
ഇത് പതിനേഴാമത്തെ അധ്യായം. ഭഗവത്ഗീത മൊത്തം പതിനെട്ട് അധ്യായങ്ങളാണ്. ഈ അധ്യായം ശ്രദ്ധാത്രയ വിഭാഗയോഗം എന്നാണറിയപ്പെടുന്നത്. ശ്രദ്ധാത്രയ എന്ന് പറഞ്ഞാൽ മൂന്നു തരത്തിലുള്ള ശ്രദ്ധ. ശ്രദ്ധ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് ഏകാഗ്രതയല്ല മറിച്ച് വിശ്വാസദാർഢ്യമാണ്. പ്രകൃതിയുടെ ഗുണങ്ങളായ സാത്വതികം, രജസ്സ്, തമസ്സ് എന്നിവയിൽ നിന്നുണ്ടാകുന്ന മൂന്നു തരത്തിലുള്ള വിശ്വാസങ്ങളെയാണ് ശ്രദ്ധത്രയാ എന്ന് പറയുന്നത്. ഈ വിശ്വാസങ്ങളിൽ നിന്നുകൊണ്ട് എങ്ങനെയാണ് ആളുകൾ പ്രവർത്തിക്കുന്നത് എന്നതിനെ വിശദീകരിക്കയാണ് ഭഗവാൻ. പതിനാറാം അധ്യായം ഭഗവൻ അവസാനിപ്പിക്കുന്നത് ഇങ്ങനെ പറഞ്ഞിട്ടാണ്. യാതൊരുവൻ ശാസ്ത്രവിധി മാനിക്കാതെ സ്വന്തം ഇഷ്ടം പോലെ ഓരോന്ന് പ്രവർത്തിക്കുന്നുവോ അവനു ജയം ഉണ്ടാകുന്നില്ല. സുഖമോ പരമഗതിയോ അവനു ലഭിക്കുന്നില്ല. അപ്പോൾ അർജുനന്റെ സംശയം ശാസ്ത്രവിധിപ്രകാരമല്ലാതെ മറ്റ് എന്തിനെയെങ്കിലും വിശ്വാസത്തോടെ അനുഗമിക്കുന്നവർ ഏതു വിഭാഗത്തിൽ പെടുമെന്നാണ്. ഈ അധ്യായത്തിൽ പ്രസ്തുത മൂന്നു ഗുണങ്ങൾ ഒരാളുടെ വിശ്വാസത്തെയും, ആരാധനാക്രമത്തെയും, ആഹാരത്തെയും, ദാനധർമ്മങ്ങളെയും, തപശ്ചര്യകളെയും,എങ്ങനെ ബാധിക്കുവെന്നും, അവസാനമായി ശ്രദ്ധയില്ലാതെ ചെയുന്ന ഹോമവും, ദാനവും തപസ്സും, ബാക്കി എന്തെല്ലാമോ അതൊക്കെയും അസത്താണെന്നും ഭഗവാൻ പറയുന്നു.
ഇനി വിശദമായി
അർജുനൻ പറഞ്ഞു(ചോദിച്ചു). ശാസ്ത്രവിധികളെ മാറ്റിനിർത്തി വിശ്വാസത്തോടെ യാഗം നിർവഹിക്കുന്നവരുടെ അവസ്ഥ എന്താണ് ഭഗവാനെ? അത് സത്വം, രജസ്, തമസ് ഇതിൽ ഏതാണ്? ഭഗവാൻ പറഞ്ഞു. മനുഷ്യരിലെ വിശ്വാസം, അത് സത്വം, രജസ്, തമസ് എന്നിങ്ങനെ മൂന്നു തരമാണ്. അതേക്കുറിച്ച് കേട്ടുകൊൾക. ഓരോരുത്തരുടെയും ശ്രദ്ധ അവരുടെ സ്വഭാവത്തിനനുസരിച്ചായിരിക്കും. ഒരാൾ ഏതു തരം ശ്രദ്ധയോടുകൂടിയിരിക്കുന്നവോ അയാളുടെ പ്രകൃതം അതുതന്നെയായിരിക്കും. സാത്വതിക സ്വഭാവമുള്ളവർ ദൈവങ്ങളെ പൂജിക്കുന്നു. രജസസ്വഭാവമുള്ളവർ യക്ഷന്മാരെയും, രാക്ഷസന്മാരെയും പൂജിക്കുന്നു. തമസ് സ്വാഭാവമുള്ളവർ പ്രേതഭൂതാദികളെയും പൂജിക്കുന്നു.
ദംഭം, അഹങ്കാരം, കാമം, രാഗം, എന്നിവയുള്ളവർ ശാസ്ത്രവിഹിതമല്ലാതെ ചെയ്യുന്ന ഘോരതപസ്സുകൾ അവരുടെ ശരീരത്തെയും, ശരീരത്തിൽ വർത്തിക്കുന്ന എന്നെയും ക്ലേശിപ്പിക്കുന്നു. അവർ അസുരപ്രകൃതികളാണെന്നറിയുക. ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ആഹാരം മൂന്നു തരമാണ്. അതേപോലെതന്നെയാണ് യാഗവും, തപസ്സും, ദാനധർമ്മങ്ങളും . ഈ വ്യത്യാസത്തെക്കുറിച്ച് ഇപ്പോൾ കേൾക്കുക . ആയുസ്സ്, ആരോഗ്യം, സന്തോഷം, സുഖം എന്നിവ വർദ്ധിപ്പിക്കുന്നവയും സ്വാദുള്ളവയും കൊഴുപ്പ് ചേർന്നതും ശരീരപുഷ്ടിയുണ്ടാക്കുന്നവയും ഹൃദ്യങ്ങളുമായ ആഹാരങ്ങൾ സാ ഥ്വികാർ ഇഷ്ടപ്പെടുന്നു. പുളി, ഉപ്പ്, അധികം എരിവ്, ചവർപ്പ്, ദാഹം എരിച്ചൽ മുതലായവ രജസ് പ്രകൃതികൾ ഇഷ്ടപ്പെടുന്നു. ഇവ വേദനയും, ദുഖവും, അസുഖങ്ങളുമുണ്ടാക്കുന്നു. പഴകിയതും രുചിയില്ലാത്തതും, വളിച്ചതും പുളിച്ചതും മലിനമായതും ഉഛിഷ്ടമായതും തമസ് പ്രകൃതിക്കാർ ഇഷ്ടപ്പെടുന്നു. യജ്ഞം, സ്വധർമ്മമാണെന്നു കരുതി വിധിപ്രകാരം ഫലേച്ഛ കൂടാതെ നടത്തുന്നവർ സാത്വതിക പ്രകൃതിക്കാരാണ്. പുറമെ കാണിക്കാനും ഫലം കാംക്ഷിച്ചുകൊണ്ടും അനുഷ്ഠിക്കുന്ന യജ്ഞങ്ങൾ രജസ പ്രക്രുതികാരുടെതാണ് അന്നദാനമില്ലാതെയും, മന്ത്രങ്ങളില്ലാതെയും, ദക്ഷിണ കൂടാതെയും വിശ്വാസമില്ലാതെയും, ശാസ്ത്രവിധിപ്രകാരമല്ലാത്ത യജ്ഞങ്ങളെ തമസ്സ് പ്രകൃതികാർ അനുഷ്ഠിക്കുന്നു. ദേവാരാധന, ബ്രാഹ്മണ, ഗുരു, വിദ്വാന്മാർ എന്നിവരെ പൂജിക്കൽ, ശുചിത്വം, വക്രതയില്ലായ്മ, ബ്രഹ്മചര്യം, അഹിംസ ഇവയാണ് ശരീരം കൊണ്ട് ചെയ്യുന്ന തപസ്സ് എന്ന് പറയുന്നത്. ഉദ്വേഗം ജനിപ്പിക്കാത്തതും സത്യസന്ധവും, സുഖകരവും, പ്രയോജനകരവുമായ സംഭാഷണം വേദപഠനം തുടങ്ങിയവർ വാങ്മയമായ തപസ്സ് എന്ന് പറയപ്പെടുന്നു. മനസ്സിന്റെ പ്രസാദാത്മകതായും, സൗമ്യതയും,മൗനവും, ആത്മസംയമനവും, സ്വഭാവശുദ്ധിയും, ഈ മനസ്സുകൊണ്ടുള്ള തപസ്സായി പറയപ്പെടുന്നു. ഫലം ഇഛിക്കാതെ പരമമായ ശ്രദ്ധയോടെ, ഉറച്ച മനസ്സോടെ ചെയ്യുന്ന തപസ്സ് സാത്വതികമാണ് സത്കാരം, മാനം, പൂജ എന്നിവയെ ഉദ്ദേശിച്ച് പൊങ്ങച്ചം കാട്ടുന്നതിനായിചെയ്യുന്ന അചഞ്ചലവും ക്ഷണഭംഗുരവുമായ തപസ്സ് രജസമാകുന്നു. മൂഢമായ ദുരാഗ്രഹത്താൽ സ്വയം പീഡിപ്പിച്ചും വേറൊരാളെ സംഹരിക്കുന്നതിനു വേണ്ടിയും നടത്തുന്ന തപസ്സിനെ തമോഗുണമെന്നു പറയും. കർത്തവ്യമാണെന്നു കരുതി ഉചിതമായ സ്ഥലത്തും, സമയത്തും, അർഹിക്കുന്ന ഒരാൾക്ക് ഒന്നും പ്രതീക്ഷിയ്ക്കാതെ കൊടുക്കുന്ന ദാനം സാതികമാണെന്നു കരുതുന്നു.
തിരിച്ചുകിട്ടുമെന്നോ പ്രത്യുപകാരം പ്രതീക്ഷിച്ചോ മനമില്ലാമനസ്സോടെ ചെയ്യുന്ന ദാനം രജസമാണെന്നു കരുതുന്നു. അനുചിതമായ സ്ഥലത്തും, സമയത്തും അർഹതയില്ലാത്തവന് ആദരവില്ലാതെ നിന്ദ്യയോടെ കൊടുക്കുന്ന ദാനം തമസമെന്നു പറയപ്പെടുന്നു. ഓം , തത് , സത്, ഇങ്ങനെ ബ്രഹ്മത്തിനു മൂന്നു നാമങ്ങൾ ഉണ്ട്. അതുകൊണ്ട് വേദവിധിപ്രകാരമുള്ള യജ്ഞം ദാനം തപസ്സ് എന്നിവ തുടങ്ങുന്നതിനു മുമ്പ് ബ്രഹ്മാദികൾ ഓം എന്നുച്ചരിക്കുന്നു. ഫലത്തെ ഉദ്ദേശിക്കാത്ത യജ്ഞങ്ങളൂം തപസ്സുകളും പലവിധ ദാനങ്ങളും തതഃ എന്നുച്ചരിച്ചുകൊണ്ട് മുക്തി ആഗ്രഹിക്കുന്നവർ തുടങ്ങുന്നു. വാസ്തവം, ഗുണകരം, എന്നീ അർത്ഥത്തിലും സത് എന്നുപയോഗിക്കപ്പെടുന്നു. യജ്ഞത്തിലും, തപസ്സിലും, ദാനത്തിലുമുള്ള നിഷ്ഠയെ സത് എന്ന് വിളിക്കുന്നു.പരമമായ പദപ്രാപ്തിക്ക് വേണ്ടിനടത്തുന്ന മേൽപ്പറഞ്ഞ പ്രവർത്തികൾക്ക് സത് എന്ന് വിളിക്കപ്പെടുന്നു. വിശ്വാസത്തോടുകൂടിയല്ലാതെ ചെയ്യുന്ന യജ്ഞത്തിനും ദാനത്തിനും തപസ്സിനും അസത് എന്ന് പറയുന്നു. അതുകൊണ്ട് ഇഹലോകത്തിലും, പരലോകത്തിലും പ്രയോജനമുണ്ടാകുന്നില്ല.
അദ്ധ്യായം 17 സമാപ്തം
അടുത്തത് അവസാന അധ്യായം 18 മോക്ഷസന്യാസയോഗം
Read More: https://www.emalayalee.com/writer/11