Image

മൈക്കി ഷെറിലിന്റെ സ്ഥാനാരോഹണം: ന്യൂ ജേഴ്‌സി ഇന്ത്യ കമ്മീഷന് പുതു പ്രതീക്ഷയെന്ന് ഡോ: കൃഷ്ണ കിഷോർ

Published on 21 January, 2026
മൈക്കി ഷെറിലിന്റെ സ്ഥാനാരോഹണം:  ന്യൂ ജേഴ്‌സി ഇന്ത്യ കമ്മീഷന്  പുതു പ്രതീക്ഷയെന്ന്  ഡോ: കൃഷ്ണ കിഷോർ

 

ന്യൂ ജേഴ്‌സിയിൽ  ഒരു പുതിയ രാഷ്ട്രീയ അധ്യായം തുറന്നുകൊണ്ട് മൈക്കി ഷെറിൽ ജനുവരി 20-ന് ഔദ്യോഗികമായി ഗവർണറായി അധികാരമേറ്റെടുത്തു. സംസ്ഥാനത്തിന്റെ 57-ാമത് ഗവർണറായാണ് അവർ സ്ഥാനമേറ്റത്.

മുൻ നേവി ഹെലികോപ്റ്റർ പൈലറ്റും യുഎസ് കോൺഗ്രസിലെ പ്രമുഖ അംഗവുമായ ഷെറിൽ, ജീവിതച്ചെലവ് കുറയ്ക്കൽ, വൈദ്യുതി നിരക്കുകളിലെ നിയന്ത്രണം, മധ്യവർഗ്ഗത്തിന് പിന്തുണ എന്നിവയാണ് തന്റെ ഭരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് വ്യക്തമാക്കി. അധികാരമേറ്റ് ഉടൻ തന്നെ പൊതുജനങ്ങൾക്ക് നേരിട്ട് ആശ്വാസം നൽകുന്ന ചില നിർണായക ഉത്തരവുകളിലും അവർ ഒപ്പുവച്ചു.

രാഷ്ട്രീയ നേതാക്കളും ഭരണകൂട പ്രതിനിധികളും സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ഈ ആഘോഷത്തിൽ മലയാളി  സാന്നിധ്യം ശ്രദ്ധേയമാക്കി ന്യൂ ജേഴ്‌സി ഇന്ത്യ കമ്മീഷണർമാരായ ഡോ: കൃഷ്ണ കിഷോർ, വിദ്യ കിഷോർ, വെസ് മാത്യു അടക്കമുള്ള കമ്മീഷണർമാർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. മുൻ ഗവർണർ ഫിൽ മർഫി നിയമിച്ച ന്യൂ ജേഴ്‌സി ഇന്ത്യ കമ്മീഷന് , ഗവർണർ ഷെറിൽ ഭരണകൂടവും ഉറച്ച പിന്തുണ നൽകുമെന്ന് ഡോ: കൃഷ്ണ കിഷോർ പറഞ്ഞു. 
ഷെറിലിന്റെ സ്ഥാനാരോഹണ ചടങ്ങും, ഇനാഗറേഷൻ ബോൾ ചടങ്ങും അവിസ്മരണീയമായെന്ന് ഡോ: കിഷോർ അഭിപ്രായപ്പെട്ടു.

ആദ്യ ഡെമോക്രാറ്റ് വനിതാ ഗവർണർ ആയി അധികാരമേറ്റ ഷെറിൽ സംസ്ഥാന ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടമാണ്. ഒരേ രാഷ്ട്രീയ പാർട്ടിക്ക് തുടർച്ചയായി മൂന്നാമതും ഗവർണർ പദവി നിലനിർത്താൻ കഴിഞ്ഞത് ഏറെ വർഷങ്ങൾക്കുശേഷമാണ്. ഇത് ഷെറിലിന്റെ വിജയത്തെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നു.

ദിവസം മുഴുവൻ നീണ്ടുനിന്ന ഔദ്യോഗിക ചടങ്ങുകൾക്ക് പിന്നാലെ, ജനുവരി 20-ന്റെ സായാഹ്നത്തിൽ ഈസ്റ്റ് റദർഫോർഡിലെ അമേരിക്കൻ ഡ്രീം മാളിൽ ഭംഗിയാർന്ന ഇനാഗറേഷൻ ബോൾ നടന്നു.

പുതിയ ഭരണകാലത്തിന്റെ പ്രതീക്ഷകളും പ്രത്യാശകളും പ്രതിഫലിപ്പിക്കുന്ന ഒരു സ്മരണീയ സന്ധ്യയായി മാറി.

മൈക്കി ഷെറിലിന്റെ അധികാരാരോഹണം, ന്യൂ ജേഴ്‌സിയുടെ ഭാവിയെ പുതുഭാവത്തോടെ രൂപപ്പെടുത്താനുള്ള തുടക്കമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മാറ്റത്തിന്റെയും നവോന്മേഷത്തിന്റെയും പ്രതീകമായി ഈ ദിവസം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക