
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ കേരളാ കണ്‍വന്‍ഷന്‍-2026 ചരിത്രമായതിലുള്ള സന്തോഷം ഹൃദയപൂര്‍വം രേഖപ്പെടുത്തുകയാണ്. വ്യക്തിപരമായ ചില അസൗകര്യങ്ങളാല്‍ കണ്‍വന്‍ഷനില്‍ സംബന്ധിക്കാന്‍ കഴിയാത്തത് ഒരു നിര്‍ഭാഗ്യമായി ഗോള്‍ഡ് സ്‌പോണ്‍സര്‍ കൂടിയായ ഞാന്‍ കരുതുന്നു. ഫോമാ കേരള കണ്‍വന്‍ഷന്റെ ഭാഗമായി നടത്തിയ മെഡിക്കല്‍ ക്യാമ്പും 'അമ്മയോടൊപ്പം' പരിപാടിയും വന്‍ വിജയമായതിന് പിന്നാലെ നടന്ന കണ്‍വന്‍ഷനില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയത് ഫോമായ്ക്ക് ജന്‍മനാടിനോടുള്ള സ്‌നേഹത്തിന്റെയും പൊക്കിള്‍ക്കൊടി ബന്ധത്തിന്റെയും മായാത്ത അടയാളമായാണ്.
ഫോമാ കേരള കണ്‍വന്‍ഷന്‍ ഒരു മഹനീയ മാതൃകയാണ് പകര്‍ന്ന് നല്‍കിയത്. വേദിയില്‍ യാഥാര്‍ത്ഥ്യമാക്കിയ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എക്കാലവും ഒര്‍മിക്കപ്പെടുമെന്ന് മാത്രമല്ല, അത് ഈ ജനപക്ഷ സംഘടനയുടെ നാഴികക്കല്ലുകളായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുകയും ചെയ്യും. ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ടീം ചുമതലയേറ്റടുത്തതിന് ശേഷം 2025 ജനുവരി മുതല്‍ കേരളത്തില്‍ ചാരിറ്റിക്ക് മുന്‍തൂക്കം കൊടുത്ത് നടപ്പാക്കിയ പദ്ധതികള്‍ നിരവധിയാണ്.
വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായം, സ്വയം തൊഴില്‍ പരിപാടികള്‍, ഭവന പദ്ധതി, ഭന്നശേഷിക്കാര്‍ക്ക് കൈത്താങ്ങാവുന്ന പ്രോഗ്രാമുകള്‍, ഹെല്‍പ്പിങ് ഹാന്‍ഡഡ്‌സിന്റെ തുടര്‍ച്ച എന്നിങ്ങനെ മാതൃകാപരവും മനുഷ്യത്വം നിറഞ്ഞതുമായ പദ്ധതികളാണ് ഫോമായുടെ ഈ ഭരണ സമിതി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സാക്ഷാത്കരിച്ചത്. അതിന്റെ തുടര്‍ച്ചയാണ് കേരളാ കണ്‍വന്‍ഷനില്‍ അനേകം അശരണര്‍ക്ക് കൈത്താങ്ങായി മാറിയതും.
കോടിക്കണക്കിന് രൂപയുടെ ചാരിറ്റി സഹായങ്ങള്‍ നിര്‍ധനരായ നിരവധി ആളുകളില്‍ എത്തിച്ചു. അംഗപരിമിതര്‍ക്കുള്ള മുച്ചക്ര സ്‌കൂട്ടര്‍, ഇലക്ട്രിക് വീല്‍ ചെയര്‍, കാഴ്ച പരിമിതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള ലാപ്‌ടോപ്പുകള്‍, കേഴ്‌വി പരിമിതര്‍ക്കുള്ള ശ്രവണ സഹായികള്‍, തയ്യല്‍ മെഷീനുകള്‍, ഭവനങ്ങളുടെ താക്കോല്‍ദാനം, വിദ്യാഭ്യാസ സഹായം തുടങ്ങിയവ കേരള കണ്‍വന്‍ഷന്‍ വേദിയില്‍ വച്ച് വിതരണം ചെയ്യപ്പെട്ടു. കൂടാതെ നേഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കടാക്ഷം അവശതയനുഭവിക്കുന്നവര്‍ക്ക് തീര്‍ച്ചയായും വെളിച്ചമാകും. കൊച്ചിയില്‍ നടന്ന ബിസിനസ് മീറ്റും ശ്രദ്ധേയമായി എന്നറിയാന്‍ കഴിഞ്ഞു. കണ്‍വന്‍ഷനായി നാട്ടിലേയ്ക്ക് പോയ എല്ലാവര്‍ക്കും നന്ദി. കേരളത്തിലെ മലയാളികളും അമേരിക്കന്‍ മലയാളികളും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ഊഷ്മളത ഊട്ടിയുറപ്പിച്ച് ജന്‍മനാട്ടിലെ കണ്‍വന്‍ഷന്‍ വിജയകരമാക്കിയ ബേബി മണക്കുന്നേല്‍ ടീമിനും, കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരന്‍ എന്നിവര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളും...ഒപ്പം വിജയാശംസകളും...