ്റർ വരുമെന്നും, അപ്പോൾ അതിൽ കയറി പുകയിലത്തോട്ടത്തിന്റെയും, റബ്ബർ തോട്ടത്തിന്റെയും അതിരുകൾ കാണിച്ചു കൊടുക്കണമെന്നും സായിപ്പ് അറിയിച്ചു.
ആണ്ടിനും സംക്രാന്തിക്കും പുരയ്ക്കു മുകളിലൂടെയോ, പാടത്തിനു മുകളിലൂടെയോ ഒരു വിമാനം പറക്കുന്ന കാലം!. വിമാനത്തിന്റെ കാതടപ്പിക്കുന്ന ഇരമ്പൽ കെട്ടാൽ കുഞ്ഞുകുട്ടി-പാരാധീനമുൾപ്പടെ, കുളിമുറിയിൽ കുളിച്ചുകൊണ്ടു നിൽക്കുന്നവർ വരെ ഉടുതുണി മറന്ന് മുറ്റത്തേക്കിറങ്ങി മേലോട്ട് നോക്കുന്ന കാലം!.
കുഞ്ഞായിസാർ ഹെലികോപ്റ്ററിൽ കയറുവാൻ പോകുന്നു!.
സ്വന്തക്കാരെയും ബന്ധക്കാരെയും കമ്പിയടിച്ചും, നാട്ടുകാരെ കൂവി വിളിച്ചും വിവരറിയിച്ചു. കുഞ്ഞായിസാറിന് വീട്ടിൽ ഇരിന്നിട്ടു ഇരിപ്പുറക്കുന്നില്ല. വെടികൊണ്ട വെരികു പോലെ അങ്ങോട്ടും ഇങ്ങോട്ടും പാച്ചിലായി.
നരസിംഹ വിലാസം പള്ളിക്കൂടത്തിലേക്ക് പത്തു നാഴിക ദൂരമേ ഉള്ളുവെങ്കിലും അതൊരു പത്തു നൂറു നാഴിക ദൂരം പോലൊരു തോന്നൽ.
വൈകുന്നേരത്തെ അവസാന ബസ്സായ T 928 ആനവണ്ടിയിൽ കയറി തലേന്ന് തന്നെ
പുത്ര- പുത്രി കളത്രാദികളോടെ നരസിംഹ വിലാസം പള്ളിക്കൂടത്തിലേക്ക് പായും തലയിണയുമായി കുഞ്ഞായിസാർ പുറപ്പട്ടു. ഏറെ നാട്ടുകാരും വീട്ടുകാരും കൂടെ കൂടി.
വൈകുന്നേരം ഒൻപതു മണിയോടെ പള്ളിക്കൂടത്തിൽ എത്തി. അടച്ചുപൂട്ടില്ലാത്ത പള്ളിക്കൂടത്തിൽ കയറി പായ വിരിച്ചു എല്ലാവരും അതിൽ ഇരിപ്പായി. ഒരു ധൈര്യത്തിനായി എല്ലാവരും കുറച്ചു ‘തേക്കില വാറ്റും' സേവിച്ചു.
സായിപ്പിന്റെ ഹെലികോപ്റ്റർ രാവിലെ എട്ടുമണിക്ക് തന്നെ പള്ളിക്കൂട മൈതാനിയിൽ പറന്നിറങ്ങി.
ശകടത്തിന്റെ ‘പട പട' ശബ്‌ദം കാതടപ്പിക്കുന്നതായിരുന്നു. കാറ്റാടിയുടെ ശക്തമായ കറക്കത്താൽ പള്ളിക്കൂടത്തിന്റെ മേൽക്കൂര പറന്നു പോകുമെന്ന് തോന്നിപ്പോയി.
ഹെലികോപ്റ്ററിൽ പൈലറ്റ് ആയ സായിപ്പിന് മാത്രം ഇരിക്കുവാനുള്ള ഇരിപ്പിടമേ ഉണ്ടായിരുന്നുള്ളു. കുഞ്ഞായിസാർ കയറി സായിപ്പിനടുത്തു എവിടെയോ അള്ളിപ്പിടിച്ചിരുന്നു.
ഹെലികോപ്റ്റർ ശൂന്ന് മുകളിലേക്ക് പൊങ്ങിയത് മാത്രം കുഞ്ഞായിസാറിന് ഓർമ്മയുണ്ട്.
“ദാണ്ടെ ഞങ്ങടെ അച്ചായി പോയേ” എന്ന് പറഞ്ഞു സഃകുടുംബം ആർത്തു അട്ടഹസിക്കുകയോ കരയുകയോ ചെയ്തു.
പള്ളിക്കൂടത്തിന്റെ മുകളിലൂടെ ഒന്ന് വലം വച്ചപ്പോൾ കുഞ്ഞായിസാറിന്റെ ദിക്കടഞ്ഞു പോയി. സായിപ്പിനെ ഏതൊക്കെയോ കുറെ അതിരുകൾ കാണിച്ചു കൊടുത്തു.
കുഞ്ഞായിസാറിന്റെ അതിരുകാണിക്കൽ സായിപ്പിന് അത്ര തൃപ്തി ആയില്ല.
മൈതാനിയിൽ കൊണ്ടുവന്ന് തിരിച്ചിറക്കിയപ്പോഴാണ് അച്ചായിക്ക് ജീവൻ തിരിച്ചു കിട്ടിയത്.
അതിർത്തി ഒന്നുകൂടി ഉറപ്പു വരുത്തുവാനായി അതിരിനു ചുറ്റും ചുവന്ന കൊടി കുത്തണമെന്നു സായിപ്പ് ഉത്തരവിട്ടു.
“സായിപ്പിന് അങ്ങനെയൊക്കെ പറഞ്ഞാൽ മതി. ചുവന്ന തുണിക്കൊക്കെ ഇപ്പോൾ എന്താ വില!”
അത്യാവശ്യം വേണ്ടിന്നിടത്തൊക്കെ ചുവന്ന കൊടി കുത്തുവാൻ കുഞ്ഞായിസാർ ശിങ്കിടികളെ ഏൽപ്പിച്ചു. തുരിശ് അടിക്കുവാനുള്ള മുഴുവൻ പണവും കെട്ടിവച്ചു.
ശനിയാഴ്ച സായിപ്പ് വന്ന് തുരിശ് അടിച്ചിട്ടുപോയി.
കുഞ്ഞായിസാർ ചെന്ന് നോക്കുമ്പോൾ ഒറ്റ റബ്ബറിന്റെ ഇലയിലും തുരിശ് വീണിട്ടില്ല.
ഹെലികോപ്റ്ററിൽ കയറിയപ്പോൾ കുഞ്ഞായിസാറിന്റെ ദിക്ക് അടഞ്ഞു പോയെന്നു പറഞ്ഞല്ലോ. റബ്ബറിന് പകരം കാണിച്ചു കൊടുത്തത് അങ്ങേ ചരുവിലെ സർക്കാർ വക തേക്കിൻ കൂപ്പായിരുന്നു. അതിലെല്ലാം തുരിശ് അടിച്ചിട്ടുമുണ്ട്.
“പുകയില തോട്ടത്തിലും അടിച്ചില്ലല്ലോ!”
കുഞ്ഞായിസാർ ആകെ അസ്വസ്ഥനായി.
കാര്യം തിരക്കിയപ്പോൾ പിടി കിട്ടി. അപ്പുറത്തെ ഹൈസ്കൂൾ ഗ്രൗണ്ടിൽ ആയിരുന്നു ഞായറാഴ്ച ഇടതു ചിന്തകരുടെ ജില്ലാ സമ്മേളനം. രണ്ടു ദിവസം മുന്നേ വന്ന് സഖാക്കൾ ഗ്രൗണ്ടിന് ചുറ്റും ചുവന്ന കൊടി കെട്ടിയിരുന്നു. ചുവന്ന കൊടികൾ കണ്ട് അതായിരിക്കും പുകയില തോട്ടമെന്നു കരുതി സായിപ്പ് തുരിശ്ശടിച്ചത് ഈ മൈതാനിയിൽ ആണത്രേ!.
സമ്മേളന ദിവസം സഖാക്കൾ വന്നു നോക്കുമ്പോൾ ചുവന്ന കൊടികളെല്ലാം പച്ചയും നീലയും കലർന്ന നിറത്തിലിരിക്കുന്നു.
ആരോട് പറയുവാൻ!. പണവും പോയി നാണക്കേടുമായി.
ബാക്കിയിരുന്ന ‘തേക്കില വാറ്റും, പുകയില വാറ്റും' മിക്സ് ചെയ്ത് രണ്ട് ‘ലാർജ്’ അടിച്ചിട്ട് കുഞ്ഞായിസാർ ശിങ്കിടിമാരെ വിളിച്ചിട്ടു പറഞ്ഞു -
“നമുക്ക് നമ്മുടെ പഴയ ചവിട്ടെന്ത്രം തന്നെ മതിയെടാ മക്കളെ തുരിശ്ശടിക്കാൻ".