
ഇ-മലയാളി അവാർഡ് നൈറ്റിൽ അതിഥിയായി പങ്കെടുത്ത പ്രശസ്ത ഗായികയും നിയമസഭാംഗവുമായ ദലീമ ജോജോ, വിദേശ മലയാളികൾ മലയാള സാഹിത്യത്തോടും ജന്മനാടിനോടും പുലർത്തുന്ന ആത്മബന്ധം പ്രശംസനീയമാണെന്ന് പറഞ്ഞു. എഴുത്തുകാരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇമലയാളിയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അവർ അഭിപ്രായപ്പെട്ടു.
“ഒരു നാടിന്റെ നാവാണ് എഴുത്ത്. അതിനെ സ്നേഹിക്കാനും കരുതാനും കഴിയുന്ന മനസ്സാണ് ഇമലയാളിയുടെ ഈ വേദിയിലൂടെ ഞാൻ തിരിച്ചറിയുന്നത്,” എന്ന് ദലീമ ജോജോ പറഞ്ഞു. മറ്റു രാജ്യങ്ങളിൽ ജീവിച്ചിട്ടും സഹജീവികളെ കരുതുന്ന മനസ്സാണ് പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സവിശേഷതയെന്നും, കനിവ് പോലുള്ള ചാരിറ്റബിൾ പ്രവർത്തനങ്ങൾ അതിന്റെ ഉദാഹരണമാണെന്നും അവർ ചൂണ്ടിക്കാട്ടി.
തന്റെ രാഷ്ട്രീയജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയായി തോമസ് ടി. ഉമ്മനെ അവർ ഓർമ്മിച്ചു. ഫോമയുമായി തന്നെ ബന്ധിപ്പിച്ചതും അദ്ദേഹമാണെന്ന് ദലീമ പറഞ്ഞു. “എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നത്. ചുറ്റുമുള്ള ഒരുപാട് മനുഷ്യരുടെ സങ്കടങ്ങൾ എന്നെ അലട്ടിയിരുന്നു. അങ്ങനെയൊരു ഘട്ടത്തിലാണ് ടി ഉമ്മൻ അച്ചായൻ കടന്നുവന്നത്. അത് ഞാൻ ദൈവിക ഇടപെടലായിട്ടാണ് കാണുന്നത്,” എന്നും അവർ പറഞ്ഞു.
നമ്മുടെ നാടിന് ഒരുപാട് നന്മകളുണ്ടെങ്കിലും, അവ നഷ്ടപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ദലീമ ജോജോ അഭിപ്രായപ്പെട്ടു. സ്വാർത്ഥതയും മതപരിധികളിൽ ഒതുങ്ങിയ സഹായങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ, ജാതിമതഭേദമെന്യേ ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്ന സംസ്കാരമാണ് മലയാളികൾക്കുള്ളതെന്നും അവർ വ്യക്തമാക്കി. “ഓണം നമ്മുടെ സ്വന്തം ഉത്സവമാണ്. ഓണത്തിന്റെ മഹത്വവും അതുതന്നെയാണ്,” എന്നും അവർ കൂട്ടിച്ചേർത്തു.

എഴുത്തിനോടും സംഗീതത്തോടും ഒരുപോലെ അടുപ്പമുണ്ടെന്ന് പറഞ്ഞ ദലീമ, പണ്ട് കഥ എഴുതാൻ ശ്രമിച്ചിരുന്നുവെന്നും വെളിപ്പെടുത്തി. “പാട്ട് മാത്രമല്ല, എഴുത്തും എനിക്ക് ഇഷ്ടമാണ്. എന്റെ കുടുംബത്തിൽ എഴുത്തുകാരും കവിത എഴുതിയവരും നല്ല ഗായകരുമുണ്ടായിരുന്നു. പാടുമ്പോൾ അതിലെ എഴുത്തിലൂടെ സഞ്ചരിച്ചാൽ മാത്രമേ പാട്ട് പൂർണ്ണമാവുകയുള്ളൂ. ഇന്ന് പലരും കവിത പാടുമ്പോൾ എഴുത്തിനെ അവഗണിക്കുന്നു. അങ്ങനെ വരുമ്പോൾ അതിന്റെ ഫീൽ നഷ്ടപ്പെടും,” എന്നും അവർ പറഞ്ഞു.
ഇമലയാളി അവാർഡ് വേദിയിൽ പുരസ്കാരങ്ങൾ നേടുന്ന എഴുത്തുകാരെ അഭിനന്ദിച്ച ദലീമ ജോജോ, സമൂഹത്തിന് മനോഹരമായ എഴുത്തുകൾ സമ്മാനിക്കുന്നവർക്കെല്ലാം ആശംസകൾ നേർന്നു. സാഹിത്യകൃതികളെ വളർത്തുന്നതിനൊപ്പം സാമൂഹിക സേവനങ്ങളും മുന്നോട്ടുകൊണ്ടുപോകുന്ന ഈ സംരംഭം കൂടുതൽ ശക്തിപ്പെടണമെന്നും അവർ അഭിപ്രായപ്പെട്ടു.
ചാരിറ്റി പ്രവർത്തനങ്ങൾ രാഷ്ട്രീയത്തിലേക്ക് വന്നശേഷം തുടങ്ങിയതല്ലെന്നും, അത് പണ്ടുമുതലേ മനസ്സിൽ നിറഞ്ഞുനിന്ന വികാരമാണെന്നും അവർ പറഞ്ഞു. വർഷങ്ങൾക്കുമുമ്പ് തന്നെ മാനവദുഃഖങ്ങളെക്കുറിച്ച് എഴുതിയിട്ടുള്ള വരികൾ ഓർമ്മിപ്പിച്ച അവർ, “ഇന്ന് രാഷ്ട്രീയജീവിതത്തിൽ ഒരു കോടി വ്യഥകളുടെ നടുവിലാണ് ഞാൻ നിൽക്കുന്നത്. ആ വ്യഥകളിൽ സഹായഹസ്തവുമായി എത്തുന്ന ഒരുപാട് പേരാണ് ഈ പ്രവർത്തനങ്ങൾക്ക് പിന്നിൽ,” എന്നും പറഞ്ഞു.
“നമ്മളെല്ലാം മനുഷ്യർ മാത്രമാണ്. നിറത്തിന്റെയോ ജാതിയുടെയോ പേരിൽ മഹത്വം പറയുന്നത് തെറ്റിദ്ധാരണയാണ്. ദൈവം നൽകിയ സമ്പാദ്യങ്ങളും സൗഭാഗ്യങ്ങളും ക്ഷണികമാണ്. ഈ സത്യം തിരിച്ചറിഞ്ഞ് നന്മകൾ ചെയ്തു കടന്നുപോകാൻ എല്ലാവർക്കും സാധിക്കട്ടെ,” എന്ന ആശംസകളോടെ ദലീമ ജോജോ തന്റെ പ്രസംഗം സമാപിപ്പിച്ചു.