
യാത്ര അന്നും ഇന്നും എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. ഇപ്പോൾ ജോലി ചെയ്യുന്നത് ഒരു ഐടി കമ്പനിയിൽ ആയതിനാൽ കമ്പനി വക ചില യാത്രകൾ ഇടയ്ക്കിടെ ഒത്തു കിട്ടാറുമുണ്ട്. ഭാര്യ, കുട്ടികൾ പ്രായമായ മാതാപിതാക്കൾ ആരോഗ്യപ്രശ്നങ്ങൾ ഇങ്ങനെ പല കാരണങ്ങളാൽ പലരും അത്തരം യാത്രകളിൽ നിന്ന് ഒഴിവാകുമ്പോഴെല്ലാം ഞാൻ അതൊക്കെയും ചാടി പിടിക്കാറുണ്ട്. എന്തെല്ലാം കാരണങ്ങൾ കൊണ്ട് മറ്റുള്ളവർ ഒഴിവാക്കാൻ ശ്രമിക്കുന്നുവോ അതൊക്കെത്തന്നെയാണ് എൻ്റെ ഈ യാത്രപ്രേമത്തിനും കാരണo.
ജോലികഴിഞ്ഞ് വീട്ടിലെത്തിയാൽ ചുഴിയിൽ അകപ്പെട്ടതുപോലെയാണ്.
ചോരുന്ന ടാപ്പും, കുളിമുറി വാതിലിന്റെ ഇളകുന്ന വിജാഗിരിയും, ഫ്യൂസായ ബൾബ്ബൂം അടയ്ക്കാനുള്ള ബില്ലുകളുടെ ഓർമ്മപ്പെടുത്തലുകളും ... തനിയാവർത്തനങ്ങൾ കേട്ട് കേട്ട് വെറുത്തു.
കുട്ടികളുടെ തല്ലുപിടുത്തങ്ങൾ, ഭാര്യയുടെ പരിഭവങ്ങൾ, അമ്മയുടെ കാലുവേദനയും ആശുപത്രി സന്ദർശനങ്ങളും എല്ലാം മടിപ്പിക്കുന്നവ തന്നെ. കുറച്ചുനേരം അവിടെയിരുന്ന് അതെല്ലാം കേട്ടെന്നു നടിച്ചു. വീട്ടിലിരിക്കുന്നവർക്ക്, എന്തെങ്കിലും വച്ചുണ്ടാക്കി കഴിഞ്ഞാൽ പിന്നെ ഉള്ള നേരത്ത് ചാഞ്ഞ മതിലും ഇളകിയ കസേരയും പൊട്ടിയ പൈപ്പിന്റെയും എല്ലാം കണക്കെടുത്ത് നടന്നാൽ മതിയല്ലോ. ഇതിനാണ് ഇങ്ങോട്ടേക്ക് കയറിവരുന്നത് എന്ന് തോന്നിപ്പോകും. എല്ലാം ഇട്ടറിഞ്ഞു പോകണം ഒരു ദിവസം!
അത്താഴം കഴിഞ്ഞു ഭാര്യ പാത്രങ്ങളും വാരിപെറുക്കി അടുക്കളപ്പുറത്തേക്ക് പോയപ്പോൾ ഒരു ദിവസം ഞാൻ കിടപ്പുമുറിയുടെ സ്വകാര്യതയിലേക്ക് വാതിൽ തുറന്നു. നേരമ്പോക്കിന്റെ ചതുരപ്പെട്ടിയും കയ്യിലെടുത്ത് കിടക്കയിൽ കിടന്ന് കൊണ്ട് ലോകത്തിൻറെ വിശാലതയിലേക്ക് ചുണ്ട് വിരൽ പതിപ്പിച്ചു പൂട്ട് തുറന്നിറങ്ങിയപ്പോഴാണ് പതിവില്ലാതെ, പത്താം ക്ലാസിലെ വാട്സ്ആപ്പ് ഗ്രൂപ്പിലെ തുടരെയുള്ള മണിയൊച്ച കേട്ടത്. തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന ആവേശമെല്ലാം കെട്ടടങ്ങി, കുറേക്കാലമായി മരണവീട് പോലെ ആയിരുന്നു അവിടം.
140 അൺറെഡ് മെസ്സേജസ്!
ഗ്രൂപ്പ് തുടങ്ങിയ കാലം മുതൽ അതിനെ സജീവമാക്കി നിർത്തികൊണ്ടിരുന്ന പണ്ടത്തെ സുന്ദരികോത തന്നെയാണ് ഇപ്പോഴും താരം. സുഖശീതളഛായയിലുള്ള അവളുടെ വിവാഹജീവിതത്തിന്റെ ഫോട്ടോകളും റിൽസും വീഡിയോസും ഒക്കെയായി ഒരാഘോഷമായിരുന്നു ആദ്യമൊക്കെ. പലപല വേഷത്തിലും പോസിലുമുള്ള ഭർത്താവുമൊത്തുള്ള ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകൾ കൂടെക്കൂടെ പങ്കുവെക്കൽ ആയിരുന്നു അവളുടെ ഒരു ഹോബി. നാട്ടിലെ പെരുന്നാളുകളും ഉത്സവപ്പറമ്പുകളും മാത്രമല്ല ലോക്കൽ ടൂറുകളും വിദേശസഞ്ചാരവും വരെ അതിൽ ഉണ്ടാകും. മെട്രോപൊളിറ്റൻ സിറ്റിയിലെ മുന്തിയ റസ്റ്റോറൻറ് മുതൽ വഴിയരികിലെ തട്ടുകടയിലെ കട്ടൻചായയും എന്തിന്, ചവിട്ടുപടിയിൽ ഇരുന്ന് മീൻ മുറിക്കുന്ന അവൾക്ക് കുറിഞ്ഞിപൂച്ചയെ പോലെ കാവലിരിക്കുന്ന കെട്ടിയോന്റെ വീഡിയോസ് വരെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇതെല്ലാം ദിവസവും സ്റ്റാറ്റസ് ഇട്ട് വെറുപ്പിക്കൽ തുടരുമ്പോഴും
നാട്ടിലെ സാധാരണക്കാർക്ക് കിട്ടുന്ന വരുമാനം കൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് എന്നിലെ സഞ്ചാരപ്രിയൻ അത്ഭുതപ്പെട്ടിട്ടുണ്ട്. അവളുടെ പോസ്റ്റുകൾക്ക് ഗ്രൂപ്പിലൂടെ പഴയതുപോലെ റീച്ചു കിട്ടാതായപ്പോൾ ഇടയ്ക്ക് എപ്പോഴോ അവൾ ഗ്രൂപ്പ് വിടുകയും ചെയ്തു.
പക്ഷേ ഗ്രൂപ്പിനെ ഉണർത്തിയെടുത്ത ഇന്നത്തെ ആവേശകരമായ സംസാരവിഷയം അവൾ മറ്റാരോടോ ഒപ്പം ഒളിച്ചോടി എന്നാണ്!
അതും ഗ്രൂപ്പ് ടൂർകളിലും ഷോപ്പിംഗ് മാളുകളിലും ഒക്കെ അവർക്കൊപ്പം വീഡിയോകളിൽ സ്ഥിരമായി കാണാറുള്ള ഭർത്താവിൻ്റെ ഒരു സുഹൃത്തിനൊപ്പം.
ഒളിച്ചോട്ടം വെളിച്ചത്തു കൊണ്ടുവന്നത് അയാളുടെ ഭാര്യയാണ് പോലും!
"എന്നാലും അവൾ... വിശ്വസിക്കാൻ കഴിയുന്നില്ല.. കെട്ടിയോനുമായി ഇങ്ങനെ ഇഴുകിച്ചേർന്നു നടന്നിട്ട്...
എങ്ങനെ കഴിയുന്നു ഇതിനൊക്കെ..
ഇതൊക്കെയാണ് മോനേ ജീവിതം..
ഹോ, അവളുടെ ഒരു യോഗം.
അവളുടെ അല്ല അവൻ്റെ...
ഇനി അടുത്ത ആഴ്ച കേൾക്കാം അവളുടെ ഭർത്താവ് വേറൊരാളോടൊപ്പം ജീവിതം തുടങ്ങി എന്ന്...
ജീവിതം ഒന്നേയുള്ളൂ അത് ആസ്വദിക്കാനുള്ളതാണ്.
അവര് അവർക്ക് ഇഷ്ടമുള്ളത് പോലെ, ഇഷ്ടമുള്ളവരോടൊപ്പം ജീവിക്കട്ടെ.
ഇനിയുള്ള കാലം ഇങ്ങനെയൊക്കെ ആകണം"
എന്നിങ്ങനെ ഗ്രൂപ്പിൽ ഹരം പിടിച്ച കമൻറുകളും വിവിധതരം ഇമോജികളും..
സത്യത്തിൽ ഒന്നിനോടും വലിയ താല്പര്യമില്ലാതെ തരിശു കിടന്നിരുന്ന എൻ്റെ മനസ്സിൽ കുറച്ച് പച്ചപ്പുകൾ വെച്ചുപിടിപ്പിച്ചത് ഈ ഗ്രൂപ്പിലെ ചില പഴയ സുഹൃത്തുക്കളാണ്. കൂട്ടത്തിൽ ഒരുത്തൻ ഒരിക്കൽ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അല്പം അശ്ലീലചുവയുള്ള വീഡിയോയുടെ പേരിൽ ആൺ പെൺ ഭേദമില്ലാതെ പലരും ഗ്രൂപ്പിൽ അവനെ പൊങ്കാലയിട്ടപ്പോൾ, അവരിൽ ചിലർ പ്രൈവറ്റ് മെസ്സേജിലൂടെ അവനോട് കൂടുതൽ ചങ്ങാത്തം കൂടിയത്രേ!
അവൻ്റെ കയ്യിലെ "സ്റ്റോക്ക് മാർക്കറ്റിങ്ങിനോട് " താല്പര്യം ഉള്ളവർ ചേർന്ന് മറ്റൊരു സ്വകാര്യഗ്രൂപ്പ് ഉണ്ടാക്കി. ആ ഗ്രൂപ്പ് പതിയെ എന്നിലേക്കും വളർന്നു. അല്പം ചൂടും എരിവും മസാലയും ഉള്ള മെസ്സേജുകളും ക്ലിപ്പുകളും കൈമാറി രാത്രികൾ ആവേശകരമായി. പൊതുവേ പ്രതികരിക്കാറില്ലെങ്കിലും ഞാനും അതെല്ലാം കണ്ട് ആസ്വദിക്കാറുണ്ടായിരുന്നു. കൂട്ടുകാർ പറഞ്ഞ ഓൺലൈൻ സൈറ്റുകളിൽ നിന്നും ഫോൺ സ്ക്രീനിൽ തെളിയാറുള്ള ചുവന്ന ചുണ്ടുകൾ സിരകളെ മത്തുപിടിപ്പിച്ചു. വരണ്ടുണങ്ങിയ മനസ്സിൻ്റെ ചില ചില്ലകൾ ചിലപ്പോഴൊക്കെ തളിർക്കുകയും പൂക്കുകയും ചെയ്തു.
അങ്ങനെയിരിക്കെയാണ് കഴിഞ്ഞയാഴ്ച ഓഫീസിൽ നിന്നും തായ്‌ലൻഡിലേക്ക് ഒരു ട്രിപ്പ് റെഡിയായത്. അത് ഗ്രൂപ്പിൽ പറഞ്ഞതോടെ പിന്നെ അവിടെ പട്ടായ വിശേഷങ്ങൾ കൊടുoപിരി കൊണ്ടു.
ഓഫീസിന്റെ ചിലവിൽ എനിക്ക് കൈവന്നിരിക്കുന്ന മഹാഭാഗ്യത്തെക്കുറിച്ച് കൂട്ടുകാർ അസൂയപൂണ്ട് കളിയാക്കി..
ആരാധനാലയങ്ങളിലേക്ക് നേർച്ച തന്നു വിടും പോലെയാണ് പട്ടായയിൽ ചെന്ന് നിവർത്തിക്കാൻ ഓരോ കാര്യങ്ങൾ എന്നെ പറഞ്ഞേൽപ്പിച്ചത്.
പ്രശസ്തമായ ബീച്ച് സൈഡിലെ കുന്നിൻ മുകളിൽ ചാരിവെച്ചിരിക്കുന്ന പട്ടായ സിറ്റി എന്ന ഓറഞ്ച് നിറമുള്ള വലിയ അക്ഷരങ്ങൾ എൻ്റെ ഹൃദയത്തുടിപ്പുകൾക്കു ആക്കം കൂട്ടി.
ആദ്യം സന്ദർശിച്ചത് പ്രസിദ്ധമായ ബുദ്ധക്ഷേത്രം ആയിരുന്നു. സ്വർണപ്പാളികൾ, മൊസയിക്കുകൾ, അതിസൂക്ഷ്മമായ ചുവർ ചിത്രങ്ങൾ എന്നിവകൊണ്ട് അലങ്കരിച്ചിരിക്കുന്ന ക്ഷേത്രസമുച്ചയത്തിനുള്ളിൽ നിരവധി നിലകളുള്ള സ്വർണ്ണമണ്ഡപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ചെറിയ ബുദ്ധപ്രതിമ . ലൗകീകത വെടിഞ്ഞ് ആത്മീയതയിലേക്ക് പ്രവേശിച്ച ബുദ്ധൻ ആ രാജ്യത്തിൻ്റെ തന്നെ രക്ഷകൻ ആണെന്ന് വിശ്വസിക്കപ്പെടുന്നു. നമ്മുടെ നാട്ടിൽ ഓരോ പുരുഷനും കുടുംബം എന്ന ഉരലിൽ ഉടൽ ബന്ധിക്കപ്പെട്ട് ഉയിര് പോകുവോളം അതിനുചുറ്റും കറങ്ങി തിരിയാൻ നിർബന്ധിതനാകപ്പെടുന്നതിന്റെ നിസ്സാരത ആണ് ഞാൻ ഓർത്തത്.
എല്ലാ കെട്ടുപാടും പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രനായി യാത്രകൾ ചെയ്തു ജീവിതം ആസ്വദിക്കാനുള്ള ചിന്തയുമായാണ് ഞാൻ ആ പടികൾ ഇറങ്ങിയത്..
ബീച്ചുകളും ബോട്ട് മാർക്കറ്റും നിശാക്ലബ്ബുകളും ജീവിതം ആസ്വദിക്കാനുള്ള അനന്തസാധ്യതകൾ മുന്നിലേക്ക് തുറന്നിട്ടു. വോക്കിങ് സ്ട്രീറ്റിലെ ബാറുകളും തെരുവ് കലാകാരന്മാരും പണമുള്ളവന്റെ കാൽച്ചുവട്ടിലെ ലോകത്തിൻ്റെ ഒരു പരിച്ഛേദം മാത്രമായിരുന്നു. അന്തിയുറങ്ങാത്ത ആ തെരുവ് മഴവിൽ വർണ്ണങ്ങളാൽ കാഴ്ചകളെ നിറം പിടിപ്പിച്ചു. സഞ്ചാരികളുടെയും സംഗീത ഉപകരണങ്ങളുടെയും ശബ്ദം കൊണ്ട് മുഖരിതമായ അന്തരീക്ഷം കുറച്ചു കഴിഞ്ഞപ്പോൾ മനസ്സു മടുപ്പിച്ചു. ഒരു ആശ്വാസമായി കണ്ണിനു കുളിർമ പകർന്നത് തെരുവോരങ്ങളിൽ വെൽക്കം ബോർഡുമായി നിന്നിരുന്ന അർദ്ധനഗ്നരായ പെണ്ണുടലുകൾ ആയിരുന്നു. അന്യനാട്ടിൽ ആരും അറിയാത്ത, ആരാലും നിരീക്ഷിക്കപ്പെടാത്ത മോചിക്കപ്പെട്ടവന്റെ സ്വാതന്ത്ര്യം നെഞ്ചിൽ നിലാവ് ചുരന്നു. പെൺമയേറിയ ഉരുണ്ട അവയവങ്ങൾ, ശോണാധരങ്ങൾ. കൂട്ടുകാരുടെ പ്രലോഭനങ്ങളിൽ വീണ്
ഒരു രാത്രി ആ തെരുവിനോടൊപ്പം ഞാനും ഉറങ്ങാതിരുന്നു. കിട്ടിയതൊന്നിലും തൃപ്തി വരാതെ മനസ്സ് പിണങ്ങി നിന്നു. കാത്ത് വന്നതെന്തോ അത് കണ്ടു കിട്ടാത്ത അവസ്ഥ.
കാഴ്ചകളിൽ ഭ്രമിച്ചെങ്കിലും ഒന്നിലും മനസ്സുടക്കാതെ നിന്നു. അഞ്ചു ദിവസത്തെ ഔദ്യോഗിക കാര്യങ്ങൾ കഴിഞ്ഞു മനസ്സും മടക്കത്തിന് തയ്യാറായി.
എന്തൊക്കെയോ പ്രതീക്ഷകൾ തന്ന നഗരം പലപല വർണ്ണപൊട്ടുകളിൽ നിന്നും ഒരൊറ്റ പ്രകാശഗോളമായി താഴെ ഇരുട്ടിനു മറവിൽ പോയിക്കഴിഞ്ഞു. വിമാനത്തിന്റെ ജനലിലൂടെ നിരാശയുടെ ഇരുട്ടു മാത്രം ഉള്ളിലേക്കും പ്രവേശിച്ചു. എന്തൊക്കെയോ ഇനിയും കാത്തിരിക്കുന്നുണ്ടെന്ന് ഒരു സൂചന തന്ന് വിമാനത്തിന്റെ
വലതുഭാഗത്തെ ചിറകിൻ തുമ്പിലിരുന്ന് ഒരു ചുവന്ന വെളിച്ചം മിന്നിക്കൊണ്ടിരുന്നു.
വിമാനം അതിൻ്റെ ചിറകിൽ ഒളിപ്പിച്ച കൂറ്റൻ ചക്രങ്ങൾ റൺവേയിൽ ഇടിപ്പിച്ച് നിരങ്ങി നീങ്ങുമ്പോൾ
നിസ്സംഗതയോടെ, നിരാശയോടെ, പ്രതീക്ഷിച്ചതൊന്നും നേടാൻ കഴിയാതെ എന്തൊക്കെയോ നഷ്ടപ്പെട്ടവൻ്റെ കുനിഞ്ഞ ശിരസ്സോടെ മറ്റൊരു യാത്രയുടെ അവസാനം മനസ്സിൽ കുറിച്ചു. ബാഗുകൾ കളക്ട് ചെയ്തു ട്രോളിയുമായി പിക്കപ്പ് സോണിലേക്ക് പതുക്കെ നടന്നു ചെല്ലുമ്പോൾ കാത്തുനിന്നവരുടെ കൂട്ടത്തിൽ ഒരു മുഖം പ്രത്യേകം ശ്രദ്ധിച്ചു. വേഷം അത്ര ആകർഷണീയമല്ലായിരുന്നെങ്കിലും ആ മുഖത്ത്, തന്നെ അതിലേക്കടുപ്പിച്ച ഒരു കാന്തികതയുണ്ടായിരുന്നു. നേർത്ത ഒരു തിരശ്ശീലക്കു പിന്നിൽ കത്തിച്ചുവെച്ച തിരിനാളം പോലെ അത്ര പ്രഭയോടുകൂടിയല്ലാത്ത ഒരു വെളിച്ചം ആ കണ്ണുകളിൽ പടർന്നിരുന്നു.
അത് തന്നെ കണ്ടപ്പോൾ ഒന്നു തെളിഞ്ഞു കത്തിയോ? ചായം തേക്കാത്ത ചുണ്ടുകൾ പതുക്കെ വികസിച്ചുവോ? താൻ തേടി നടന്ന സൗന്ദര്യം ഇതുതന്നെയല്ലേ?
ഒന്നും മിണ്ടാതെ അവളോടൊപ്പം നടന്നു. ബാഗുകൾ അവളുടെ കാറിൻ്റെ ബൂട്ടിൽ കയറ്റി വെച്ച് മുൻസീറ്റിൽ കയറിയിരുന്നു. എന്തൊക്കെയോ ചോദിക്കാൻ ഉണ്ടായിരുന്നു, പറയണമെന്നുണ്ടായിരുന്നു. പക്ഷേ വാക്കുകൾ കളഞ്ഞുപോയവനെപ്പോലെ മൗനം എന്നെ പൊതിഞ്ഞു നിന്നു.
തിരക്കേറിയ ഇടുങ്ങിയ വഴിയിൽ, വാഹനങ്ങളുടെ വെളിച്ചത്തിന് ഇടയിലൂടെ തെന്നി മാറിയുള്ള അവളുടെ ഡ്രൈവിംഗ് വൈഭവത്തിൽ ശ്രദ്ധിച്ചിരുന്നു.
സ്റ്റിയറിങ്ങിൽ ചുറ്റിപ്പിടിച്ചിരുന്ന അവളുടെ നീണ്ടു മെലിഞ്ഞ വിരലുകളിലെ ചുളിവുകളിലും അടർന്നു തീരാറായ നെയിൽ പോളിഷിലും ഇടയ്ക്ക് കണ്ണുകൾ ചെന്നുവീണു. പോർച്ചൽ ചെന്ന് നിന്ന കാറിൽ നിന്നും ഇറങ്ങിയ അവളുടെ പിന്നാലെ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു.
ചൂടുവെള്ളത്തിൽ കുളി കഴിഞ്ഞ് ഞാൻ ഇറങ്ങുമ്പോൾ മേശമേൽ എനിക്കിഷ്ടമുള്ള അത്താഴവിഭവങ്ങൾ നിരന്നിരുന്നു. ഒരാഴ്ച പട്ടിണികിടന്നവന്റെ ആർത്തിയോടെ ഭക്ഷണം കഴിച്ചു.
എന്നാണ് ഞാൻ ഇത്രയും രുചിയോടെ ഭക്ഷണം കഴിച്ചത്? രാത്രി അത്രയും വൈകിയിരുന്നത് കൊണ്ടാകാം മറ്റാരെയും കണ്ടില്ല. അന്ന് ആദ്യമായി, കഴിച്ച പാത്രം കഴുകി വച്ചു. ബാക്കിയുള്ള ഭക്ഷണം ഫ്രിഡ്ജിൽ എടുത്തു വച്ചു.
പല്ലുതേച്ച് ബെഡ്റൂമിലേക്ക് എത്തുമ്പോൾ അവൾ പുതപ്പിനടിയിൽ അടിമുടി മൂടി...
ഏതോ ഒരു ഉൾപ്രേരണയാൽ ഞാൻ അവളുടെ പിന്നിൽ ചെന്ന് കിടന്നു. ഏതാനും നിമിഷത്തെ നിശ്ചലതയ്ക്ക് ശേഷം എൻ്റെ കൈകൾ കൊണ്ട് അവളെ എൻ്റെ ശരീരത്തിലേക്ക് വലിച്ചടുപ്പിച്ചു.
സ്വീകരണമോ നിരാകരണമോ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നറിയില്ലായിരുന്നു.
വെയില് കൊണ്ടു വാടിയ വള്ളിച്ചെടിയുടെ ചുവട്ടിൽ നട്ടു വെച്ചോരു തണ്ടിന്മേൽ മന്ദം പടർന്നുകയറുന്നത് പോലെ അവളുടെ തളർന്ന കൈ എന്നെയും ചുറ്റിപ്പിടിച്ചു.
ആ ശരീരത്തിന്റെ ചൂട് എൻ്റെ ആത്മാവിൻ്റെ ഉണർവായിരുന്നു..
ഇതല്ലേ ഞാൻ ഇത്രയും കാലം കാണാതെ പോയത്? ഓൺലൈൻ ബന്ധങ്ങളിലും ഇൻറർനെറ്റ് സൈറ്റുകളിലും, വിദേശത്തെ നിശാക്ലബ്ബുകളിലും ഞാൻ തേടി നടന്നത്?
കുറെ നാളുകളായി അവൾ എന്നാൽ എനിക്ക് നനഞ്ഞ തുണിയുടെയും, കറികളുടെയും, വിയർപ്പിന്റെയും മണമായിരുന്നു. ഉറക്കത്തിനിടെ അവളുടെ ശോഷിച്ച കൈകൾ തന്നെ വരിഞ്ഞിരിക്കുന്നത് അറിഞ്ഞപ്പോഴൊക്കെ അവജ്ഞയോടെ തിരിഞ്ഞു കിടന്നിട്ടേയുള്ളൂ..
ഒറ്റപ്പുതപ്പിനടിയിലേക്ക് അവൾ തന്നെയും ചേർക്കാൻ ശ്രമിക്കുമ്പോൾ വെറുപ്പിന്റെ ചൂടോടെ അത് തട്ടിമാറ്റിയിട്ടേയുള്ളൂ..
മാംസത്തിനപ്പുറമുള്ള സ്ത്രീ എന്ന് എയർപോർട്ടിലെ ആൾക്കൂട്ടത്തിൽ കണ്ട ആ കണ്ണുകളിലെ മങ്ങിയ വെളിച്ചം എൻ്റെ ഉള്ളിൽ കെട്ടുപോയ തിരിച്ചറിവിന്റെ കരിന്തിരിയിലേക്ക് വീണ്ടും പ്രകാശം പകർന്നു തന്നിരിക്കുന്നു.
സ്വന്തം ജീവിതത്തിലെ സുഗന്ധവും സൗഭാഗ്യവും മൂടിവെച്ച് പുറംലോകത്ത് ഞാൻ അതിനെ തേടിയലയുകയായിരുന്നു.
വാക്കുകളെ മൗനത്തിൽ ഒളിപ്പിച്ച് വിരലുകൾ കോർത്തുപിടിച്ച് അവളുടെ മാറിലേക്ക് ഒന്നുകൂടി ചേർന്നൊട്ടുമ്പോൾ ഞാൻ ഓർത്തു. പരിദേവനങ്ങളുടെ പിരിമുറുക്കത്തിൽ നിന്നും പുതുമകൾ തേടി പടിയിറങ്ങിയ ഞാൻ പരാജിതനായി തിരിച്ചെത്തിയപ്പോൾ യാതൊന്നും അറിയാത്ത പോലൊരുവൾ ഹൃദയം കൊണ്ട് തന്നെ ആരതി ഉഴിഞ്ഞിരിക്കുന്നു. അവൾക്ക് എങ്ങനെയാണ് തന്നെ ഇപ്പോഴും സ്നേഹിക്കാൻ കഴിയുന്നത്?
അവളുടെ കണ്ണുനീർത്തുള്ളികൾ എൻ്റെ കുറ്റബോധത്തിന്റെ പടർപ്പിൽ വീണു കുതി ർന്നു..
അപ്പോൾ,
"തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന പുരുഷനുമൊത്തു ഒരിത്തിരി നേരം എന്ന സങ്കല്പമാണ് ഒരു സ്ത്രീയുടെ സത്യവും അതിജീവന രഹസ്യവും" എന്ന് ഒരിക്കൽ വാട്സാപ്പിൽ കണ്ട മെസ്സേജ് ഞാൻ ഓർത്തെടുത്തു.
************************