
കഠിനമായ ഡയറ്റ് പിന്തുടര്‍ന്നത് നടന്‍ ജോണ്‍ എബ്രഹാമിനെ ചില പച്ചക്കറികള്‍ കഴിക്കാന്‍ പറ്റാതെയാക്കി മാറ്റിയെന്ന് സെലിബ്രിറ്റി ട്രെയിനറായ വിനോദ് ഛന്ന. വെണ്ടയ്ക്ക, വഴുതനങ്ങ എന്നീ പച്ചക്കറികള്‍ ഡയറ്റിന്റെ ഭാഗമായി ഏറെക്കാലം കഴിക്കാതിരുന്നത്, ഇവ ദഹിപ്പിക്കാനുള്ള ശേഷി ജോണിന്റെ ശരീരത്തില്‍ നിന്നും ഇല്ലാതാക്കിയെന്നാണ് ഒരു അഭിമുഖത്തില്‍ വിനോദ് പറഞ്ഞത്. ഇവ കഴിച്ചാല്‍ ജോണിന്റെ ദഹനവ്യവസ്ഥ പ്രതികൂലമായി പ്രതികരിക്കുകയും, വയര്‍ അസ്വസ്ഥമാകുകയും ചെയ്യും.
നമ്മള്‍ ഒരു പ്രത്യേക ഭക്ഷണരീതി ഏറെക്കാലമായി പിന്തുടരുകയാണെങ്കില്‍, ശരീരം അതുമായി ഇണങ്ങുമെന്നും, എന്നാല്‍ പിന്നീട് അവ കഴിക്കാനാരംഭിച്ചാല്‍ ശരീരം അതിനെതിരെ പ്രവര്‍ത്തിച്ചേക്കാമെന്നും വിനോദ് ഛന്ന പറയുന്നു. ഇത്തരത്തില്‍ ജോണ്‍ ഏറെക്കാലമായി പഞ്ചസാര കഴിക്കാറില്ലെന്നും വിനോദ് പറഞ്ഞു. അതിനാല്‍ അറിയാതെ പോലും പഞ്ചസാര കഴിച്ചാല്‍ അത് അസ്വസ്ഥതയുണ്ടാക്കും.
അതേസമയം ജോണ്‍ എബ്രഹാമിന്റെ ഫിറ്റ്‌നസ് ശീലങ്ങള്‍ പണ്ടേ പ്രശസ്തമാണ്. സിനിമാ സെറ്റുകളിലോ, പൊതു പരിപാടികളിലോ പോലും ജോണ്‍ തന്റെ ഡയറ്റ് തടയപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ കഴിക്കാറില്ലെന്നും വിനോദ് പറയുന്നു.