Image

ഒറ്റക് തുഴയും തോണി (ഡോ. കിരണ്‍ വിന്‍സെന്റ്‌)

Published on 15 January, 2026
ഒറ്റക് തുഴയും തോണി (ഡോ. കിരണ്‍ വിന്‍സെന്റ്‌)

കാലത്തേക്കുള്ള പ്രാതൽ ഒരുക്കുന്ന തിരക്കിലായിരുന്നു അമ്മിണിയമ്മ. ശക്തമായ വേനലിൽ കാറ്റിരച്ചു കയറിയും, മഴയത്തു ചോർന്നൊലിച്ചും കാലാവസ്ഥാവ്യതിയാനങ്ങളിൽ മാറിമറിയുന്ന ജീവിതാന്തരീക്ഷം. മേൽക്കൂരകൾ തകർന്നതും, തേപ്പുക്കൾ വിണ്ടതുമായ ജീർണിച്ച അവസ്ഥാന്തരം. ആ കൂരക്കു കീഴെ അമ്മിണിയമ്മയോടൊപ്പം താമസം അവരുടെ ബുദ്ധിവളർച്ചക്കു വൈകല്യം ബാധിച്ച ഏക മകനും മാത്രം. 

തുണി മില്ലിൽ നിന്നും ദിവസക്കൂലിക്കു ജോലിചെയുന്ന പണം സ്വരൂപിച്ചുകൂട്ടി അന്നന്നത്തെ ആഹാരത്തിനുള്ള വക കണ്ടെത്തുക എന്നതായിരുന്നു ആ വീടിന്റെ ഏക ആശ്രയവും. ഒന്ന് കിടപ്പിലായാൽ, ഒരു ദിവസം പണി ഇല്ലാതെ വന്നാൽ പിന്നീടങ്ങോട്ടുള്ള ദിനങ്ങൾ മുഴു പട്ടിണിയാകുന്ന ജീവിത സാഹചര്യം. 

മില്ലിലെ തുണികളിൽ ദിവസേനയുള്ള ചായം മുക്കൽ അവരുടെ ചുക്കി ചുളിഞ്ഞ ഇരു കൈത്തണ്ടകളിൽ ഇരുണ്ട കരിയായി സുവ്യക്തമായി പ്രതിഫലിക്കപെട്ടു. വിണ്ടു കീറിയ കാല്പാദത്തിലും, ബലം ക്ഷയിച്ചു പൊട്ടിയ നഖങ്ങളിലും അവ കറുത്തിരുണ്ട ചാലുകൾ തീർത്തു. ആ ചാലുകൾക്ക് ഒരു ജീവിത യാത്രയൂടെ യാതനകൾ നിറഞ്ഞ അനുഭവ സമ്പത്തുണ്ടായിരുന്നു.
ഇന്ന് പതിവിലും നേരത്തെ ഉണർന്ന് കാര്യങ്ങൾക്ക് സാധാരണയിലും കവിഞ്ഞ വേഗതയാർജ്ജിച്ചത് ദിവസ കൂലിയിൽ നിത്യവും വാങ്ങുന്നതിനേക്കാൾ കാലണയെങ്കിലും അധികം വാങ്ങുവാൻ വേണ്ടി മാത്രമായിരുന്നു. വിശപ്പിന്റെ മുറവിളികൾ, അടുക്കള മുറിയിലെ കലഹരണപെട്ട അടുപ്പിൻ ഭിത്തിമേൽ വിരൂപമായി കാണപ്പെട്ടു. വൈകാരികമായ എന്തോ ഒന്ന് അടുപ്പിലെ തീ ജ്വാലകളിൽ നിന്നും ഉയരുന്ന കരിയുടെ ചെറുകണങ്ങൾക്ക്, ഉഷ്‌ണവായുവിനോട് പ്രതിപാദിക്കുന്നതിനും മുന്നോടിയായി വിവരിക്കാൻ ഉള്ളതുകൊണ്ടാവാം അവയെ ആ ഭിത്തിമേൽ രേഖപെടുത്തിയതും. കോറിയിട്ടവ അതൊരടയാളമായി കാലങ്ങളോളം അവശേഷിക്കട്ടെ

ജോലിയുടെ ഭാരങ്ങൾ പരിഭവമില്ലാതെ അവർ വണ്ടിക്കളയെപ്പോൽ ചുമന്നു തിരിച്ചെത്തിയപ്പോൾ ആണ് മാനസിക വെല്ലുവിളികൾക്കൊപ്പം അംഗവൈകല്യവും ബാധിച്ച മകനെ കാണ്മാനില്ല എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്. ആകുലതയോടൊപ്പം ഉടലെടുത്ത സമ്മർദം അവരിൽ പരിപ്രാന്തി സൃഷ്ടിച്ചു. നടുത്തെരുവിൽ മകനുവേണ്ടി പരക്കം പാഞ്ഞു. ചുട്ടുപൊള്ളുന്ന നഗര വീഥിയിലൂടെ അലഞ്ഞതിന്റെ അവശേഷിപ്പൂക്കൾ ടാർ ഇട്ട നിരത്തിൽ രക്ത കണികകളായി കാണപ്പെട്ടു. വേർപെടുത്താൻ ആവാത്തവിധം അപ്പോഴേക്കും അവ ഉൾപ്രവേശിക്കപ്പെട്ടിരുന്നു. തിരച്ചിലുകൾ വിഫലം ആയപ്പോൾ ഒടുവിൽ അവർ അധികാരികളുടെ മുന്നിൽ തൊഴുകൈകൂപ്പി

രാത്രികളെ പകലുകളാക്കി പരക്കം പാഞ്ഞു. വീടുകളും കടകളും, തെരുവുകളും ചെറു വീഥികളിലുമെല്ലാം തിരച്ചിലുകൾ ഊർജിതമായി. പകൽ താപമേറിയ സൂര്യനിൽ നിന്നും ശീതളമായ ഇരുളിമയിലേക്കടുത്തു. ഇലകൾ മെല്ലെ നിദ്രപൂകുവാനായി കുമ്പിട്ടു. നഗരം വിളക്കുകളിൽ ഉണർന്നിരുന്ന. ഒടുവിൽ തണുത്തു വിറങ്ങലിച്ചാ ആൾരൂപത്തെ വിജനമായ നടപ്പാതയിൽ കണ്ടെത്തി. 
മനസ്സും ശരീരവും തളർന്ന് പരസ്‌പരവിരുദ്ധമായി അവൻ എന്തൊക്കെയോ വിക്രിയകൾ കാട്ടി. ചിരിച്ചു ഒപ്പം ഭയന്നും കാണപ്പെട്ടു. നേരമിരുട്ടിയപ്പോഴും തന്റെ മകനെ നോക്കി അമ്മിണിയമ്മ കട തിണ്ണയിൽ കാൽ നീട്ടി അപ്പോഴും ഇരുന്നിരുന്നു. 
കീറിയ മുണ്ടിന്റെ വിടവിൽ കൂടെ പുറത്തെ തണുപ്പ് ഇരച്ചു കയറി. കാലുകൾ കോച്ചിപ്പിടിച്ചു. വിദൂരതയിൽ ഒരു മിന്നായം പോലെ അവർ മകനെ കണ്ട് ഓടിയടുത്തു. നിറകണ്ണുകളോടെ വാരിപ്പുണർന്നു. തിരികെ പോകവേ മകനെ തിരിച്ചേല്പിച്ചവർക്കായി തന്റെ കൈലിയുടെ മടിയിൽ നിന്നും നൂറിന്റെ നൊട്ടവർ നീട്ടി നിസ്സഹായതയോടെ. മഷിക്കറ തളംകെട്ടിയാ കൈകൾക്കുള്ളിലെ പണത്തിൽ ഒരായുസ്സിലെ വിയർപ്പിന്റെ ഗന്ധവും അദ്വാനത്തിന്റെ ചെളിയും തങ്ങി നിന്നിരുന്നു
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക