
മഴയുടെ ആദ്യ ശബ്ദം കേൾക്കുന്ന നിമിഷം മുതൽ അവളുടെ ഉള്ളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു പ്രേത്യേക ഭാവം ഉണരും. മേഘങ്ങൾ കറുത്തിരുണ്ട് തുടങ്ങിയാൽ മതിയായിരുന്നു; ആകാശം അടഞ്ഞുനിൽക്കുമ്പോൾ അവളുടെ മനസ്സും അതിനൊപ്പം നിറഞ്ഞുതുടങ്ങും. ആലിപ്പഴം വീഴും എന്ന പ്രതീക്ഷ അവൾക്കു മഴക്കാലത്തിന്റെ ഒരു സ്വകാര്യ വാഗ്ദാനമായിരുന്നു. അത് സംഭവിക്കുമോ ഇല്ലയോ എന്നതിനെക്കാൾ, അതിനായി കാത്തിരിക്കുന്ന നിമിഷങ്ങളായിരുന്നു അവളുടെ കൗമാരത്തെ ഏറ്റവും സുന്ദരമാക്കിയത്. വീട്ടിന്റെ മേൽക്കൂരയിൽ പതിക്കുന്ന മഴത്തുള്ളികളുടെ ശബ്ദം അവളെ പഴയ ദിവസങ്ങളിലേക്ക് തിരികെ കൊണ്ടുപോകും.
സ്കൂൾ കഴിഞ്ഞ് പുസ്തകങ്ങൾ ഒരുവശത്തേക്ക് നീക്കി വെച്ച്, ജനലിനരികിൽ ഇരുന്ന് ആകാശം നോക്കിയിരുന്ന വൈകുന്നേരങ്ങൾ. മുറ്റത്ത് നനഞ്ഞ മണ്ണിന്റെ ഗന്ധം, കാറ്റിൽ വിറയുന്ന വാഴയിലകൾ, അമ്മയുടെ അടുക്കള ശബ്ദങ്ങൾ.. എല്ലാം ചേർന്ന് അവളുടെ മനസ്സിൽ ഒരു നിശബ്ദ ചിത്രമായി പതിഞ്ഞിരുന്നു. ആ ചിത്രത്തിന്റെ നടുവിൽ, എപ്പോഴും ആലിപ്പഴത്തിനായി കാത്തിരിക്കുന്ന ഒരു പെൺകുട്ടി അവളുടെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നു.
സ്കൂളിലെ മഴക്കാലം അവൾക്കൊരു പ്രത്യേക ലോകമായിരുന്നു. ബെൽ മുഴങ്ങുമ്പോൾ ക്ലാസ് മുറിയുടെ ജനലുകൾക്കരികിലേക്ക് കൂട്ടുകാർ ഒത്തുകൂടും. കറുത്തബോർഡിലെ അക്ഷരങ്ങൾക്കിടയിൽ മഴയുടെ ശബ്ദം അലിഞ്ഞുചേരും. ടീച്ചറുടെ വാക്കുകൾ കേൾക്കുന്നുവെന്ന വ്യാജേന കണ്ണുകൾ പുറത്തേക്ക് വഴുതിപ്പോകും. ആരെങ്കിലും “ഇന്ന് ആലിപ്പഴം വീഴും” എന്ന് പറഞ്ഞാൽ, ക്ലാസ് മുറിയിൽ ഒരു ചെറിയ ആഘോഷം തന്നെ ആരംഭിക്കും.
ഇടവേളകളിൽ, കൂട്ടുകാർ തമ്മിൽ ആലിപ്പഴത്തെക്കുറിച്ചുള്ള കഥകൾ കൈമാറും. ചിലർ ഒരിക്കൽ കണ്ട ആ അത്ഭുതത്തെ ആവേശത്തോടെ വിവരിക്കും; ചിലർ കണ്ടിട്ടില്ലാത്തതിനെക്കുറിച്ച് കൂടുതൽ സ്വപ്നം കാണും. അവൾ ആ കഥകൾ എല്ലാം ശ്രദ്ധയോടെ കേൾക്കും. ഓരോ വാക്കും അവളുടെ കാത്തിരിപ്പിന് പുതിയ നിറം ചേർക്കും. ആ നിമിഷങ്ങളിൽ, ആലിപ്പഴം വെറും മഞ്ഞുകണങ്ങളല്ലായിരുന്നു; അത് കൗമാരത്തിന്റെ ഏറ്റവും ശുദ്ധമായ പ്രതീക്ഷയായിരുന്നു.
മഴയിൽ നനഞ്ഞ് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴികൾ അവളുടെ ജീവിതത്തിലെ ഏറ്റവും ഉല്ലാസഭരിതമായ നിമിഷങ്ങളായി മാറി. കുടയുടെ ചുവടിൽ കൂട്ടുകാരുടെ ചിരികൾ, ചെളിവഴികളിലൂടെ ചാടിക്കടക്കുമ്പോഴുള്ള ആവേശം, നനഞ്ഞ യൂണിഫോമിനുള്ളിൽ ഒളിച്ചിരുന്ന ചെറിയ സ്വാതന്ത്ര്യം.. എല്ലാം ചേർന്ന് അവളുടെ കൗമാരം പൂർണ്ണമാകുകയായിരുന്നു. ആ ദിവസങ്ങളിൽ ആലിപ്പഴം വീഴുമോ ഇല്ലയോ എന്നത് അത്ര പ്രസക്തമല്ലായിരുന്നു; കൂട്ടുകാർക്കൊപ്പം സ്വപ്നങ്ങൾ പങ്കിട്ട ആ കാത്തിരിപ്പായിരുന്നു യഥാർത്ഥ സന്തോഷം
അങ്ങനെയിരിക്കെ ഒരു ദിവസം അപ്രതീക്ഷിതമായി ആകാശം പൊട്ടിച്ചിരിച്ചപ്പോൾ, മഴയോടൊപ്പം ആലിപ്പഴം വീഴാൻ തുടങ്ങി. വെളുത്ത ചെറുകല്ലുകൾ പോലെ മുറ്റത്തും മൈതാനത്തും ചിതറിപ്പോയ നിമിഷം, കുട്ടികളുടെ ചിരികൾ ചുറ്റും പൊട്ടിത്തെറിച്ചു. നനഞ്ഞ മുടിയുമായി ഒരു കൂട്ടുകാരി ആലിപ്പഴം കൈയിൽ പിടിച്ച് ആകാശത്തേക്ക് ഉയർത്തിക്കാട്ടി..മറ്റൊരുവൾ അത് നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണുകളിൽ നിറഞ്ഞ വിസ്മയത്തോടെ ചിരിച്ചു… ചിലർ ചെളിവഴികളിലൂടെ ഓടി.. ചിലർ പരസ്പരം ആലിപ്പഴം എറിഞ്ഞ് കളിച്ചു.. ചിരികൾ മഴയെ പോലും മറികടന്നു.. ചിരികൾ കാറ്റിൽ കലർന്നപ്പോൾ, ആ മൈതാനം മുഴുവൻ ഒരു ജീവൻ ഉള്ള ചിത്രമായി മാറി.. കുട്ടിത്തത്തിന്റെ ശുദ്ധമായ ഉല്ലാസം മഴയിൽ തിളങ്ങുന്നൊരു നിമിഷമായി.
ആലിപ്പഴം അവൾക്ക് കാലാവസ്ഥയുടെ ഒരു വിചിത്രത മാത്രമായിരുന്നില്ല. അതിൽ അവളുടെ സ്വപ്നങ്ങൾ ഒളിഞ്ഞിരുന്നു. ജീവിതം ഒരിക്കൽ എങ്കിലും ഇങ്ങനെ തന്നെ, മുന്നറിയിപ്പില്ലാതെ, കൈവശം എത്തുന്ന സന്തോഷങ്ങളുമായി, വന്നെത്തുമെന്ന വിശ്വാസം. നോട്ട്ബുക്കുകളുടെ പിന്നിൽ വരച്ച ചെറു സ്വപ്നങ്ങൾ പോലെ, ആലിപ്പഴം അവൾക്ക് അപ്രതീക്ഷിതമായ സന്തോഷത്തിന്റെ പ്രതീകമായി. എല്ലാ മഴക്കാലങ്ങളും അവളുടെ കാത്തിരിപ്പിന് മറുപടി നൽകിയില്ല. മഴ പെയ്തു, ഇടിമിന്നലുകൾ ആകാശം നിറച്ചു, പക്ഷേ ആലിപ്പഴം വീണില്ല. അന്ന് അവളുടെ മനസ്സിൽ ഒരു ചെറിയ നിരാശ ഉണ്ടായെങ്കിലും, പ്രതീക്ഷ അവൾ വിട്ടുകളഞ്ഞില്ല. അടുത്ത മഴക്കാലം വീണ്ടും ഒരു പുതിയ തുടക്കമായി അവൾ സ്വീകരിച്ചു. കാത്തിരിപ്പാണ് ചിലപ്പോൾ സ്വപ്നങ്ങളെ ജീവനോടെ നിലനിർത്തുന്നതെന്ന് അവൾ പതുക്കെ പഠിച്ചു.
കാലം മുന്നോട്ട് നീങ്ങി. സ്കൂൾ ബെഞ്ചുകളും കൂട്ടുകാരുടെ ചിരികളും പിന്നിലായി. പക്ഷേ മഴയുടെ ശബ്ദം ഇന്നും അവളെ പഴയ ദിവസങ്ങളിലേക്ക് തിരികെ കൊണ്ടുപോകും. ആലിപ്പഴം ഒരിക്കൽ വീണിട്ടുണ്ടോ ഇല്ലയോ എന്നത് ഇപ്പോൾ അത്ര പ്രധാനമല്ല. അതിനായി കാത്തിരുന്ന ആ പെൺകുട്ടിയായിരുന്നു അവളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഓർമ്മ.. സ്വപ്നങ്ങളെ കൈവിടാതെ പിടിച്ചുനിന്ന ഒരു കൗമാരകാലത്തിന്റെ നിശബ്ദ സാക്ഷ്യം.