
പട്ടിണിപ്പാവങ്ങളും യാചകരുമില്ലാത്ത കേരളം! എന്നു സർക്കാർ പ്രസ്താവിച്ചതാണ് കേട്ടോ:
ഇപ്പോഴുള്ള യാചകർ മുഴുവൻ അന്യസംസ്ഥാനക്കാരാണെന്നു കേൾക്കുന്നു. പണ്ട് തമിഴ്നാട്ടിൽനിന്നുള്ള കുത്തൊഴുക്ക് ഉണ്ടായിരുന്നു. അതൊക്കെ ഒരു കാലം. ഇതിപ്പോൾ കാലം മാറി… കേരളം അവർക്കൊരു “ഡെസ്റ്റിനേഷൻ” ആയി. ഇന്ത്യയിലെ ഏറ്റവും സമ്പൽസമൃദ്ധമായ സംസ്ഥാനമെന്നാണ് സാർ!
സാൻ ഫ്രാൻസിസ്കോയിൽനിന്ന് ദുബായിലേക്കുള്ള ഫ്ലൈറ്റിൽവെച്ച് കണ്ട ഒരു ഉത്തരേന്ത്യക്കാരൻ പറഞ്ഞതാണ്. അപ്പോൾ അഭിമാനം തോന്നി… പക്ഷേ ഉള്ളിന്റെ ഉള്ളിൽ ഒന്നു ചിരിച്ചു.
കാരണം അയാൾ പറഞ്ഞത് ഒരു മലയാളിയായ ഞാൻ എങ്ങനെ വിശ്വസിക്കും. അയാൾ പറഞ്ഞ ബഡായി കേട്ടു അഭിമാനിക്കാൻ ഒരു മലയാളി ഒന്നുകൂടി ജനിക്കണം. മലയാളംപോലും മറക്കുന്നവരാ മല്ലുസ് എന്ന് യെവന്മാർക്കറിയില്ലല്ലോ. അതുകൊണ്ടല്ലേ നാൽപ്പതുലക്ഷത്തിലധികം ഉത്തരേന്ത്യക്കാർ ഇങ്ങോട്ട് കുടിയേറിയത്!
പണ്ട് നമ്മളായിരുന്നു മദ്രാസികളായി അങ്ങോട്ട് ഒഴുകിയത്; ഇപ്പോൾ അങ്ങോട്ടല്ലെങ്കിലും വിദേശത്തേക്കു നല്ല കുത്തൊഴുക്കാണ്. മലയാളികളുടെ വംശനാശത്തിന് ഇനി അധികനാൾ വേണ്ട. ഇതൊക്കെ ഇപ്പോൾ അയാളോടു പറഞ്ഞിട്ടെന്ത് കാര്യം!
നമ്മൾ അങ്ങനെയല്ലേ, ഒന്നുകൊണ്ടും മതിയാവില്ല. ഉത്തരേന്ത്യക്കാരനല്ല, നാളെ സാക്ഷാൽ അമേരിക്കൻ പ്രസിഡന്റുപറഞ്ഞാലും
“പോടാ ട്രംപിന്റെ ബഡായി ഇവിടെ വേണ്ട”
എന്നു പറയും. ഏത് പാർട്ടി ഭരിച്ചാലും നിരന്തര വിമർശനം, അടിപിടി, ബന്ധ് കത്തികുത്ത്, വെള്ളമടി അതല്ലേ നമ്മുടെ ദേശീയ വിനോദം!
വിമർശനബുദ്ധിയിലൂടെയാണല്ലോ നമ്മൾ മുൻപന്തിയിലെത്തിയത്. സാക്ഷരതയിലും വിമർശനബുദ്ധിയിലും ഒന്നാമതായിട്ടും, എന്തുകൊണ്ട് ബി.ജെ.പി.യ്ക്ക് ഒരു സീറ്റുപോലും കിട്ടാത്തതെന്ന് അയാൾ ചോദിച്ചു.
ഒരു സീറ്റു ഒരു മൂവി സ്റ്റാറിനു കിട്ടിയത് അവർ അറിഞ്ഞില്ലെന്നു തോന്നുന്നു. ഈ ചോദ്യം പ്രതീക്ഷിച്ചുതന്നെ.
ഞാനെന്ത് പറയാനാ…പറഞ്ഞിട്ടെന്തുകാര്യം!
“ജാതിമതഭേദമില്ലാതെ തേങ്ങാക്കൊത്തിട്ടു ബീഫ് ഒലത്തിയതും വിദേശമദ്യവും കഴിക്കാതെ ജീവിക്കാൻ പറ്റാത്തവരാണ് ഞങ്ങൾ.
എന്നു ഞാൻ തീർത്തു പറഞ്ഞു. അയാൾ പൊട്ടിച്ചിരിച്ചു.
അടുത്ത തിരഞ്ഞെടുപ്പിൽ തൃശൂരിൽ കൃസംഘികൾ കൂടെകാണും എന്ന പ്രതീക്ഷയുണ്ട്, എന്നു പറയണമെന്നുണ്ടായിരുന്നു…
പക്ഷെ സാക്ഷര കേരളത്തിന്റെ പ്രതിനിധിയായി ഞാൻ മൗനം ഭജിച്ചു.
‘മൗനം വിദ്വാനു ഭൂഷണം’
എന്ന അടവ് പ്രയോഗിച്ചു.
അല്ലെങ്കിലും…അതൊക്കെ നടക്കുമോ?
ഭാരതം മുഴുവൻ ചുറ്റി നടക്കുന്ന വിദേശികളും പറയുന്നു,
“കേരളം സുന്ദരം, കേരളം ഒന്നാമത്.”
അവർ പറഞ്ഞപ്പോഴും
“മിന്നുന്നതെല്ലാം പൊന്നല്ല”
എന്നു പറയണമെന്നുണ്ടായിരുന്നു.
പക്ഷേ വീണ്ടും മൗനം.
വെറുതെന്തിനാ വഴക്ക്? ഇനി നിങ്ങളുപറ…ബി.ജെ.പി.യ്ക്ക് അടുത്ത ഇലക്ഷന് എത്ര സീറ്റു കിട്ടും? ഇനി കേരളം മെങ്ങാനും പിടിച്ചാൽ ബീഫിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമൊ ആവോ !
ആരു ജയിച്ചാലും ജെൻസികൾ നാടുകടക്കും. അന്യദേദശത്തുകാർ നാടു ഭരിക്കാനുള്ള സാധ്യത കാണുന്നു. അപ്പോൾപിന്നെ കേരളം വൃദ്ധസദനങ്ങളുടെ നാടായി അറിയപ്പെടും, അതുറപ്പാണ്.
അതുകൊണ്ട്…
ഒന്ന് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
നാടോടുമ്പോൾ നടുവേ ഓടിയില്ലെങ്കിലും സൈഡിൽകൂടിയെങ്കിലും ഓടണമല്ലോ.
ഇതാ ഞാനും ഓടി …

Illustration by Artist Devaprakash.