Image

ചക്രം: (കഥ, പ്രശാന്ത് പഴയിടം)

Published on 16 January, 2026
ചക്രം: (കഥ, പ്രശാന്ത് പഴയിടം)

 

ഇത് ഒരു മടക്കയാത്ര എന്ന് പറയാൻ പറ്റില്ല; വീണ്ടും തിരിച്ചുവരേണ്ടതുണ്ട്.

വീട് വിട്ടിട്ട് രണ്ട് ദശാബ്ദത്തോളമായി. ശരീരം തീരെ വയ്യാതായി. ഇനിയും വൈകിയാൽ ഒരുപക്ഷേ ഉറ്റവരെയും വീടും നാടും ഒരു നോക്ക് കാണുവാൻ പറ്റില്ല. മരിക്കുന്നതിന് മുൻപ് എല്ലാവരെയും ഒരു നോക്ക് കാണണം.

അങ്ങനെ നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം പ്രഭാകരൻ വണ്ടി കയറി തന്റെ നാട്ടിൽ എത്തി.

ഈ നാട് ആകെ മാറി.

നീണ്ട ഇരുപത് വർഷമായില്ലേ, ഈ രൂപത്തിൽ ആരും എന്നെ തിരിച്ചറിയില്ല.

ഇതിലെ നടക്കുന്ന ഓരോ നിമിഷവും ശരീരത്തിന് പുതുജീവൻ തിരികെ കിട്ടിയപോലെ, പേശികൾക്ക് കൂടുതൽ ഊർജം കൈവന്നതുപോലെ. അങ്ങനെ നടന്ന്, നടന്ന് വീടിന്റെ അടുത്ത് എത്തി. പക്ഷേ തന്റെ വീട് ഇരുന്നിടത്ത് ഒരു ബഹുനില മാളിക; അവിടെ പരിചയമില്ലാത്ത കുറേ മുഖങ്ങളും.

പുറത്ത് നിന്ന് ആരോ നോക്കുന്നത് കണ്ടാവണം ഒരു യുവതി പുറത്തേക്ക് വന്നു.

യുവതി:

ആരാണ്? കുറച്ച് നേരമായല്ലോ ഇവിടെ. ഉപ്പയെ കാണാൻ വന്നതാണോ?

പ്രഭാകരൻ:

അല്ല, ഇതുവഴി പോയപ്പോൾ നോക്കിയതാണ്. വീട് മാറിയെന്ന് തോന്നുന്നു.

യുവതി:

ഇവിടെ ഇതിന് മുൻപ് കണ്ടിട്ടില്ലല്ലോ. ഏത് വീട്ടിലാണ്?

പ്രഭാകരൻ:

അല്ല, കുഴപ്പമില്ല.

പ്രഭാകരൻ മുന്നോട്ട് നടന്നു. അപ്പോൾ വീട്ടിൽ നിന്ന് ഒരാൾ ഉറക്കെ വിളിച്ചു:

“ആരാ അത്? അവിടെ നിൽക്കാൻ പറയൂ.”

അകത്തുനിന്ന് ഒരു വൃദ്ധൻ പുറത്തുവന്നു.

ബീരാൻ:

ഞാൻ ബീരാനാണ്. ഇത് ഞമ്മടെ വീടാണ്. അന്നെ എവിടെയോ കണ്ടു മറന്നിക്കുണു. ഇജ്ജ് ആരാണ്?

പ്രഭാകരൻ:

ഇല്ല, സാധ്യത ഇല്ല. ഞാൻ ഒരുവഴിപോക്കൻ. ഇതുവഴി പോയപ്പോൾ നിങ്ങളുടെ മാളികയുടെ ചന്തം കണ്ടു നിന്നുപോയതാണ്. ഞാൻ പോകുന്നു.

ബീരാൻ:

അന്നെ കണ്ടാൽ അറിയാം, ഉള്ളിൽ ഒരു നോവുണ്ടെന്ന്. അല്ലേലും ഒരു പരദേശി ഞമ്മടെ പൊരേന്റെ ചന്തം കാണാൻ വരുമോ? എന്താണ് അന്റെ പ്രശ്നം?

പ്രഭാകരൻ:

നിങ്ങൾ എപ്പോഴാണ് ഈ സ്ഥലം വാങ്ങിയത്?

ബീരാൻ:

ഇപ്പോൾ പുടി കിട്ടി; ഓർ അനക്കും പൈസ തരാൻ ഉണ്ടല്ലോ. ഞമ്മൾ ഈ പോരേടം വാങ്ങിട്ട് ഇരുപത് കൊല്ലായി. സരസ്വതിടെ കയ്യിൽ നിന്ന് , ഓർടെ ഭർത്താവ് കടം വാങ്ങിക്കൂട്ടി നാട് വിട്ടു. പിന്നെ ആ പെണ്ണിന് ദുരിതമായിരുന്നു. എവിടെ പോയാലും കടക്കാർ പിന്നാലെ കൂടും. ഒടുവിൽ ഈ വീടും പോരയിടവും ഞമ്മൾക്ക് വിറ്റു.

പ്രഭാകരൻ:

എന്നിട്ട് അവർ ഇപ്പോൾ എവിടെയാണ്?

ബീരാൻ:

പാവം, ചെറിയ കൈകുഞ്ഞുങ്ങളേം പിടിച്ചോണ്ട് പാടത്തും പറമ്പിലും പണിക്ക് പോകും. ആ ചിറയുടെ അടുത്ത് ഒരു കൂരയിലായിരുന്നു താമസം. ഓർ മിടുക്കിയാണ്. കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു വലിയ നിലയിൽ ആക്കി. ഇപ്പോൾ അങ്ങാടിയിലാണ് താമസം.

പ്രഭാകരൻ:

എന്നാൽ ഞാൻ ഇറങ്ങട്ടെ.

ബീരാൻ:

അന്നാൽ അങ്ങനാകട്ടെ. അല്ല, നിങ്ങൾ ഓർടെ ഭർത്താവല്ലേ? ഇങ്ങനെ ഇതിന് മുൻപ് ആരും വന്നിട്ടില്ല.

പ്രഭാകരൻ മൗനമായി നിൽക്കുന്നു.

ബീരാൻ:

ഇജ്ജ് എന്ത് മനുഷ്യനാടോ! കടംകേറി എന്നും പറഞ്ഞ് ഭാര്യയേം മക്കളേം വിട്ടേച്ച് പോവാ. അവര് എന്തോരും നരകിച്ചെന്ന് അറിയോ? ഓർ മിടുക്കിയായോണ്ട് ആ മക്കളെ പഠിപ്പിച്ച് കരകയറ്റി.

പ്രഭാകരന്റെ കണ്ണുകൾ നിറഞ്ഞു. മുന്നോട്ട് നടന്നു.

ബീരാൻ (ഉറക്കെ):

നേരെ നടന്നോ വില്ലേജ് ഓഫീസിലേക്ക്. അവിടത്തെ ഓഫീസർ അന്റെ മോനാണ്. 

പ്രഭാകരൻ അതിവേഗം വില്ലേജ് ഓഫീസിലേക്ക് നടന്നു.

വില്ലേജ് ഓഫീസിൽ തിരക്ക്. മറ്റ് ഉദ്യോഗസ്ഥരോടും പരുക്കമായി സംസാരിക്കുന്ന തന്റെ മകനെ കണ്ടു. എവിടെയോ പോകുവാനുള്ള തയ്യാറെടുപ്പിലാണ് അവൻ.

അവന്റെ അടുത്തേക്ക് പോയി കാണാൻ എനിക്ക് പറ്റില്ലല്ലോ — പ്രഭാകരന്റെ കണ്ണുകൾ നിറഞ്ഞു.

മകൻ ഓഫീസിൽ നിന്നിറങ്ങി അതിവേഗം എവിടേക്കോ പോയി.

പ്രഭാകരൻ അവിടെ നിന്നവരോട് വില്ലേജ് ഓഫീസറുടെ വീട് എവിടെയാണെന്ന് തിരക്കി; പിന്നെ വീട് ലക്ഷ്യമാക്കി നടന്നു.

സരസ്വതി…

അവൾ മിടുക്കിയാണ്. എന്റെ വേർപാടിലും അവൾ എന്റെ മക്കളെ നന്നായി വളർത്തി, അവരെ നല്ല നിലയിൽ എത്തിച്ചു. അവളുടെ അടുത്ത് ചെന്ന് ആ കാലിൽ വീണ് കരയാൻ എനിക്കാവില്ലല്ലോ. അതിനുള്ള ധൈര്യം എനിക്കില്ല.

അങ്ങനെ പ്രഭാകരൻ നടന്ന് വീടിന്റെ അടുത്തെത്തി. വലിയൊരു മാളിക. മുറ്റത്ത് കാർ ഉണ്ട്. പക്ഷേ ആരെയും കാണുന്നില്ല.

അൽപ്പനേരം കഴിഞ്ഞപ്പോൾ രണ്ട് കുട്ടികൾ മുറ്റത്ത് വന്ന് കളിക്കുന്നു.

തന്റെ പേരക്കുട്ടികൾ…

അവരെ ഒന്ന് വാരിയെടുക്കണമെന്നുണ്ട്. കയ്യിൽ മുട്ടായി പൊതിയുമായി അവരുടെ അടുത്ത് ചെന്ന് അവരുടെ കഥകൾ പറഞ്ഞ് അടുത്തിരിക്കാൻ എനിക്ക് ഭാഗ്യമില്ലല്ലോ.

കുറച്ച് കഴിഞ്ഞു അവരുടെ അമ്മ പുറത്തുവന്നു — എന്റെ മരുമകൾ. അവൾ എന്നെ കണ്ടു.

മരുമകൾ:

ചേട്ടനെ കാണാൻ വന്നതാണോ? ഓഫീസിലേക്ക് പോയാൽ മതി, അവിടെ ഉണ്ട്.

പ്രഭാകരൻ തിരിച്ചു. പക്ഷേ തന്റെ ഭാര്യയെ കാണാൻ കഴിഞ്ഞില്ല.

സരസ്വതിയെ ഒരുനോക്ക് കാണാതെ എങ്ങനെ തിരികെ പോകും?

പ്രഭാകരൻ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ വിശ്രമിച്ചു.

അടുത്ത ദിവസം വീണ്ടും വീടിന്റെ മുൻപിൽ എത്തി. പക്ഷേ തന്റെ ഭാര്യയെ കാണാൻ സാധിച്ചില്ല.

ദിവസങ്ങളായി വീടിന്റെ പരിസരത്ത് കണ്ടതുകൊണ്ടാകണം, മരുമകൾ പുറത്തേക്ക് വന്നു.

മരുമകൾ:

നിങ്ങൾ ആരാണ്? ഇവിടെ രണ്ട് ദിവസമായി ഉണ്ടല്ലോ.

പ്രഭാകരൻ:

ഞാൻ സരസ്വതിയുടെ ഒരു ബന്ധുവാണ്. ഒന്ന് കാണാൻ വന്നതാണ്.

മരുമകൾ:

വരു… വീട്ടിലേക്ക് വരു.

പ്രഭാകരൻ:

ഇല്ല, എനിക്ക് പെട്ടെന്ന് പോകണം. സരസ്വതി ഇവിടെ ഇല്ലേ?

മരുമകൾ:

അമ്മ ഇവിടെ ഇല്ല. കരുണയിലാണ് താമസം. അവിടെ ചെന്നാൽ കാണാം.

ഞാൻ ചേട്ടനോട് ആര് വന്നെന്ന് പറയണം.

പ്രഭാകരൻ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു. വഴിയിൽ കണ്ട ആളോട് ചോദിച്ചപ്പോൾ, കരുണ ഒരു ആശ്രയകേന്ദ്രമാണെന്ന് മനസ്സിലായി.

ഒരിക്കൽ അവൾക്ക് ആശ്രയമാകേണ്ട ഞാൻ അവളെ വിട്ടുപോയി. ഇപ്പോൾ മക്കളും ജീവിതത്തിലെന്നും; അവൾ ഒറ്റക്ക്.

പ്രഭാകരൻ കരുണയിൽ എത്തി. തന്റെ കാ

ഷായവേഷവും രൂപവും കണ്ടിട്ടാവണം, പുതിയ അന്തേവാസി എത്തിയെന്ന് കരുതി അവിടത്തെ ഉദ്യോഗസ്ഥർ അടുത്തെത്തി.

പ്രഭാകരൻ:

ഇല്ല, ഞാൻ അന്തേവാസികളെ കാണാനും അവരോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനും വന്നതാണ്.

പ്രഭാകരൻ അവിടം മുഴുവൻ നടന്നു. ഓരോ അന്തേവാസിയുടെയും അടുത്തെത്തി. പക്ഷേ സരസ്വതിയെ മാത്രം കണ്ടില്ല.

പെട്ടെന്നാണ് ദൂരെ പൂന്തോട്ടത്തിൽ സരസ്വതിയെ വീൽചെയറിൽ തള്ളിക്കൊണ്ട് പോകുന്നത് കാണുന്നത്.

പ്രഭാകരൻ എല്ലാം മറന്ന് തന്റെ ഭാര്യയുടെ അടുത്തേക്ക് നടന്നു. പക്ഷേ എല്ലാവരെയും ഒരുനോക്ക് കണ്ടു തിരികെ മടങ്ങുവാനാണ് താൻ വന്നതെന്ന ബോധം അപ്പോഴാണ് മനസ്സിൽ വന്നത്. പ്രഭാകരൻ പെട്ടെന്ന് നിന്നു.

അപ്പോഴേക്കും സരസ്വതി പ്രഭാകരനെ കണ്ടിരുന്നു.

സരസ്വതി (ഉറക്കെ):

പ്രഭേട്ടാ…

പ്രഭാകരൻ വിളി കേൾക്കാതെ പിന്തിരിഞ്ഞു നടന്നു.

സരസ്വതി വീണ്ടും വിളിച്ചു.

സരസ്വതി:

പ്രഭേട്ടാ… എന്നോട് ഒരു വാക്ക് മിണ്ടാതെ പോകുകയാണോ?

പ്രഭാകരന്റെ കണ്ണുകൾ നിറഞ്ഞു. വിളി കേൾക്കാതെ നടന്നു.

വീണ്ടും സരസ്വതി ഉറക്കെ വിളിച്ചു:

“പ്രഭേട്ടാ…?”

പെട്ടെന്ന് എല്ലാവരും സരസ്വതിയുടെ അടുത്തേക്ക് ഓടി.

പ്രഭാകരൻ തിരിഞ്ഞുനോക്കുമ്പോൾ, നിലത്ത് വീണ് കിടക്കുന്നു തന്റെ സരസ്വതി.

പ്രഭാകരൻ അതിവേഗം സരസ്വതിയുടെ അടുത്തെത്തി.

സരസ്വതി:

ആരും എന്നെ പിടിക്കേണ്ട. ഇതാണ് എന്റെ ഭർത്താവ്.

അവരെ തനിച്ചിരുത്തി മറ്റുള്ളവർ പോയി.

പ്രഭാകരൻ സരസ്വതിയുടെ ചലനമറ്റ കാലുകളിൽ തലോടി.

പ്രഭാകരന്റെ കണ്ണുനീർ തുള്ളികൾ സരസ്വതിയുടെ കാലുകളെ ഈറനണിയിച്ചു.

പ്രഭാകരൻ:

നിന്റെ അടുത്തു വരാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല , സരസ്വതി.

നിന്നോട് ഒന്ന് മാപ്പ് ചോദിക്കാൻ പോലും ഞാൻ അർഹനല്ല.

സരസ്വതി പ്രഭാകരന്റെ കണ്ണുകൾ തുടച്ചു.

സരസ്വതി (കണ്ണുനീരോടെ):

പ്രഭേട്ടാ… അങ്ങ് ഞങ്ങളോട് തെറ്റ് ചെയ്തെന്ന് ഒരിക്കലും ഞാൻ കരുതിയിട്ടില്ല.

നമ്മുടെ മകനെയും ഞാൻ അങ്ങനെയാണ് വളർത്തിയത്.

പലരും എന്നോട് പ്രഭേട്ടൻ മരിച്ചു പോയിക്കാണും എന്ന് പറഞ്ഞു, മോനെക്കൊണ്ട് അന്ത്യകർമ്മങ്ങൾ ചെയ്യാൻ നിർബന്ധിച്ചു. പക്ഷേ ഞാൻ സമ്മതിച്ചില്ല.

എന്റെ നെറ്റിയിൽ നിങ്ങൾ ചാർത്തിയ സിന്ദൂരം തന്നെയായിരുന്നു എന്നും എന്റെ ധൈര്യം.

പ്രഭാകരൻ:

ഒരിക്കൽ ഞാൻ നിന്നെ തനിച്ചാക്കി… ഇപ്പോൾ മക്കളും?

സരസ്വതി:

ഇല്ല, പ്രഭേട്ടാ… ഞാൻ തനിച്ചായിരുന്നില്ല. എന്റെ കൂടെ എന്റെ മകൻ ഉണ്ടായിരുന്നു.

നിങ്ങൾ എന്നെങ്കിലും വരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.

ഇപ്പോൾ ഇവിടെ ഞാൻ പറഞ്ഞിട്ടാണ് കൊണ്ടുവന്നത്. അവന് ഇവിടേക്കു വിടാൻ ഇഷ്ടമല്ലായിരുന്നു.

അവർ രണ്ടുപേരും ജോലിക്ക് പോകുന്നതല്ലേ; ഞാനാണ് നിർബന്ധിച്ചത്.

പ്രഭാകരൻ യാത്ര പറയുന്നു.

പ്രഭാകരൻ:

ഞാൻ പോകുന്നു. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ല, സരസ്വതി.

സരസ്വതി:

പ്രഭേട്ടാ… ഇനിയെങ്കിലും എന്നെ ഒറ്റക്കാക്കാതെ, അല്ലെങ്കിൽ എന്നെയും കൊണ്ടുപോകൂ.

ഏറെ സമയം അവർ തനിയെ ഇരുന്നു.

പെട്ടെന്ന് മകനും പേരക്കുട്ടികളും മരുമകളും അവിടെ എത്തി.

പേരക്കുട്ടികൾ ഓടി സരസ്വതിയുടെ കവിളുകളിൽ ചുംബനം നൽകി.

മകൻ അച്ഛന്റെ കാലിൽ തൊട്ട് കരഞ്ഞു.

പക്ഷേ പ്രഭാകരൻ അവരോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി.

പക്ഷേ കണ്ണുകളിൽ നിറഞ്ഞ കുടുംബത്തിന്റെ മനോഹരചിത്രം തന്നെ തിരികെ വിളിച്ചു.

അങ്ങനെ അവർ അല്ല — ആ കുടുംബം — ഒന്നിച്ച് കരുണ അഭയകേന്ദ്രം വിട്ടിറങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക