
കോഴിക്കോട്: ബസിലെ ലൈംഗികാതിക്രമ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ ദീപക്കിൻ്റെ കുടുംബത്തിന് സഹായവുമായി മെൻസ് അസോസിയേഷൻ . വിവിധ സംഘടനകളിൽ നിന്നും സമാഹരിച്ച 3.17 ലക്ഷം രൂപ അസോസിയേഷൻ അംഗങ്ങൾ വീട്ടിൽ എത്തി നൽകി.
ദീപക്കിൻ്റെ ഓർമ്മക്ക് ജനുവരി 17 പുരുഷാവകാശ ദിനമായി ആചരിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ദീപക്കിൻ്റെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമാണ് പ്രതികരണം.
പുരുഷന്മാർക്ക് നീതി ലഭ്യമാക്കാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന പുരുഷ സഹായഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങുമെന്നും മെൻസ് അസോസിയേഷൻ പ്രവർത്തകർ പറഞ്ഞു. ലൈംഗികാതിക്രമ അധിക്ഷേപം നടത്തിയ യുവതിയെ ഉടൻ അറസ്റ്റ് ചെയ്യണം. പെൺകുട്ടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വരുന്ന മോശം കമന്റുകളോട് യോജിക്കുന്നില്ലെന്നും അത്തരം കമൻ്റ് ഇടുന്നവർക്കെതിരെയും നടപടി എടുക്കണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
അതേസമയം, ദീപക്കിൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കേസ് ക്രൈം ബ്രാഞ്ചോ സിബിഐയോ അന്വേഷിക്കണം എന്നാണ് ആവശ്യം. അപകീർത്തികരമായ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും കേസെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.