Image

സമയത്തിന്റെ ശബ്ദം: മലബാറിൽ ക്ലോക്കുകൾ കൊണ്ടുവന്ന മാറ്റങ്ങൾ (ഓർമ്മക്കുറിപ്പ്: ഹിമ.വി)

Published on 21 January, 2026
സമയത്തിന്റെ ശബ്ദം: മലബാറിൽ ക്ലോക്കുകൾ കൊണ്ടുവന്ന മാറ്റങ്ങൾ (ഓർമ്മക്കുറിപ്പ്: ഹിമ.വി)

ഗൾഫിലേക്ക് ആളുകൾ പോക്ക് തുടങ്ങിയ കാലത്തോടെയാണ് മലബാറിൽ സമയത്തെക്കുറിച്ചുള്ള ബോധം തന്നെ മാറിത്തുടങ്ങിയത്. അതിന് മുൻപ് സമയം ജീവിതത്തെ നിയന്ത്രിച്ചിരുന്നില്ല; ജീവിതം തന്നെയായിരുന്നു സമയത്തെ നയിച്ചിരുന്നത്. സൂര്യൻ കയറുന്ന നേരം, നിഴൽ ചുരുങ്ങുന്ന സമയം, മസ്ജിദിലെ ബാങ്ക്, അമ്പലത്തിലെ വിളക്ക്—ഇവയൊക്കെയായിരുന്നു ഘടികാരങ്ങൾ. വാച്ചും ക്ലോക്കും അന്നത്തെ ' സമൂഹത്തിൽ ആവശ്യമല്ല, ആർഭാടമായിരുന്നു.

ഗൾഫിൽ ജോലി തേടി പോയവർ തിരിച്ചെത്തുമ്പോൾ കൊണ്ടുവന്ന സാധനങ്ങളോടൊപ്പം സമയം കൂടി നാട്ടിലെത്തുകയായിരുന്നു. കയ്യിൽ വാച്ച് കെട്ടലും, സാധാരണ വീടുകളുടെ ചുമരുകളിൽ ക്ലോക്ക് തൂക്കലും, ഉറങ്ങുന്ന കട്ടിലിനരികിൽ മണി അടിക്കുന്ന ടൈം പീസ് വെക്കലും അങ്ങിനെ പതുക്കെ പതുക്കെ വ്യാപകമായി. സമയം തെറ്റരുതെന്ന ആവശ്യം അന്നുമുതലാണ് വീടുകളിൽ സ്ഥിരതാമസമാക്കിയത്.

ആദ്യമായി ബാറ്ററിയിൽ ഓടുന്ന ക്വാർട്ട്സ് ക്ലോക്ക് ഗൾഫിൽ നിന്ന് വന്നപ്പോൾ അത് ഒരു അത്ഭുത വസ്തുവായിരുന്നു. അതുവരെ വലിയ ക്ലോക്കുകൾ ഉണ്ടായിരുന്നത് സമ്പന്ന വീടുകളിൽ മാത്രം. അവ കറങ്ങണമെങ്കിൽ ഗ്ലാസ് വാതിൽ തുറന്ന് ചാവി കൊടുക്കണം. ടിക്… ടിക്… എന്ന ശബ്ദം വീടിന്റെ നിശ്ശബ്ദതയിൽ ഒരു ജീവന്റെ അടയാളംപോലെ മുഴങ്ങും. ഇന്ന് അത്തരം ചാവിക്ക്ലോക്കുകൾ പുരാവസ്തുവായി മാറി; മ്യൂസിയങ്ങളിലും പഴയ വീടുകളുടെ കോണുകളിലും മാത്രം കാണുന്ന ഓർമ്മകൾ.
ആ ക്ലോക്കുകൾ പണി മുടക്കിയാൽ വീട്ടിലെ ചുമരിൽ നിന്ന് എടുത്ത് താഴെ വെച്ച് വാച്ച് റിപ്പയററുടെ അടുത്തേക്ക് കൊണ്ടുപോകണം. അയാൾ ക്ലോക്കിന്റെ ഉള്ളിലെ മെഷീൻ തുറന്ന്, ഓരോ സ്ക്രൂവും, ഡയലും, സ്പ്രിംഗും സൂക്ഷ്മമായി അഴിച്ചെടുക്കും. എല്ലാം ഓയിലിൽ മുക്കി വെക്കും. പിന്നെ ക്ലീനിങ്. അതൊരു ദിവസത്തെ കാര്യമല്ല; ദിവസങ്ങൾ പിടിക്കും. ആ ദിവസങ്ങളിൽ വീട്ടിൽ സമയം ഇല്ലാത്ത അവസ്ഥ. “ഇപ്പൊ എത്ര മണി?” എന്ന ചോദ്യം മറുപടിയില്ലാതെ നിലത്തേക്ക് വീഴും.

അന്ന് മെഷീൻ വാച്ചും ക്ലോക്കും നന്നാക്കുന്നവർ ഒരു പ്രത്യേക വർഗമായിരുന്നു. ക്ഷമയും കൈവശവും ഉള്ള തൊഴിലാളികൾ. ഇന്ന് അവർ നാട്ടിൽ നിന്ന് തന്നെ നീങ്ങി എന്നു പറയാം. ഇപ്പോൾ വാച്ച് പണി എന്നാൽ പാർട്സ് മാറ്റുക മാത്രമാണ്. നന്നാക്കൽ എന്ന കല തന്നെ അപ്രത്യക്ഷമായി.

പണ്ട് ഗൾഫുകാർ വർഷങ്ങൾക്ക് ശേഷമുള്ള വീട്ടുവരവിൽ കൊണ്ടുവരുന്ന സാധനങ്ങളിൽ ഒരു ടൈം പീസ് ഉറപ്പായും ഉണ്ടാകും. അതു വന്നതോടെ മുസ്ലിം വീടുകളിൽ നോമ്പ് പിടിക്കാൻ കൃത്യസമയത്ത് ഉണരുന്ന ശീലം ഉറച്ചുനിന്നു. ബാങ്ക് കാത്തിരിക്കാതെ, സമയം തന്നെയായിരുന്നു ഉണർത്തുന്നത്.

അത്തരം ടൈം പീസുകൾ കൂടുതലും ജർമൻ, ഇംഗ്ലണ്ട് നിർമിതമായിരുന്നു. ആന ചവിട്ടിയാലും പൊട്ടാത്തതെന്ന് പറയുന്ന തരത്തിൽ ഉറപ്പുള്ളത്. ഒരു സെക്കന്റ് പോലും തെറ്റിക്കാണിക്കില്ല. സ്റ്റീൽ ബോഡി. ഇരുട്ടുമുറികളിൽ അതിന്റെ അക്കങ്ങളിൽ നിന്ന് മങ്ങലായൊരു പ്രകാശം വിതറും. രാത്രി മുഴുവൻ സമയം കാവലിരുന്ന് നോക്കുന്നതുപോലെ.
ഏറെ കൊല്ലങ്ങൾ ഈട് നിൽക്കുന്ന അത്തരം ഒരു ടൈം പീസ് എന്റെ വീട്ടിലും ഉണ്ടായിരുന്നു. വീട്ടിലെ ഉറക്കവും ഉണർവും, പ്രാർത്ഥനയും യാത്രയും എല്ലാം അതിന്റെ മണിയോട് ചേർന്നായിരുന്നു. ഇന്ന് അത് ഇല്ല. നഷ്ടപ്പെട്ടു. പക്ഷേ അതോടൊപ്പം പോയത് ഒരു ഉപകരണം മാത്രമല്ല; ഒരു കാലഘട്ടത്തിന്റെ ശബ്ദം, സമയത്തോടുള്ള നമ്മുടെ ബന്ധം, ഗൾഫ് കൊണ്ടുവന്ന മാറ്റങ്ങളുടെ ഒരു ചെറുതെങ്കിലും തെളിവ്.

ഇന്ന് സമയം നമ്മുടെ കയ്യിലുണ്ട്—മൊബൈലിൽ, സ്ക്രീനുകളിൽ, നിശ്ശബ്ദമായ ഡിജിറ്റൽ അക്കങ്ങളായി. പക്ഷേ അന്ന് സമയം ശബ്ദമായിരുന്നു, വീട്ടിലെ ഒരു അംഗമായിരുന്നു. ടിക്… ടിക്… എന്ന് പറഞ്ഞ് നമ്മെ ജീവിതത്തിലേക്ക് തിരികെ വിളിച്ചിരുന്ന ഒരു പഴയ ക്ലോക്ക് പോലെ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക