
രാവിലെ ആറരയോടെ ബസ് സ്റ്റാൻഡിലെത്തുമ്പോൾ നഗരം പകുതിയേ ഉണർന്നിട്ടുണ്ടാകൂ.
ചായക്കട തുറന്നിരിക്കും, പക്ഷേ സംഭാഷണങ്ങൾ ഇനിയും മടിച്ചിരിക്കും.
അവിടെയാണ് ഞാൻ അവനെ ആദ്യമായി ശ്രദ്ധിച്ചത്.
ബസ് ഷെൽട്ടറിന്റെ കോണിൽ, കൈയിൽ ഒരു ചെറു ബാഗുമായി, അയാൾ ഇരിക്കുകയായിരുന്നു.
വയസ്സ് അമ്പതായി കാണും.
വൃത്തിയില്ലാത്തതൊന്നുമല്ല, പക്ഷേ വൃത്തിയുള്ളവനെന്നു പറയാനുമാവില്ല.
മുഖത്ത് ഒരു തളർച്ച… അല്ല, അതിലേറെ, ഒരു ഒഴിഞ്ഞുനിൽപ്പ്.
അയാൾ ബസ് കാത്തിരിക്കുകയാണെന്നു തോന്നിയില്ല. കാരണം
ബസുകൾ വന്നുപോയിട്ടും അയാൾ അനങ്ങുന്നില്ല.
ചായ വാങ്ങാൻ ഞാൻ കടയിലേക്കു കയറിയപ്പോൾ, അവൻ പിന്നിൽ വന്നു.
“ഒരു ഗ്ലാസ് വെള്ളം,” വളരെ പതുക്കെ പറഞ്ഞു.
ചായക്കാരൻ വെള്ളം കൊടുത്തു.
അയാൾ നന്ദി പറഞ്ഞില്ല.
വെള്ളം കുടിച്ച് ഗ്ലാസ് തിരിച്ചു കൊടുത്തു, വീണ്ടും പഴയ സ്ഥാനത്ത് ഇരുന്നു.
എന്തോ ഒരു അസ്വസ്ഥത.
ഞാൻ അടുത്തിരുന്ന് ചോദിച്ചു:
“ എവിടേക്കാ?”
അയാൾ ചിരിച്ചു.
ചിരിയെന്നു വിളിക്കാൻ പറ്റില്ല,മുഖത്തിന്റെ ഒരു നീക്കമത്രെ.
“എവിടെയും അല്ല,” പറഞ്ഞു.
അത് കേട്ട് ഞാൻ മിണ്ടാതെ നിന്നു.
കുറച്ചു കഴിഞ്ഞ് അയാൾ തന്നെ തുടർന്നു:
“ഇന്ന് ഞാൻ പോകുന്ന അവസാന സ്ഥലമാണ് ഇത്.”
വാക്കുകൾ കേട്ടിട്ടും അർത്ഥം ഉടൻ മനസ്സിലായില്ല.
“വീട്ടിലേക്കാണോ?” ഞാൻ ചോദിച്ചു.
“വീട്…?”
അയാൾ ആ വാക്ക് വായിൽ വെച്ച് ചവച്ചു.
“ഇന്നലെ ഞാൻ അത് വിറ്റു.
ഭാര്യ പോയിട്ട് പത്തു വർഷം.
മകൻ വിദേശത്ത്,അവനു ഞാൻ ഒരു ബാധ്യത.
ഇനി ബാക്കിയുള്ളത് ഞാൻ മാത്രമാണ്.”
അയാൾ ബാഗ് തുറന്നു.
അകത്ത് ചില പേപ്പറുകൾ, ഒരു പഴയ ഫോട്ടോ.
ഒരു കുഞ്ഞിനെ തോളിലേറ്റി നിൽക്കുന്ന യുവാവിന്റെ ചിത്രം.
“ഇതാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്,” അവൻ പറഞ്ഞു.
എനിക്ക് എന്തു പറയണമെന്നറിയില്ല.
ഉപദേശമോ ആശ്വാസവാക്കുകളോ?ഒന്നും അപ്പോൾ ശരിയായി തോന്നിയില്ല.
ബസ് ഒന്ന് വന്നു നിന്നു.
അയാൾ എഴുന്നേറ്റു.
ഡ്രൈവറോട് ചോദിച്ചു:
“കടലിലേക്ക് പോകുമോ?”
ഡ്രൈവർ സംശയത്തോടെ നോക്കി.
“ഇവിടെ നിന്ന് കടലിലേക്കുള്ള ബസ് ഇല്ല.”
അയാൾ തലകുനിച്ചു.
പിന്നെ എന്റെ നേരെ തിരിഞ്ഞു പറഞ്ഞു:
“അങ്ങിനെ ആണെങ്കിൽ… ഞാൻ ഇവിടെ ഇരിക്കട്ടെ.”
ബസ് പോയി.
നഗരം പതുക്കെ ഉണർന്നു.
ശബ്ദങ്ങൾ കൂടിവന്നു.
പക്ഷേ ആ മനുഷ്യൻ വീണ്ടും അതേ കോണിൽ, അതേ നിശ്ശബ്ദതയിൽ.
എനിക്ക് ഓഫീസിലേക്കുള്ള ബസ് പിടിക്കേണ്ട സമയം ആയി.
പോകുമ്പോൾ ഞാൻ തിരിഞ്ഞുനോക്കി.
അയാൾ എന്നെ നോക്കിയിരുന്നില്ല.
അയാൾ സ്വന്തം ഉള്ളിലേക്കാണ് നോക്കിയിരുന്നത്.
അന്ന് വൈകുന്നേരം, തിരിച്ചു വരുമ്പോൾ,
ആ ഷെൽട്ടർ ശൂന്യമായിരുന്നു.
അവൻ പോയോ,
അല്ലെങ്കിൽ ഇപ്പോഴും അവിടെ തന്നെയുണ്ടോ?
നിശ്ശബ്ദതയുടെ മറ്റൊരു രൂപമായി..
എനിക്ക് ഇന്നും അറിയില്ല.
ചില യാത്രകൾക്ക് ബസുകളില്ല.ചില വിടവാങ്ങലുകൾക്ക് സാക്ഷികളുമില്ല....!