
കോട്ടയം: ഫോമാ കേരളാ കണ്‍വന്‍ഷന്‍ 2026-നോടനുബന്ധിച്ച് പ്രഖ്യാപിച്ച സ്വയംതൊഴില്‍ ശാക്തീകരണ പദ്ധതി പ്രകാരം നിര്‍ധന വനിതകള്‍ക്കും വീട്ടമ്മമാര്‍ക്കും ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനായി വിവിധയിടങ്ങളില്‍ വച്ച് 50 തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തതായി പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ഏറ്റവും ഗുണനിലവാരമുള്ള 'സിംഗര്‍ യൂണിവേഴ്‌സല്‍' മെഷീനുകളാണ് വിതരണം ചെയ്തത്. ഫോമാ വിമന്‍സ് ഫോറം സ്വരൂപിച്ച പണമാണ് ഇതിനുവേണ്ടി വിനിയോഗിച്ചതെന്നും അവരുടെ സേവനങ്ങല്‍ മാതൃകാപരമാണെന്നും ബേബി മണക്കുന്നേല്‍ പറഞ്ഞു.

ജനുവരി 9-ാം തീയതി കോട്ടയത്ത് വിന്‍ഡ്‌സര്‍ കാസില്‍ ഹോട്ടലില്‍ നടന്ന കേരളാ കണ്‍വന്‍ഷന്‍ വേദിയില്‍ വച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ഏതാനും തയ്യല്‍ മെഷീനുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബാക്കിയുള്ള ഗുണഭോക്താക്കള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കിയത്. തയ്യല്‍ മെഷീനുകള്‍ ലഭിച്ചവര്‍ക്കെല്ലാം അതില്‍ നിന്ന് വരുമാനം നേടാനുള്ള സാഹചര്യം സംജാതമാകട്ടെയെന്ന് ഫോമാ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്മിത നോബിള്‍ ആശംസിച്ചു.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവരും സംഘടനയുടെ ജീവകാരുണ്യ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു.