
'ഗരുഡന്' ശേഷം അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന 'ബേബി ഗേള്‍' എന്ന ചിത്രത്തിന്റെ അണിയറവിശേഷങ്ങള്‍ പങ്കിട്ട് നിവിന്‍ പോളി. ബോബി-സഞ്ജയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ജനുവരി 23-നാണ് തിയറ്ററുകളിലെത്തുക.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ കുട്ടിക്ക് ഷൂട്ടിങ് ആരംഭിക്കുമ്പോള്‍ വെറും നാല് ദിവസം മാത്രമായിരുന്നു പ്രായമെന്നാണ് നിവിന്‍ പറയുന്നത്. കുട്ടികളെ ഏറെ ഇഷ്ടമാണെങ്കിലും തനിക്ക് നവജാത ശിശുക്കളെ എടുക്കാന്‍ വലിയ പേടിയാണ്. ഷൂട്ടിങ് സമയത്തും ആ പേടിയുണ്ടായിരുന്നു.
നല്ല ചൂടുള്ള സമയമായിരുന്നു ഷൂട്ട് എന്നും, ഇടയ്ക്കിടെ കുഞ്ഞിനെ എസി റൂമിലേയ്ക്ക് കൊണ്ടുപോയി, തിരിച്ച് കൊണ്ടുവരുമായിരുന്നു എന്നും പറഞ്ഞ നിവിന്‍, കുഞ്ഞും മാതാപിതാക്കളും ഷൂട്ടിങ്ങിനായി ഏറെ ബുദ്ധിമുട്ടി എന്നും കൂട്ടിച്ചേര്‍ത്തു. ബേബി ഗേളും, ചിത്രത്തിന്റെ കഥയുമാണ് ഇതിലെ ഹീറോസ് എന്നും, കഥ മനസിലാക്കിയാണ് മാതാപിതാക്കള്‍ സിനിമയ്ക്കായി സമ്മതിച്ചത് എന്നും നിവിന്‍ പറയുന്നു.
അതേസമയം ഏറെക്കാലത്തിന് ശേഷം നിവിന് വിജയം സമ്മാനിച്ച ചിത്രമായ 'സര്‍വ്വം മായ' ബോക്സ് ഓഫീസില്‍ 100 കോടി കടന്നിരുന്നു. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം അഖില്‍ സത്യനാണ് സംവിധാനം ചെയ്തത്.