Image

വൈറല്‍ കണ്ടന്റ് (ചിഞ്ചു തോമസ്)

Published on 20 January, 2026
വൈറല്‍ കണ്ടന്റ് (ചിഞ്ചു തോമസ്)

നമ്മുടെ ശരീരം വേറെ ഒരാളുടെതുമായി അറിയാതെ തൊടുന്ന നിമിഷം നമ്മൾ അകലം പാലിക്കുകയോ, കുറച്ച് അങ്ങോട്ട്‌ നീങ്ങി നിൽക്കാമോയെന്ന് ചോദിക്കുകയോ ചെയ്യും. അതിനുള്ള സ്ഥലമില്ലെങ്കിൽ നമ്മൾ നിൽക്കുന്ന സ്ഥാനം മാറി നിൽക്കും. ഇതൊക്കെ അബദ്ധത്തിൽ സംഭവിക്കുന്ന സ്പർശനത്തിൽ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടിനെക്കുറിച്ചും നമ്മൾ കുറച്ചുകാലം മുമ്പ്വരെ നടത്തിവന്ന പ്രതികരണങ്ങളെക്കുറിച്ചുമാണ്.

ഇപ്പോൾ വൈറൽ വീഡിയോസ് ഉണ്ടാക്കുന്ന കാലമായതുകൊണ്ട് ഈ അബദ്ധത്തിലുള്ള സ്പർശനം (എന്നെ സ്പർശിക്കണെ ഈശ്വരാ) ഉണ്ടാകണേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് വീഡിയോ ഓണാക്കിവെച്ച് മുട്ടി മുട്ടിയില്ല എന്ന മട്ടിൽ നിൽക്കും. റോഡിൽ സുന്ദരൻ ഗർത്തങ്ങൾക്ക് കുറവില്ലാത്തതുകൊണ്ട് ഈ ഉദ്യമനം ലക്ഷ്യം കാണുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ അവൾ ഉണ്ണിയാർച്ചയും അവൻ ടി ജി രവിയുമാകുന്നു. ഒരു പുരുഷനായിരുന്നു വീഡിയോ ഓൺ ആക്കി സ്ത്രീയുടെ വീഡിയോ എടുത്തിരുന്നതെങ്കിൽ? അത് സ്വകാര്യതയുടെ ലംഘനമാകുമായിരുന്നു. ബസ്സിലെ മറ്റ് സ്ത്രീകളും പുരുഷന്മാരും ചാടി വീഴുമായിരുന്നു. എന്തുകൊണ്ടാണ് സ്ത്രീകൾ വീഡിയോ ഓൺ ആക്കി ചുറ്റുവട്ടം പിടിക്കുന്നതിൽ ആർക്കും ഒന്നുമില്ലാത്തത്? അവൾക്ക് പുരുഷന്മാരുടെ വീഡിയോ എടുക്കുന്നതിനോ സോഷ്യൽ മീഡിയയിൽ കണ്ടന്റ് ആക്കുന്നതിനോ ആരും തെറ്റ് കാണുന്നില്ല.

എങ്ങനെയും വീഡിയോ ഒന്ന് വൈറൽ ആയാൽ മതി... വ്യൂസ് കേറി... ഫോളോവേഴ്സ് ആയി. സെലിബ്രിറ്റിയായി. വരുമാനമായി. വാർത്തയായി. ചാനൽ ചർച്ചയായി. ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. ബിഗ് ബോസ്സിൽ ഭാഗ്യമുണ്ടേൽ കയറിപ്പറ്റാം. അങ്ങനെ പോകുന്നു പേക്കിനാവുകൾ...

കുട്ടികൾ സോഷ്യൽ മീഡിയയിലൂടെ ഒരുവഴിക്ക് സിക്സ് സെവനുമായി നടക്കുന്നു. ഒരുകണക്കിന്ന് കുട്ടികൾ മിടുക്കരാണ്. ഈ ലോകത്തിൽ എവിടെ ജീവിക്കുന്ന കുട്ടികളാണെങ്കിലും സിക്സ് സെവൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ അവർ പരിചയക്കാരായി. ഈ സത്യം ഞാൻ ഈ പ്രാവശ്യം നോർവെയിൽ പോയപ്പോൾ മനസിലാക്കിയതാണ്. ചൈനക്കാർ ആകട്ടെ നെദർലാൻസ് ആകട്ടെ യുഎഇ ആകട്ടെ സിക്സ് സെവൻ എന്ന് എവിടെങ്കിലും നിന്ന് ഏതെങ്കിലും കുട്ടി പറഞ്ഞാൽ മറ്റു കുട്ടികൾ ഓടിച്ചെന്ന് അതുതന്നെ പറഞ്ഞ് ചിരിച്ചുകൊണ്ട് തോളിൽ കൈയിടും. നമ്മുടെ പഴയ, ‘സാധനം കൈയിലുണ്ടോ? സാധനം കൈയിലുണ്ട് ‘മോഡൽ. അവർ ആരേയുംകൊല്ലുന്നില്ല. കൊല്ലിക്കുന്നില്ല. സോഷ്യൽ മീഡിയ കൊണ്ടുണ്ടാകുന്ന പ്രയോജനം.

മുതിർന്നവർക്ക് സോഷ്യൽ മീഡിയ കൊണ്ട് സൗഹൃദത്തിലേക്കാളേറെ ദുരന്തമാണ് ഉണ്ടാകുന്നത്.മുതിർന്നവർ മുതിർന്നവരായി കഴിഞ്ഞാൽ കുട്ടികളെപ്പോലെ ദിവസവും പഠിക്കുന്നില്ലല്ലോ.അവരുടെ എന്റർടൈൻമെന്റ് റീൽസ് മാത്രമായി ഒതുങ്ങുന്നു.അവർ സൂര്യനുദിക്കുന്നതറിയുന്നില്ല.ചന്ദ്രനുദിക്കുന്നതറിയുന്നില്ല.ആണിന് പെണ്ണിനോട് വൈരാഗ്യം.പെണ്ണിന് ആണിനോട് പക.നമ്മൾ വെറുപ്പ് മനസ്സിൽ വെച്ച് നടക്കുന്നു.പേർളി മാണിയുടെ ഷോ കണ്ടതിനു ശേഷം ന്യൂസ് കാണുന്നു റിയാക്ഷൻ വീഡിയോസ് കാണുന്നു വൈകിട്ട് പല ചാനൽ ചർച്ചകൾ അങ്ങനെ അങ്ങനെ ദിവസങ്ങൾ പോകുന്നു.ചെറുപ്പക്കാരോട് പ്രായമുള്ളവർക്ക് വൈരാഗ്യം..എന്തിന്റെ വൈരാഗ്യം? താൻ പ്രായമായിപ്പോകുന്നു എന്നതിന്റെ വൈരാഗ്യം... ഒരു ദൈവവിശ്വാസിക്ക് മറ്റൊരു ദൈവവിശ്വാസിയെ കണ്ടൂടാ. നിന്റെ ദൈവം തെറ്റ്, നീ പഠിച്ചത് തെറ്റ്, എന്റെ ദൈവം ശെരി... പെണ്ണുങ്ങൾ എല്ലാക്കാലവും ശെരി...ഞാൻ ഇരയോടൊപ്പം... അങ്ങനെ നമ്മൾ ഇന്ത്യക്കാരുടെ ജീവിതം വളരെ ലോ ലെവലിൽ പൊയ്ക്കോൺടിരിക്കുക്കയാണ്.  

യൂറോപ്പിൽ ചെന്നുകഴിഞ്ഞാൽ അവിടെ മൊബൈൽ സർവ്വ സമയവും ഓൺ ആക്കി വെച്ച് വീഡിയോ പിടിക്കുന്ന യൂറോപ്യൻസിനെ നിങ്ങൾ കാണില്ല. പകരം മലകൾ കയറുന്ന, നാട് കണ്ടു നടക്കുന്ന, പ്രകൃതിഭംഗി ആസ്വദിക്കുന്ന, പുസ്തകങ്ങൾ വായിക്കുന്ന, മനുഷ്യരുടെ മുഖത്തു നോക്കി ചിരിക്കുന്ന, കുശലം ചോദിക്കുന്ന മനുഷ്യരെ കാണാൻ കഴിയും. അവർക്ക് ഏത് പ്രായത്തിലും ആരോഗ്യമുണ്ട്. അവിടെലുള്ള എഴുപതു വയസ്സുകാർക്ക് നമ്മുടെ നാട്ടിലെ മുപ്പതുകാരിലും ചുറുചുറുക്കുണ്ട്. നമ്മൾ സംസ്കാര സമ്പന്നരാണ് എന്ന് ഊക്കം കൊള്ളുന്നു എന്നാൽ നമ്മുടെ സംസ്ക്കാരം എന്നേ മണ്മറഞ്ഞുപോയിരിക്കുന്നു. യുഎഇ യിൽ മറ്റു രാജ്യങ്ങളിൽ നിന്നും മണ്ണിറക്കി മരങ്ങൾ നടുന്നു, കൃഷി ചെയ്യുന്നു, പൂക്കൾക്കൊണ്ട് വിന്റർ ആഘോഷമാക്കുന്നു എങ്കിൽ നല്ല മണ്ണുള്ള കേരളത്തിലെ വീടുകളിൽ കൃഷിയില്ല. നമ്മൾ മോഡേൺ പീപ്പിൾ ഷോപ്പിൽ നിന്നും വിഷക്കറിയുണ്ടാക്കാൻ പച്ചക്കറി വാങ്ങുന്നു. കോഴിമുട്ടയും ഷോപ്പിൽ നിന്ന്. കോഴി എന്തെങ്കിലും കഴിച്ച് വളർന്നോളും എങ്കിലും കോഴിയെ ആരും വളര്ത്തുന്നില്ല. എല്ലാവരും റീൽസ് ഉണ്ടാക്കുന്ന തിരക്കല്ലേ... അതുകൊണ്ട് ആരും ചിന്തിക്കുന്നില്ല. നമ്മൾ ശെരിക്കും ഫോളോവേഴ്സ് ആണ്. റബ്ബർ ലഭമാണെന്നുകേട്ടാൽ എല്ലാവരും റബ്ബർ നടുന്നു. നിങ്ങളുടെ ഭൂമിയുടെ ഇത്രയേ റബ്ബർ പാടുള്ളൂ എന്നൊരു നിയമം ഉണ്ടായിരുന്നെങ്കിൽ ബാക്കി സ്ഥലത്ത് പച്ചക്കറി കൃഷി ഉണ്ടായേനെ... 

നമ്മുടെ ജീവിതം ഈ സോഷ്യൽ മീഡിയയിൽ കുരുങ്ങികിടക്കുകയാണ് ഇപ്പോൾ. ആർക്കും പ്രശസ്തരാകാം എന്നതാണ് ഹൈലൈറ്റ്. ഫോളോവേഴ്സ് വരുമാനം പ്രശസ്തി. പ്രശസ്തി വരുമാനം ഫോളോവേഴ്സ്. ഇത്രനല്ല സുഖമുള്ള ജോലി എവിടെക്കിട്ടും? മൊബൈൽ എടുക്കുക വീഡിയോ ഓൺ ആക്കി വല നെയ്യുക പബ്ലിക് ആക്കുക. സുഖം സ്വസ്ഥം. അല്ലാത്തവർ മറ്റുള്ളവർ ഉണ്ടാക്കിയെടുക്കുന്ന കണ്ടന്റിന് റീച് കൂട്ടി കൊടുക്കുന്നു. നമ്മുടെ ഇപ്പോഴത്തെ പ്രധാന പ്രശ്നം ആര് ആരുടെ കൂടെ സെക്സിൽ ഏർപ്പെടാൻ പോയി എന്നാണ്. എന്തുകൊണ്ട് ജനങ്ങൾക്ക്‌ വിഷം ഇല്ലാത്ത ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ കിട്ടുന്നില്ല എന്നല്ല.

ഭൂമി വെറുതേ കിടക്കുന്നു. പാവങ്ങൾ മരിച്ചു വീഴുന്നു. എല്ലാവരും കണ്ടന്റിനായി പിന്നെയും നെട്ടോട്ടം ഓടുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക