
ജോസ് കെ മാണിയുടെ മുന്നണി മാറ്റം അടഞ്ഞ അധ്യായമാണെന്ന് ഉറപ്പിക്കുന്നതായിരുന്നു കേരളാ കേണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷമുള്ള പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ കോട്ടയത്തെ വാര്‍ത്താ സമ്മേളനം. ഇടതു മുന്നണിയുടെ മധ്യമേഖലാ ജാഥയില്‍ ക്യാപ്റ്റനായി ജോസ് കെ മാണി ഉണ്ടാകും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പിതാവിന്റെ തട്ടകമായ പാലായില്‍ മല്‍സരിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) പതിമൂന്ന് സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. കഴിഞ്ഞ തവണ 12 സീറ്റുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. 5 ഇടത്ത് വിജയിക്കുകയും ചെയ്തു. ഇക്കുറി 13 സീറ്റുകള്‍ ആവശ്യപ്പെടും. 2021-ലെ പ്രത്യേക സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന് അനുവദിച്ച കുറ്റ്യാടി സീറ്റ് സി.പി.എമ്മിന് നല്‍കുകയായിരുന്നു.
ഇത്തവണ പരാമാവധി സീറ്റുകള്‍ ചോദിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ നിന്ന് ചവിട്ടി പുറത്താക്കിയതിന് ശേഷം തങ്ങളെ ചേര്‍ത്തുപിടിച്ചത് എല്‍.ഡി.എഫ് ആണെന്നും ജോസ് കെ മാണി പറഞ്ഞു. ''ഞങ്ങളെ ചേര്‍ത്തുപിടിച്ചത് പിണറായി വിജയന്‍ സഖാവ് ആണ്. ഞങ്ങളെ ചേര്‍ത്തുപിടിച്ചത് സി.പി.എം ആണ്. ഓരോ അഞ്ച് വര്‍ഷവും കഴിയുമ്പോഴും മുന്നണി മാറുമോ..? കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ തന്നെ തുടരും. ഇത് തുറക്കാത്ത ഒരു അധ്യായമാണ്. കേരളാ കോണ്‍ഗ്രസുമായി ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. ഇതെല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണ്...'' എന്നാണ് ജോസ് കെ മാണി പറഞ്ഞത്.
ബാര്‍ കോഴ വിവാദത്തില്‍ പാര്‍ട്ടിയുടെ പ്രതിഛായ നഷ്ടമായതിനെ തുടര്‍ന്ന് 2016 ഓഗസ്റ്റ് 7-നാണ് കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ടത്. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുന്നു.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയ്ക്ക് പിന്തുണ അറിയിച്ചു. എന്നാല്‍ 2018 ജൂണ്‍ 8-ന് ഒഴിവ് വന്ന രാജ്യസഭ സീറ്റ് മാണി ഗ്രൂപ്പിന് നല്‍കാന്‍ യു.ഡി.എഫില്‍ ധാരണയായതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് (എം.) വീണ്ടും യു.ഡി.എഫ് ല്‍ ചേര്‍ന്നു.
2019-ല്‍ നടന്ന പാല ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയുടെ പിന്തുണയോടെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പരാജയപ്പെട്ട സാഹചര്യമുണ്ടായി. 2020 ജൂണ്‍ 20-ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാത്തതിനെ തുടര്‍ന്ന് ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫ് ല്‍ നിന്ന് പുറത്താക്കുകയായിരുന്നു. 2020 ഒക്ടോബര്‍ 14-നാണ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണി യില്‍ ചേര്‍ന്നത്. ഭരണപക്ഷത്താണെങ്കിലും പല കാര്യങ്ങളിലും വേറിട്ട നിലപാടുകള്‍ സ്വീകരിച്ചു. ചിലകാര്യങ്ങളില്‍ പ്രതിപക്ഷത്തെക്കാള്‍ എതിര്‍പ്പുയര്‍ത്താന്‍ കേരളാ കോണ്‍ഗ്രസിന് കഴിഞ്ഞെന്നും ജോസ് കെ മാണി പറയുന്നു.
റോഷി അഗസ്റ്റിന്‍ (ഇടുക്കി), അഡ്വ. ജോബ് മൈക്കിള്‍ (ചങ്ങനാശ്ശേരി), ഡോ.എന്‍.ജയരാജ് (കാഞ്ഞിരപ്പള്ളി), പ്രമോദ് നാരായണല്‍ (റാന്നി), സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍) എന്നിവരാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ എം.എല്‍.എമാര്‍. ജോസ് കെ മാണി പാലായില്‍ മല്‍സരിച്ചിങ്കിലും മാണി സി കാപ്പനോട് പരാജയപ്പെട്ടതോടെ മന്ത്രി സ്ഥാനത്തേയ്ക്ക് റോഷി അഗസ്റ്റിന് നറുക്കു വീഴുകയായിരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഒരാള്‍ മാത്രം പ്രതിനിധീകരിച്ചു എന്ന പ്രത്യേകതയുള്ള ഏക നിയോജകമണ്ഡലമാണ് പാലാ. 1965 മുതല്‍ 2019 വരെ കെ.എം മാണിയായിരുന്നു നിയമസഭയിലെ പാലായുടെ ശബ്ദം. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായിരുന്ന വ്യക്തിയും അദ്ദേഹം തന്നെയാണ്. 2019-ല്‍ മരണം വരെ പാലായുടെ എം.എല്‍.എ പദവി മാണിക്ക് സ്വന്തമായിരുന്നു. 2019 ഏപ്രില്‍ 9-ന് അദ്ദേഹം അന്തരിച്ചതിനെ തുടര്‍ന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വേണ്ടി എന്‍.സി.പി സ്ഥാനാര്‍ത്ഥിയായിരുന്ന മാണി സി കാപ്പന്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തത് വലിയ രാഷ്ട്രീയ അട്ടിമറിയായിരുന്നു.
യു.ഡി.എഫിന്റെ ജോസ് ടോമിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി അദ്ദേഹം പാലായില്‍ നിന്ന് നിയമസഭയിലെത്തിയത്. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ താത്പര്യപ്പെട്ട മാണി.സി.കാപ്പന് എന്‍.സി.പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയും മുന്നണിയും വിട്ട അദ്ദേഹം എന്‍.സി.കെ എന്ന പാര്‍ട്ടി രൂപീകരിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരളം മുഴുവന്‍ ഉറ്റുനോക്കിയ തീപാറിയ പോരാട്ടത്തില്‍ മാണി പുത്രന് അടിപതറിയതും അപ്രതീക്ഷിതമായിരുന്നു. 15,378 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കാപ്പന്‍ രണ്ടാമതും പാലായിലെ വിജയം ആഘോഷിച്ചത്. അതേസമയം ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലാ നഗരസഭയിലേറ്റ തിരിച്ചടി നിയമസഭാ ഇലക്ഷനിലും ആവര്‍ത്തിച്ചാല്‍ ജോസ് കെ മാണി എം.പിയുടെ എം.എല്‍.എ സ്വപ്നം പൂവണിയാതെ പോവും.