
വിവേക് ഒബ്‌റോയ് സിനിമാഭിനയത്തില്‍ നിന്നും വിട്ടുനിന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടന്റെ മുന്‍ ഫിറ്റ്‌നസ് ട്രെയിനര്‍. നിരവധി ഹിറ്റ് ബോളിവുഡ് സിനിമകളിലെ നായകനായിരുന്നുവെങ്കിലും, നിലവില്‍ അദ്ദേഹത്തെ അധികം സിനിമകളില്‍ കാണാറില്ല. അതിന് കാരണം അദ്ദേഹത്തിന് സംഭവിച്ച ഗുരുതരമായ ഒരു അപകടമായിരുന്നു എന്നാണ് നടന്റെ ഫിറ്റ്‌നസ് പരിശീലകനായിരുന്ന വിനോദ് ഛന്ന വെളിപ്പെടുത്തിയിരിക്കുന്നത്.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെയും, വിഷാദത്തെയും തുടര്‍ന്നാണ് വിവേക് ഒബ്‌റോയ് സിനിമകളില്‍ നിന്നും പിന്മാറിയതെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ലെന്നാണ് ഈയിടെ പുറത്തുവന്ന ഒരു അഭിമുഖത്തില്‍ വിനോദ് വെളിപ്പെടുത്തിയിരിക്കുന്നത്. 2002-ല്‍ റോഡ് എന്ന സിനിമയ്ക്കായി ബിക്കാനീറില്‍ നിന്നും ജയ്‌സാല്‍മീറിലേയ്ക്കുള്ള യാത്രയ്ക്കിടെ നടന് ഒരു അപകടം സംഭവിക്കുകയും, ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കുകള്‍ വിവേകിനെ സിനിമയില്‍ ജോലി ചെയ്യുന്നത് നിര്‍ത്താന്‍ നിര്‍ബന്ധിതനാക്കിയെന്നും, ഈ പരിക്കില്‍ നിന്നും മുക്തി നേടുന്നതിനായാണ് വിവേക് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത് എന്നും വിനോദ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ കാലയളവില്‍ നടന്‍ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതില്‍ വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് സിനിമയില്‍ അദ്ദേഹത്തിന് വലിയ ഇടവേള വന്നതെന്നാണ് സെലിബ്രിറ്റി ഫിറ്റ്‌നസ് പരിശീലകനായ ഛന്ന പറയുന്നത്. ബിസിനസില്‍ വളരെ മികവുള്ള ആളാണ് വിവേക് എന്നും, അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് സ്‌കില്ലുകള്‍ ഗംഭീരമാണെന്നും വിനോദ് ഛന്ന പ്രശംസിച്ചു.