
മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2024-ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് നടി ശാരദ അര്‍ഹയായിരിക്കുന്നു. കേരള സര്‍ക്കാരിന്റെറ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. പുരസ്കാരം വരുന്ന 25-ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും. 2017-ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്സണും നടി ഉര്‍വശി, സംവിധായകന് ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഈ ബഹുമതി ലഭിക്കുന്ന 32-ാമത്തെ ചലച്ചിത്ര പ്രതിഭയാണ് 80 കാരിയായ ശാരദ. മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദ, കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് എന്തുകൊണ്ടും അര്‍ഹയാണെന്ന് ജൂറി വിലയിരുത്തി.
അഭിനേത്രിയെന്ന നിലയില്‍ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ 1945 ജൂണ്‍ 25-ന് ആന്ധ്രപ്രദേശിലെ തെന്നാലിയില്‍ വെങ്കിടേശ്വര റാവുവിന്റെയും സത്യവതി ദേവിയുടേയും മകളായാണ് ജനിച്ചത്. സത്യവതി ദേവിയുടെ പിതാവ് മലയാളിയാണ്. ശാരദയുടെ യഥാര്‍ത്ഥ നാമം സരസ്വതി ദേവി എന്നതാണ്. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി സംഗീതപഠനം ആരംഭിച്ചെങ്കിലും പിന്നീട് അത് തുടര്‍ന്നില്ല. ആറാം വയസ് മുതല്‍ ഡാന്‍സ് പഠിച്ചു തുടങ്ങി. പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് പലയിടങ്ങളില്‍ മാറി താമസിച്ചത് വിദ്യഭ്യാസത്തെ ബാധിച്ചു. അവര്‍ ഡാന്‍സ് പഠിച്ച സ്കൂളിലെ കുട്ടികളെ സിനിമയില്‍ അവതരിപ്പിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവര്‍ പത്താം വയസില്‍ 'കന്യസുല്ക്ക'ത്തില്‍ അഭിനയിച്ചു. ഡാന്‍സ് പ്രകടനത്തിലൂടെ നാടകങ്ങളില്‍ അഭിനയിച്ചു. നാടകങ്ങളിലെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചതോടെ സിനിമയിലേക്ക് വിളി വന്നു.
'തന്‍ട്രലു കൊടുക്കലു' എന്നതായിരുന്നു ആദ്യ തെലുങ്കു ചിത്രം. 'ഇദ്ദാരു മിത്രാലു' എന്ന രണ്ടാമത്തെ ചിത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തെലുങ്കില്‍ കാര്യമായ വേഷങ്ങള്‍ ഒന്നും ലഭിച്ചില്ല എങ്കിലും തമിഴില്‍ നിരവധി വേഷങ്ങള്‍ കിട്ടി. ശിവാജി ഗണേശന്റെ കുങ്കുമമാണ് ആദ്യ തമിഴ് ചിത്രം. കന്നട സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് 'ഇണപ്രാവുകള്‍' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തുന്നത്. തെലുങ്കില്‍ സിനിമാഭിനയം തുടങ്ങിയ കാലത്തു ശാരദ എന്ന പേര് അവര്‍ മലയാളത്തിലും സ്വീകരിക്കുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിലെ അഭിനയം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ശാരദയ്ക്ക് മലയാള സിനിമ 'ദു:ഖപുത്രി' എന്ന പേര് ചാര്‍ത്തികൊടുത്തു. എല്ലാ സിനിമകളിലും ഒരേ കഥാപാത്രങ്ങളില്‍ തുടര്‍ന്നതോടെ മലയാളത്തില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടെങ്കിലും വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കിട്ടിയത് തെലുങ്കിലാണ്.
1968-ല്‍ വിന്‍സന്റ് സംവിധാനം ചെയ്ത തുലാഭാരം, 1972-ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം, 1977-ല്‍ തെലുങ്ക് ചിത്രമായ നിമജ്ജനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ശാരദയ്ക്ക് ഉര്‍വശി അവാര്‍ഡ് ലഭിച്ചു. തുലാഭാരത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ പതിപ്പുകളിലും ശാരദ തന്നെയായിരുന്നു നായിക. താര, ത്രിവേണി എന്നീ സിനിമകളിലെ അഭിനയത്തിന് 1970-ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 1981-ല്‍ എലിപ്പത്തായത്തില്‍ അഭിനയിച്ചതിന് ശേഷം വളരെ വിരളമായി മാത്രമെ ശാരദ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളൂ.
അഭിനയ പ്രാധാന്യമുണ്ടായിരുന്ന വേഷങ്ങളുണ്ടായിരുന്ന ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും (1987) കാശ്മീരവും (1994) ചെയ്തത് ഒഴിച്ചാല്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മഴത്തുള്ളിക്കിലുക്കം (2002) എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ തിരിച്ചെത്തിയത്. രാപ്പകല്‍ (2005), നായിക(2011), അമ്മക്കൊരു താരാട്ട് (2015) എന്നിവയാണ് അവര്‍ അതിനു ശേഷം അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി ഇതുവരെ എകദേശം 400-ല്‍ പരം ചിത്രങ്ങളില്‍ വേഷമിട്ടു. അഭിനയത്തിന് പുറമെ ഭദ്രദീപം എന്നൊരു ചിത്രം നിര്‍മ്മിച്ചു.
രാഷ്ട്രീയ പാര്‍ട്ടിയായ തെലുങ്കു ദേശത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 1996-ല്‍ തെന്നാലിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചു. ലോട്ടസ് ചോക്ലേറ്റ് എന്നൊരു കമ്പനി നടത്തുന്ന അവര്‍ തന്റെ ആദ്യ തെലുങ്ക് ചിത്രത്തിലെ നായകനായ ചലത്തെ 1972-ല്‍ വിവാഹം ചെയ്തെങ്കിലും 1984-ല്‍ വേര്‍പിരിഞ്ഞു.