
കേരളത്തിലെ രണ്ട് പ്രബല സമുദായങ്ങളായ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും യോജിക്കാന്‍ പോവുകയാണ്. ഐക്യത്തിന് എസ്.എന്‍.ഡി.പി യോഗം കൗണ്‍സില്‍ അംഗീകാരം നല്‍കുകയും തുടര്‍ ചര്‍ച്ചകള്‍ക്ക് തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിക്കുകയും ചെയ്തു. ഐക്യത്തിന് കാഹളം മുഴക്കിയത് എന്‍എസ്എസ് ആണെന്നും മുന്‍പത്തെ പോലെ എന്‍.എസ്.എസ്സുമായി കൊമ്പുകോര്‍ക്കില്ലെന്നും എസ്.എന്‍.ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യം യാഥാര്‍ഥ്യമാക്കുമെന്നും ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും വ്യക്തമാക്കി.
എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും തമ്മില്‍ മുന്‍പുണ്ടായിരുന്ന അകല്‍ച്ച ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സുകുമാരന്‍ നായര്‍ക്ക് അസുഖമായപ്പോള്‍ താന്‍ നേരിട്ട് വിളിച്ച് ക്ഷേമാന്വേഷണം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തിനായി പെരുന്നയിലേക്ക് പോകാന്‍ തനിക്ക് മടിയില്ലെന്നും യു.ഡി.എഫ് ആണ് ഇരു വിഭാഗങ്ങളെയും തമ്മില്‍ തല്ലിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഈ നിലപാടിനെ ശരിവെക്കുന്ന രീതിയിലാണ് ഇപ്പോള്‍ എന്‍.എസ്.എസ് നേതൃത്വവും പ്രതികരിച്ചിരിക്കുന്നത്.
ഹിന്ദു ഐക്യമെന്ന ആശയത്തോട് പൂര്‍ണമായും യോജിക്കുന്നതായും സുകുമാരന്‍ നായരുടെ നിലപാട് സമുദായത്തിന് വലിയ ആത്മബലം നല്‍കിയെന്നും വെള്ളാപ്പള്ളി നടേശനും വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി സുകുമാരന്‍ നായരും അറിയിച്ചതോടെ ഹിന്ദു സമുദായത്തിലെ പ്രബലമായ രണ്ട് വിഭാഗങ്ങള്‍ എന്ന നിലയില്‍ ഇരു സംഘടനകളും ഒന്നിച്ചുനില്‍ക്കേണ്ടത് അനിവാര്യമാണെന്നാണ് ഇരുവരും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മൂന്നു പ്രാവശ്യം ഉടക്കിപ്പിരിഞ്ഞ നായരീഴവ ഐക്യത്തിന് ഇത്തവണ എത്രത്തോളം ആയുസുണ്ടാകുമെന്നാണ് അറിയേണ്ടത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ന്യൂനപക്ഷങ്ങള്‍ പിടിമുറുക്കിയെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു 2012-ല്‍ ഇരു സംഘടനകളും കൈകോര്‍ത്തത്. എന്നാല്‍ ദേവസ്വം നിയമനം, സാമ്പത്തിക സംവരണം, മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനം എന്നീ തര്‍ക്കങ്ങളില്‍ രണ്ടുവര്‍ഷം കൊണ്ട് ഐക്യം പൊളിഞ്ഞ് പാളീസാവുകയായിരുന്നു. വെള്ളാള്ളി ജനറല്‍ സെക്രട്ടറിയായിരിക്കുന്നിടത്തോളം കാലം എസ്.എന്‍.ഡി.പിയുമായി ഐക്യത്തിനില്ല എന്നും എസ്.എന്‍.ഡി.പിയുമായുള്ള ബന്ധം അവസനിച്ചുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞത് 2014 ഫെബ്രുവരി 8-ാം തീയതിയാണ്.
സുകുമാരന്‍ നായരുടെ മാടമ്പിത്തരമാണ് എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി വിശാല ഭൂരിപക്ഷ ഐക്യം തകര്‍ത്തതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആക്ഷേപം. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് ഇരു സംഘടനകളും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത അന്ന് രൂപപ്പെട്ടിരുന്നു. ചെന്നിത്തലയെ മന്ത്രിയാക്കാന്‍ എന്‍.എസ്.എസ് തന്നെ കരുവാക്കിയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. എന്നാല്‍ മുന്‍പ് പറഞ്ഞതെല്ലാം പരസ്പരം ക്ഷമിച്ചുവെന്ന് പറഞ്ഞാണ് ഇരുവരും വീണ്ടും ഐക്യപ്പെടുന്നത്. 1976-ലും 2005-ലും 2012-ലും നടന്ന ഐക്യശ്രമങ്ങള്‍ പരാജയപ്പെട്ട ചരിത്രമുണ്ടെങ്കിലും പഴയ പിഴവുകള്‍ തിരുത്തി മുന്നോട്ടുപോകാനാണ് തീരുമാനം.
ഇരു സംഘടനകളും അവരവരുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ സുപ്രധാന വിഷയങ്ങളില്‍ പരസ്പരം ആലോചിച്ച് തീരുമാനമെടുക്കും. പരസ്പരം ആലോചിക്കാതെ ഇനി ഒരു തീരുമാനവും ഉണ്ടാകില്ലെന്ന വെള്ളാപ്പള്ളിയുടെ നിലപാടിനെ സുകുമാരന്‍ നായരും സ്വാഗതം ചെയ്തു. മുന്‍കാലങ്ങളില്‍ സംവരണ വിഷയത്തിലായിരുന്നു പ്രധാനമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ അതൊരു വിഷയമല്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എന്‍.എസ്.എസിന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
നായാടി മുതല്‍ നസ്രാണി വരെ നീളുന്ന സമാന ചിന്താഗതിക്കാരായ എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്ന് വെള്ളാപ്പള്ളി പറയുമ്പോഴും അദ്ദേഹത്തിന്റെ മുസ്ലീം വിരോധം പ്രകടമാണ്. മുസ്ലിം ലീഗ് ഭരണത്തിലിരുന്നപ്പോള്‍ ജാതി വിവേചനം കാട്ടിയെന്നും വെള്ളാപ്പള്ളി പറയുന്നു. ഇത് കൂടാതെയാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുസ്ലീം വിരുദ്ധ പ്രസ്താവനകള്‍. താന്‍ നടത്തിയ പരാമര്‍ശങ്ങളെ വളച്ചൊടിച്ച് അത് മുസ്ലിം സമുദായത്തോടുള്ള വിദ്വേഷമായി ചിത്രീകരിക്കുന്നതിനോട് ശക്തമായ വിയോജിപ്പുണ്ടെന്നും ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാ സമുദായങ്ങളോടും സൗഹാര്‍ദത്തോടും സമന്വയത്തോടും കൂടി മുന്നോട്ട് പോകാനാണ് എസ്.എന്‍.ഡി.പി ആഗ്രഹിക്കുന്നതെന്നുമാണ് വെള്ളാപ്പള്ളിയുടെ ന്യായീകരണം.
അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും കടുത്ത വിമര്‍ശനങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. സതീശന്‍ പുകഞ്ഞ കൊള്ളിയാണെന്നും അദ്ദേഹത്തെ പുറത്തിട്ടു കഴിഞ്ഞെന്നും അതിനാല്‍ തങ്ങളുടെ മുന്നില്‍ അദ്ദേഹം ഒരു ചര്‍ച്ചാവിഷയമേ അല്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എ.കെ ആന്റണി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ തുടങ്ങിയവരെപ്പോലെ സമുദായങ്ങളെക്കുറിച്ച് സതീശന് ധാരണയില്ലത്രേ. സതീശന്‍ സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങുന്ന ആളാണെന്നും അദ്ദേഹത്തെ അമിതമായി ഉയര്‍ത്തിക്കാട്ടേണ്ട കാര്യമില്ലെന്നും സുകുമാരന്‍ നായരും പ്രതികരിച്ചു. കെ.പി.സി.സി പ്രസിഡന്റിനെ പോലുള്ളവരെ ഉയര്‍ത്തിക്കാട്ടുന്നതിന് പകരം സതീശന് എന്തിനാണ് ഇത്ര പ്രാധാന്യം നല്‍കുന്നതെന്നാണ് സുകുമാരന്‍ നായരുടെ ചോദ്യം.
ഹിന്ദു ഐക്യം പറഞ്ഞ് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും തമ്മിലുള്ള ബന്ധത്തിന് ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും നീണ്ട ചരിത്രമുണ്ട്. കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് 1903-ലാണ് ശ്രീനാരായണ ഗുരുവിന്റെ അദ്ധ്യക്ഷതയില്‍ എസ്.എന്‍.ഡി.പി രൂപീകൃതമാകുന്നത്. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ 1914-ലാണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യരൂപമായ നായര്‍ ഭൃത്യ ജനസംഘത്തിന്റെ രൂപീകരണം. അനാചാരങ്ങള്‍ക്കെതിരെയും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി രണ്ട് സംഘടനകളും ഒരേ മനസോടെ പ്രവര്‍ത്തിച്ചു.
1924-ലെ വൈക്കം സത്യാഗ്രഹത്തില്‍ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഒരുമിച്ച് പോരാടി. എന്നാല്‍, സംവരണം, ഭൂപരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ മുന്നാക്ക-പിന്നാക്ക താല്‍പര്യങ്ങള്‍ വ്യത്യസ്തമായതോടെ ഇരു സംഘടനകളും രാഷ്ട്രീയമായി അകന്നു. സാമ്പത്തിക സംവരണം എന്ന ആവശ്യവുമായി എന്‍.എസ്.എസ് മുന്നോട്ട് വന്നപ്പോള്‍, ജാതി സംവരണം സംരക്ഷിക്കാനായാണ് എസ്.എന്‍.ഡി.പി നിലകൊണ്ടത്. 2000-ത്തിന് ശേഷം സാമുദായിക സംഘടനകളുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടന്നു. ജി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും പലപ്പോഴും പ്രസ്താവനകളിലൂടെ ഏറ്റുമുട്ടുകയും എന്നാല്‍ ചിലപ്പോള്‍ ഐക്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ നായരീഴവ ഐക്യം പറഞ്ഞ് പരസ്പരം സഹകരിക്കുമ്പോള്‍ എന്ത് ലക്ഷ്യത്തിന്..? ആര്‍ക്കുവേണ്ടി..? എത്ര നാളത്തേക്ക്..? എന്നീ ചോദ്യങ്ങളും ഉയരുന്നത് സ്വാഭാവികം.