
ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ നായകന്മാരായി എത്തുന്ന 'അതിരടി'യിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ശ്രീക്കുട്ടന്‍ വെള്ളായണി എന്ന ഗായകനായി ടൊവിനോ എത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14-നാണ് റിലീസ് ചെയ്യുന്നത്.
മാസ് ആക്ഷന്‍ കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിലെ സാം ബോയ് എന്ന കഥാപാത്രമായുള്ള ബേസിലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. ഡോ. അനന്തു എസും, ബേസില്‍ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹകനായ സമീര്‍ താഹിര്‍, ടൊവിനോ തോമസ് എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. ബേസില്‍ നിര്‍മ്മാതാകുന്ന ആദ്യ ചിത്രം കൂടിയാണിത്.
ബേസില്‍ സംവിധായകനായ മിന്നല്‍ മുരളിയുടെ സഹരചയിതാവാണ് അരുണ്‍ അനിരുദ്ധന്‍. അരുണിനൊപ്പം പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് അതിരടിയുടെ തിരക്കഥ. ഛായാഗ്രഹണം സാമുവല്‍ ഹെന്റി, സംഗീതം വിഷ്ണു വിജയ്, എഡിറ്റിങ് ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈന്‍ മാനവ് സുരേഷ്.