
അന്‍പത്തഞ്ചാണ്ടുകള്‍ക്കിപ്പുറം ഞാനെന്റെ
ജന്മനാടിന്റെ നടവഴി താണ്ടുവാന്‍
ആര്‍ത്തിയോടോടി ചെന്നെത്തിയ വേളയില്‍
ആരോരുമില്ലാത്തൊരെന്‍ ജന്മഗേഹവും,
കൊട്ടിയടച്ച ജനാലാഭവനങ്ങള്‍
കണ്‍ടാലറിയാത്തയല്‍ ക്കാരുണ്‍ടങ്ങിങ്ങായ്,
മാതാപിതാക്കള്‍ മറഞ്ഞുപോയ്
സോദരര്‍ പുത്തന്‍ തുരുത്തുകള്‍ തേടി യകന്നുപോയ്,
പുത്തന്‍ തലമുറക്കൊന്നോ രണ്‍ടോ മക്കള്‍
വീടുനിറഞ്ഞുള്ള മക്കളിന്നില്ലാര്‍ക്കും,
വേലയ്ക്കിന്നാളില്ല കൂലിയതികഠിനം
നാട്ടിലുള്ളോരെല്ലാം ദേശം വിട്ടകന്നും
അന്യദേശത്തൊഴിലാളിയാണിന്നു
വേലചെയ്യാനായി ലഭ്യമായുള്ളതും
രൂപയ്ക്കു വിലയില്ല പണക്കാരേറെയും,
വീട്ടില്‍ പണിചെയ്‌വത ഭിമാനക്ഷതം!
പാടങ്ങള്‍ വിണ്‍ടുവരണ്‍ടു കണ്ണീരുമായ്
വാടിത്തളര്‍ന്നു കിടക്കുന്നതും ദൃശ്യം !
കാലികളില്ലെങ്ങും 'മില്‍മായില്‍' പാല്‍ കിട്ടും
മീനും പച്ചക്കറി യൊക്കെ സുലഭവും
കാല്‍നടക്കാരില്ല, റോഡില്‍ കുരുക്കാണ്
സന്ധ്യാ നാമജപം പ്രാര്‍ത്ഥന മാഞ്ഞുപോയ്
സീരിയല്‍ മേളയില്‍ സന്ധ്യ മയങ്ങുന്നു
ദൈവം വിഷണ്ണനായ് പശ്ചാത്തപിക്കന്നു,
കാളവണ്‍ടിയില്ല നാട്ടാശാന്മാരില്ല
അംഗനവാടിയില്‍ ഇംഗ്ലീഷില്‍ സംസാരം
ചെറ്റക്കുടിലുകള്‍ മണിഹര്‍മ്മ്യങ്ങളായ്
വീട്ടുമുറ്റത്തെല്ലാം കാറുകള്‍ ബൈക്കുകള്‍,
ഗ്രാമങ്ങളെല്ലാം പട്ടണമായ് മാറുന്നു
പാന്‍സിലും മിഡിയിലും കൗമാരം മാറി
ചട്ടയും മുണ്‍ടുമേ കാണുവാനിന്നില്ല
സാരിയും സാല്‍വാറും നൈറ്റിയുമാണെങ്ങും
വീരയുവാക്കളെ കാണുവാനില്ലെങ്ങും
'എക്‌സ്‌പോര്‍ട്ടു' ക്വാളിറ്റിയാണു യുവതകള്‍
നേഴ്‌സിങ്ങിനല്ലാതിന്നൊന്നിനും പോകേണ്‍ട
അക്കരെയെത്താനുള്ളേക മാര്‍ഗ്ഗം തഥാ,
വൃദ്ധസദനങ്ങള്‍ കൂണുപോലാണിന്ന്
വൃദ്ധരെ നോക്കുവാന്‍ മക്കളില്ലാതായി ,
ആതുര സേവനവ്യഗ്രതയിലിന്ന്
ആയുസു നീണ്‍ടു പോകുന്നതായ് കാണുന്നു,
ആര്‍ക്കുമിന്നാരോടും സ്‌നേഹമില്ലാതായി
വൈവാഹ്യ ജീവിതം കെട്ടുറപ്പറ്റുപോയ്
യൗവ്വനയുക്തര്‍ക്കിണയെ കിട്ടാതായി ,
വെട്ടിപ്പിടിക്കുവാനുള്ളൊരീ പാച്ചിലില്‍
എത്ര ജന്മങ്ങള്‍ തകര്‍ന്നടിയുന്നുവോ?
ദൈവത്തിന്‍ നാടിന്നു ഭ്രാന്താലയമായോ
ദൈവമില്ലാത്ത ജനതയായ് മാറുന്നോ?
ജീവിതചക്രത്തിരിച്ചിലിന്‍ മാസ്മരം
ഏവിധമിന്നെന്നെ മാറ്റിയെന്നാകിലും
എന്നെ ഞാനാക്കിയൊരെന്‍ ഗ്രാമ ചേതന
എന്നാത്മ തന്ത്രിയിന്‍ നിത്യമാം മര്‍മ്മരം !!