
പാലാ: കേരളത്തില്‍ ആശങ്ക സൃഷ്ടിച്ച് വര്‍ധിച്ചുവരുന്ന മുങ്ങിമരണങ്ങളില്‍ നിന്ന് സ്വയം രക്ഷനേടാനും മറ്റുള്ളവരെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്താനുമുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അമേരിക്കന്‍ മലയാളികളുടെ പ്രഥമ ഫെഡറേഷനായ ഫൊക്കാന, വൈക്കം ആസ്ഥാനമായുള്ള മൈല്‍ സ്റ്റോണ്‍ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിള്‍ സൊസൈറ്റിയുമായി (എം.എസ്.പി.എസ് ) കൈകോര്‍ത്ത് സംഘടിപ്പിച്ച 'സ്വിം കേരള സ്വിം' നാലാംഘട്ട സൗജന്യ നീന്തല്‍ പരിശീലന പദ്ധതിയുടെ സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും വന്‍ ജനപങ്കാളിത്തത്തോടെ പാലാ സെന്റ് തോമസ് കോളേജ് സ്വിമ്മിങ് പൂള്‍ ഏരിയയില്‍ നടന്നു.

പാലാ മുനിസിപ്പാലിറ്റിയുമായി കൈകോര്‍ത്ത് സംഘടിപ്പിച്ച സൗജന്യ നീന്തല്‍ പരിശീലത്തിന്റെ സമാപന സമ്മേളനം മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇവിടെ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുങ്ങിമരണങ്ങള്‍ തടയുന്ന കരുത്തുറ്റ സാന്നിധ്യമായി സമൂഹത്തില്‍ നിലയുറപ്പിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ്, വെള്ളപ്പൊക്കം, നിപ്പ തുടങ്ങിയ ദുരന്തങ്ങളില്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത് നിന്ന ഫൊക്കാന എന്ന മഹാസംഘടനയുടെ സമസ്ത മേഖലയിലുമുള്ള പ്രവര്‍ത്തനങ്ങള്‍ വാക്കുകള്‍ക്കതീതമാണെന്ന് സ്ഥലം എം.എല്‍.എ കൂടിയായ മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

സ്റ്റേജിലും സ്റ്റേഡിയത്തിലും വെള്ളത്തിലുമൊക്കെയായി ഫൊക്കാന പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് 'സ്വിം കേരള സ്വിം' എന്ന അപൂര്‍വ പദ്ധതിയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി പറഞ്ഞു. പ്രതിവര്‍ഷം കേരളത്തില്‍ 1280 പേര്‍ മുങ്ങിമരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ ഈ ദുരന്തത്തെ നേരിടാന്‍ ബന്ധപ്പെട്ട അധികൃതരും സാമൂഹിക സംഘടനകളും ആശാവഹമായ പ്രോജക്ടുകളുമായി കടന്നുവരുന്നില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ഫൊക്കാന മൈല്‍ സ്റ്റോണ്‍ സ്വിമ്മിങ് പ്രൊമോട്ടിങ് ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ച് ഈ വലിയ ഉത്തരവാദിത്വം ഏറ്റെടുത്തതെന്ന് സജിമോന്‍ ആന്റണി ചൂണ്ടിക്കാട്ടി.

കേരളത്തിലെ എല്ലാവരെയും നീന്തല്‍ പഠിപ്പിക്കുക എന്നത് അസാധ്യമായ കാര്യമാണെന്നും എന്നാല്‍ അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന ഈ വിഷയത്തില്‍ വ്യാപകമായ ഒരു സന്ദേശം നല്‍കുകയാണ് ഫൊക്കാന ചെയ്യുന്നതെന്നും കേരള സര്‍ക്കാരുമായി സഹകരിച്ച് ഈ പദ്ധതി വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും സജിമോന്‍ ആന്റണി പറഞ്ഞു. കേരളത്തിലെ മുങ്ങിമരണങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ഫൊക്കാനയുടെ ഈ അഭിമാന സംരംഭത്തിന് കഴിയട്ടെ എന്ന് പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ദിയ പുളിക്കണ്ടം ആശംസിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാളായ ദിയ പുളിക്കണ്ടത്തിലിന്റെ സാന്നിധ്യം ചടങ്ങില്‍ ശ്രദ്ധേയമായി.

ഐ.പി.സി.എന്‍.എ പ്രസിഡന്റ് രാജു പള്ളത്ത്, ഫൊക്കാന മുന്‍ സെക്രട്ടറി റ്റോമി കൊക്കാട്ട്, റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസി കാരക്കാട്, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് അംഗം ലീലാ മാരേറ്റ്, കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചില്‍ഡ്രന്‍ ഗവേണിംഗ് ബോഡി അംഗം സിജിത അനില്‍, ഫൊക്കാന കേരള പ്രതിനിധിയും നടനുമായ സുനില്‍ പാലയ്ക്കല്‍, സിനിമ-മിമിക്രി താരം ബാബു ജോസ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പ്രിന്‍സി സണ്ണി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയ 100-ലധികം കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിച്ചു.

സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലും കാരുണ്യ പ്രവര്‍ത്തനളിലുമെല്ലാം ഒരുപോലെ ശ്രദ്ധ പതിപ്പിക്കുന്ന ഫൊക്കാനയുടെ മുന്നേറ്റങ്ങള്‍ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് സ്വാഗതമാശംസിച്ച എം.എസ്.പി.എസ് വൈസ് പ്രസിഡന്റ് വി.എസ് ദിലീപ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫൊക്കാന കേരള കണ്‍വന്‍ഷന്റെ ഭാഗമായി കുമരകത്തെ ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ കുട്ടികളുടെ ആവേശകരമായ നീന്തല്‍ പ്രകടനത്തോടെ, ജാഗ്രതയും കരുതലുമെന്ന സന്ദേശം പകര്‍ന്ന് 'സ്വിം കേരള സ്വിം' പദ്ധതിയുടെ മൂന്നാം ഘട്ടം വിജയകരമായി നടന്നിരുന്നു.

കുട്ടികളുടെ സ്വയരക്ഷ, പരിരക്ഷ, വ്യായാമം, ഉല്ലാസം എന്നിവയ്ക്ക് പുറമേ പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള മുറകളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശ്വാസനിയന്ത്രണം, വെള്ളത്തില്‍ പൊങ്ങിക്കിടക്കല്‍, കൈകാലുകള്‍ കൊണ്ടുള്ള തുഴയല്‍ തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ അടങ്ങുന്നതായിരുന്നു പരിശീലന പദ്ധതി. അന്താരാഷ്ട്ര നീന്തല്‍താരം എസ്.പി മുരളീധരന്‍ ആണ് സ്വിം കേരള സ്വിം പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കിയത്.

സമ്മേളനത്തില്‍ ഫൊക്കാന, ലേബര്‍ ഇന്ത്യയുമായി സഹകരിച്ച് നടത്തുന്ന ലഹരിവുരുദ്ധ കാമ്പെയ്ന്റെ സന്ദേശവും നല്‍കപ്പെട്ടു. സജിമോന്‍ ആന്റണിയെയും എസ്.പി മുരളീധരനെയും മാണി സി കാപ്പന്‍ എം.എല്‍.എ പൊന്നാടയണിയിച്ച് ആദരിച്ചു. അമേരിക്കയില്‍ ഓരോ വര്‍ഷവും 1,10,000 പേര്‍ ലഹരിക്കടിമകളായി മരിക്കുന്നുണ്ടെന്ന് സജിമോന്‍ ആന്റണി പറഞ്ഞു. ഒരു സ്വിമ്മിങ്ങ് അക്കാദമി യാഥാര്‍ത്ഥ്യമാക്കുകയാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് കൃതജ്ഞത പ്രകാശിപ്പിച്ച മൈല്‍ സ്റ്റോണ്‍ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സെക്രട്ടറിയും റിട്ടയേഡ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനുമായ ഡോ. ആര്‍ പൊന്നപ്പന്‍ പറഞ്ഞു.